2017-01-14 12:19:00

അപരനിലെ ക്രിസ്തുസാന്നിദ്ധ്യം അംഗീകരിക്കാം ഏറ്റുപറയാം !


ഇന്നത്തെ സുവിശേഷത്തില്‍ സ്നാപകയോഹന്നാന്‍ വലിയൊരു പാഠമാണ് നമ്മെ പഠിപ്പിക്കുന്നത്. ജീവിതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ടൊരു പാഠം. പശ്ചാത്തലം ഇതാണ്, സ്നാപകന്‍റെ അടുത്തേയ്ക്ക് ലേവായരും പുരോഹിതരും വന്നു ചോദിക്കുന്നുണ്ട് നീ ക്രിസ്തുവാണോ? അല്ലാന്നു പറഞ്ഞു. അങ്ങ് ഏലയയാണോ? അതുമല്ലാന്നു പറഞ്ഞു. പ്രവാചകനാണോ? അതുമല്ല. അങ്ങ് ആരാണെന്ന ചോദ്യത്തിന് അല്ല, അല്ല, എന്നു പറഞ്ഞിട്ട്, അവസാനം പറയുന്നു. ‍ഞാന്‍ മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ ശബ്ദമാണ്. എന്നിട്ട് ഒരു പടികൂടെ മുന്നോട്ടു കടന്നുകഴിയുമ്പോള്‍ പറയുന്നത്, ക്രിസ്തുവിനെ ദൈവപുത്രനെ വെളിപ്പെടുത്താന്‍ വേണ്ടീട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. എന്നു പറഞ്ഞാല്‍, ഞാന്‍ ആരാണ്. ഞാന്‍ ആരായിത്തീരും എന്നതല്ല പ്രധാനം, ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ക്രിസ്തുവുമായി ഞാന്‍ എങ്ങനെ ബന്ധപ്പെട്ടു നില്ക്കുന്നു എന്ന വസ്തുതയാണ്. ക്രിസ്തുവിനെ അനാവരണംചെയ്യാന്‍  എന്‍റെ ജീവിതം എത്രമാത്രം ഉതകുന്നു എന്നതാണ് പ്രധാനപ്പെട്ടത്. ഞാന്‍ ആരാണ്, ഞാന്‍ ആരായിത്തീരും, ഞാന്‍ എന്തൊക്കെ നേടും എന്നതൊന്നുമല്ല പ്രധാനം. എന്നാല്‍ ഞാന്‍ ക്രിസ്തുവിനോട് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു, How much related to Christ?  എന്‍റെ ജീവിതം എത്രമാത്രം ഉതകുന്നു എന്നതാണ് പ്രധാനം.

2007-ല്‍ പുറത്തിറങ്ങിയ വളരെ ശ്രദ്ധേയമായൊരു പടമുണ്ട്, “താരേ സമീന്‍ പര്‍.” അമീര്‍ഖാന്‍റെ പടമാണ്, പ്രധാന നടന്‍. ഈ ചിത്രം ഒരു കുഞ്ഞിന്‍റെ കഥയാണ്. ഈശാല്‍ എന്നു പറയുന്ന കുഞ്ഞ് പ്രത്യേകതയുള്ള കുഞ്ഞാണ്. ഡൈല്‍സക്സിയ ബാധിച്ച, അതായത് പഠനത്തില്‍ അല്പം മുന്നോട്ടു നില്ക്കുന്നു എന്നു മാത്രമല്ല. അവന്‍ പറയുന്നത്, അക്ഷരമാലകള്‍ നൃത്തംചവിട്ടുന്നു എന്നാണ്. അവന് ഒരു അക്ഷരവും ശരിയായിട്ട് എഴുതാന്‍ പറ്റുന്നില്ല, The Alphabets  are dancing!  Diyslexia എന്നു പറയുന്ന അവസ്ഥയില്‍ നില്ക്കുന്ന കുട്ടിയാണിത്. ഈ കുട്ടി അതുകൊണ്ടുതന്നെ പഠനത്തില്‍ വളരെ പുറകോട്ടുപോകുന്നു. അദ്ധ്യാപകരുടെ തല്ലുകൊള്ളുന്നു മാതാപിതാക്കളുടെ അതൃപ്തി, അങ്ങനെ ആകെ ബുദ്ധിമുട്ടിലും, അതിന് അനുബന്ധമായ ബാക്കി കുറവുകളിലും. അങ്ങനെ സഹികെട്ട് അവനെ കൊണ്ടുവന്ന് ഒരു ബോര്‍ഡിങ്ങില്‍ ആക്കുകയാണ്. ബോര്‍ഡിങ്ങില്‍ ആയപ്പോള്‍ അവന്‍ പിന്നെയും ഏറെ സങ്കടത്തിലേയ്ക്ക് പോവുകയാണ്. കാരണം അവന്‍റെ  ജ്യേഷ്ഠന്‍ വീട്ടില്‍ മാതാപിതാക്കളുടെ കൂടെയാണ്. എന്നാല്‍ ഇവനോ, ബോര്‍ഡിങ്ങില്‍ ആയപ്പോള്‍ മുതല്‍ മാതാപിതാക്കളുടെ സ്നേഹവും പരിചരണവും ഇല്ലാതെ, ഒറ്റപ്പെടുന്നവന്‍ ഒരുതരം ‘ഡിപ്രഷനി’ലേയ്ക്ക് പോവുകയാണ്. അപ്പോഴാണ് അവന്‍റെ സ്കൂളില്‍ ഒരു പുതിയ ഡ്രോയിങ് മാസ്റ്റര്‍ വരുന്നത്. അമീര്‍ഖാന്‍...! അദ്ദേഹത്തിന്‍റെ പെട്ടന്ന് ഇവന്‍റെ കാര്യം മനസ്സിലായി. ഇവന്‍ Diyslexia ബാധിച്ച കുട്ടായാണ്. അതുകൊണ്ടുതന്നെ അവനെ ഈ ‘ആംഗിളി’ല്‍ കാണാന്‍ സാധിച്ചു. എന്നിട്ട് അയാള്‍ മാതാപിതാക്കളുടെ പക്കലേയ്ക്ക് പെട്ടെന്നു ചെല്ലുകയാണ്. എന്നി‌ട്ട് ഇവനെക്കുറിച്ച് അവരോടു പറയുന്നു. എന്നിട്ട് പിറ്റെദിവസം അദ്ദേഹം ക്ലാസില്‍ പറയുന്നത്, Diyslexia ബാധിച്ച മഹാത്മാരുണ്ട്, മഹത്തുക്കളുണ്ട്. വലിയ സംഭാവനകള്‍ ലോകത്തിനു നല്കിയവര്‍...!

വീട്ടില്‍ ചെന്നപ്പോഴാണ് അറിഞ്ഞത്, ഈ കുട്ടിയുടെ, ഈശാലിന്‍റെ സവിശേഷമായ കഴിവ് ഡ്രോയിങ്ങാണ്.. വരയാണ്! അതുകൊണ്ടുതന്നെ  ആ രീതിയില്‍ അവനെ വളര്‍ത്തിയെടുക്കാന്‍ ഈ മാഷ് കൂട്ടുനില്ക്കുകയാണ്. അതോടൊപ്പം ബാക്കി പഠനവിഷയങ്ങളും... !! അങ്ങനെ അവസാനം അവിടെ ന‌ടക്കുന്ന ഒരു ‘ആര്‍ട്സ് ഫെയറില്‍’ (arts fair) നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം ഇവന്‍റെ പെയിയിന്‍റിങ്ങിന് കിട്ടുന്നു! ഒന്നാം സ്ഥാനം ഈശാലിനും, രണ്ടാം സ്ഥാനം ഡ്രോയിങ് മാസ്റ്ററായ അമീര്‍ഖാനും ലഭിച്ചു.

 തിരുവചനം നമ്മള്‍ ഓര്‍ക്കണം, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍ വേണ്ടാട്ടാണ് ഞാന്‍ ജലംകൊണ്ട് സ്നാനം നല്കുന്നത്. ക്രിസ്തുവിനെ വെളിപ്പെടുത്താന്‍, ദൈവസാന്നിദ്ധ്യത്തെ വെളിപ്പെടുത്താന്‍ ... ഒളിഞ്ഞിരിക്കുകയാണ്, മറഞ്ഞിരിക്കുകയാണ്. ഇതാണ് തിരിച്ചറിയേണ്ടത്. ഓരോ കുഞ്ഞിലും ഈ ദൈവസാന്നിദ്ധ്യം ഒളിഞ്ഞിരിപ്പുണ്ട്. ദൈവസാന്നിദ്ധ്യമെന്ന, ക്രിസ്തുവെന്ന നന്മ ഒളിഞ്ഞിരിപ്പുണ്ട്. അതു കണ്ടെത്തുക, അത് തിരിച്ചറിയുക, അതിനെ അനാവരണംചെയ്യുക, അതിനെ വളര്‍ത്തിയെടുക്കുക! ഇവനെ വെളിപ്പെടുത്താന്‍വേണ്ടീട്ടാണ് ഞാന്‍ ജലംകൊണ്ട് സ്നാനം നല്ക്കുന്നത്. ക്രിസ്തു എല്ലാവരിലും ഉണ്ടെന്നത്  സത്യമാണ്. ക്രിസ്തു എല്ലാവരിലുമുണ്ട്, പക്ഷെ ഒളിഞ്ഞിരിക്കുകയാണ് മറഞ്ഞിരിക്കുകയാണ്. ഈ ഒളിഞ്ഞിരിക്കുന്ന മറഞ്ഞിരിക്കുന്ന ക്രിസ്തു സാന്നിദ്ധ്യത്തെ വെളിപ്പെടുത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുതന്നെയാണ് സ്നാപകന്‍ പറയുന്നത്, ക്രിസ്തുവല്ല, ഏലിയയല്ല, പ്രവാചകനല്ല. രക്ഷകനല്ല! പിന്നെ ആരാണ്? ഞാന്‍ ക്രിസ്തുവിനെ വെളിപ്പെടുത്താന്‍ വന്നവനാണ്. മരുഭൂമിയില്‍ വെളിച്ചു പറയുന്നവന്‍റെ ശബ്ദം!   ഈ വെളിപ്പെടുത്തുന്നതാണ് പ്രധാനപ്പെട്ട കാര്യം. അല്ലെങ്കില്‍ ഞാന്‍ ആരായിത്തീരുന്നു, എന്തായിത്തീരുന്നു എന്നതല്ല പ്രധാനപ്പെട്ട കാര്യം.

എന്‍റെ ജീവിതത്തില്‍ എന്‍റെ കൂടെ, തൊട്ടടുത്തു എന്‍റെ കൂടെനില്ക്കുന്ന എന്‍റെ പ്രിയതമനില്‍, പ്രിയതമയില്‍, എന്‍റെ മക്കളില്‍, എന്‍റെ സ്നേഹിതനില്‍, എന്‍റെ ജീവിതവുമായ ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരിലും  ക്രിസ്തു ഒളിഞ്ഞിരിപ്പുണ്ട്.  ആ ക്രിസ്തു സാന്നിദ്ധ്യത്തെ അനാവരണംചെയ്യുക. അല്പംകൂടെ പ്രകാശിപ്പിക്കുക. അതിന് എന്‍റെ ജീവിതംകൊണ്ടു കഴിയുമെങ്കില്‍ അതാണ് ജീവിതത്തിന്‍റെ ഏറ്റവും മഹത്തായ കാര്യം. അതാണ് സ്നാപകന്‍ പറയുന്നത് ക്രിസ്തുവിനെ വെളിപ്പെടുത്താന്‍ വേണ്ടീട്ടാണ് ഞാന്‍ ജലംകൊണ്ടു സ്നാനം നല്കുന്നത്. അല്ലാതെ, ഞാന്‍ ക്രിസ്തുവെന്നോ, ഏലായായെന്നോ, പ്രവാചകനോ... എന്നുള്ളതൊന്നും പ്രധാനപ്പെട്ട കാര്യമല്ല. പ്രധാനപ്പെട്ടത്, മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്നതാണ്.

ഇന്ന് ഈശോയും നമ്മോടു പറയുന്നത് ഇതുതന്നെയാണ്. നീ എന്തായിത്തീര്‍ന്നു. നീ എന്തു നേടീ എന്നുള്ളതല്ല പ്രധാനം. എന്തു മാത്രം സമ്പത്തു നേടീ, സമൂഹത്തില്‍ എന്തു സ്ഥാനമാനങ്ങള്‍ നേടി... എന്തെല്ലാം ഉദ്യോഗങ്ങള്‍ -  മന്ത്രിയാകാം, രാഷ്ട്രീയ നേതാവാകാം. സഭസമൂഹത്തില്‍, മതസമൂഹത്തില്‍ നേതാവാകാം. അച്ചനാകാം, മെത്രാനാകാം. എന്തു നേടീ എന്നുള്ളതല്ല പ്രധാനം. എന്നാല്‍ നീ കണ്ടുമുട്ടുന്ന വ്യക്തികളില്‍ ഒളിഞ്ഞിരിക്കുന്ന ക്രിസ്തുവിനെ വെളിപ്പെടുത്താന്‍ നിന്‍റെ ജീവിതംകൊണ്ടു സാധിക്കുന്നുണ്ടോ? നീ കണ്ടുമുട്ടുന്ന വ്യക്തികളിലെ ക്രിസ്തു സാന്നിദ്ധ്യത്തെ ഒന്നുകൂടെ ജ്വലിപ്പിക്കാന്‍ ഒന്നുകൂടെ പ്രകാശിപ്പിക്കാന്‍ നിനക്ക് സാധിക്കുന്നുണ്ടോ?   ഉണ്ടെങ്കിലാണ് നിന്‍റെ ജീവിതം സാര്‍ത്ഥകമാകുന്നത്.

31-Ɔമത്തെ തിരുവചനം ഒന്നുകൂടെ ആവര്‍ത്തിക്കുകയാണ്. ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ ജലത്താല്‍ ജ്ഞാനസ്നാനം നല്കുന്നത്. അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ക്രിസ്തുവിനെ വെളിപ്പെടുത്താന്‍ വേണ്ടിയുള്ള മാധ്യമം യോഹന്നാനെ സംബന്ധിച്ച് ജലംകൊണ്ടുള്ള സ്നാനമാണ്. ജലംകൊണ്ടുള്ള ജ്ഞാനസ്നാനമെന്നു പറയുന്നത് യോഹന്നാനെ അടയാളപ്പെടുത്താന്‍ സുവിശേഷം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതാണ്,  ജലംകൊണ്ടു സ്നാനംനല്ക്കുന്നു! എന്നു പറഞ്ഞാല്‍ യോഹന്നാന്‍റെ ദൗത്യം, അതിന്‍റെ ആകത്തുകയാണ് ജലംകൊണ്ടുള്ള സ്നാനം. യോഹന്നാന്‍റെ ജീവിതം യോഹന്നാന്‍റെ ദൗത്യം. ജലംകൊണ്ടുള്ള സ്നാനംവഴിയാണ് ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത് എന്നു പറഞ്ഞാല്‍, സ്നാപകന്‍റെ ജീവിതവും, ജീവിതത്തന്‍റെ ഈ ധര്‍മ്മവുംവഴി ക്രിസ്തുവിനെ വെളിപ്പെടുത്തുന്നു.

എന്നോടും ഈശോ ആവശ്യപ്പെടുന്നത് അതുതന്നെയാണ്. എന്‍റെ ജീവിതത്തിന്‍റെ ധര്‍മ്മമുണ്ട്. ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജീവിതത്തിന്‍റെ റോള്‍..റോളുണ്ട്. ഞാന്‍ ഭാര്‍ത്താവാകാം, ഭാര്യയാകാം! അപ്പനാകാം, അമ്മയാകാം. സമൂഹത്തെ നയിക്കുന്ന നേതാവാകാം അദ്ധ്യാപകനാകാം. അല്ലെങ്കില്‍ ഒരു ആത്മീയ ആചാര്യനാകാം. ആരായാലും, നിന്‍റെ ജീവിത ധര്‍മ്മംകൊണ്ട് നീ നേടിയെടുക്കേണ്ടത് സ്ഥാനമാനങ്ങളല്ല. പകരം ജലംകൊണ്ട് സ്നാനം നല്കുന്നതിലൂടെ ക്രിസ്തുവിനെ അനാവരണംചെയ്യുന്ന സ്നാപക യോഹന്നാന്‍...! അതുപോലെ നിന്‍റെ ജീവിതത്തിന്‍റെ ധര്‍മ്മത്തിലൂടെ, നീ ചെയ്യുന്ന ശുശ്രൂഷകളിലൂടെ, നീ ചെയ്യുന്ന ജോലികളിലൂടെ എന്താണ്...? ക്രിസ്തു അനാവരണംചെയ്യപ്പെടണം... നിന്നെ കണ്ടുമുട്ടുന്നവരില്‍, നിന്‍റെ കൂടെയുള്ളവരില്‍, നിന്‍റെ അടുത്തുള്ളവരില്‍... ! നിന്‍റെ പ്രവൃത്തിയും ശുശ്രൂയും ജോലിയുംവഴി ക്രിസ്തു സാന്നിദ്ധ്യം ഒന്നുകൂടെ അവരില്‍ പ്രകാശിപ്പിക്കുകയാണെങ്കില്‍ ജീവിതം സാര്‍ത്ഥകമായി.

ഇങ്ങനെ ഒളിഞ്ഞിരിക്കുന്ന ക്രിസ്തുവിനെ വെളിപ്പെടുത്തണമെങ്കില്‍, അനാവരണംചെയ്ത് ക്രിസ്തു സാന്നിദ്ധ്യത്തെ ഒന്നുകൂടെ പ്രകാശപൂര്‍ണ്ണമാക്കണമെങ്കില്‍ എന്നില്‍ ഉണ്ടായിരിക്കേണ്ട മനോഭാവം എന്താണ്. ഇതു യോഹന്നാന്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നുണ്ട്.

ഒരു വചനം മാത്രം വായിക്കുകയാണ് 30-Ɔമത്തെ വചനം. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്ന് ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. അത് അടിവരയിട്ട് ഓര്‍ക്കണം. ഇത് സ്നാപകന്‍റെ മനോഭാവമാണ്. മനസ്സിന്‍റെ അവസ്ഥയാണ്. It’s an attitude! ഇതൊരു കാഴ്ചപ്പാടാണ് - എന്‍റെ പിന്നാലെ വരുന്നവന്‍ കാരണം, അവിടുന്ന് വലിയവനാണ്. എന്നെക്കാള്‍ വലിയവനാണ്! ഈ മനോഭവം ഉള്ളതുകൊണ്ടു മാത്രമാണ് ക്രിസ്തുവിനെ അനാവരണംചെയ്യാന്‍. ഒളിഞ്ഞിരിക്കുന്ന ക്രിസ്തുവിനെ വെളിപ്പെടുത്താന്‍ സ്നാപകനു പറ്റിയത്. എന്നെക്കാള്‍ വലിയവന്‍ ഇതൊരു മനോഭാവമാണ്. ആര്? എന്‍റെ കൂടെയുള്ള, എന്‍റെ കൂടെ ജീവിക്കുന്ന, എന്നെ കണ്ടുമുട്ടുന്ന ആരിലും എന്നെക്കാള്‍ വലിയൊരു നന്മ, പലകാര്യങ്ങളിലും ഞാന്‍ മുന്‍പന്തിയിലായിരിക്കാം. പക്ഷെ, എന്നെക്കാള്‍ മുന്‍പന്തിയിലുള്ള ഒരു നന്മ കണ്ടെത്താന്‍ പറ്റുന്നിടത്താണ് ക്രിസ്തുവിനെ അനാവരണംചെയ്യാനുള്ള സാദ്ധ്യത തെളിയുന്നത്. എന്‍റെ ജീവിതപങ്കാളിയിലാകാം, എന്‍റെ മക്കളിലാകാം, എന്നെക്കാള്‍ ഉയര്‍ന്ന ഏതെങ്കിലും നന്മ അവരിലൊക്കെ ദൈവം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അതു തിരിച്ചറിയുക. അത് തിരിച്ചറിഞ്ഞിട്ട് അതിനെ വളര്‍ത്തുക, അതിനെ പ്രോത്സാഹിപ്പിക്കുക. അപ്പോഴാണ് അവരിലുള്ള ക്രിസ്തു സാന്നിദ്ധ്യം അനാവരണംചെയ്യപ്പെടുന്നത്.  സ്നാപകന്‍റെ മനോഭാവം അപ്പോഴാണ് നമ്മില്‍ ജനിക്കുന്നത്. എന്നെക്കാള്‍ വലിയവന്‍ ഉണ്ട്. എന്നെക്കാള്‍ വലിയ നന്മ എന്‍റെ ചുറ്റിലും കണ്ടുമുട്ടുന്നവരില്‍, അത് ഏറ്റവും ചെറിയവനാവട്ടെ... എന്നെക്കാള്‍ ചെറിയവനും മുന്‍പന്തിയിലാകാം. അത് തിരിച്ചറിയുന്നിടത്താണ് ക്രിസ്തു അനാവരണം ചെയ്യപ്പെടുന്നത്. ഇന്നത്തെ സുവിശേഷത്തിലൂടെ സ്നാപകന്‍ പറഞ്ഞുതരുന്ന വലിയ ജീവിതപാഠം ഞാന്‍ എന്തായിത്തീരുന്നു എന്തു നേടുന്നു എന്നതല്ല പ്രധാനപ്പെട്ടത്, ക്രിസ്തുവിനെ അനാവരണംചെയ്യാന്‍ എന്‍റെ ജീവിതംകൊണ്ടും എന്‍റെ പ്രവൃത്തികൊണ്ടും, എന്‍റെ വാക്കുകൊണ്ടും എനിക്കാവുന്നുണ്ടോ? എന്‍റെ അടുത്തും എന്‍റെ കൂടെയുള്ളവരിലും എന്നെ കണ്ടുമുട്ടുന്നവരിലുമൊക്കെയുള്ള ക്രിസ്തു സന്നിദ്ധ്യത്തെ ജ്വലിപ്പിക്കാന്‍ എന്‍റെ ജീവിതത്തിനു സാധിക്കുന്നുണ്ടോ? അപ്പോഴാണ് എന്‍റെ ജീവിതം സാര്‍ത്ഥകമാകുന്നത്.

നമുക്കു പ്രാര്‍ത്ഥിക്കാം

യേശുവേ, അങ്ങ് സ്നാപകനിലൂടെ, അദ്ദേഹത്തിന്‍റെ ജീവിതത്തിലൂടെ എനിക്ക് പറഞ്ഞുതരുന്ന ജീവിതത്തിന്‍റെ വലിയ സന്ദേശം സ്വീകരിക്കാന്‍ എന്‍റെ ഹൃദയത്തെ അങ്ങ് തുറക്കുക. ഞാന്‍ ജീവിതത്തില്‍ എന്തൊക്കെ നേടുന്നു, സമ്പത്താകാം, സ്ഥാനമാനങ്ങളാകാം, സമൂഹത്തിന്‍റെ അംഗീകാരമാകാം, അതൊന്നുമല്ല പ്രധാനപ്പെട്ടത്. ജീവിതത്തിന് ആത്യന്തികമായി തൃപ്തി തരുന്നത് അതൊന്നുമല്ല. മറിച്ച്, എന്നെ കണ്ടുമുട്ടുകയും, ഞാനുമായി കൂടെ ജീവിക്കുന്നവരിലും ഞാന്‍ കണ്ടുമുട്ടുന്നവരിലുമൊക്കെ മറഞ്ഞിരിക്കുന്ന ക്രിസ്തു, ഒളിഞ്ഞിരിക്കുന്ന ക്രിസ്തു സാന്നിദ്ധ്യത്തെ ജ്വലിപ്പിക്കാനും വെളിപ്പെടുത്താനും ജീവിതം കാരണമാകുമ്പോഴാണ് എന്‍റെ ജീവിതം സാര്‍ത്ഥകമാകുന്നത്. ഈശോയേ, അതിനുള്ള കൃപയ്ക്കായ് ഞാന്‍ അങ്ങയോടു യാചിക്കുന്നു. അങ്ങ് എന്‍റെ ചുറ്റിലും ഒളിഞ്ഞിരിക്കുന്നുണ്ട്. ഒളിഞ്ഞിരിക്കുന്ന അങ്ങയെ കാണാനും വളര്‍ത്താനും, കൂടുതല്‍ ക്രിസ്തു സാന്നിദ്ധ്യം പ്രോജ്ജ്വലിപ്പിക്കാനുമായി എന്‍റെ ജീവിതവും വാക്കും പ്രവൃത്തിയും അതിന് നിദാനമാകട്ടെ! മാര്‍ഗ്ഗമാകട്ടെ! ആമേന്‍!!         

 








All the contents on this site are copyrighted ©.