2017-01-12 18:48:00

“പാപ്പായുടെ പരിപാടികള്‍ക്ക് പണമോ?!” വേണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്


“പാപ്പായുടെ ഭവനം എല്ലാവര്‍ക്കുമായിട്ടുള്ളതാണ്. വത്തിക്കാനിലെ പരിപാടികള്‍ക്കുള്ള പ്രവേശന ടിക്കറ്റുകള്‍ സൗജന്യമാണ്!”           -  പാപ്പാ ഫ്രാന്‍സിസ്

ജനുവരി 11-Ɔ൦ തിയതി ബുധനാഴ്ച നടന്ന പ്രതിവാര കൂടിക്കാഴ്ചയ്ക്കായി പോള്‍ ആറാമന്‍ ഹാളില്‍ എത്തിയ ജനങ്ങളോടാണ് പ്രവേശന ടിക്കറ്റുകളുടെ ദുരുപയോഗത്തെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് പറഞ്ഞത്. പാപ്പായുടെ വാക്കുകള്‍ ആദ്യം എല്ലാവരെയും തെല്ലൊന്ന് അമ്പരപ്പിച്ചു. എന്നാല്‍ കാര്യം മനസ്സിലായപ്പോള്‍ സന്തോഷവുമായി.

വത്തിക്കാനില്‍ പത്രോസിന്‍റെ ബസിലിക്കയിലും പോള്‍ ആറാമന്‍ ഹാളിലും അനുവദിക്കുന്ന കൂടിക്കാഴ്ചകള്‍ക്കും തിരുക്കര്‍മ്മങ്ങള്‍ക്കുമുള്ള പ്രവേശന ടിക്കറ്റ് തീര്‍ത്തും സൗജന്യമാണ്. ജനങ്ങളുടെ തിരക്കു നിയന്ത്രിക്കാനും സുരക്ഷാക്രമീകരണങ്ങള്‍ക്കുംവേണ്ടി മാത്രമാണ് അത് ഏര്‍പ്പെടുത്തിയരിക്കുന്നത്.

ടിക്കറ്റുകള്‍ സൗജന്യമാണെന്ന് വിവിധ ഭാഷകളില്‍ അതിന്‍റെ മറുപുറത്ത് രേഖപ്പെടുത്തിയിട്ടുള്ളത് കണ്ടിട്ടില്ലേ, എന്ന് പാപ്പാ ചോദിച്ചതിന് ഹസ്താരവത്തോടെയാണ്  ജനം മറുപടി പറഞ്ഞത്. എന്നാല്‍ ഈ  പ്രവേശന ടിക്കറ്റുകള്‍  ചിലര്‍ പുറത്ത് വില്പന നടത്തുന്നുണ്ടെന്ന്  അറിഞ്ഞതില്‍ പാപ്പാ ഖേദം പ്രകടിപ്പിച്ചു. റോമാ രൂപതയുടെ മെത്രാന്‍റെ ഭവനം സകലര്‍ക്കുമുള്ള ഭവനമാണ്. അവിടേയ്ക്കുള്ള പ്രവേശനത്തില്‍ ജനം കബളിപ്പിക്കപ്പെടുന്നത് ഗൗരവകരമായ കുറ്റകൃത്യമാണെന്ന് പാപ്പാ പറഞ്ഞു. കൈയ്യില്‍ ഒരു ചുവന്ന ടിക്കറ്റു പിടിച്ചുകൊണ്ടാണ് വത്തിക്കാനുമായി ബന്ധപ്പെട്ടു നിരീക്ഷിച്ച ഈ ക്രമക്കേട് പാപ്പാ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

ഗവര്‍ണറേറ്റിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വത്തിക്കാന്‍റെ വിവിധ സ്ഥാനങ്ങളിലാണ് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം,  പ്രത്യേകിച്ച് അന്യനാടുകളില്‍നിന്നും അകലങ്ങളില്‍നിന്നും വരുന്നവരുടെ സൗകര്യാര്‍ത്ഥം അവ Online-നിലും ലഭ്യമാണ്.

www.PapalAudience.org








All the contents on this site are copyrighted ©.