2017-01-11 20:28:00

പാപ്പാ ഫ്രാന്‍സിസിന്‍റെ ഇടയസന്ദര്‍ശനം റോമിലെ ഇടവകയിലേയ്ക്ക്


റോമാ നഗരപ്രാന്തത്തിലല്‍ സേത്തെവീലെ (Setteville) എന്ന സ്ഥലത്തെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ചെറിയ ഇടവകയിലേയ്ക്കാണ് (St. Mary’s Church Setteville) പാപ്പായുടെ രണ്ടു ദിവസം നീളുന്ന ഇടയസന്ദര്‍ശനം. കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് നിറുത്തിവച്ചിരിക്കുന്ന ഇടയസന്ദര്‍ശനങ്ങളാണ് ഇതോടെ പാപ്പാ പുനരാരംഭിക്കുന്നത്.

ജനുവരി 15, 16 ഞായര്‍ തിങ്കള്‍ എന്നിങ്ങനെ രണ്ടു ദിവസം നീളുന്ന ഇടവകസന്ദര്‍ശത്തില്‍, ഒരു ദിവസം ജനങ്ങള്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിക്കും. ജനുവരി 11-‍Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് സ്ഥലത്തെ വികാരി, ഫാദര്‍ ലൂയിജി തെദോള്‍ദി വിവരങ്ങള്‍ അറിയിച്ചത്.

രണ്ടായിരാമാണ്ട് ജൂബിലിവര്‍ഷത്തില്‍ പ്രഖ്യാപിക്കപ്പെട്ട റോമാരൂപതയിലെ  ഈ ഇടവകയില്‍ 6000-ത്തോളം അംഗങ്ങളുണ്ട്. ശരാശരി 13-നും 18-നും ഇടയ്ക്ക് വയസ്സു പ്രായമുള്ള 130-ല്‍ അധികം യുവജനങ്ങള്‍ പങ്കെടുക്കുന്ന അനുദിനം വൈകുന്നേരം സമ്മേളിക്കുന്ന കായിക വിനോദ സൗകര്യങ്ങളുള്ള യുവജനകേന്ദ്രം ഇടവയ്ക്കുണ്ട്. അള്‍ത്താരക്കുട്ടികളുടെ സഖ്യത്തെ കൂടാതെ, പാദ്രെ പിയോ പ്രാര്‍ത്ഥനാഗ്രൂപ്പ്, കുട്ടികളുടെ ജ്ഞാനസ്നത്തിന് ഒരുക്കുന്ന ദമ്പതിമാര്‍, 8 അടിസ്ഥാന ക്രിസ്ത്യന്‍ കൂട്ടായ്മ, മതബോധനാദ്ധ്യാപകര്‍, സ്കൗട്സ് എന്നിവകൊണ്ട് ഇടവക സജീവമാണ്. ഫാദര്‍ തെദോള്‍ദി അഭിമുഖത്തില്‍ വ്യക്തമാക്കി.

‘സ്ലിറോസിസ്’ തളര്‍ത്തിയ ഇടവകയിലെ സഹവികാരി, ഫാദര്‍ ജോസഫ് ബെര്‍ണര്‍ദീനോയെ (47) കാണാനും ആശ്വസിപ്പിക്കാനുമുള്ള അവസരമായും ഈ സന്ദര്‍ശനത്തെ പാപ്പാ കാണുന്നുണ്ട്. ഇടവകയിലെ യുവജനങ്ങള്‍ക്കൊപ്പം നടത്തിയ ഉല്ലാസയാത്രയിലെ വീഴ്ചയിലാണ് തീക്ഷ്ണമതിയും യുവാക്കളുടെ സുഹൃത്തുമായിരുന്ന അദ്ദേഹം രോഗഗ്രസ്ഥനായത്. ഇടവക്കാര്‍ തന്നെയാണ് അദ്ദേഹത്തെ ഇന്നും പരിചരിക്കുന്നത്.

ഇടവകയിലെ 6000-ത്തോളം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ പാപ്പായുടെ സന്ദര്‍ശനവാര്‍ത്ത ആശ്ചര്യത്തോടും ഒപ്പം ആനന്ദത്തോടുംകൂടിയാണ് സ്വീകരിച്ചത്. തങ്ങള്‍ അതിയായ ആവേശത്തോടെ ഒരുങ്ങുകയാണെന്നും ഫാദര്‍ തെദോള്‍ദി അഭിമുഖത്തില്‍ അറിയിച്ചു. 








All the contents on this site are copyrighted ©.