2017-01-11 13:10:00

ദൈവത്തില്‍ ശരണപ്പെട്ടാല്‍ നാം ദൈവത്തെപ്പോലെയാകും


ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ച വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ആയിരുന്നു ഈ ബുധനാഴ്ചയും(11/01/17). യുറോപ്പില്‍ മൊത്തത്തില്‍ കൊടും തണുപ്പനുഭവപ്പെടുന്ന ഈ ദിനങ്ങളില്‍ റോമാപുരിയിലും അവസ്ഥ അതുതന്നെയാണ്. റോമിന്‍റെ ചിലഭാഗങ്ങളില്‍ താപമാപനിയില്‍ സൂചിക പൂജ്യത്തില്‍ നിന്ന് 5 വരെ താഴ്ന്ന ഒരു ദിനമായിരുന്നു ഈ ബുധനാഴ്ച.  എന്നിരുന്നാലും പാപ്പായെ ഒരു നോക്കു കാണാനും സന്ദേശം കേള്‍ക്കാനുമുള്ള ജനങ്ങളുടെ തീവ്രാഭിലാഷത്തിന്‍റെ ഊഷ്മളതയെ ജയിക്കാന്‍ ഈ ശൈത്യത്തിനു കഴിഞ്ഞില്ല.  വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ ഈ പൊതുദര്‍ശന പരിപാടിയില്‍  പങ്കെടുക്കുന്നതിനെത്തിയിരുന്നു. പാപ്പാ അതിവിശാലമായ പോള്‍ ആറാമന്‍ ശാലയില്‍ പ്രവേശിച്ചപ്പോള്‍ അവരുടെ ആനന്ദം കരഘോഷമായും ആരവങ്ങളായും ഗാനങ്ങളായും അലതല്ലി.

പതിവുപോലെ സുസ്മേരവദനനായി പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും പിഞ്ചുകുഞ്ഞുങ്ങളോടു പിതൃനിര്‍വ്വിശേഷ വാത്സല്യം പ്രകടിപ്പിച്ച്   തലോടുകയും  ആശീര്‍വ്വദിക്കുകയും അവര്‍ക്ക് സ്നേഹചുംബനങ്ങളേകുകയും ചെയ്തുകൊണ്ടും ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. ചിലര്‍ പാപ്പായ്ക്ക് ചെറുസമ്മാനങ്ങളേകാനും തങ്ങള്‍ കൊണ്ടുവന്ന സാധാനങ്ങള്‍ പാപ്പായെക്കൊണ്ടാശീര്‍വദിപ്പിക്കാനും ശ്രമിക്കുന്നതും കാണാമായിരുന്നു. പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

“4 അവരുടെ വിഗ്രഹങ്ങള്‍ സ്വര്‍ണ്ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍ മാത്രം! 5 അവയ്ക്ക് വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല. 8 അവയെ നിര്‍മ്മിക്കുന്നവര്‍ അവയെപ്പോലെയാണ്. അവയില്‍ ആശ്രയിക്കുന്നവരും അതുപോലെതന്നെ. 9 ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടന്നാണ് നിങ്ങളുടെ സഹായവും പരിചയും. 10 അഹറോന്‍റെ ഭവനമേ, കര്‍ത്താവില്‍ ശരണം വയ്ക്കുവിന്‍; അവിടന്നാണ് നിങ്ങളുടെ സഹായവും പരിചയും.11 കര്‍ത്താവിന്‍റെ  ഭക്തരേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടന്നാണ് നിങ്ങളുടെ സഹായവും പരിചയും”. (സങ്കീര്‍ത്തനം 115, 4-5,8-11)  

ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, താന്‍ ക്രിസ്തീയ പ്രത്യാശയെക്കുറിച്ചു പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. ബിംബങ്ങളില്‍ അര്‍പ്പിക്കുന്ന പ്രത്യാശ വ്യാജമാണെന്ന് പാപ്പാ ഈ സങ്കീര്‍ത്തനവചനങ്ങളെ അവലംബമാക്കി വിശദീകരിച്ചു.എല്ലാവര്‍ക്കും ശുഭദിനം ആശംസിച്ചുകൊണ്ടാണ് ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ പരിചിന്തനം പാപ്പാ ആരംഭിച്ചത്

പാപ്പായുടെ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

ഇക്കഴിഞ്ഞ ഡിസമ്പര്‍ മാസത്തിലും ജനുവരിയുടെ ആദ്യ ഭാഗത്തുമായി നമ്മള്‍ ആഗമന-തിരുപ്പിറവിക്കാലങ്ങള്‍ ആചരിച്ചു. അത് ദൈവജനത്തില്‍ പ്രത്യാശ ഉളവാക്കുന്നതായ ആരാധനാക്രമവത്സര കാലഘട്ടമാണ്. പ്രത്യാശിക്കുക എന്നത് മനുഷ്യന്‍റെ  മൗലികമായ ഒരാവശ്യമാണ്. ഭാവിയെക്കുറിച്ച് പ്രത്യാശ പുലര്‍ത്തുക, ജീവിതത്തില്‍ വിശ്വസിക്കുക, ഭാവാത്മകമായി ചിന്തിക്കുക.

ജീവിക്കാനും  നമ്മുടെ അസ്തിത്വത്തിന് പൊരുളേകാനും നമ്മെ യഥാര്‍ത്ഥത്തില്‍ സഹായിക്കാന്‍ സാധിക്കുന്നവയിലുള്ള ഒരുത്തരമായിരിക്കണം ആ പ്രത്യാശ എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടാണ് വേദപുസ്തകം, ലോകം നമ്മുടെ മുന്നില്‍  അവതരിപ്പിക്കുന്ന വ്യാജ പ്രതീക്ഷകള്‍ക്കെതിരെ ജാഗ്രതാനിര്‍ദ്ദേശം നല്കുന്നത്. ഈ കപട പ്രത്യാശയുടെ ഫലശൂന്യതയെയും അര്‍ത്ഥരാഹിത്യത്തെയും മറച്ചുവച്ചുകൊണ്ടാണ് ലോകം അതിനെ അവതരിപ്പിക്കുന്നത്. മനുഷ്യന്‍ നിരന്തരം വിശ്വാസമര്‍പ്പിക്കാന്‍ പ്രലോഭിതനാകുന്ന  വിഗ്രഹങ്ങളുടെ കാപട്യത്തെ പൊളിച്ചുകാട്ടിക്കൊണ്ട് വേദപുസ്തകം വവിധരീതികളില്‍ മുന്നറിയിപ്പു നല്കുന്നു.

വിശ്വാസിയുടെ വിശ്വാസയാത്രയുടെ സിരാബിന്ദുക്കളെ സ്പര്‍ശിച്ചുകൊണ്ട് പ്രവാചകരും ജ്ഞാനികളും ഇതെക്കുറിച്ച് ഊന്നിപ്പറയുന്നുണ്ട്. വിശ്വാസമെന്നാല്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കലാണ്. വിശ്വാസമുള്ളവന്‍ ദൈവത്തില്‍ ശരണപ്പെടുന്നു. എന്നാല്‍ ജീവിതത്തിലെ ക്ലേശകരങ്ങളായ അവസ്ഥകളെ നേരിടേണ്ടിവരുമ്പോള്‍ മനുഷ്യന് ആ വിശ്വാസത്തിന്‍റെ ബലഹീനത അനുഭവപ്പെടുകയും വിഭിന്നങ്ങളായ ഉറപ്പുകള്‍, തൊട്ടറിയാവുന്ന സുരക്ഷിതത്വങ്ങള്‍ വേണമെന്ന തോന്നലുണ്ടാകുകയും ചെയ്യുന്നു. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ അവസ്ഥ കുറച്ചു മോശമാണ്. ആകയാല്‍ എനിക്ക് കുറച്ചു കൂടുതല്‍ സമൂര്‍ത്തമായ ഒരു ഉറപ്പു വേണം. ഇവിടെയാണ് അപകടമിരിക്കുന്നത്. ഏകാന്തതയുടെ ശൂന്യതയെ നിറയ്ക്കുകയും വിശ്വസിക്കുകയെന്ന ആയാസം ലഘൂകരിക്കുകയും ചെയ്യുന്നതെന്ന് പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന  ക്ഷണികമായ ആശ്വാസങ്ങള്‍ തേടാന്‍ ഈ അവസ്ഥയില്‍ നാം പ്രലോഭിതരാകുന്നു. ഉദാഹരണമായി ധനമോ, ശക്തന്മാരുമായുള്ള സഖ്യമോ പ്രദാനം ചെയ്യുന്ന സുരക്ഷിതത്വത്തില്‍ ഈ സാന്ത്വനം കണ്ടെത്താമെന്ന് നാം ചിന്തിക്കുന്നു. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും യാഥാര്‍ത്ഥ്യത്തെ മാന്ത്രികമായി മാറ്റി നമുക്കിഷ്ടമുള്ളതു പോലെയാക്കിത്തീര്‍ക്കുകയും ചെയ്യുന്ന ഒരു ദൈവത്തെയാണ് നാം ചിലപ്പോള്‍ അന്വേഷിക്കുന്നത്.. ഒരു വിഗ്രഹം, വിഗ്രഹമായതുകൊണ്ടുതന്നെ,  ഒന്നും ചെയ്യാനാകില്ല, അതിന് ശക്തിയില്ല, അതു വ്യാജമാണ്. എന്നാല്‍ ബിംബങ്ങളെ നാം ഇഷ്ടപ്പെടുന്നു, ഏറെ ഇഷ്ടപ്പെടുന്നു. കൈനോട്ടക്കാര്‍ക്ക് പണംകൊടുത്തു വ്യാജ പ്രതീക്ഷകള്‍ നാം വാങ്ങുന്ന സംഭവങ്ങളെക്കുറിച്ചും പാപ്പാ തന്‍റെ ജന്മനാടായ അര്‍ജന്തീനയിലെ ബുവെനോസ് അയിറെസില്‍ ഒരു പള്ളിയിലേക്ക് ഒരു പാര്‍ക്കിലൂടെ താന്‍ നടന്നു പോകവെ ചെറിയ തട്ടുകളിട്ട് നിരനിരയായിരുന്നു പണംമേടിച്ച്  ഭാവിപ്രവചിക്കുന്നവരെ കണ്ട സംഭവം ഉദാഹരിച്ചുകൊണ്ട് പരാമര്‍ശിച്ചു. എന്നാല്‍ യേശു നമുക്കായി കൊണ്ടുവന്ന പ്രത്യാശ സൗജന്യമാണെന്നും, അവിടന്ന് നമുക്കായി ജീവന്‍ നല്കിയെന്നും എന്നാല്‍ അതില്‍ നാം വലിയ വിശ്വാസമൊന്നും കാണിക്കുന്നില്ലെന്നും പാപ്പാ പറഞ്ഞു.

വിഗ്രഹങ്ങളു‌ടെ ക്ഷണികയാഥാര്‍ത്ഥ്യം സങ്കീര്‍ത്തകന്‍ അല്പം വ്യാജോക്തിയോടെ യാണ് നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. പാപ്പാ തുടരുന്നു, അവ ലോഹങ്ങളോ മറ്റെന്തെങ്കിലും വസ്തുക്കളോ കൊണ്ടു മാത്രം നിര്‍മ്മിച്ചവയല്ല, പരിധികളുള്ള യാഥാര്‍ത്ഥ്യങ്ങളെ പരമമായികണ്ടുകൊണ്ട് വിശ്വാസമര്‍പ്പിക്കുമ്പോഴും ദൈവത്തെ നമ്മുടെ ചട്ടക്കൂടുകളിലും ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങളിലും ഒതുക്കുമ്പോഴും അവ നമ്മുടെ മനസ്സുകള്‍ കൊണ്ട് തീര്‍ത്ത രൂപങ്ങളുമാണ്. ദൈവത്തിന്‍റെ ഛായയായ മനുഷ്യന്‍ സ്വന്തം രൂപത്തില്‍ ദൈവത്തെ മെനയുന്നു. എന്നാല്‍ അത് വികലരൂപമാണ്. അതിന് കേള്‍ക്കാന്‍ കഴിയുന്നില്ല, പ്രവൃത്തിക്കാന്‍ സാധിക്കുന്നില്ല, സര്‍വ്വോപരി അതിന് സംസാരിക്കാനാകില്ല. കര്‍ത്താവിന്‍റെ പക്കലേക്കു പോകാതെ ബിംബങ്ങളുടെ  അടുത്തു പോകുന്നതിനാണ് നാം കൂടുതല്‍ ഇഷ്ടപ്പെടുന്നത്. കര്‍ത്താവേകുന്ന സുരക്ഷിതമായ മഹാപ്രത്യാശയിലെന്നതിനേക്കാള്‍ ഈ വിഗ്രഹം നല്കുന്ന ക്ഷണികമായ പ്രത്യാശയിലാണ് നാം പലപ്പോഴും തൃപ്തിയടയുന്നത്.

സങ്കീര്‍ത്തനത്തിന്‍റെ സന്ദേശം സുവ്യക്തമാണ്: വിഗ്രഹങ്ങളില്‍ പ്രത്യാശ വയ്ക്കുന്നവന്‍ അവയെപ്പോലെയാകും. സ്പര്‍ശിക്കാന്‍ കഴിയാത്ത കരങ്ങളും ചലിക്കാത്ത കാലുകളും സംസാരിക്കാന്‍ കഴിയാത്ത വായുമുള്ള പൊള്ളയായ രൂപങ്ങള്‍. മറ്റൊന്നും പറയാനില്ല, സഹായിക്കാനും കാര്യങ്ങളില്‍ മാറ്റം വരുത്താനും  പുഞ്ചിരിക്കാനും ആത്മദാനം ചെയ്യാനും സ്നേഹിക്കാനും കഴിയാത്തവരായി നാം മാറും. സഭയുടെ മനുഷ്യരായ നമുക്കും, നാം ലൗകികവത്കൃതരായാല്‍, ഈ അപകടമുണ്ട്. ലോകത്തിന്‍റെ  മായകളില്‍ നിന്ന് സ്വയം പ്രതിരോധിച്ചുകൊണ്ടു വേണം ലോകത്തിലായിരിക്കാന്‍.

സങ്കീര്‍ത്തനം പറയുന്നതു പോലെ ദൈവത്തില്‍ വിശ്വസിക്കുക, അവിടന്നില്‍ പ്രത്യാശവയ്ക്കുക, ദൈവം അനുഗ്രഹിക്കും. സങ്കീര്‍ത്തനം പറയുന്നു :

ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അഹറോന്‍റെ ഭവനമേ, കര്‍ത്താവില്‍ ശരണം വയ്ക്കുവിന്‍; കര്‍ത്താവിന്‍റെ  ഭക്തരേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടന്ന് നമ്മെ ഓര്‍ക്കുന്നു, അവിടന്ന് നമ്മെ അനുഗ്രഹിക്കും”.

കര്‍ത്താവ് നമ്മെ സദാ, ക്ലേശകരമായ വേളകളിലും, ഓര്‍ക്കുന്നു. ഇതാണ് നമ്മുടെ പ്രത്യാശ, നിരാശപ്പെടുത്താത്ത പ്രത്യാശ. വിഗ്രഹങ്ങള്‍ കബളിപ്പിക്കുന്നു, അവ മായകളാണ്, യാഥാര്‍ത്ഥ്യങ്ങളല്ല.

ഇതാ പ്രത്യാശയുടെ വിസ്മയകരമായ യാഥാര്‍ത്ഥ്യം: കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുവഴി ഒരുവന്‍ അവിടത്തെപ്പോലെയാകും, അവിടത്തെ അനുഗ്രഹം നമ്മെ പരിവര്‍ത്തനം ചെയ്യും, അവിടത്തെ ജീവനില്‍ പങ്കുചേരുന്ന അവിടത്തെ മക്കളാക്കി നമ്മെ മാറ്റും. നമ്മെ അനുഗ്രഹിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന  അവിടത്തെ വിചാരത്തിന്‍റെ പ്രവര്‍ത്തനസീമയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന ദൈവത്തിലുള്ള പ്രത്യാശ എന്നു പറയാം. അപ്പോള്‍ അല്ലെലൂയ പാടാന്‍, ജീവിക്കുന്ന സത്യദൈവത്തിനുള്ള, മറിയത്തില്‍ നിന്ന് നമുക്കായി ജനിച്ച് കുരിശില്‍ മരിച്ച് മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ ദൈവത്തിനുള്ള, സ്തുതിയേകാന്‍ സാധിക്കും. ഈ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ, വിഗ്രഹമല്ലാത്തതും ഒരിക്കലും കബളിപ്പിക്കാത്തതുമായ ഈ ദൈവത്തില്‍.   നന്ദി.പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലും പോള്‍ ആറാമന്‍ ശാലയിലും അനുവദിക്കുന്ന കൂടിക്കാഴ്ചകള്‍ക്കുള്ള പ്രവേശനച്ചീട്ട്, അഥവാ, ടിക്കറ്റ് തീര്‍ത്തും  സൗജന്യമാണെന്ന്, അതില്‍ വിവിധ ഭാഷകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് സൂചിപ്പിച്ചുകൊണ്ട് പാപ്പാ ആവര്‍ത്തിച്ചു പറഞ്ഞു. ചിലര്‍ ഈ പ്രവേശനച്ചീട്ട് വിറ്റു കാശാക്കുന്നതിനെക്കുറിച്ച് തനിക്ക് ലഭിച്ച വിവരത്തിന്‍റെ വെളിച്ചത്തിലാണ് താന്‍ ഇതു പറയുന്നതെന്നും പാപ്പാ വ്യക്തമാക്കി.

പതിവുപോലെ, പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത്, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്തു.








All the contents on this site are copyrighted ©.