2017-01-10 18:14:00

സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം 96-Ɔ൦ സങ്കീര്‍ത്തനപഠനം


96-Ɔ൦ സങ്കീര്‍ത്തന പഠനത്തിന്‍റെ നാലാമത്തെ ഭാഗമാണിന്ന്. ആദ്യം ഘനയും, പിന്നെ പദങ്ങളുടെ വ്യാഖ്യാനങ്ങളും മനസ്സിലാക്കിയ സങ്കീര്‍ത്തനത്തിന്‍റെ ആത്മീയവിചിന്തമാണ് ഈ പ്രക്ഷേപണത്തില്‍. ദൈവം എല്ലാം നവീകരിക്കുന്നു. God is the One who makes all things new എന്ന ചിന്ത, അല്ലെങ്കില്‍ സജ്ഞ ഈ സങ്കീര്‍ത്തനത്തിന്‍റെ തനിമയും, അതില്‍ ഉടനീളം തെളിഞ്ഞുനിലക്കുന്ന ധ്യാനസൂക്തവുമാണ്. അതുകൊണ്ട് ലോകത്തുള്ള സകല ജനങ്ങളോടും ഇസ്രായേല്‍ പ്രഘോഷിക്കുകയാണ്, അഭ്യര്‍ത്ഥിക്കുകയാണ് ‘കര്‍ത്താവിന് നവമായൊരു ഗീതം ആലപിക്കുവിന്‍’ എന്ന്. എന്തെന്നാല്‍ കര്‍ത്താവ് സകലത്തിന്‍റെയും സ്രഷ്ടാവു മാത്രമല്ല, അവിടുന്ന് സൃഷ്ടികളെ നവീകരിക്കുകയും, പുനഃസൃഷ്ടിചെയ്യുന്നവനുമാണ്. അതിനാല്‍ ഈ ജീവിതത്തിലെ ഓരോ ദിവസവും നവമാണെന്ന ബോധ്യത്തോടും, നവോന്മേഷത്തോടുംകൂടി ദൈവത്തെ സ്തുതിച്ചുകൊണ്ട് ജീവിക്കണമെന്നാണ് സങ്കീര്‍ത്തകന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്.  50 വര്‍ഷക്കാലം നീണ്ട അടിമവേലയുടെയും കഷ്ടപ്പാടിന്‍റെയും ബോബിലോണ്‍ വിപ്രവാസത്തില്‍നിന്നും ദൈവം ഇസ്രായേലിനെ ജരൂസലേമിലേയ്ക്ക് തിരിച്ചുകൊണ്ടെത്തിച്ച വിമനോചനാനുഭവത്തിന്‍റെ സന്തോഷത്തിലും നന്ദിയുടെ വികാരത്തിലും ചിട്ടപ്പെടുത്തിയതാണ്  96-Ɔ൦ സങ്കീര്‍ത്തനമെന്ന് ബൈബിള്‍ നിരൂപകന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്. സങ്കീര്‍ത്തകന്‍റെ പദങ്ങളില്‍ ഈ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതും നമുക്ക് ധ്യാനാത്മകമായി വിലയിരുത്താം.

1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍

  ഭൂമി മുഴുവന്‍ അവിടുത്തെ പാടിസ്തുതിക്കട്ടെ.

2. കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍, അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍

  അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.

ദൈവം ഇസ്രായേല്യരുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ സകലജനതകളെയും അറിയിക്കുവാനും പ്രഘോഷിക്കുവാനുമുള്ള വെമ്പല്‍ സങ്കീര്‍ത്തനപദങ്ങളില്‍ പ്രകടമായി നില്ക്കുന്നുണ്ട്. അത് സമകാലീന ലോകത്തിനു സങ്കീര്‍ത്തകന്‍ നല്കുന്ന ആഹ്വാനം, അല്ലെങ്കില്‍ പ്രചോദനംകൂടിയാണ്. ‘ദൈവമായ കര്‍ത്താവിന് അര്‍ഹിക്കുന്ന മഹത്വവും ആരാധനയും നല്കുവിന്‍... അവിടുത്തെ പ്രഘോഷിക്കുവിന്‍, അവിടുത്തേയ്ക്ക് കാഴ്ചകള്‍ സമര്‍പ്പിക്കുവിന്‍...’ എന്ന് സങ്കീര്‍ത്തകന്‍ ആഹ്വാനംചെയ്യുമ്പോള്‍, നമ്മെ പരിപാലിക്കുന്ന ദൈവത്തിന് ഇന്നും കാഴ്ചകള്‍ അര്‍പ്പിക്കുന്ന പതിവിന് ഇസ്രായേല്‍ തുടക്കം കുറിച്ചെന്നു വേണം അനുമാനിക്കുവാന്‍. ജീവനുള്ള കാലമെല്ലാം ദൈവത്തെ സ്തുതിക്കുക മനുഷ്യന്‍റെ സന്തോഷപ്രദമായ കടമയാകണം. ദൈവത്തിന്‍റെ അത്ഭുതങ്ങള്‍ ഈ പ്രപഞ്ചത്തില്‍ അന്നെന്നപോലെ, ഇന്നും സംഭവിക്കുന്നുണ്ട്. ദൈവം ജീവിക്കുന്നവനാണ്. അതിനാല്‍ ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ എല്ലാ ജനതകളെയും രാജ്യങ്ങളെയും അറിയിക്കുകയാണ് നന്മയുള്ള മനുഷ്യന്‍ ചെയ്യേണ്ടത്. അങ്ങനെ  ദൈവിക നന്മയുടെ സാക്ഷിയായി മനുഷ്യന്‍ പരണമിക്കേണ്ടവനാണ്. 

സകല ജനതകളും ദൈവത്തിന്‍റെ അത്ഭുതകൃത്യങ്ങള്‍ പ്രഘോഷിക്കണം. ദൈവികനന്മയുടെ സദ്വാര്‍ത്ത പ്രഘോഷിക്കപ്പെടണം, എന്നത് സങ്കീര്‍ത്തകന്‍റെ നിഷ്ക്കര്‍ഷയാണ്. കാരണം അങ്ങനെ മാത്രമേ, എല്ലാ ജനതകളും അവിടുത്തെ അറിയുകയുള്ളൂ, ആരാധിക്കുകയുള്ളൂ എന്ന് സങ്കീര്‍ത്തകന്‍ ഉറപ്പായി വിശ്വസിക്കുന്നു. പ്രാര്‍ത്ഥനയും സ്തുതിയും, ധര്‍മ്മനിഷ്ഠയും,  തകര്‍ന്ന ഹൃദയവും, ദൈവത്തിനുള്ള പൂര്‍ണ്ണസമര്‍പ്പണമാണ്, ദൈവം നമ്മോട് ആവശ്യപ്പെടുന്ന ബലികള്‍! കര്‍ത്താവിന്‍റെ തിരുസന്നിധാനത്തില്‍ നില്ക്കുവാനും അവിടുത്തെ മഹിമയില്‍ പുളകിതരാകുവാനും എല്ലാ ജനതകള്‍ക്കുമുള്ള ആഹ്വാനമാണിത്. മനുഷ്യന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ ആഹ്വാനം എന്നും ആവര്‍ത്തിക്കപ്പെടുന്നു, സങ്കീര്‍ത്തന സ്തുതിപ്പിലൂടെ സകലരും അനുസ്മരിപ്പിക്കപ്പെടുന്നു. ദൈവത്തെ സ്തുതിക്കുന്ന ജീവിതം വിശുദ്ധമായ പ്രകടനമാക്കാന്‍ സങ്കീര്‍ത്തകന്‍ ബോധപൂര്‍വ്വം പഴയനിയമത്തില്‍നിന്നും  25 ഉദ്ധരിണികള്‍ 96-Ɔ൦ സങ്കീര്‍ത്തനത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നതായി ബൈബിള്‍ പണ്ഡിതന്മാര്‍ നിരീക്ഷിക്കുന്നുണ്ട്. ഇത് ഹെബ്രായ കവിതകളുടെ ശൈലിയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

7.  ജനപദങ്ങളേ, ഉദ്ഘോഷിക്കുവിന്‍,

   മഹത്വവും ശക്തിയും കര്‍ത്താവിന്‍റേതെന്ന് ഉദ്ഘോഷിക്കുവിന്‍.

8.  കര്‍ത്താവിന്‍റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍,

   കാഴ്ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.

ദൈവത്തെ ഏറ്റവും ശ്രേഷ്ഠമായിട്ട്, ആത്മാര്‍ത്ഥമായിട്ട് സ്തുതിക്കണമെന്നതും സങ്കീര്‍ത്തകന്‍റെ ആഗ്രഹമാണ്. അതിനാല്‍ വിശുദ്ധ വസ്ത്രങ്ങള്‍ അണിഞ്ഞ്, അതായത് ഏറ്റവും നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ് കര്‍ത്താവിനെ സ്തുതിക്കുവിന്‍ എന്നാണ് പദങ്ങളിലെ പ്രസ്താവം. മഹത്തരമായ ഈണം മീട്ടിക്കൊണ്ട്, ഏറ്റവും മഹോന്നതമായ ആരാധനാ മുഹൂര്‍ത്തങ്ങളിലൂടെയും ദൈവത്തെ സ്തുക്കണം എന്ന് സങ്കീര്‍ത്തകന്‍ പറയുമ്പോള്‍ ഏശയായുടെ വാക്കുകളില്‍ അതിങ്ങനെയാണ്, ഏശയ 52, 7... ‘സദ്വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു ദൈവം നിന്നെ ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്‍റെ പാദങ്ങള്‍ മലമുകളില്‍, വിശുദ്ധ ഗിരിയില്‍ ആയിരിക്കുന്നത് എത്രയോ മനോഹരമാണ്.’  ദൈവം തന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിച്ച മനുഷ്യന്‍ അവിടുത്തെ സ്നേഹവലയത്തില്‍ പ്രവേശിച്ച്, അവിടുത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുമ്പോഴാണ് അവന്‍, അവള്‍ അവിടുത്തെ നവസൃഷ്ടിയായി മാറുന്നു എന്നാണ് സങ്കീര്‍ത്തകന്‍ വ്യക്തമാക്കുന്നത്. സകലത്തിന്‍റെയും സകല ജനതകളുടെയും രാജാവാണ് യാഹ്വേ, ദൈവം, എന്ന സത്യമാണ് സ്ദ്വാര്‍ത്ത The Good News! ആണ് പ്രഘോഷിക്കുന്നത്.

5. ജനതകള്‍ ദേവന്മാരുടെ വിഗ്രഹങ്ങളെ മാത്രം ആരാധിക്കുന്നു,

  എന്നാല്‍, കര്‍ത്താവ് ആകാശത്തിന്‍റെ സ്രഷ്ടാവാണ്.

6.  മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലുണ്ട്.

  ബലവും സൗന്ദര്യവും അവിടുത്തെ വിശുദ്ധമന്ദിരത്തിലുണ്ട്.

പിന്നെ സകല ലോകവും പ്രപഞ്ചവും പ്രകൃതിയും കര്‍ത്താവിന് നവ്യഗീതം ആലപിക്കുവിന്‍, എന്നുള്ള പ്രയോഗം മനുഷ്യന് ദൈവത്തില്‍നിന്ന് ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും എല്ലാം സ്വീകരിക്കുന്ന മനുഷ്യകുലത്തിന്‍റെ നവമായ സ്തുതിപ്പാണ്. ഉല്പത്തി  മുതല്‍ സൃഷ്ടികര്‍മ്മത്തില്‍ ഉടനീളം, എല്ലാം നമുക്ക് പുതുതായി നല്കുന്ന ദൈവത്തിന് നന്ദിയര്‍പ്പിക്കണമെന്നാണ് സങ്കീര്‍ത്തകന്‍റെ പക്ഷം. ആദിയില്‍ അവിടുന്ന് ആകാശവും ഭൂമിയും സൃഷ്ടിച്ചു... ഉല്പ. 1, 1... എന്നതിന് ഹെബ്രായ ഭാഷയില്‍, സങ്കീര്‍ത്തനത്തിന്‍റെ മൂലകൃതിയില്‍ ഉപയോഗിക്കുന്നത് ‘ബറാ...’ എന്ന പദമാണ്. മറ്റൊരു വാക്കും ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തെ സൂചിപ്പിക്കുവാന്‍ പ്രയോഗത്തില്‍ ഇല്ല - എന്ന വസ്തുത  ദൈവത്തിന് ഇസ്രായേല്‍ നല്കുന്ന പരമമായ ആരാധനയുടെ പ്രതീകമാണ്. ആദിയിലെ ഇല്ലായ്മയില്‍നിന്നും രൂപരഹിതമായ അവസ്ഥയില്‍നിന്നും പ്രപഞ്ചത്തെയും പ്രകൃതിയെയും ദൈവം വാര്‍ത്തെടുത്തത്. അത് വളരുകയും, താരും തളിരും അണിയുകയും ചെയ്യുമ്പോള്‍ സൃഷ്ടികര്‍മ്മം ഈ പ്രപഞ്ചത്തില്‍ അനുദിനം അനുവര്‍ത്തിക്കപ്പെടുകയാണ്. ദൈവം എല്ലാം നവമായി മനുഷ്യര്‍ക്കുവേണ്ടി രൂപപ്പെടുത്തുകയാണ്. 

പിന്നെ സൃഷ്ടിയും വിധിയും ദൈവത്തിന്‍റെ, അവിടുത്തെ പദ്ധതിതിയുടെയും ഭാഗമാണ്. അങ്ങനെ, അവിടുത്തെ നീതി ഈ ഭൂമിയില്‍ വെളിവാകണം. നിശ്ശബ്ദമായ പ്രകൃതിയും ആകാശവും ഭൂമിയും സമുദ്രവും അതിലുള്ള സമസ്തവും, ദൈവിക സന്തോഷത്തിലും ആര്‍പ്പുവിളിയിലും, ഉല്ലാസത്തിലും ആരവത്തിലും പങ്കുചേരുന്നു. അങ്ങനെ യാഹ്വേയുടെ അത്ഭുതങ്ങള്‍ ഇസ്രായേല്‍ അനുദിനം അനുഭവിച്ചറിഞ്ഞെന്ന് സങ്കീര്‍ത്തനം ചൂണ്ടിക്കാണിക്കുന്നു, പ്രഖ്യാപിക്കുന്നു.

11. ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ആനന്ദിക്കട്ടെ.

   സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ.

12. വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ

   അപ്പോള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍

   വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.

അവസാനമായി ദൈവം വരുന്നു, അവിടുന്ന് വീണ്ടും വരുന്ന എന്ന പ്രയോഗം സങ്കീര്‍ത്തകന്‍ ആവര്‍ത്തിക്കുന്നുണ്ട്. അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടുംകൂടെ വിധിക്കുവാന്‍ വരുന്നു.... എന്നാണ് സങ്കീര്‍ത്തനപദം. ദൈവത്തിന്‍റെ വെളിച്ചമായി, സുവിശേഷമായി, പ്രകാശമായി, ജീവനായി, രക്ഷയായി, നമ്മുടെ കര്‍ത്താവായി, വിധിയാളനായി ക്രിസ്തു ലോകത്തിലേയ്ക്കു വരുന്നു. ദൈവ-സാന്നിദ്ധ്യാനുഭവം തീര്‍ച്ചയായും ഭയവും വിറയലും, ഒപ്പം ആനന്ദവും ഉളവാക്കും. ദൈവമഹത്ത്വത്തില്‍ മുഴുകുന്ന മനുഷ്യന്‍റെ മനോഭാവമാണിത്. ദൈവം സകലത്തെയും നവീകരിക്കുവാന്‍, പുനഃസൃഷ്ടിചെയ്യുവാന്‍ വരുന്നു എന്ന അര്‍ത്ഥമാണിത്. അവിടുത്തെ കൃപയുടെ സമൃദ്ധിയാലുള്ള നവീകരണമാണിത്. ഒപ്പം കര്‍ത്താവിന്‍റെ വിധി, അവിടുത്തെ നീതിനിഷ്ഠയുടെയും പ്രവൃത്തിയാണ്, നമ്മെ പുനര്‍സൃഷ്ടിചെയ്യുന്ന അവിടുത്തെ സ്നേഹമാണ് ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.

13. എന്തെന്നാല്‍, അവിടുന്നു വരുന്നു,

   അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു.

   അവിടുന്നു ലോകത്തെ നീതിയോടും

   ജനതകളെ സത്യത്തോടുംകൂടെ വിധിക്കും. 

സങ്കീര്‍ത്തനം 96 (iv) – ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും ചിട്ടപ്പെടുത്തിയത്.   ആലാപനം :  രമേഷ് മുരളിയും സംഘവും.

 








All the contents on this site are copyrighted ©.