2017-01-09 12:56:00

സമാധാനവും വിശ്വാസവും പാപ്പായുടെ ട്വീറ്റുകളില്‍


സ്വന്തം അവകാശത്തിനുവേണ്ടി മാത്രം വാദിക്കുന്ന പക്ഷം യഥാര്‍ത്ഥ സമാധാനം ഉണ്ടാകില്ലെന്ന് മാര്‍പ്പാപ്പാ.

തിങ്കളാഴ്ച (09/01/17) ഫ്രാന്‍സീസ് പാപ്പാ ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.

“മറ്റുള്ളവരുടെ അവകാശങ്ങളെ ഗൗനിക്കാതെ ഓരോ വ്യക്തിയും സദാ സ്വന്തം അവകാശത്തിനു വേണ്ടി മാത്രം വാദിക്കുന്നുവെങ്കില്‍ യഥാര്‍ത്ഥ സമാധാനം കൈവരില്ല” എന്നാണ് പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം.

ലോകരാഷ്ട്രങ്ങള്‍ പരിശുദ്ധസിംഹാനത്തിനുവേണ്ടി നിയമിച്ചിട്ടുള്ള നയതന്ത്രപ്രതിനിധികളെ പാപ്പാ തിങ്കളാഴ്ച വത്തിക്കാനില്‍ സംബോധനചെയ്യവ്വെ പങ്കുവച്ച ആശയമാണിത്.

വിശ്വാസവും ഉപവിയും മാമ്മോദീസ തെളിച്ച സരണിയെന്ന് യേശുവിന്‍റെ  ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനമായിരുന്ന ഞായറാഴ്ച (08/01/17) കുറിച്ച ട്വിറ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സീസ് പാപ്പാ ഉദ്ബോധിപ്പിച്ചു.

“നമ്മുടെ മാമ്മോദീസ തെളിച്ച വിശ്വാസത്തിന്‍റെയും ഉപവിയുടെയും പാതയിലൂടെ യേശുവിനെ അനുഗമിക്കാന്‍ കന്യകാമറിയം നമ്മെ സഹായിക്കട്ടെ” എന്നാണ് പാപ്പാ 3 കോടിയിലേറെ വരുന്ന  തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി തന്‍റെ  ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ ഞായറാഴ്ച കണ്ണിചേര്‍ത്തത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം അറബിയുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്. 








All the contents on this site are copyrighted ©.