2017-01-09 12:40:00

സകലരുടെയും അദ്ധ്വാനവും സഹകരണവും സമാധാന സംസ്ഥാപനത്തിനാവശ്യം


സമാധാനമെന്നത് ദാനവും വെല്ലുവിളിയും പ്രതിജ്ഞാബദ്ധതയും ആണെന്ന് മാര്‍പ്പാപ്പാ.

ലോകരാഷ്ട്രങ്ങള്‍ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചുട്ടുള്ള നയതന്ത്രപ്രതിനിധികളെ പുതുവത്സരാശംസകള്‍ കൈമാറുന്നതിന് വത്തിക്കാനില്‍ തിങ്കളാഴ്ച (09/01/17) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഭീകരാക്രമണങ്ങള്‍ ലോകത്തില്‍ പലയിടങ്ങളും നിണപങ്കിലമാകുകയും ജീവനെ ഹനിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സമാധാനവും സുരക്ഷിതത്വവും ആയിരുന്നു പാപ്പായുടെ പ്രഭാഷണത്തിന്‍റെ കാതല്‍.

മരണവും നാശവും സഹനങ്ങളും വിതയ്ക്കപ്പെ‌ട്ട ബുദ്ധിശൂന്യമായ ഒരു ദുരന്തമായിരുന്ന ഒന്നാം ലോക മഹായുദ്ധത്തിന്‍റെതായിരുന്ന ഒരു കാലഘട്ടാനന്തരം ഒരു നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്ന പാപ്പാ  ലോകത്തിന്‍റെ വിവധഭാഗങ്ങളില്‍ സമാധാനത്തിന്‍റെ ഒരു നീണ്ട കാലഘട്ടം സംജാതമാകുകയും അത് സാമ്പത്തിക വളര്‍ച്ചയ്ക്കും ക്ഷേമത്തിനും അവസരമേകുകയും ചെയ്തുവെങ്കിലും അനേകര്‍ക്ക്  സമാധാനം ഇന്നും ഒരു മരീചികയായി അവശേഷിക്കുന്നുവെന്ന വസ്തുത ചൂണ്ടിക്കാട്ടുന്നു.

കുടിയേറ്റ പ്രശ്നങ്ങള്‍, കുടിയേറ്റക്കാരോടുള്ള നിസ്സംഗത, സാമൂഹ്യ അനീതി, സാമൂഹ്യ അസമത്വങ്ങള്‍, മനുഷ്യക്കടത്ത്, ആയുധക്കച്ചവടം, അപരനെ നിഹനിക്കപ്പെടേണ്ട ഒരു ശത്രുവായി കാണുന്ന മനോഭാവം തുടങ്ങിയവ സമാധാനത്തിനെതിരായ ഘടകങ്ങളായി പാപ്പാ അവതരിപ്പിക്കുന്നു.

സ്വന്തം ജനത്തിന്‍റെ മാത്രം സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ പൊതു അധികാരികള്‍ ഒതുങ്ങി നല്ക്കരുതെന്നും അവര്‍ സമാധാന പരിപോഷകരും സമാധാനപ്രവര്‍ത്തകരും ആയിത്തീരണമെന്നും പാപ്പാ പറയുന്നു.

സമാധാനം കര്‍മ്മനിരതമായ ഒരു പുണ്യമാണെന്ന് ഉദ്ബോധിപ്പിക്കുന്ന പാപ്പാ ഓരോ വ്യക്തിയുടെയും സമൂഹം മുഴുവന്‍റെയും അദ്ധ്വാനവും സഹകരണവും സമാധാന സംസ്ഥാപനത്തിനാവശ്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

സമാധാനം കെട്ടിപ്പടുക്കുകയെന്നതിന് സൃഷ്ടിയുടെ പരിപാലന പ്രക്രിയയില്‍ സജീവ പങ്കാളികാളാകുയെന്ന ഒരര്‍ത്ഥമുണ്ടെന്നും പാപ്പാ പറയുന്നു.

സമാധാനമെന്നത് ദാനവും വെല്ലുവിളിയും പ്രതിജ്ഞാബദ്ധതയും ആണെന്ന് വിശദീകരിക്കുന്ന പാപ്പാ സമാധാനം ദൈവത്തിന്‍റെ ഹൃദയത്തില്‍ നിന്നു പുറപ്പെടുന്നതാകയാല്‍ അത് ദാനവും, ഒരിക്കലും താനെ സംഭവിക്കാത്തതും നിരന്തരം പരിശ്രമിച്ചു നേടേണ്ടതുമാകയാല്‍ അത് ഒരു വെല്ലുവിളിയും,  അന്വേഷിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നതിന് സന്മനസ്സുള്ള ഓരോ വ്യക്തിയുടെയും ത്യാഗപരമായ പ്രവര്‍ത്തനം ആവശ്യമുള്ളതിനാല്‍ അതൊരു പ്രതിജ്ഞാബദ്ധതയും ആണെന്ന് വ്യക്തമാക്കി.

സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അക്രമമാര്‍ഗ്ഗം വെടിയേണ്ടത് സമാധാനസംസ്ഥാപനത്തിന് സര്‍വ്വോപരി അനിവാര്യമാണെന്ന് പാപ്പാ ഊന്നിപറയുകയും ചെയ്യുന്നു.

സമാധാനം എന്നന്നേക്കുമായി ഒരിക്കല്‍ നേടാന്‍ കഴിയുന്നതല്ല എന്നും അത് നിരന്തരം കെട്ടിഉയര്‍ത്തേണ്ടുന്ന ഒരു സൗധമാണ് എന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

പരിശുദ്ധ സിംഹാസനത്തിന് 182 നാടുകളുമായി നയതന്ത്രബന്ധം ഉണ്ട്.

 








All the contents on this site are copyrighted ©.