2017-01-09 12:49:00

യേശുവിനെ അറിയുക, ആരാധിക്കുക, അനുഗമിക്കുക


യേശുവിനെ അറിയുക, ആരാധിക്കുക, അനുഗമിക്കുക എന്നീ ത്രിവിധ ദൗത്യങ്ങള്‍ ക്രൈസ്തവര്‍ക്കുണ്ടെന്ന് പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ഭവനത്തില്‍, അതായത്, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തില്‍ ഉള്ള കപ്പേളയില്‍  തിരുപ്പിറവിത്തിരുന്നാള്‍ കാലത്തെ ഇടവേളയ്ക്കു ശേഷം തിങ്കളാഴ്ച (09/01/17) അര്‍പ്പിച്ച പ്രഭാതദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

യേശുവിനെ തിരിച്ചറിയണമെങ്കില്‍ നാം അവിടത്തെ അറിയണമെന്നും എന്നാല്‍ അവിടത്തെ കാലഘട്ടത്തില്‍ അവിടത്തെ തിരിച്ചറിയാതിരുന്ന നിയമജ്ഞരും മുഖ്യപുരോഹിതരും സദുക്കേയരും ഫരിസേയരും അവിടത്തെ പീഢിപ്പിക്കുകയായിരുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.

രണ്ടാമത്തെ ദൗത്യമായ ആരാധനയെക്കുറിച്ചു വിവരിക്കവെ പാപ്പാ രണ്ടു രീതിയില്‍ യേശുവിനെ ആരാധിക്കമെന്നും അതിലൊന്ന് മൗനപ്രാര്‍ത്ഥനയാലുള്ള ആരാധനയാണെന്നും മറ്റൊന്നു, നാം ആരാധിക്കുന്ന, നമുക്കു താല്പര്യമുള്ള മറ്റെല്ലാ വസ്തുക്കളും  ഹൃദയത്തില്‍ നിന്ന് നീക്കിക്കൊണ്ടുള്ളതായ ആരാധനയാണെന്നും വിശദീകരിച്ചു.

മൂന്നാമത്തെ ദൗത്യമായ യേശുവിനെ അനുഗമിക്കല്‍ ലളിതമായ ക്രിസ്തീയ ജീവിതം നയിക്കലാണെന്ന് അതായത് യേശുവിനെ ജീവിതകേന്ദ്രമാക്കലാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അസാധാരണങ്ങളൊ, ആയാസകരങ്ങളൊ, ഉപരിപ്ലവങ്ങളൊ ആയ കാര്യങ്ങളല്ല മറിച്ച് ലളിതമായവ മതി ക്രൈസ്തവനായിരിക്കാനെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. 








All the contents on this site are copyrighted ©.