2017-01-06 13:10:00

“ദൈവവിളിയുടെ നവമായ സംസ്ക്കാരം വളര്‍ത്തണം…” പാപ്പാ ഫ്രാന്‍സിസ്


ഇറ്റലിയുടെ ദേശീയ മെത്രാന്‍  സമിതി സംഘടിപ്പിച്ച ദൈവവിളിയെ സംബന്ധിച്ച സമ്മേളനത്തെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍  ജനുവരി 5-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ കൂടിക്കാഴചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  സന്ന്യസ്തരും വൈദികരും, ദേശീയ സഭാനേതൃത്വത്തില്‍  ദൈവവിളിക്കായി പ്രവര്‍ത്തിക്കുന്നവരും യുവതീ യുവാക്കളുമായി ആയിരത്തോളം പേര്‍ പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നു. 

“യുവജനളുടെ വിശ്വാസവും അവരുടെ ജീവിതതിരിഞ്ഞെടുപ്പും...”  എന്ന വിഷയത്തെ ആധാരമാക്കി 2018-Ɔമാണ്ടില്‍ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന മെത്രാന്മാരുടെ സിന‍ഡുസമ്മേളനത്തിന് ഒരുക്കമായിട്ടാണ് ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതി ജനുവരി 4, 5 തിയതികളില്‍ “ഉണരാം അണിചേരാം...!” എന്ന ആപ്തവാക്യവുമായി ദൈവവിളി സംഗമം റോമില്‍ സംഘടിപ്പിച്ചത്.

വ്യക്തി ജീവിതത്തെ വലുതായി കാണുകയും, തന്‍റേതായ എല്ലാം ഉപേക്ഷിച്ചും, തന്നില്‍നിന്നും പുറത്തിറങ്ങിയും അപരിനിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു ജീവിതരീതിയുടെ സ്വപ്നവും, ആ സ്വപ്നസാക്ഷാത്ക്കാരവുമാണ് ദൈവവിളിയുടെ പുതിയ വീക്ഷണവും നവമായ സംസ്ക്കാരവുമെന്ന് പാപ്പാ പ്രസ്താവിച്ചു. ഇന്നിന്‍റെ ലോകത്ത് പ്രേഷിതജീവിതത്തിനുള്ള സമര്‍പ്പണം വെല്ലുവിളിയാണെന്നും, ദൈവവിളിയുടെ സ്ഥായീഭാവമുള്ള സമര്‍പ്പണം യുവജനങ്ങളുടെ ധീരവും ആത്മവിശ്വാസവുമുള്ള സ്വയാര്‍പ്പണവുമാണ്. പാപ്പാ വ്യക്തമാക്കി.

നന്മചെയ്യുവാനുള്ള വ്യക്തിയുടെ അഭിവാച്ഛയെയും കരുത്തിനെയും തളര്‍ത്തുകയും തടവിലാക്കുകയും ചെയ്യുന്നത് ഭീതിയാണ്. ഈ ഭീതി കൈവെടിഞ്ഞ്, നന്മചെയ്യാനായി ധീരതയോടെ ഇറങ്ങിപ്പുറപ്പെടുന്ന സംസ്ക്കാരമാണ് സഭയില്‍ വളര്‍ത്തേണ്ടത്. വ്യക്തി സന്നദ്ധമാണെങ്കില്‍, മാനുഷികമായ ബലഹീനതകളെ ദൈവം കാത്തുകൊള്ളും! സമര്‍പ്പണബോധമുള്ള മനുഷ്യന്‍റെ പാദങ്ങളെ പതറാതെ അനുദിനം ദൈവം പരിരക്ഷക്കുമെന്നും പാപ്പാ പ്രസ്താവിച്ചു.

സുവിശേഷ പ്രഘോഷണത്തിന്‍റെ ഭാവി കാവല്‍ക്കാരായ യുവതീയുവാക്കളെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. സഭയോടും ദൈവരാജ്യത്തോടുമുള്ള സ്നേഹത്തെപ്രതി വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും പുലരികാത്തിരിക്കുന്ന വിശ്വസ്തരായ കാവല്‍ക്കാരുടെ ഹൃദയങ്ങളെ പരിശുദ്ധത്മാവ് ഉണര്‍ത്തുകയും നയിക്കുകയും ചെയ്യട്ടെ! (സങ്കീര്‍ത്തനം 130, 6).  നവമായ ജീവിതശൈലിക്കും, സംസ്ക്കാരത്തിനും, സമര്‍പ്പണത്തിനുമുള്ള വലിയ താല്പര്യവും ആവേശവും യുവജനങ്ങള്‍ക്കുണ്ട്. ഈ അന്വേഷണത്വര അവരെ ക്രിസ്തുവമായുള്ള കൂടിക്കാഴ്ചയിലേയ്ക്ക് നയിക്കട്ടെ! ജീവിതസാക്ഷ്യം തരുന്ന സന്തോഷവും, സത്യസന്ധതയുടെ മനോഹാരിതയും, ദൈവസ്നേഹത്തിന്‍റെ ആശ്ചര്യവും ആനന്ദവും പ്രസരിക്കുന്ന പ്രേഷിതര്‍ ഇന്ന് സഭയില്‍ ഉണ്ടാകട്ടെ...! പാപ്പാ ആശംസിച്ചു. 








All the contents on this site are copyrighted ©.