2017-01-05 09:54:00

‘സ്നേഹത്തിന്‍റെ ആനന്ദം’ കുടുംബങ്ങളോടുള്ള സഭയുടെ കാരുണ്യവീക്ഷണം


അന്വേഷിച്ചിറിങ്ങുന്ന അജപാനസ്വഭാവം സഭയുടെ തുറവു  വെളിപ്പെടുത്തുന്നു. സിനഡിന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ലോറെന്‍സോ ബാള്‍ദിസേരി പ്രസ്താവിച്ചു.

കുടുംബങ്ങളെക്കുറിച്ചുള്ള മെത്രാന്മാരുടെ രണ്ടു സിനഡുകളില്‍ ഉരുത്തിരിഞ്ഞതും പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചതുമായ അപ്പസ്തോലിക പ്രബോധനം Amoris Laetitia  ‘സ്നേഹത്തിന്‍റെ ആനന്ദ’ത്തെ ആധാരമാക്കി ജനുവരി മൂന്നാം തിയതി ഇറ്റലിയിലെ ‘ചിവിത്ത വേക്കിയ’  Civitavecchia  രൂപത ജനുവരി 3-Ɔ൦ തിയതി ചൊവ്വാഴ്ച സംഘടിപ്പിച്ച അജപാലന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ബാള്‍ഡിസേരി ഇങ്ങനെ പരാമര്‍ശിച്ചത്.

സ്വീകരിക്കുക, പിന്‍ചെല്ലുക, വിവേചിച്ചറിയുക, ഉള്‍ച്ചേര്‍ക്കുക... എന്നിങ്ങനെ ‘സ്നേഹത്തിന്‍റെ സന്തോഷം’ എന്ന പ്രബോധനത്തില്‍ ധാരാളമായി ഉപയോഗിച്ചു കാണുന്ന വാക്കുകള്‍ കുടുംബങ്ങള്‍ക്ക്, വിശിഷ്യാ പ്രതിസന്ധികളില്‍ കഴിയുന്നവര്‍ക്ക് ഏറെ പ്രത്യാശപകരുന്നതാണ്.

ഇന്നിന്‍റെ സാമൂഹിക ചുറ്റുപാടുകള്‍ ഉയര്‍ത്തുന്ന പ്രതിസന്ധികളുടെ വെല്ലുവിളികളില്‍  നിരാശരായി താണുപോകാതെ, ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള പ്രചോദനമാണ് സഭയുടെ കുടുംബങ്ങളെക്കുറിച്ചുള്ള നവമായ പ്രബോധനം ‘സ്നേഹത്തിന്‍റെ ആനന്ദം’ നല്‍കുന്നത്. വിവാഹ ജീവിതത്തിന്‍റെ കൗദാശിക സ്വഭാവവുമായി മനുഷ്യന്‍റെ സ്നേഹം പൊരുത്തപ്പെടാതെ വരുമ്പോഴും, വ്യക്തിബന്ധങ്ങളില്‍ മുറിപ്പെട്ട മനുഷ്യരെ സഭ പരിചരിക്കുകയും, ഒരിക്കലും കൈവെടിയാത്ത ദൈവത്തിന്‍റെ കൃപയുടെയും കാരുണ്യത്തിന്‍റെയും വെളിച്ചത്തിലും സുവിശേഷവഴികളിലും അവര്‍ക്കായി പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യുവാനുമാണ് ഈ പ്രബോധനം നിര്‍ദ്ദേശിക്കുന്നത്. മൗലികമായ സുവിശേഷ മാനദണ്ഡമാണിത്. ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിന്‍റെ പ്രതിഫലനവുമാണ്. എന്നാല്‍ സഭയുടെ സിദ്ധാന്തങ്ങളും നിയമങ്ങളും മാറുന്നെന്നോ, സഭയുടെ പരമ്പരാഗത ധാര്‍മ്മിക ചിന്താഗതികള്‍ ഇതുവഴി വലിച്ചെറിയപ്പെടുകയാണെന്നോ ചിന്തിക്കുന്നതു ശരിയല്ലെന്ന്, കര്‍ദ്ദിനാള്‍ ബാള്‍ദിസേരി അഭിപ്രായപ്പെട്ടു.

അന്യൂനവും നൊമ്പരപ്പെടുത്തുന്നതും യഥാര്‍ത്ഥവുമായ കുടുംബസാഹചര്യങ്ങളാണ് ഇവിടെ സഭയുടെ അജപാലനവീക്ഷണത്തില്‍ കാണേണ്ടതും മനസ്സിലാക്കേണ്ടതും. വിവാഹമോചനം തേടിയവരും സഭയ്ക്കു പുറത്ത് രണ്ടാമതു വിവാഹം കഴിച്ചവര്‍ക്കും ഈ പ്രബോധനം നല്കുന്ന കൂദാശകളുടെ ആനുകൂല്യം – പ്രത്യേകിച്ച് അനുരഞ്ജനത്തിന്‍റെയും വിശുദ്ധകുര്‍ബാനയുടെയും ഉദാരപൂര്‍ണ്ണമായ അനുമതി സഭയുടെ നവമായ അജപാലന വീക്ഷണമാണെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി വ്യക്തമാക്കി.

പ്രബുദ്ധമായ മനുഷ്യമനസ്സാക്ഷിയുടെ പക്വതയെ സഭ ഇവിടെ തുണയ്ക്കുകയാണ്. ക്ലേശപൂര്‍ണ്ണമായ ഇന്നിന്‍റെ അനുദിന ജീവിതത്തില്‍ ജനങ്ങളോടു ചേര്‍ന്നു സഭ നടക്കാനും, പാപികളെ തേടിവന്ന ക്രിസ്തുവിന്‍റെ കാരുണ്യദര്‍ശനത്തോടെ അവരുടെ ചാരത്ത് ഉണ്ടയിരിക്കുവാനും, വേദനിക്കുന്നവരുടെ മുറിപ്പാടുകളെ സൗഖ്യപ്പെടുത്തുവാനും ശ്രമിക്കുന്ന സമീപനമാണിതെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി വ്യക്തമാക്കി. 








All the contents on this site are copyrighted ©.