2017-01-05 19:44:00

വീടുകള്‍ സമുദ്ധരിക്കും മുന്‍പേ തകര്‍ന്ന ഹൃദയങ്ങള്‍ സമുദ്ധരിക്കാം!


മദ്ധ്യഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശത്തെ ജനങ്ങളോടാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ജനുവരി 5-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലായിരുന്നു കൂടിക്കാഴ്ച. 2016-ലെ ആഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലെ മൂന്നു ദിവസങ്ങളിലുണ്ടായ ഭൂകമ്പത്തിന്‍റെ കെടുതികള്‍ അധികം അനുഭവിച്ച നോര്‍ചിയ - സ്പൊലേത്തോ പ്രദേശത്തെ ജനങ്ങളാണ് പാപ്പായെ കാണാനെത്തിയത്. കൂട്ടത്തിലുണ്ടായിരുന്ന ചിലരുടെ കദനകഥകള്‍ കേട്ടതിനുശേഷമാണ് പാപ്പാ അവരെ അഭിസംബോധനചെയ്തത്.

സഹോദരങ്ങളെ നഷ്ടപ്പെട്ട ജൂലിയയെയും മാതാപിക്കാളെയും ഞാന്‍ ഓര്‍ക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട് ഏകനായ റാഫേലും! ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടമായ യുവദമ്പതിമാരും ഓര്‍മ്മയില്‍ നിറഞ്ഞുനില്ക്കുന്നു! പാപ്പാ ആമുഖമായി പറഞ്ഞു.

എല്ലാം തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലും നഷ്ടധൈര്യരാവാതെ വീടുകളെക്കാളും വസ്തുക്കളെക്കാളും മുന്നേ നമ്മുടെ ഹൃദയങ്ങള്‍ സമുദ്ധരിച്ച് പ്രത്യാശയോടെ മുന്നേറാന്‍ പരിശ്രമിക്കണം. ഹൃദയത്തിലെ മുറിപ്പാടുകള്‍ സുഖപ്പെടുത്തി, പരസ്പരരമ്യതയിലും അനുരഞ്ജനത്തിലും സ്നേഹത്തിലും ഒന്നായാല്‍ ബാഹ്യമായ നിര്‍മ്മിതികള്‍ക്ക് ആവശ്യമായ കരബലം അതു നല്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നല്ലൊരു നാളയ്ക്കുള്ള ശുഭാപ്തി വിശ്വാസം നല്ലതാണ്. അതിനുംമുന്നേ നമുക്കാവശ്യം പ്രത്യാശയാണ്. കാരണം, പുനരുദ്ധരിക്കാനും നവമായി തുടങ്ങാനുമുള്ള പ്രത്യാശയും ആത്മവിശ്വാസവും ഹൃദയത്തില്‍ സംഭരിച്ചാല്‍ ഭാവി വളര്‍ത്തിയെടുക്കാനുള്ള ഊര്‍ജ്ജമാകും അത്. പാപ്പാ ആഹ്വാനംചെയ്തു.

മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും പിന്‍ബലം കരങ്ങള്‍ക്ക് നല്കിക്കൊണ്ടാണ് നാം പുനര്‍നിര്‍മ്മാണം നടത്തേണ്ടത്. ദൈവമാണ് സ്രഷ്ടാവ്. അവിടുത്തെ സ്നേഹത്തിന്‍റെയും പരിപാലനയുടെയും വലിയകരങ്ങള്‍ ഇനിയും നമ്മെ ആശ്ലേഷിക്കും, സൗഖ്യപ്പെടുത്തും, നയിക്കും. ഈ പ്രത്യാശയാണ് നമുക്ക് പ്രചോദനമാവേണ്ടത്! തകര്‍ന്നതും നഷ്ടപ്പെട്ടതും നമുക്ക് ഉപേക്ഷിക്കാം. പരസ്പരം ആശ്ലേഷിക്കാം. കൈകോര്‍ക്കാം.  ഹൃദയത്തില്‍ ഒന്നാകാം. അങ്ങനെ നവമായൊരു സമൂഹനിര്‍മ്മിതിക്കായി ഒത്തുചേരാം...! ധൈര്യവും ക്ഷമയും ആര്‍ജ്ജിക്കാം, സഹാനുഭാവവും സാഹോദര്യവും ഐക്യദാര്‍ഢ്യവും കൈമുതലാക്കാം. അങ്ങനെ പ്രത്യാശയോടെ ജീവിതയാത്രയില്‍ മുന്നേറാം...!

നാം ഒറ്റയ്ക്കല്ല, കൈകോര്‍ത്തു നീങ്ങാം. കെടുതിയെക്കുറിച്ച് കേട്ട ആഗസ്റ്റ് 24-ന്‍റെ പ്രഭാതംമുതല്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്...! ഇനിയും ഉണ്ടായിരിക്കും!  ആത്മീയസമീപ്യത്തിന്‍റെയും സാന്ത്വനത്തിന്‍റെയും ഉറച്ച വാക്കുകളോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.    

സ്ഥലത്തെ മെത്രാപ്പോലീത്തയുടെ നന്ദിപ്രകടനം:

പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനവാക്കുകള്‍ ക്രിസ്തുമസ്നാളിലെ പ്രത്യാശയുടെ വാക്കുകളാണെന്ന്, ഭൂകമ്പബാധിത പ്രദേശമായ സ്പൊലേത്തോ നോര്‍ചിയ അതിരൂപതയുടെ മെത്രാപ്പാലീത്ത, ആര്‍ച്ചുബിഷപ്പ് റെനാത്തൊ ബൊക്കാര്‍ഡി പ്രസ്താവിച്ചു. ആയിരത്തോളം പേരാണ് ബസ്സിലും മറ്റുയാത്രാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് പാപ്പായെ കാണാനും ശ്രവിക്കാനും വത്തിക്കാനില്‍ എത്തിയത്.  പ്രിയപ്പെട്ടവരെയും വീടും സ്വന്തമായതെല്ലാം നഷ്ടപ്പെട്ട് പരിത്യക്തരായവരുടെ മുറിപ്പെട്ട മനസ്സുകള്‍ക്ക് പാപ്പായുമായുള്ള കൂടിക്കാഴ്ച സമാശ്വാസവും മുന്നോട്ടുള്ള യാത്രയില്‍ പ്രത്യാശയുമാണെന്ന് ആര്‍ച്ചുബിഷപ്പ് ബൊക്കാര്‍ഡി വിശേഷിപ്പിച്ചു.

മദ്ധ്യഇറ്റലിയില്‍ ആഗസ്റ്റ് 24, 26... ഒക്ടോബര്‍ 30 തിയതികളിലാണ് ശക്തമായ ഭൂകമ്പമുണ്ടായത്. 








All the contents on this site are copyrighted ©.