2017-01-05 16:55:00

യുവജനങ്ങള്‍ക്കായുള്ള സാമൂഹികപ്രബോധന പഠനഗ്രന്ഥം - ഡുക്യാറ്റ് പഠനപരമ്പര - 1.


സഭാദ൪ശനം പരിപാടിയിൽ ഇന്ന്, യുവജനങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയ സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ അനുരൂപണ ഗ്രന്ഥമായ ഡുക്യാറ്റിന്‍റെ (DOCAT) പഠനം ആരംഭിക്കുന്നു. ഇതില്‍ ലെയോ പതിമൂന്നാമന്‍ പാപ്പായുടെ കാലം മുതലുള്ള സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ വിശദീകരണം കാണാം.  യൂക്യാറ്റ് (YOUCAT) ശൈലിയില്‍ ചോദ്യോത്തരങ്ങളായിട്ടാണ് ഇതിന്‍റെ പ്രബോധനരീതി. യുവജനങ്ങള്‍ക്ക് സഭാപ്രബോധനങ്ങളോട് താല്പര്യമുണ്ടാക്കുകയും മൂലകൃതികളിലേക്ക് അവരെ നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണിതിനുള്ളത്. നവസുവിശേഷവത്ക്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അനുമതിയോടെ, ഓസ്ട്രിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിദ്ധീ രിച്ച ഈ ഗ്രന്ഥത്തിന് അവതാരിക നല്‍കിയിരിക്കുന്നത് ഫ്രാന്‍സീസ് പാപ്പായാണ്

ആമുഖഭാഗം കൂടാതെ പന്ത്രണ്ട് അധ്യായങ്ങളിലാണ് ഈ ഗ്രന്ഥത്തിലെ പ്രബോധനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ കേന്ദ്രപദ്ധതി സ്നേഹമാണെന്നു പറഞ്ഞു തുടങ്ങുന്ന ഒന്നാമധ്യായം മുതല്‍, വ്യക്തിപരവും സാമൂഹികവുമായ പ്രതിബദ്ധത: സ്നേഹം പ്രവൃത്തിയില്‍ എന്ന അവസാന അധ്യായവുംവരെ സ്നേഹത്തിന്‍റെ ചട്ടക്കൂടിലാണ്, അഥവാ സ്നേഹമെന്ന സുവര്‍ണച്ച രടിലാണ് ക്രമീകരിച്ചിരിക്കുന്നത്.  അതെ സ്നേഹമാണ് സര്‍വോത്കൃഷ്ടം എന്ന പൗലോസ്ശ്ലീഹായുടെ വാക്കുകള്‍ ഈ ഗ്രന്ഥത്തിന്‍റെ ക്രമീകരണത്തില്‍പ്പോലും തെളിയിക്കപ്പെടുന്നു.

ചോദ്യോത്തരരീതിയാണ് ഈ ഗ്രന്ഥത്തിലുള്ളത് എന്നു പറഞ്ഞുവല്ലോ.  ഓരോ ചോദ്യത്തിനും ഉത്തരത്തോടൊപ്പം അതിനോടു ബന്ധപ്പെട്ട വിശുദ്ധ ഗ്രന്ഥം, പാപ്പാമാരുടെ പ്രബോധനങ്ങള്‍ എന്നിവയില്‍നിന്ന് പ്രസക്തഭാഗങ്ങള്‍ നല്കിയിരിക്കുന്നു.  കൂടാതെ ചോദ്യോത്തരം അടിസ്ഥാനമാക്കിയിരിക്കുന്ന സാമൂഹികപ്രബോധനം, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, യൂക്യാറ്റ് അല്ലെങ്കില്‍ യുവജനമതബോധനഗ്രന്ഥം എന്നിവയുടെ നമ്പറുകളും സൂചിപ്പിച്ചിട്ടുണ്ട്.

ഫ്രാന്‍സീസ് പാപ്പാ നിരന്തരം ഉദ്ബോധിപ്പിക്കുന്ന കാര്യമാണ്, ക്രൈസ്തവര്‍ ഉപരിയായ നീതി ഈ ലോകത്തില്‍ പുലരേണ്ടതിനായി സജീവമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്നത്.  ഇക്കാലഘട്ടത്തില്‍ ഒരു ക്രിസ്ത്യാനി വിപ്ലവകാരിയാകുന്നില്ലെങ്കില്‍ ആ വ്യക്തി ഒരു ക്രിസ്ത്യാനിയല്ല എന്നു പാപ്പാ പറയുന്നുണ്ട് (Docat, intro, p. 4).  ഇത്തരത്തില്‍ ഒരു വിപ്ലവകരമായ മാറ്റത്തിനു പ്രേരിപ്പിക്കുന്ന വിധത്തില്‍, ഒരു സ്നേഹവിപ്ലവത്തിനു ഒരുക്കുന്ന വിധത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള ഗ്രന്ഥത്തിന് ഫ്രാന്‍സീസ് പാപ്പാ നല്കിയിരിക്കുന്ന അവതാരികതന്നെ, പാപ്പായുടെ പതിവുപ്രബോധനങ്ങളിലെ ഊഷ്മളതയും ഉയിരും പ്രകടമാണ്.  എന്തിന് അല്ലെങ്കില്‍ എങ്ങനെ ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നു എന്നതിനു മറ്റു വിശദീകരണങ്ങള്‍ ആവശ്യവുമില്ല.  നമുക്ക് പാപ്പായുടെ ഈ ഗ്രന്ഥാവതരണത്തിലേക്കു കടക്കാം.

പന്ത്രണ്ടു ഖണ്ഡികകളിലാണ് പാപ്പാ നല്കിയിരിക്കുന്ന അവതാരിക.  പ്രിയ യുവജനങ്ങളെ എന്ന അഭിസംബോധനയോടെയാണ് പാപ്പായുടെ ആമുഖലേഖനം തുടങ്ങിയിരിക്കുന്നത്.

ആദ്യഖണ്ഡികയില്‍ ഈ ഗ്രന്ഥം യുവജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നു.  തുടര്‍ന്ന് ഗ്രന്ഥശീര്‍ഷകം വിശദീകരിക്കുന്നു. അതിനുശേഷം അതിനോടുബന്ധപ്പെടുത്തി ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതിനു പിന്നിലെ യുക്തി, വി. ഗ്രന്ഥത്തില്‍നിന്നും വിശുദ്ധരുടെ ജീവിതത്തില്‍നിന്നും നിരത്തുന്നു.

വീണ്ടും യുവജനങ്ങളെ സംബോധന ചെയ്തുകൊണ്ട്, തിന്മനിറഞ്ഞ ലോകത്തില്‍ എങ്ങനെ പരിവ ര്‍ത്തനം വരുത്തണമെന്നു വിശദീകരിക്കുന്നു.  സാമൂഹികപ്രബോധനം എപ്പോഴും നന്മയുടെ പങ്കാളി ത്തത്തെ ക്ഷണിക്കുന്നുവെന്നും പങ്കാളിത്തപ്രവര്‍ത്തനം അവശ്യമാണെന്നും ഉറപ്പിച്ചുദ്ബോധപ്പിക്കുന്ന പാപ്പാ, സഭയുടെ സാമൂഹികപ്രബോധനചരിത്രത്തെയും ഉള്ളടക്കത്തെയും കുറിച്ച് സൂചിപ്പിക്കുന്നു.  ഇക്കാലഘട്ടത്തിലെ സാമ്പത്തികശാസ്ത്രം സമ്പത്തിന്‍റെ വിതരണത്തിന്‍റെ നീതിയില്ലായ്മയെ പരിഗണി ക്കാത്തതുമൂലമുണ്ടായിട്ടുള്ള ദുരവസ്ഥ ഇവിടെയും പാപ്പാ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് സാമൂ ഹികക്ഷേമത്തിനുവേണ്ടി കര്‍മനിരതരാകുവാനുള്ള ആഹ്വാനം നല്കിക്കൊണ്ട് ഈ മഹത്തായ ഗ്രന്ഥത്തെ യുവജനങ്ങള്‍ക്കായി പാപ്പാ സമര്‍പ്പിക്കുന്നു. പാപ്പായുടെ വാക്കുകള്‍ വ്യാഖ്യാനം ആവശ്യ മില്ലാത്തവിധം ലളിതവും ഋജുവുമാണ് എന്നു നമുക്കറിയാം. അതിനാല്‍ അതിന്‍റെ പരിഭാഷ നല്കുന്നതുതന്നെയാണുചിതം എന്നു ഞാന്‍ വിചാരിക്കുന്നു. ഈ അവതാരികയുടെ ആദ്യഭാഗം ഇപ്പോള്‍ ശ്രവിക്കാം.

പ്രിയ യുവജനങ്ങളെ,

എന്‍റെ മുന്‍ഗാമി, ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, യുക്യാറ്റ്, യുവജനമതബോധനഗ്രന്ഥം നിങ്ങളുടെ കൈകളിലേല്‍പ്പിച്ചു.  ഇന്ന്, മറ്റൊരു ഗ്രന്ഥം, സഭയുടെ സാമൂഹികപ്രബോധനങ്ങളടങ്ങുന്ന ഡുക്യാറ്റ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതിനു ഞാന്‍ ആഗ്രഹിക്കുന്നു. 

ശീര്‍ഷകത്തിന്‍റെ ഭാഗമായിരിക്കുന്ന ഇംഗ്ലീഷ് ക്രിയാപദം to do എന്നതാണ്. അതായത്, ഡുക്യാറ്റ് എന്താണ് നാം ചെയ്യേണ്ടത് എന്ന ചോദ്യത്തിനുത്തരം നല്കുന്നു, എന്നുപറഞ്ഞാല്‍, സുവിശേഷത്തിലൂടെ എങ്ങനെ ആദ്യം നമ്മെത്തന്നെ പരിവര്‍ത്തിതരാക്കാം; തുടര്‍ന്ന് നമ്മോടടുത്ത പരിസരങ്ങളെ, അവസാനം ഈ ലോകത്തെ മുഴുവനെയും.  ഇതിനായി നമ്മെ സഹായിക്കുന്ന ഒരു കൈപ്പുസ്തകം പോലെയാണീ ഗ്രന്ഥം. സുവിശേഷത്തിന്‍റെ ശക്തിയാല്‍  സത്യമായും ഈ ലോകത്തെ മാറ്റുന്നതിനു നമുക്ക് കഴിയും.

യേശു പറയുന്നു, ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്തതെല്ലാം നിങ്ങള്‍ എനിക്കുതന്നെയാണ് ചെയ്തത്. അനേകം വിശുദ്ധര്‍ ഈ വിശുദ്ധഗ്രന്ഥഭാഗത്താല്‍ ചലിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ വാക്കുകളാല്‍ വി. ഫ്രാന്‍സീസ് അസ്സീസ്സി തന്‍റെ ജീവിതത്തിനു മുഴുവന്‍ മാറ്റം വരുത്തി.  മദര്‍തെരേസ മാനസാന്തരപ്പെട്ടത് ഈ വാക്കുകളാലാണ്.  ചാള്‍സ് ദ് ഫുക്കോ ഇപ്രകാരം അംഗീകരിച്ചു പറയുന്നു, 'സുവിശേഷം മുഴുവന്‍ നോക്കിയാല്‍, എന്നെ ‌ഇത്രമേല്‍ അഗാധമായി സ്വാധീനിച്ചതും എന്‍റെ ജീവിതത്തെ പരിവര്‍ത്തിതമാക്കിയതുമായ മറ്റൊരു വാക്യം ഇല്ല. എന്‍റെ ഈ ഏറ്റവും എളിയ സഹോദരരില്‍ ഒരുവനുവേണ്ടി നിങ്ങള്‍ ചെയ്തതെന്തുതന്നെയായാലും അതെനിക്കു വേണ്ടിയാണ് ചെയ്തത്. യേശുവിന്‍റെ അധരത്തില്‍നിന്നുള്ള ഈ വാക്കുകള്‍ നിത്യവചനമായി ധ്യാനിക്കുമ്പോഴൊക്കെ, ഇത് എന്‍റെ ശരീരമാണ്...ഇതെന്‍റെ രക്തമാണ് എന്നു മൊഴിഞ്ഞ അതേ അധരം തന്നെയാണ് എന്നു ഞാന റിയുന്നു.  അപ്പോള്‍, ഈ ചെറിയവരില്‍, ഏറ്റവും എളിയവരില്‍ യേശുവിനെ അന്വേഷിക്കാനും സ്നേഹിക്കാനുമാണ് ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഞാന്‍ കാണുന്നു'.

പ്രിയ യുവസുഹൃത്തുക്കളെ,

ഹൃദയപരിവര്‍ത്തനംകൊണ്ടു മാത്രമേ, ഭീകരതയും അക്രമവും നിറഞ്ഞ ഈ ലോകത്തെ കൂടുതല്‍ മാനുഷികമാക്കാന്‍ കഴിയൂ.  അതര്‍ഥമാക്കുന്നത്, ക്ഷമ, നീതി, വിവേകം, സംവാദം, സമഗ്രത, ദുരന്തത്തിനിരകളായവരോട്, ആവശ്യത്തിലിരിക്കുന്നവരോട്, ഏറ്റവും ദരിദ്രരായവരോട് ഉള്ള ഐക്യദാ ര്‍ഢ്യം, അതിരില്ലാത്ത സമര്‍പ്പണം, അപരനുവേണ്ടി മരണംവരെയുള്ള സ്നേഹം എന്നിവ യൊക്കെയാണ്.  ഇതു നിങ്ങള്‍ ആഴമായി മനസ്സിലാക്കുമ്പോള്‍, പ്രതിബദ്ധതയുള്ള ക്രൈസ്തവരെന്ന നിലയില്‍ നിങ്ങള്‍ക്കു ലോകത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിനു കഴിയും.  ഇപ്പോള്‍ നീങ്ങുന്ന വഴിയിലൂടെ തുടര്‍ന്നു നീങ്ങാന്‍ ഇനിയും ലോകത്തിനാവില്ല. ഈ ദിനങ്ങളില്‍, പാവങ്ങളില്‍ പാവങ്ങളായവരുടെ ആവശ്യങ്ങളില്‍നിന്ന് അകലേയ്ക്കാണു ഒരാള്‍ നോക്കുന്നതെങ്കില്‍, യഥാര്‍ഥത്തില്‍ ആ വ്യക്തി ക്രിസ്ത്യാനിയേ അല്ല.

സ്നേഹത്തിന്‍റെയും നീതിയുടെയും ഈ വിപ്ലവം തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഗ്രഹത്തിന്‍റെ വിവിധഭാഗങ്ങളില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമോ.  സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ക്ക് അനേ കരെ സഹായിക്കാന്‍ കഴിയും. കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷേണ്‍ബോണിന്‍റെയും കര്‍ദിനാള്‍ റെയ്നാര്‍ഡ് മാര്‍ക്സിന്‍റെയും അനുഭവസമ്പത്തിനു കീഴില്‍ ഒരു ടീം കത്തോലിക്കാസഭയുടെ സാമൂഹികപ്രബോ ധനങ്ങളുടെ വിമോചനസന്ദേശം  ലോകയുവതയുടെ ശ്രദ്ധയ്ക്കു പാത്രീഭവിപ്പിക്കുന്നതിനു നന്നായി യത്നിച്ചു.  പ്രശസ്ത പണ്ഡിതരുടെയും യുവജനങ്ങളുടെയും സഹകരണം ഈ പദ്ധതിയില്‍ ഉണ്ടാ യി.  ഈ ഗ്രന്ഥത്തില്‍ ചേര്‍ക്കുന്നതിനുവേണ്ടി, ലോകമെമ്പാടുനിന്നും യുവജനങ്ങള്‍ മികച്ച ഫോട്ടോ കള്‍ അയച്ചുതന്നു.  മറ്റനേകം യുവജനങ്ങള്‍ ഈ ഗ്രന്ഥം ചര്‍ച്ചചെയ്തു, അവരുടെ ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും ഈ ഗ്രന്ഥത്തെ മനസ്സിലാക്കുന്നതിനെളുപ്പമുള്ളതാക്കിത്തീര്‍ത്തു.  സാമൂഹികപ്രബോധനം പങ്കാളിത്തത്തെ ക്ഷണിക്കുന്നു. ഇതിനുവേണ്ടി പ്രയത്നിച്ച ടീം തന്നെ ഈ തത്വം തുടക്കം മുതലേ പ്രാവര്‍ത്തികമാക്കി.  അങ്ങനെ ഡുക്യാറ്റ് എന്ന ഗ്രന്ഥംതന്നെ ക്രൈസ്തവപ്രവര്‍ത്തനത്തിന് ഒരു മഹത്തായ ആമുഖമായിരിക്കുന്നു.

കത്തോലിക്കാസഭയുടെ സാമൂഹികപ്രബോധനങ്ങള്‍ എന്നു ഇന്നു നാം വിളിക്കുന്നവ പത്തൊമ്പതാം നൂറ്റാണ്ടുമുതലുമുതലു ള്ളവയാണ്.  വ്യാവസായികവിപ്ലവത്തോടെ, മുതലാളിത്തത്തിന്‍റെ നിഷ്ഠൂരരൂപം ഉയര്‍ന്നുവന്നു. മനുജരെ നശിപ്പിക്കുന്ന ഒരു പ്രത്യേകതരം സമ്പദ് വ്യവസ്ഥ.  മനസ്സാക്ഷിക്കുത്തില്ലാത്ത വ്യവസായികള്‍ ഗാമീണരെ ദരിദ്രരാക്കി ഖനികളിലും മാലിന്യംനിറഞ്ഞ ഫാക്ടറികളിലും വേതനമില്ലാതെ ജോലിചെയ്യിക്കാവുന്ന അവസ്ഥയിലെത്തിച്ചു.  പകല്‍വെളിച്ചംപോലും നിഷേധിക്കപ്പെട്ട കുട്ടികള്‍, ഭൂമിക്കടിയില്‍ കല്‍ഖരിവണ്ടികള്‍ ഉന്തി. ഇവിടെയും സമര്‍പ്പണബുദ്ധിയോടെ ക്രൈസ്തവര്‍ ആവശ്യത്തിലിരിക്കുന്നവരെ സഹായിച്ചിരുന്നു. എന്നാല്‍ ഇതു മതിയാകുമായിരുന്നില്ലയെന്ന കാര്യവും ശ്രദ്ധിക്കപ്പെട്ടു.  അതുകൊണ്ട് അവര്‍ ആശയങ്ങള്‍ വികസിപ്പിക്കുകയും സാമൂഹികവും രാഷ്ട്രീയവുമായ അനീതിക്കെതിരായി പോരാടുകയും ചെയ്തു.  വാസ്തവത്തില്‍ കത്തോലിക്കാസഭയുടെ സാമൂഹികപ്രബോധനത്തിനടിസ്ഥാനമായ പ്രഘോഷണം 1891-ലെ റേരും നൊവാരും, 'മൂലധനത്തെയും തൊഴിലിനെയുംകുറിച്ച്' എന്ന പതിമൂന്നാം ലെയോ മാര്‍പ്പാപ്പയുടെ ചാക്രികലേഖനമാണ്.  അവിടെ പാപ്പാ തെറ്റില്ലാതെ വ്യക്തമായി എഴുതി:  ആര്‍ക്കായാലും ന്യായമായ കൂലി നിഷേധിക്കുകയെന്നത് സ്വര്‍ഗത്തോടു പ്രതികാരത്തിനായി കേഴുന്ന ഒരു പാതകമാണ്. (റേരും നൊവാരും, 17). സഭ, അവളുടെ പൂര്‍ണാധികാരത്തോടെ, തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുകയാണ്.

(തുടര്‍ന്നുള്ള ഭാഗം അടുത്തയാഴ്ച)








All the contents on this site are copyrighted ©.