2017-01-05 08:54:00

കുടിയേറ്റമേഖലയിലെ ക്രിസ്തുദര്‍ശനവും സഭയിലെ നവമായ നീക്കങ്ങളും


“പരദേശിയായ എന്നെ നിങ്ങള്‍ സ്വീകരിച്ചു,” (മത്തായി 25, 35).  ക്രിസ്തു പഠിപ്പിച്ച ഈ നവമാനവികതയാണ് കുടിയേറ്റക്കാരോടുള്ള ക്രിയാത്മകമായ സമീപനത്തില്‍ പ്രകടമാക്കേണ്ടതെന്ന് ഇറ്റലിയിലെ പെറൂജിയയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ഗ്വാല്‍ത്തിയേരോ ബസേത്തിയാണ് വത്തിക്കാന്‍ റേഡിയോയുമായി പങ്കുവച്ചത്. ജനുവരി 3-Ɔ൦ തിയതി ചൊവ്വാഴ്ചയാണ് അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്കു അഭിമുഖം നല്കിയത്.

കുടിയേറ്റം ഇന്ന് ആഗോളപ്രതിഭാസമാണെങ്കിലും അന്യരോട്, വിശിഷ്യാ ഓരോ നാട്ടിലേയ്ക്കും കടന്നുവരുന്ന കുടിയേറ്റക്കാരോട് വളര്‍ന്നുവരുന്ന വിദ്വേഷവും (xenophobia), അതു വളര്‍ത്തുന്ന ഭിന്നിപ്പിന്‍റെയും വിഭജനത്തിന്‍റെയും ഭിത്തികളും അടിസ്ഥാന വിശ്വമാനവികതയ്ക്കു വിരുദ്ധമാണ്. കാര്‍ദ്ദിനാള്‍ ബസേത്തി അഭിപ്രായപ്പെട്ടു.

ജനുവരി 1-മുതല്‍ പ്രവര്‍ത്തനമാരംഭിച്ചതും, കൂടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ശുശ്രൂഷയ്ക്കായി പാപ്പാ ഫ്രാന്‍സിസ് പുനഃരാവിഷ്ക്കരിക്കുന്നതുമായ മാനവികതയുടെ സമഗ്രപുരോഗിക്കായുള്ള ഡിക്കാസ്ട്രി അല്ലെങ്കില്‍ വകുപ്പ് (Dycastery for the Integral Development of Humanity) ക്രൈസ്തവമാനവിക വീക്ഷണത്തിന്‍റെ സമഗ്രവും നവവുമായ സമീപനമാണ്.

ജീവിതത്തിന്‍റെ എല്ലാമേഖലകളിലും ചുറ്റുപാടുകളിലും മനുഷ്യാന്തസ്സും മനുഷ്യന്‍റെ അസ്തിത്വവും മാനിക്കപ്പെടണമെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ അന്ത്യത്തില്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ ലോകത്തോട് ഉദ്ബോധിപ്പിക്കുന്നുണ്ട്. സമൂഹിക ചുറ്റുപാടുകളില്‍ ദൗര്‍ഭാഗ്യം അനുഭവിക്കുന്ന പാവങ്ങളോടും, പ്രത്യേകിച്ച് അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായ ജനങ്ങളോട് സഭ സവിശേഷമായ പരിഗണന പ്രകടമാക്കണമെന്ന വീക്ഷണം രണ്ടാം വത്തിക്കാന്‍ സൂനഹദോസിലും തെളിഞ്ഞുവന്നിട്ടുള്ളതാണ്. 1970-ല്‍ പോള്‍ ആറാമന്‍ പാപ്പാ പുറപ്പെടുവിച്ച് സ്വാധികാര പ്രബോധനം (Apostolicae Caritatis) ‘സഞ്ചാരികളായ ജനസഞ്ചയ’ത്തെക്കുറിച്ച് പരാമര്‍ശിക്കുകയും അവരുടെ അജപാലന ശുശ്രൂഷയ്ക്കായി ഒരു കമ്മിറ്റി  സ്ഥാപിക്കുകയും ചെയ്തു (Pontifical Committee for the People on the move). പിന്നീട് കുടിയേറ്റക്കാരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലായി രൂപപ്പെട്ടത് (Pontifical Council for migrants & Itinerants) ഈ കമ്മിറ്റിയാണ്. 

2017-Ɔമാണ്ടില്‍ പാപ്പാ ഫ്രാന്‍സിസ് ക്രിമീകരിച്ച മാനവികതയുടെ സമഗ്ര വികസനത്തിനായുള്ള വകുപ്പ് കാലികമായ നവീകരണവും, നീതിയിലും സമാധാനത്തിലും ഉപവിയിലും ശുശ്രൂഷയിലും അധിഷ്ഠിതമായ സഭയുടെ നവമായ വീക്ഷണത്തിന്‍റെ കൃത്യമായ ചുവടുവയ്പാണെന്നും കര്‍ദ്ദിനാള്‍ ബസേത്തി വിശേഷിപ്പിച്ചു.  നീതിക്കും സമാധാനാത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കൗണ്‍സില്‍, ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള കൗണ്‍സില്‍, കുടിയേറ്റക്കാരുടെയും യാത്രികരുടെയും ശുശ്രൂഷയ്ക്കുള്ള കൗണ്‍സില്‍ എന്നീ നാലു വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പുതിയ വകുപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സനാണ് മാനവികതയുടെ സമഗ്രവികസനത്തിനായുള്ള ഈ വകുപ്പിന്‍റെ Dycastery for the Integral Development of Humanity എന്ന പുതിയ വകുപ്പിന്‍റെ മേധാവി അല്ലെങ്കില്‍ പ്രീഫെക്ട്. ലോകം ഇന്നു നേരിടുന്ന കുടിയേറ്റത്തിന്‍റെയും വിപ്രവാസത്തിന്‍റെയും മേഖലയിലേയ്ക്ക് ഈ നാലു വിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങളും കഴിവും ശേഷിയും ഏകോപിപ്പിച്ച് തിരിച്ചുവിടാനുള്ള ശ്രമമാണിത്.

യൂറോപ്പിലേയ്ക്കുള്ള ‘കുടിയേറ്റത്തിന്‍റെ മരണക്കെണി’കളായി ലോകമിന്ന് നിരീക്ഷിച്ചിട്ടുള്ള ഗ്രീസിലെ ലെസ്ബോസ് ദ്വീപും, ഇറ്റലിയിലെ ലാമ്പദൂസ ദ്വീപും സന്ദര്‍ശിച്ചിട്ടുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആര്‍ദ്രമായ അജപാലന സ്നേഹവും ഈ നവീകരണ പദ്ധതിയില്‍ പ്രകടമാകുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ബസേത്തി അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.