2017-01-04 12:48:00

വേദനയില്‍ ജീവിക്കപ്പെട്ട പ്രത്യാശ


ഫ്രാന്‍സീസ് പാപ്പായുടെ 2017 ലെ പ്രഥമ പ്രതിവാരപൊതുകൂടിക്കാഴ്ച ഈ ബുധനാഴ്ച (04/01/16) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, അരങ്ങേറി. ഈ ദിനങ്ങളില്‍ റോമില്‍ സാമാന്യം നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ ഈ പൊതുദര്‍ശന പരിപാടിയില്‍  പങ്കെടുക്കുന്നതിനെത്തിയിരുന്നു. പാപ്പാ അതിവിശാലമായ പോള്‍ ആറാമന്‍ ശാലയില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ കൈയ്യടിച്ചും ആരവങ്ങളുയര്‍ത്തിയും സന്തോഷം പ്രകടിപ്പിച്ചു.

പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും പിഞ്ചുകുഞ്ഞുങ്ങളെ  തലോടുകയും  ആശീര്‍വ്വദിക്കുകയും അവര്‍ക്ക് സ്നേഹചുംബനങ്ങളേകുകയും ചെയ്തുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. ചിലര്‍ പാപ്പായ്ക്ക് ചെറുസമ്മാനങ്ങളേകാനും തങ്ങള്‍ കൊണ്ടുവന്ന സാധാനങ്ങള്‍ പാപ്പായെക്കൊണ്ടാശീര്‍വദിപ്പിക്കാനും ശ്രമിക്കുന്നതും കാണാമായിരുന്നു. ഒരു ഗര്‍ഭിണിയുമായി അല്പസമയം കുശലം പറഞ്ഞ മാര്‍പ്പാപ്പാ ഗര്‍ഭസ്ഥശിശുവിനെ അനുഗ്രഹിച്ചു. തദ്ദനന്തരം പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

“15 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ റാമായില്‍ നിന്ന് ഒരു സ്വരം! വിലാപത്തിന്‍റെയും ഹൃദയം തകര്‍ന്ന രോദനത്തിന്‍റെയും സ്വരം! റാഹേല്‍ തന്‍റെ  മക്കളെച്ചൊല്ലി വിലപിക്കുന്നു. അവളുടെ മക്കളില്‍ ആരും അവശേഷിക്കാത്തതിനാല്‍ അവള്‍ക്ക് ആശ്വാസംകൊള്ളാന്‍ കഴിയുന്നില്ല.16 കര്‍ത്താവ് അരുളിച്ചെയുന്നു: കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്‍റെ യാതനകള്‍ക്ക് പ്രതിഫലം ലഭിക്കും; ശത്രുക്കളുടെ ദേശത്തുനിന്ന് അവര്‍ തിരികെ വരും-കര്‍ത്താവ് അരുളിചെയ്യുന്നു. നിന്‍റെ ഭാവി പ്രത്യാശാഭരിതമാണ്. 17 നിന്‍റെ മക്കള്‍ സ്വദേശത്തേക്കു തിരിച്ചുവരും- കര്‍ത്താവ് അരുളിച്ചെയ്യുന്നു”.  ജെറമിയ പ്രവാചകന്‍റെ പുസ്തകം, അദ്ധ്യായം 31, 15 മുതല്‍ 17 വരെ വാക്യങ്ങള്‍

ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ സന്ദേശം നല്കി. ക്രിസ്തീയ പ്രത്യാശയെക്കുറിച്ചു പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്ന പാപ്പാ, ഈ പഴയനിയമവചനങ്ങളുടെ വെളിച്ചത്തില്‍ പ്രത്യാശയെ അവതരിപ്പിച്ചു. 

പ്രസ്തുത പ്രഭാഷണത്തിന്‍റെ സംഗ്രഹം:

ഇന്നത്തെ പ്രബോധനത്തില്‍ ഞാന്‍ ധ്യാനപാത്രമാക്കാന്‍ അഭിലിഷിക്കുന്നത് വിലാപത്തില്‍ ജീവിക്കപ്പെട്ട പ്രത്യാശയെക്കറിച്ച് നമ്മോടു പറയുന്ന ഒരു സ്ത്രീയെ ആണ്. യാക്കോബിന്‍റെ പത്നിയും യൗസേപ്പിന്‍റെയും ബെഞ്ചമിന്‍റെയും അമ്മയും, ഉല്പത്തിപ്പുസ്തകം വിവവരിക്കുന്നതു പോലെ, രണ്ടാമത്തെ പുത്രനെ, അതായത്, ബെഞ്ചമിനെ, പ്രസവിക്കവെ മരണമടഞ്ഞവളുമായ റാഹേല്‍ ആണ് ഈ മഹിള. പ്രവാസത്തിലായ ഇസ്രായേല്‍ ജനത്തെ ആശ്വസിപ്പിക്കുന്നതിനുവേണ്ടി, ജെറമിയ പ്രവാചകന്‍, റാഹേലിനെക്കുറിച്ച് വികാരനിര്‍ഭരവും കാവ്യാത്മകവുമായ വാക്കുകളിലൂടെ സൂചിപ്പിക്കുന്നു, അതായത്, റാഹേലിന്‍റെ വാക്കുകള്‍ എടുക്കുകയും ഒപ്പം പ്രത്യാശ പകരുകയും ചെയ്യുന്നു. “കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ റാമായില്‍ നിന്ന് ഒരു സ്വരം! വിലാപത്തിന്‍റെയും ഹൃദയം തകര്‍ന്ന രോദനത്തിന്‍റെയും സ്വരം! റാഹേല്‍ തന്‍റെ   മക്കളെച്ചൊല്ലി വിലപിക്കുന്നു. അവളുടെ മക്കളില്‍ ആരും അവശേഷിക്കാത്തതിനാല്‍ അവള്‍ക്ക് ആശ്വാസംകൊള്ളാന്‍ കഴിയുന്നില്ല.” (ജെറമിയ 31,15)  റാഹേല്‍ പ്രസവ വേളയില്‍ മരണമടഞ്ഞുവെന്നാണ് ഉല്പത്തിപ്പുസ്തകം പറയുന്നത്. പുത്രന്‍ ജീവിച്ചിരിക്കേണ്ടതിനായി മരണം ഏറ്റെടുക്കുകയായിരുന്നു അവള്‍. എന്നാലിപ്പോള്‍  പ്രവാസികള്‍ ഒത്തുകൂടിയിരുന്ന റാമായില്‍ ജീവിച്ചിരിക്കുന്നവളായിട്ടാണ്, ഒരര്‍ത്ഥത്തില്‍ പ്രവാസത്തിലായിരിക്കവെ മരണമടഞ്ഞ മക്കളെയോര്‍ത്ത് വിലപിക്കുന്നവളായിട്ടാണ് പ്രവാചകന്‍ റാഹേലിനെ അവതരിപ്പിക്കുന്നത്. അവള്‍ തന്നെ പറയുന്നതു പോലെ ആ മക്കള്‍ ഇനിയില്ല, അവര്‍ എന്നന്നേക്കുമായി തിരോധാനംചെയ്യപ്പെട്ടിരിക്കുന്നു.

ഇക്കാരണത്താല്‍ ആശ്വസിപ്പിക്കപ്പെടാന്‍ റാഹേല്‍ ആഗ്രഹിക്കുന്നില്ല. ഈ തിരസ്ക്കരണം കാണിക്കുന്നത് അവളുടെ ആഴമേറിയ വേദനയെയാണ്, അവളുടെ വിലാപത്തിന്‍റെ തിക്തതയെയാണ്. മക്കളെ നഷ്ടപ്പെടുന്ന ദുരന്തത്തിനുമുന്നില്‍ ഒരമ്മയ്ക്ക് സാന്ത്വന വചസ്സുകളോ സാന്ത്വന പ്രവര്‍ത്തികളോ സ്വീകാര്യമാകില്ല, ശമിപ്പിക്കാനാകാത്ത വേദനയുള്ള ഒരു മുറിവിന്‍റെ, ആ വേദന ഒരിക്കലും ഇല്ലാതാക്കാന്‍ പര്യാപ്തങ്ങളല്ല അവ എന്നും. ആ വേദന സ്നേഹത്തിന് ആനുപാതികമാണ്.

ഇത് സകല അമ്മമാര്‍ക്കും അറിയാം. ഇന്നും സന്താനനഷ്ടം സഹിക്കാന്‍ കഴിയാത്ത അനേകം അമ്മമാര്‍ കരയുന്നു, ഉള്‍ക്കൊള്ളാനാകാത്ത ഒരു മരണത്തിനുമുന്നില്‍ സമാശ്വസിപ്പിക്കപ്പെടാനാകാത്ത അമ്മമാര്‍. ലോകമാസകലമുള്ള എക്കാലത്തെയും അമ്മമാരുടെ വേദനയും അപരിഹാര്യനഷ്ടത്താല്‍ കരയുന്ന എല്ലാ മനുഷ്യവ്യക്തികളുടെയും അശ്രുകണങ്ങളും റാഹേല്‍ തന്നില്‍ സംഗ്രഹിക്കുന്നു.

അപരന്‍റെ വേദനയ്ക്കുമുന്നില്‍ എത്രമാത്രം സൂക്ഷമത നാം പുലര്‍ത്തണം എന്നു നമ്മെ പഠിപ്പിക്കുന്നതാണ് സാന്ത്വനിപ്പിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത റാഹേലിന്‍റെ നിരാകരണം. ആശയറ്റവനോട് പ്രത്യാശയെക്കുറിച്ചു പറയണമെങ്കില്‍ അവന്‍റെ ആ അവസ്ഥയില്‍ പങ്കുചേരണം. വേദനിക്കുന്നവന്‍റെ കണ്ണീര്‍ തുടയ്ക്കണമെങ്കില്‍ അവന്‍റെ  വേദനയോടു ചേര്‍ക്കപ്പെടണം നമ്മുടെ വിലാപം. അപ്രകാരം മാത്രമെ നമ്മുടെ വാക്കുകള്‍ വാസ്തവത്തില്‍ അല്പമെങ്കിലും പ്രത്യാശപകരാന്‍ കഴിവുറ്റവയാകൂ. അങ്ങനെ വാക്കുകള്‍ വേദനയോടെ, വിലാപത്തോടെ പറയാന്‍ കഴിയില്ലെങ്കില്‍ നല്ലത് മൗനമാണ്. തലോടല്‍, ആ പ്രവൃത്തി മതി, വാക്കുകളൊന്നും വേണ്ട.

ദൈവം വളരെ സൂക്ഷ്മതയോടും, സ്നേഹത്തോടും കൂടെ റാഹേലിന്‍റെ വിലാപത്തോടു പ്രത്യുത്തരിക്കുന്നു. അവള്‍ക്ക് യഥാര്‍ത്ഥ ആശ്വാസത്തിന് കാരണമായ വാഗ്ദാനം നല്കിയാണ് കര്‍ത്താവ് പ്രത്യുത്തരിക്കുന്നത്. പ്രവാസം അവസാനിപ്പിച്ച് മടങ്ങാനും സ്വതന്ത്രമായി വിശ്വാസത്തോടെ, ദൈവവുമായുള്ള ബന്ധത്തില്‍ ജീവിക്കാനും ജനത്തിനു സാധിക്കും. കണ്ണുനീര്‍ പ്രത്യാശയ്ക്ക് ജന്മമേകിയിരിക്കുന്നു. ഇത് മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ല. പലപ്പോഴും നമ്മുടെ ജീവിതത്തില്‍ അശ്രുകണങ്ങള്‍ പ്രത്യാശ വിതയ്ക്കുന്നു. അവ പ്രത്യാശയുടെ വിത്തുകളാണ്.

ജറമിയായുടെ വാക്കുകള്‍ സുവിശേഷകന്‍ മത്തായി നിരപരാധികളായ കുഞ്ഞുങ്ങള്‍ വധിക്കപ്പെടുന്ന സംഭവത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. പ്രതിരോധിക്കാന്‍ കഴിയാത്ത മനുഷ്യജീവികള്‍ കൊലചെയ്യപ്പെടുന്നതും, ജീവനെ നിന്ദിക്കുകയും ഇല്ലായ്മ ചെയ്യുന്നതുമായ അധികാരത്തിന്‍റെ ഭീകരവുമായ ദുരന്തത്തിനു മുന്നില്‍ നമ്മെ നിറുത്തുന്ന ഒരു സംഭവഭാഗമാണത്. ബത്ലഹേമിലെ കുഞ്ഞുങ്ങള്‍ യേശുവിനെ പ്രതി വധിക്കപ്പെട്ടു.

ദൈവപുത്രന്‍ മനുഷ്യരുടെ വേദനകളില്‍ പ്രവേശിച്ചു. ഇതു നിങ്ങള്‍ മറക്കരുത്. ചിലര്‍ എന്നോടു ബുദ്ധിമുട്ടു നിറഞ്ഞ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍, ഉദാഹരണമായി, എന്തുകൊണ്ട് കുഞ്ഞുങ്ങള്‍ വേദനിക്കുന്നു എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല എന്തു മറുപടി നല്കണമെന്ന്. എനിക്കു പറയാന്‍ കഴയുന്നത് ഇതു മാത്രം – “കുരിശിലേക്കു നോക്കൂ: ദൈവം നമുക്കായി സ്വപുത്രനെ നല്കിയിരിക്കുന്നു. അവിടന്ന് സഹിച്ചു. ഒരുപക്ഷേ, അതില്‍ നിനക്ക് ഉത്തരം കണ്ടെത്താനാകും. ഈ ലോകത്തിന്‍റെതായ ഒരുത്തരം ഇല്ല. നമുക്കായി ജീവന്‍ ബലികഴിച്ച ആ ദൈവ പുത്രനെ നമുക്കേകുന്ന ദൈവത്തിന്‍റെ സ്നേഹത്തിലേക്കു നോക്കിയാല്‍ ആ സ്നേഹത്തിന് സാന്ത്വനത്തിന്‍റെ  ചില വഴികള്‍ ചൂണ്ടിക്കാട്ടാനാകും.

കുരിശില്‍, മരണംവരിച്ചുകൊ​ണ്ടിരിക്കുന്ന പുത്രന്‍ സ്വന്തം അമ്മയ്ക്ക് നൂതനമായൊരു ഫലദായകത്വം പ്രദാനം ചെയ്യുന്നു. ശിഷ്യനായ യോഹന്നാനെ അവള്‍ക്ക്    ഭരമേല്പിക്കുകയും അങ്ങനെ അവളെ വിശ്വാസികളുടെ അമ്മയാക്കുകയും ചെയ്യുന്നു. മരണം തോല്പിക്കപ്പെടുന്നു. അങ്ങനെ ജെറമിയയുടെ പ്രവചനം പൂര്‍ത്തിയാകുന്നു. റാഹേലിന്‍റെ എന്നപോലെതന്നെ മറിയത്തിന്‍റെയും കണ്ണുനീര്‍ പ്രത്യാശയും നവജീവനും ഉളവാക്കി. നന്ദി.  

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ പുതുവത്സരത്തിലെ ഓരോദിനവും ദൈവത്തിന്‍റെ ദാനമായി കരുതി നന്ദിയോടും സത്യസന്ധതയോടും ജീവിക്കാന്‍ അവരെ ക്ഷണിക്കുകയും   പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്തു.








All the contents on this site are copyrighted ©.