2017-01-04 17:31:00

ബ്രസീല്‍ ജയിലിലെ പാതകങ്ങളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ദുഃഖം


ജയില്‍വാസികളുടെ ജീവിതചുറ്റുപാടുകള്‍ മനുഷ്യാന്തസ്സിന് ഇണങ്ങുന്നതാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.

ജനുവരി 4-Ɔ൦ തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ഹാളില്‍  നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് ജയിലുകളിലെ ജീവിത ചുറ്റുപാടുകളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് പരാമര്‍ശിച്ചത്. ജയിലറകളെ ശിക്ഷാകേന്ദ്രങ്ങളായി മാത്രം കാണാതെ, കുറ്റവാളികളുടെ പുനരധിവാസത്തിനും പുനരുദ്ധരണത്തിനുമുള്ള ഇടമായും കാണേണ്ടതാണ്. അതിനാല്‍ തടവറയില്‍ കിടക്കുന്നവരുടെ ജീവിതസൗകര്യങ്ങളും ചുറ്റുപാടുകളും മനുഷ്യാവകാശത്തിന് അനുയോജ്യമായിരിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ഞായര്‍ തിങ്കള്‍, ജനുവരി ഒന്ന് രണ്ട് ദിവസങ്ങളില്‍ വടക്കെ ബ്രസീലിലെ മനാവുസ് ജയിലില്‍ കുറ്റവാളിസംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനം കാരണമാക്കിയ കൊലപാതകങ്ങളില്‍ മനംനൊന്താണ് പാപ്പാ ഈ പൊതുഅഭ്യര്‍ത്ഥന നടത്തിയത്. കുറ്റവാളികള്‍ക്കിടയിലെ സംഘട്ടനത്തിലും അക്രമത്തിലും കൊല്ലപ്പെട്ടത് 60 പേരാണ്. സംഭവത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആശങ്കയും ദുഃഖവും രേഖപ്പെടുത്തി. പരേതര്‍ക്കുവേണ്ടിയും അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും, ജയിലില്‍ കഴിയുന്നവര്‍ക്കുവേണ്ടിയും അവരുടെ ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള വത്തിക്കാനിലെ ഹാളില്‍ സമ്മേളിച്ച പതിനായിരത്തിലധികം വരുന്ന ജനക്കൂട്ടത്തോടും ലോകത്തോടുമായി പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.

ബ്രസീലില്‍ മയക്കുമരുന്നു വിപണനം, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റവാളികളുടെ ചേരിതിരിവില്‍നിന്നുമാണ് ഞായറാഴ്ച പുതുവത്സരപ്പുലരിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചവരെ നീണ്ട സംഘട്ടനങ്ങളിലാണ് നിരവധിപേര്‍ ക്രൂരമായി കൊല്ലപ്പെടുകയും, അനേകര്‍ മുറിപ്പെടുകയുംചെയ്തത്. ഇതിനിടെ ധാരാളം കുറ്റവാളികള്‍ ഒളിവില്‍ രക്ഷപ്പെട്ടതായും ജയിലധികൃതര്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.