2017-01-04 09:19:00

ഏഷ്യയുടെ ആത്മാവിന്‍റെ സത്ത അക്രമരാഹിത്യമാണ്: കര്‍ദിനാള്‍ ഗ്രേഷ്യസ്


ഏഷ്യയുടെ ആത്മസത്തയായ അക്രമരാഹിത്യത്തെക്കുറിച്ചും ഫ്രാന്‍സീസ് പാപ്പാ നല്‍കിയ ലോകസമാധാനദിന സന്ദേശത്തെക്കുറിച്ചും ജനുവരി രണ്ടാംതീയതി ഏഷ്യാ ന്യൂസുമായി പങ്കുവയ്ക്കുന്നു, മുംബൈ ആര്‍ച്ചുബിഷപ്പും ഏഷ്യന്‍ ബിഷപ്സ് ഫെഡറേഷന്‍ പ്രസിഡന്‍റുമായ കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്.

 ഏഷ്യയുടെ ആത്മാവിന്‍റെ സത്ത അക്രമരാഹിത്യമാണ്. അക്രമരാഹിത്യത്തിന്‍റെ പ്രതീകങ്ങളായി അനേകരെ ഏഷ്യയില്‍നിന്നു ഉയര്‍ത്തിക്കാട്ടാന്‍ കഴിയും. ഫ്രാന്‍സീസ് പാപ്പാ തന്‍റെ സന്ദേശത്തില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവും അക്രമരാഹിത്യത്തിന്‍റെ അപ്പസ്തോലനുമായ മഹാത്മാഗാന്ധിയെയും, ഖാന്‍ അബ്ദുള്‍ ഗാഫര്‍ഘാനെയും വി, മദര്‍ തെരേസയെയും പ്രത്യേകം പരാമര്‍ശിച്ചുവെന്നത് അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യയിലെ മഹാത്മാഗാന്ധിയും മദര്‍തെരേസയും ഇവരില്‍ ഏറെ ഉയര്‍ന്നുനില്‍ക്കുന്നു. അദ്ദേഹം പറഞ്ഞു: ഇന്ത്യ വളരെ പ്രത്യേകമായ ആനന്ദത്തോടെ പാപ്പായുടെ ഈ അക്രമരാഹിത്യമെന്ന സമാധാനത്തിനുവേണ്ടിയുള്ള രാഷ്ട്രീയശൈലിയുടെ സന്ദേശത്തെ വരവേല്‍ക്കുന്നു.

അക്രമരാഹിത്യത്തിന്‍റെ, സമാധാനത്തിന്‍റെ, ഐക്യത്തിന്‍റെ അപ്പസ്തോലനായ മഹാത്മാഗാന്ധി, ഇരുപതാംനൂറ്റാണ്ടിലെ അക്രമരാഹിത്യത്തിന്‍റെ ഏറ്റം ശക്തമായ ആഗോളപ്രതീകമായി മാറിയിരിക്കുന്നു. വി. മദര്‍ തെരേസാ, സമാനതകളില്ലാത്ത തന്‍റെ ശുശ്രൂഷവഴി പ്രാദേശികതയുടെ, മതത്തിന്‍റെ, സംസ്ക്കാരത്തിന്‍റെ, ഭാഷയുടെ അതിര്‍വരമ്പുകളെ അതിജീവിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ സ്നേഹത്തിനു നമ്മുടെ കാലഘട്ടത്തിലെ ഒരു അടയാളമായി, ഒരു പ്രതിബിംബമായി. 

മഹാത്മാവിന്‍റെ അഹിംസാസന്ദേശം ഇക്കാലഘട്ടത്തില്‍ എന്നത്തേക്കാളും പ്രസക്തമാണ്, ഇന്ത്യയ്ക്കും മുഴുവന്‍ ലോകത്തിനും. ഇന്ത്യയില്‍ ചിലര്‍‍‍ ആഗോളവത്ക്കരണത്തിന്‍റെ ആശയങ്ങളാല്‍ പ്രേരിതരായി രാജ്യത്തിന്‍റെ അടിസ്ഥാനതത്വങ്ങളായ സമാധാനം, ഐക്യം, പാരസ്പര്യം എന്നിവയില്‍ നിന്ന് അകന്നുപോകുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ക്കുവേണ്ടിയാണ് ഗാന്ധിജി പൊരുതിയതും, അതിന്മേലാണ് നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രം അടിസ്ഥാനമിട്ടതും.

സംഘട്ടനങ്ങളും അഭിപ്രായഭിന്നതകളും എല്ലായ്പോഴുമുണ്ടാകാം. എന്നിരുന്നാലും, അക്രമരാഹിത്യമെന്നത് നീതിയെയും അതില്‍നിന്നുളവാകുന്ന സമാധാനത്തെയും സൂചിപ്പിക്കുന്നു.  അക്രമരാഹിത്യത്തിന്‍റെ ഈ ചൈതന്യം സംഘട്ടനങ്ങള്‍ക്കു സമാധാനപൂര്‍ണമായ പരിഹാരമുണ്ടാക്കാനുള്ള സന്നദ്ധത സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ തമ്മില്‍ സംഘട്ടനത്തിന്‍റെ ഭീഷണി തുടരുമ്പോള്‍, അക്രമവും ഭീകരതയും നടമാടുമ്പോള്‍, അക്രമരാഹിത്യം അതിരുകളിലേക്കു നീങ്ങുകയും സംഘട്ടനങ്ങളെ ചെറുക്കാന്‍ അക്രമത്തിന്‍റെ മാര്‍ഗംതന്നെ അവലംബിക്കുകയും ചെയ്യുന്നു.  അതുകൊണ്ട്, പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഇതൊരു പ്രയാസമേറിയ പ്രക്രിയയാണെന്ന അവബോധമാണ് എനിക്കുളളത്.








All the contents on this site are copyrighted ©.