2017-01-03 15:26:00

നവഹേറോദേസുമാരില്‍നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുക. ഫ്രാന്‍സീസ് പാപ്പാ


2016 ഡിസംബര്‍ 28-ന് വി. പൈതങ്ങളുടെ തിരുനാള്‍ദിനത്തില്‍ മെത്രാന്മാര്‍ക്കയച്ച കത്തിന്‍റ മലയാളപരിഭാഷ 

(2017 ജനുവരി 2-ന് പ്രസിദ്ധപ്പെടുത്തിയത്)

പ്രിയ സഹോദരാ,

ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയി ക്കുന്നു.  ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, ഇന്നു ജനിച്ചിരി ക്കുന്നു എന്ന ആട്ടിടയന്മാരോടുള്ള മാലാഖയുടെ വാക്കുകള്‍ (ലൂക്കാ 2:10-11) നമ്മുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിച്ചു കൊണ്ടിരിക്കുമ്പോള്‍,  ഇന്ന്, വി. പൈതങ്ങളുടെ തിരുനാളില്‍, നിങ്ങള്‍ക്കെഴുതണമെന്ന് എനിക്കു തോന്നി.  നാമിന്നും ആ പ്രഘോഷണം വീണ്ടും വീണ്ടും ശ്രദ്ധിക്കുന്നു. ദൈവം നമ്മുടെ മധ്യേ വ സിക്കുന്നുവെന്ന് നാം വീണ്ടും ശ്രവിക്കുന്നു. ഓരോ വര്‍ഷവും നാം നവീകരിച്ചുകൊണ്ടിരിക്കുന്ന ഈ ഉറപ്പാണ് നമ്മുടെ സന്തോഷത്തിന്‍റെയും പ്രതീക്ഷയുടെയും സ്രോതസ്സ്. 

ഈ ദിവസങ്ങളില്‍ ആരാധനാക്രമം ക്രിസ്മസിന്‍റെ ഹൃദയത്തിലേക്കു ക്രിസ്തീയസന്തോഷത്തിലേക്കു നമ്മെ വലിച്ചടുപ്പിക്കുന്ന  രഹസ്യത്തിലേക്ക് നമ്മെ എങ്ങനെ നയിക്കുന്നുവെന്നു നാം അനുഭവിക്കു കയായിരുന്നു.

അജപാലകരെന്ന നിലയില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നത് ഈ സന്തോഷം വിശ്വാസികളില്‍ പരിപോഷിപ്പിക്കുന്നതിനാണ്.  നാം ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നത് ഈ സന്തോഷം സംരക്ഷിക്കാനാണ്.  ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നമ്മില്‍നിന്ന് ഈ സന്തോഷം അപഹരിക്കപ്പെടാന്‍ അനുവദിക്കാതിരിക്കുക. എന്തെന്നാല്‍, ചിലസമയങ്ങളില്‍ നമുക്ക് മോഹഭംഗത്തിടയുണ്ടായേക്കാം. പ്രതീക്ഷയുടെ അഭാവത്തില്‍, നമുക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ച്, സഭയെക്കുറിച്ച്, നമ്മെക്കുറിച്ചുതന്നെ, ഒരുതരം വിഷാദഭാവത്തിലേക്ക് പ്രലോഭിപ്പിക്കപ്പെടുന്നതായി നമുക്കനുഭവപ്പെട്ടേക്കാം, അതു നമ്മുടെ ഹൃദയങ്ങളെ പിടിയിലൊതുക്കിയേക്കാം (സുവിശേഷത്തിന്‍റെ ആനന്ദം 83).

ക്രിസ്മസില്‍ നാം ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും കണ്ണീരിന്‍റെ സഹഗമനവുമുണ്ട്.  സുവിശേഷകന്മാര്‍ യാഥാര്‍ഥ്യത്തെ, കൂടുതല്‍ ആകര്‍ഷണീയമോ വിശ്വസനീയമോ ആക്കുന്നതിനായി മറച്ചുവയ്ക്കുന്നില്ല. അവര്‍ യാഥാര്‍ഥ്യത്തോടു ബന്ധമില്ലാത്ത ആശ്വസിപ്പിക്കുന്ന വാക്കുകളാല്‍ രസിപ്പിക്കുന്നില്ല. ക്രിസ്മസ് അവര്‍ക്കു ഭ്രമാത്മകതയിലേക്കുള്ള ഒരു പലായനമായിരുന്നില്ല, അവരുടെ കാലത്തെ വെല്ലുവിളികളില്‍നിന്നും അനീതികളില്‍നിന്നും അവരെ ഒളിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗവുമായിരുന്നില്ല. നേരെമറിച്ച്, അവര്‍ ദൈവപുത്രന്‍റെ ജനനത്തെ ദുരന്തവും വ്യാകുലതയും നിറഞ്ഞ ഒരു സംഭവവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.  ജറമിയാ പ്രവാചകന്‍റെ വചനങ്ങളെ ഉദ്ധരിച്ചുകൊണ്ട് മ ത്തായി സുവിശേഷകന്‍ മയമില്ലാത്ത വാക്കുകളില്‍ ഇത് അവതരിപ്പിക്കുന്നു: റാമായില്‍ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു (മത്താ 2:18). ഹേറോദേസിന്‍റെ കടിഞ്ഞാണില്ലാത്ത അധികാരദാഹത്തിന്‍റെയും ആധിപത്യത്തിന്‍റെയും മുമ്പില്‍, മരിച്ചുപോയ തങ്ങളുടെ സന്താനങ്ങള്‍ക്കുവേണ്ടിയുള്ള മാതാക്കളുടെ തേങ്ങിക്കരച്ചിലാണത്. 

ഇന്നും, ഹൃദയഭേദകമായ വിലാപം നാം കേള്‍ക്കുന്നുണ്ട്, നാം ആഗ്രഹിക്കുന്നില്ലെങ്കിലും, അതിനെ നിശ്ശബ്ദമാക്കുന്നതിനോ അവഗണിക്കുന്നതിനോ കഴിയുന്നില്ലെങ്കിലും.  നമ്മുടെ ലോകത്തില്‍ - ഞാന്‍ ഏറെ ഹൃദയഭാരത്തോടെയാണ് ഞാനിതെഴുതുന്നത് - മക്കളുടെ മരണത്തില്‍, നിഷ്ക്കളങ്കരായ മക്കളുടെ മരണത്തില്‍, ഒരുപാട് അമ്മമാരുടെയും കുടുംബങ്ങളുടെയും  വിലാപങ്ങള്‍ ഇന്നും നാം കേട്ടുകൊണ്ടിരിക്കുന്നു.

പുല്‍ത്തൊട്ടിയെ ധ്യാനിക്കുക എന്നു പറഞ്ഞാല്‍, വേദനയുടെ നിലവിളിയെ ധ്യാനിക്കുക എന്നും അര്‍ഥമാക്കുന്നുണ്ട്.  നമ്മുടെ കണ്ണുകളും കാതുകളും എന്താണ് ചുറ്റും നടക്കുന്നതെന്നറിയാന്‍ തുറക്കണം. നമ്മുടെ അയല്‍ക്കാരുടെ, പ്രത്യേകിച്ചും കുട്ടികളുടെ വേദനയില്‍ നമ്മുടെ ഹൃദയങ്ങള്‍ ജാഗ്രതയോടെ തുറന്നിരിക്കുന്നതിന് അനുവദിക്കണം.  ചരിത്രത്തിലെ വേദനാജനകമായ അധ്യായം ഇന്നും എഴുതിക്കൊണ്ടേയിരിക്കുന്നു എന്നു തിരിച്ചറിയുന്നതുകൂടിയാണതുകൊണ്ട് അര്‍ഥമാക്കുന്നത്.  ലോകത്തില്‍നിന്നു വേര്‍പെടുത്തപ്പെട്ട രീതിയില്‍ പുല്‍ത്തൊട്ടിയെ ധ്യാനിക്കുക എന്നത് ക്രിസ്മസിനെ ഊഷ്മളവികാരങ്ങളോടെ, നമ്മെ പ്രചോദിപ്പിക്കുന്ന മനോഹരമായ ഒരു കഥയാക്കിയേക്കാം, എന്നാല്‍, അവതരിച്ച വചനം നമുക്കു നല്‍കാനാഗ്രഹിക്കുന്ന സുവിശേഷത്തിന്‍റെ ക്രിയാത്മകമായ ശക്തി, അവിടെ അപഹരിക്കപ്പെടുകയാണ്.  പ്രലോഭനം യാഥാര്‍ഥ്യമാകുകയാണ്.

ഈ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ, പുറം തിരിഞ്ഞു നിന്നാല്‍ നമുക്ക് ക്രിസ്മസിന്‍റെ ആനന്ദത്തിന്‍റെ സത്യമായ ഒരനുഭവത്തിലായിരിക്കാന്‍ കഴിയുമോ? നമ്മുടെ സഹോദരീസഹോദരന്മാരുടെ നിലവിളി, നമ്മുടെ കുഞ്ഞുങ്ങളുടെ നിലവിളി അവഗണിക്കുന്നെങ്കില്‍ ക്രിസ്തീയസന്തോഷം എന്നൊന്നു നിലനില്‍ക്കുന്നുവെന്നു പറയാനാവുമോ?

വി. യൗസേപ്പാണ് രക്ഷയുടെ ആനന്ദത്തെ സംരക്ഷിക്കാനാദ്യമായി ചുമതലയേല്‍പ്പിക്കപ്പെട്ടത്. അന്നു നടമാടിയിരുന്ന കൊടിയ അതിക്രമങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് വി. യൗസേപ്പ് – ഭക്തിയുടെയും അനുസരണത്തിന്‍റെയും മാതൃകയായ മനുഷ്യന്‍ -  ദൈവികസ്വരവും പിതാവിനാല്‍ ഏല്പിക്കപ്പെട്ട ദൗത്യവും തിരിച്ചറിയുന്നതിനു കഴിവുള്ളവനായി. എന്തെന്നാല്‍, ദൈവത്തിന്‍റെ സ്വരം കേള്‍ക്കുന്ന തിനും അവിടുത്തെ ഹിതത്തിനു വഴങ്ങുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു.  വി. യൗസേപ്പ്, തനിക്കു ചുറ്റും നടക്കുന്നതെന്തെന്ന് കൂടുതല്‍ അവബോധമുള്ളവനാകുകയും യാഥാതഥം അതിനെ വ്യാഖ്യാനി ക്കുകയും ചെയ്യുകയും ചെയ്തു.

ഇക്കാര്യംതന്നെയാണ് അജപാലകരായ നമ്മോടും ഇന്നാവശ്യപ്പെടുന്നത്. ജാഗ്രതയുള്ള, ദൈവികസ്വരത്തിനു മുമ്പില്‍ ബധിരനല്ലാത്ത, അതിനാല്‍ ചുറ്റും നടക്കുന്നതെന്ത് എന്നറിയുന്ന, സൂക്ഷ്മസംവേദകത്വമുള്ള മനുഷ്യരായിരിക്കുക.  ഇന്ന്, നമ്മുടെ മാതൃകയായ വി. യൗസേപ്പിനോടൊത്ത് നമ്മോടും ആവശ്യപ്പെടുന്നു, നമ്മുടെ സന്തോഷം നമ്മില്‍നിന്ന് അപഹരിക്കപ്പെടാന്‍ അനുവദിക്കാതിരിക്കുക. നമ്മുടെ കാലഘട്ടത്തിലെ ഹേറോദേസുമാരില്‍നിന്ന് ഈ സന്തോഷത്തെ സംരക്ഷിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നു.  യൗസേപ്പി നെപ്പോലെ, ഈ യാഥാര്‍ഥ്യത്തോടു പ്രതികരിക്കാന്‍, എഴുന്നേറ്റ്, കൈകളില്‍ വഹിക്കാന്‍, നമുക്കു ധൈര്യം വേണം (മത്താ 2:20).  നമ്മുടെ കുഞ്ഞുങ്ങളില്‍നിന്ന് അവരുടെ നിഷ്ക്കളങ്കതയെ വിഴുങ്ങുന്ന, നമ്മുടെ കാലത്തെ നവഹേറോദേസുമാരില്‍നിന്ന്, ഈ സന്തോഷത്തിനു കാവലാകാനുള്ള ധൈര്യം വേണം.  നിര്‍ബന്ധിത ബാലവേല, ചൂഷണം, വേശ്യാവൃത്തി എന്നീ അക്രമങ്ങളിലൂടെ നമ്മുടെ കുഞ്ഞുങ്ങളില്‍നിന്ന് അവരുടെ നിഷ്ക്കളങ്കത അപഹരിക്കപ്പെടുന്നു. യുദ്ധങ്ങളാലും നിര്‍ബന്ധിതകുടിയേറ്റങ്ങളാലും, അവരുടെ നിഷ്ക്കളങ്കത ചിതറിക്കപ്പെടുന്നു, പരമ്പരാഗതമൂല്യ ങ്ങള്‍ക്ക് ക്ഷതമേല്‍ക്കുന്നു. ആയിരക്കണക്കിനു കുട്ടികള്‍, തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അവ രെ നശിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന കുറ്റവാളിസംഘങ്ങളിലും കുറ്റകൃത്യക്കാരുടെ സംഘടനയിലും മരണവ്യാപാരികളുടെ കൈകളിലും പെട്ടുപോകുന്നു. 

ഈ ഒരു കാര്യം വിശദീകരിക്കുന്നുണ്ട്, പലവിധ സങ്കീര്‍ണസാഹചര്യങ്ങളില്‍ പെട്ട് വിദ്യാഭ്യാസത്തിനു സൗകര്യം ലഭിക്കാത്ത, അല്ലെങ്കില്‍ നിര്‍ത്തേണ്ടിവരുന്ന 75 ദശലക്ഷം കുട്ടികള്‍ ഈ ലോകത്തിലുണ്ട് എന്ന വസ്തുത.  2015-ലെ കണക്കനുസരിച്ച്, ലൈംഗികചൂഷണത്തിനിരയാകുന്നവരില്‍ 68 ശതമാനവും കുട്ടികളാണ്. സ്വദേശത്തിനു പുറത്തുതാമസിക്കുന്ന കുട്ടികളില്‍ മൂന്നിലൊരു ഭാഗം ചിതറിക്കപ്പെട്ട നിലയിലാണ്.  അഞ്ചുവയസ്സിനു താഴെയുള്ളവരില്‍ ഏതാണ്ട് പകുതിയോളം കുട്ടികള്‍ പോഷകാഹാരക്കുറവു കൊണ്ടു മരിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. 2016-ലെ കണക്കനുസരിച്ച് ബാലവേലയിലേര്‍പ്പെട്ടിരിക്കുന്നത് 150 ദശലക്ഷം കുട്ടികളാണ്.  അവരില്‍ ഭൂരിഭാഗവും അടിമകളുടെ അവസ്ഥയിലും.  യൂണിസെഫിന്‍റെ ഈയടുത്തകാലത്തെ കണക്കനുസരിച്ച്, ലോകസാഹചര്യങ്ങളില്‍ മാറ്റമൊന്നും സംഭവിക്കുന്നില്ലെങ്കില്‍ 2030 ഓടുകൂടി 167 ദശലക്ഷം കുട്ടികള്‍ കടുത്ത ദാരിദ്ര്യത്തിലായിരിക്കുമെന്നും, അഞ്ചുവയസ്സില്‍ താഴെയുള്ള 69 ദശലക്ഷം കുട്ടികള്‍ 2016-നും 2030-നുമിടയില്‍ മരണമടയുമെന്നും 16 ദശലക്ഷം കുട്ടികള്‍ അടിസ്ഥാനവിദ്യാഭ്യാസം ലഭിക്കാത്തവരായിരിക്കുമെന്നും പറയുന്നു.

ഈ കുഞ്ഞുങ്ങളുടെ വേദനാജനകമായ നിലവിളി നാം കേള്‍ക്കുന്നു.  സഭാമാതാവിന്‍റെ നിലവിളിയും കേള്‍ക്കുന്നു. തന്‍റെ ഏറ്റവും ചെറിയ പുത്രീപുത്രന്മാരുടെ വേദനകളെപ്രതിമാത്രമല്ല, തന്‍റെ മക്കളുടെ തിന്‍മകളെ, പുരോഹിതരാല്‍പോലും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്തവരുടെ സഹനങ്ങള്‍, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ തിരിച്ചറിയുന്നതുകൊണ്ടുകൂടിയാണ് അവള്‍ കരയുന്നത്.  സംരക്ഷിക്കുന്നതിന് ഉത്തരവാദിത്വപ്പെട്ടവര്‍തന്നെ കുട്ടികളുടെ മാനം നശിപ്പിക്കുന്നു. നമ്മെ ലജ്ജിപ്പിക്കുന്ന ഒരു തിന്മയാണത്. ഇതില്‍ അഗാധമായി മനസ്താപിച്ചകൊണ്ട് നാം മാപ്പുചോദിക്കുന്നു. ഈ തിന്മക്കിരയായവരുടെ വിലാപത്തില്‍ നാം പങ്കുചേരുന്നു. സംഭവിച്ച തിന്മ, സഹായമെത്തിക്കാനാവാത്തതിന്‍റെ തിന്മ, മൂടിവയ്ക്കുകയും നിഷേധിക്കുകയും ചെയ്ത തിന്മ ഇവയെല്ലാം അധികാരദുര്‍വിനിയോഗമാണ്. സഭ തന്‍റെ പുത്രന്മാരുടെ ഈ തിന്മകളെപ്രതി കയ്പോടെ കരയുകയും മാപ്പുചോദിക്കുകയും ചെയ്യുന്നു.  ഇന്ന് വി. പൈതങ്ങളുടെ തിരുനാള്‍ ദിനത്തില്‍, ഇത്തരം അതിക്രമങ്ങള്‍ ഇനിയും നമ്മുടെയിടയിലുണ്ടാകാതിരിക്കുന്നതിനുള്ള നമ്മുടെ തികഞ്ഞ പ്രതിജ്ഞാബദ്ധതയെ നവീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുഞ്ഞുങ്ങളുടെ ജീവിതങ്ങള്‍ക്കു സംരക്ഷണമേകുന്നതിനുള്ള എല്ലാ വഴികളും സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കണ്ടെത്താന്‍ നമുക്കു ധൈര്യം കാണിക്കാം, അങ്ങനെ ഇനിയും ഈ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ.   ഈ മേഖലയില്‍, വ്യക്തമായും വിശ്വസ്തമായും ‘തികഞ്ഞ അസഹിഷ്ണുത’ (zero tolerance) എന്ന ആശയത്തോടു നമുക്കു ചേര്‍ന്നുനില്‍ക്കാം.

ക്രിസ്തീയസന്തോഷം യാഥാര്‍ഥ്യത്തിന്‍റെ അരികുകളില്‍നിന്നല്ല ഉയര്‍ന്നുവരിക.  യാഥാര്‍ഥ്യത്തെ അവഗണിച്ചുകൊണ്ട് അല്ലെങ്കില്‍ അപ്രകാരം പ്രവര്‍ത്തിച്ചുകൊണ്ട് ആ സന്തോഷത്തെ നിലനിര്‍ത്താനാവില്ല.  ക്രിസ്തീയസന്തോഷം അത് ഒരു വിളിയില്‍നിന്നു ജന്മമെടുക്കുന്നതാണ് – വി. യൗസേപ്പ് സ്വീകരിച്ച വിളിപോലെയുള്ള ഒന്നില്‍നിന്ന്. മനുഷ്യജീവനെ, വളരെ പ്രത്യേകമായി ഇന്നിന്‍റെ പരിശുദ്ധരായ പൈതങ്ങളുടെ ജീവിതങ്ങളെ പുണരാനും സംരക്ഷിക്കാനും ഉള്ള വിളിയില്‍നിന്ന്. ഇത് മെത്രാന്മാര്‍ എന്ന നിലയില്‍ നവമായ ധൈര്യം കണ്ടെത്താനുള്ള വെല്ലുവിളിയാണ്.  ഇന്ന് അനകം കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങള്‍ എടുക്കുന്നതിനുള്ള ധൈര്യം. ദൈവമക്കളുടെ മഹത്വത്തെ ബഹുമാനിക്കുന്നതിനു മാത്രമല്ല, സംരക്ഷണമേകുന്നതിനുകൂടി അവ പ്രായോഗികമാക്കുമെന്ന് ഉറപ്പുവരുത്തുവാനുള്ള ധൈര്യം.

അവരുടെ സന്തോഷം അപഹരിക്കപ്പെടുന്നതിന് നാം അനുവദിക്കരുത്.  നാമും നമ്മുടെ സന്തോഷം അപഹരിക്കപ്പെടുന്നതിന് അനുവദിക്കരുത്, മറിച്ച് അതിനെ കാക്കുകയും അതിന്‍റെ വളര്‍ച്ചയെ പോഷിപ്പിക്കുകയും ചെയ്യുക.

വി. യൗസേപ്പിന്‍റെ പൈതൃകമായ വിശ്വസ്തതയോടും വാത്സല്യപൂര്‍ണമായ സ്നേഹത്തിന്‍റെ അമ്മയായ മറിയത്തിന്‍റെ പരിപാലനയോടും ചേര്‍ന്നുനിന്നുകൊണ്ട് നാം ഇതു ചെയ്യും, നമ്മുടെ ഹൃദയങ്ങള്‍ ഒരിക്കലും കഠിനമേറിയതാകാതിരിക്കാന്‍.

സഹോദരവാത്സല്യത്തോടെ,

ഫ്രാന്‍സീസ്.

വത്തിക്കാന്‍, 28 ഡിസംബര്‍ 2016

വി. പൈതങ്ങളുടെ തിരുനാള്‍ ദിവസം








All the contents on this site are copyrighted ©.