2017-01-02 19:54:00

അഹിംസാമാര്‍ഗ്ഗത്തില്‍ കൈകോര്‍ക്കാം : പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം


1. പൊതുഭവനമായ  ഭൂമിക്കൊരു സമാധാനമാര്‍ഗ്ഗം

ഈ പുതുവത്സരാരംഭത്തില്‍ ലോകത്തിലെ എല്ലാ ജനതകള്‍ക്കും രാഷ്ട്രങ്ങള്‍ക്കും  എന്‍റെ ഹൃദയംഗമമായ സമാധാനാശംസകള്‍ നേരുന്നു. അതുപോലെ രാഷ്ട്രനേതാക്കള്‍ക്കും മതനേതാക്കള്‍ക്കും ഞാന്‍ സമാധാനം ആശംസിക്കുന്നു. ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട നാം ഓരോരുത്തരും സ്വയം ദൈവിക വരദാനത്തിന്‍റെ അന്തസ്സുള്ള പ്രതീകങ്ങളായി കാണണമെന്നാണ് ഓരോ സ്ത്രീയ്ക്കും പുരുഷനും കുഞ്ഞിനുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍, ‘ഗഹനമായ മാനവികാന്തസ്സ്’ ആദരിക്കപ്പെടാന്‍ നാം അഹിംസ ജീവിതത്തിന്‍റെ ഭാഗവും സജീവമായ അനുഷ്ഠാനവുമാക്കണം.               

അന്‍പതാമത്തെ വിശ്വശാന്തി ദിനത്തില്‍ നല്കുന്ന സന്ദേശമാണിത്. ആദ്യമായി പറയട്ടെ, വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ കത്തോലിക്കരോടു മാത്രമല്ല, സകല ജനതകളോടുമായി വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. “മാനവിക പുരോഗതിയുടെ യഥാര്‍ത്ഥ ദിശ നിര്‍ണയിക്കുന്നത് സമാധാനം മാത്രമാണ്. അതിമോഹമുള്ള ദേശീയത സൃഷ്ടിക്കുന്ന സാമൂഹിക സംഘര്‍ഷങ്ങള്‍ക്കോ, അടിച്ചമര്‍ത്തലിലൂടെയുള്ള കൈയ്യടക്കലിനോ, മര്‍ദ്ദനമുറകള്‍ ഉപയോഗിച്ചുള്ള കൃത്രിമമായ രാഷ്ട്രീയക്രമത്തിനോ സമൂഹത്തില്‍ സമാധാനം വളര്‍ത്താനാവില്ല.” കൂടാതെ, “യുക്തിയില്‍ അധിഷ്ഠിതമായ ചര്‍ച്ചകളിലൂടെയും, നിയമത്തിന്‍റേയും നീതിയുടേയും മാര്‍ഗ്ഗങ്ങളിലൂടെയുമല്ലാതെ , ഭീതിദമായ കൊലപാതക ശക്തികളെ ഉപയോഗിച്ച് അന്താരാഷ്ട്ര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെ”ന്ന്.. കൂടാതെ “സത്യം, നീതി, സ്വാതന്ത്ര്യം സ്നേഹം” എന്നിവയില്‍നിന്ന് ഉളവാകുന്ന സമാധാനവാഞ്ഛയെയും അവബോധത്തെയും, വിശുദ്ധനായ ജോണ്‍ 23-Ɔമന്‍ പാപ്പായുടെ Pacem in Terris ‘ഭൂമിയില്‍ സമാധാനം’  എന്ന ചാക്രികലേഖനം പ്രകീര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ അന്‍പതു വര്‍ഷക്കാലയളവില്‍ ഈ വാക്കുകളുടെ പ്രസക്തിയോ വിശ്വാസ്യതയോ നഷ്ടപ്പെട്ടിട്ടില്ല.                

സമാധാനത്തിനുള്ള രാഷ്ട്രീയ ശൈലിയായി ‘അഹിംസ’യെ സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ ഈ അവസരത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ഏറ്റവും വ്യക്തിപരമായ ചിന്തകളിലും മൂല്യബോധങ്ങളിലും അംഹിസ ഉള്‍ക്കൊള്ളാനും വളര്‍ത്തിയെടുക്കാനും സഹായിക്കണമേ, എന്ന് ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. പരസ്പര ബന്ധങ്ങളില്‍, അത് സമൂഹത്തിലായാലും രാജാന്തരതലത്തിലായാലും, കുടുംബത്തിലായാലും സ്നേഹവും അഹിംസയുമാണ്, സ്നേഹത്തില്‍ അധിഷ്ഠിതമായ അഹിംസയാണ് നമ്മെ നയിക്കേണ്ടത്. അതിക്രമങ്ങള്‍ക്ക് ഇരകളായവര്‍ തിരിച്ചടിക്കുവാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കുമ്പോള്‍, അവര്‍ അഹിംസാമാര്‍ഗ്ഗത്തിലെ ഏറ്റവും വിശ്വാസയോഗ്യരായ സമാധാനത്തിന്‍റെ പ്രയോക്താക്കളായിത്തീരുന്നു. പ്രാദേശികമായ വളരെ സാധാരണ ചുറ്റുപാടുകളിലും രാജ്യാന്തരതലത്തിലും നമ്മുടെ തീരുമാനങ്ങളുടെയും പരസ്പരബന്ധങ്ങളുടെയും പ്രവൃത്തികളുടെയും മാത്രമല്ല എല്ലാത്തരത്തിലുമുള്ള രാഷ്ട്രീയ ജീവിതത്തിന്‍റെയും പ്രേരകശക്തി അഹിംസയായിരിക്കട്ടെ!  

2. തകര്‍ന്നൊരു  ലോകം

ഭയാനകമായ രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കും ആണവ യുദ്ധഭീഷണികള്‍ക്കും സാക്ഷ്യംവഹിച്ച കഴിഞ്ഞ നൂറ്റാണ്ടില്‍നിന്ന് വിഭിന്നമായി, ദുഃഖകരമെന്നു പറയട്ടെ ഇന്നു നാം അവിടവിടെയായി അരങ്ങേറുന്ന ഭീതിദമാകുന്ന കുഞ്ഞു ലോകയുദ്ധങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഇന്നത്തെ ലോകം കഴിഞ്ഞ കാലങ്ങളെക്കാള്‍ അക്രമാസക്തമാണോ അല്ലയോ എന്ന് പറയുക അത്ര എളുപ്പമല്ല. ആധുനിക ആശയവിനിമയ സംവിധാനങ്ങളും സുഗമസഞ്ചാര മാര്‍ഗ്ഗങ്ങളും നമ്മെ അക്രമങ്ങളെക്കുറിച്ച് ബോധവാന്മാരാക്കിയോ, അല്ലെങ്കില്‍ അതില്‍ പങ്കാളികളാക്കിയോ എന്നു പറയാനും നിര്‍വ്വാഹമില്ലാത്ത അവസ്ഥയാണ്.

എന്തൊക്കെയായാലും വിവിധ രാജ്യങ്ങളില്‍ വിവിധ തരത്തിലും തലത്തിലും ‘ചിന്നിക്കിടക്കുന്ന ക്രുരതകള്‍’  (piecemeal violence) ഒരുപാട് യാതനകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് നമുക്കറിയാം. വിവിധ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും നടക്കുന്ന യുദ്ധങ്ങള്‍, ഭീകരാക്രമണങ്ങള്‍, ആസൂത്രിത കുറ്റകൃത്യങ്ങള്‍, അറിയാതെ പോകുന്ന പാതകങ്ങള്‍, കുടിയേറ്റക്കാരുടെ തിക്താനുഭവങ്ങള്‍, മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ മുറിപ്പാടുകള്‍, പരിസ്ഥിതി വിനാശം സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ ഇവയെല്ലാം നമുക്ക് അറിയാം. ഇതെല്ലാം എങ്ങോട്ടാണ് നമ്മെ നയിക്കുന്നത്? ചിരന്തന മൂല്യമുള്ള എന്തെങ്കിലും ലക്ഷ്യം നേടിത്തരുവാന്‍ അക്രമത്തിന് കഴിയുമോ? അല്ലെങ്കില്‍ ചില “യുദ്ധപ്രഭുക്കന്മാര്‍ക്ക്” മാത്രം ഉപകരിക്കുന്ന പരസ്പര പ്രതികാരത്തിന്‍റെയും മാരകമായ സംഘര്‍ഷങ്ങളുടെയും വിഷമവൃത്തത്തിലേയ്ക്ക് അത് നമ്മെയും നയിക്കുമോ?                  

നമ്മുടെ തകര്‍ന്ന ലോകത്തെ സുഖപ്പെടുത്തുവാന്‍ അക്രമത്തിന് ആവുകയില്ല. അക്രമത്തിന് എതിരെ അക്രമം എന്നത്, കൂടിവന്നാല്‍ നമ്മെ നയിക്കുന്നത് നിര്‍ബന്ധിതമായ കുടിയേറ്റങ്ങളിലേയ്ക്കും പറഞ്ഞറിയിക്കാനാവാത്ത യാതനകളിലേയ്ക്കുമാണ്. കാരണം ദുരിത ബാധിതരായ നമ്മുടെ  കുടുംബങ്ങളുടെയും കുട്ടികളുടെയും, വയോധികരുടേയും വൈകല്യമുള്ളവരുടെയും, പിന്നെ ലോകത്തുള്ള സിംഹഭാഗം വരുന്ന സാധാരണക്കാരുടെയും ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റേണ്ടുന്ന ഉപാധികള്‍ സൈനികാവശ്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്യപ്പെടുകയാണ്. ഇതിന്‍റെ ഫലമോ, എല്ലാവരുടെയും അല്ലെങ്കിലും നിരവധിയാളുകളുടെ ആത്മീയവും ശാരീരികവുമായ മരണമാണ്! 

3.  അഹിംസാമാര്‍ഗ്ഗത്തിലെ  ശുഭവാര്‍ത്തകള്‍

പ്രക്ഷുബ്ധവും അക്രമാസക്തവുമായ കാലഘട്ടത്തിലാണ് യേശു ജീവിച്ചത്. എങ്കിലും അക്രമവും സമാധാനവും സന്ധിക്കുന്ന യഥാര്‍ത്ഥ യുദ്ധഭൂമി മാനവഹൃദയമാണെന്ന് അവിടുന്നു പഠിപ്പിക്കുന്നു. കാരണം, “തിന്മ ഉടലെടുക്കുന്നത് മനുഷ്യന്‍റെ ഹൃദയത്തില്‍നിന്നാണ്.” (മര്‍ക്കോസ് 7, 21). പക്ഷെ, ഈ സാഹചര്യത്തിലും ക്രിസ്തുവിന്‍റെ സന്ദേശം ഒരു ക്രിയാത്മകമായ സമീപനമാണ് മുന്നോട്ടുവയ്ക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുകയും സകലരോടും ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ കലവറയില്ലാത്തെ സ്നേഹം അവിടുന്ന് അസന്നിഗ്ദ്ധമായ ഭാഷയില്‍ പ്രഘോഷിച്ചു.

ശത്രുക്കളോട് ക്ഷമിക്കുവാനും (മത്തായി 5, 44), ഒരു കരണത്ത് അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്കാനും അവിടുന്നു ശിഷ്യന്മാരെ പഠിപ്പിച്ചു (മത്തായി 5, 39). വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞവരെക്കൊണ്ട്, കല്ലുകള്‍ അവിടുന്ന് താഴെ ഇടീപ്പിച്ചു (യോഹന്നാന്‍ 8, 1-11). തന്‍റെ മരണത്തിന്‍റെ തലേരാത്രിയില്‍ പത്രോസ്ലീഹ പ്രതിയോഗികള്‍ക്കെതിരെ വാള്‍ ഉയര്‍ത്തിയപ്പോള്‍ അതും അവിടുന്ന് ഉറയില്‍ ഇടീപ്പിച്ചു (മത്തായി 26, 52). അങ്ങനെ ക്രിസ്തുതന്നെ അഹിംസയുടെ പാത തെളിയിച്ചിട്ടുണ്ട്. അവസാനം, കുരിശുമരണത്തോളം അവിടുന്ന് ആ വഴിയേ ചരിക്കുകയും, നമ്മുടെ സമാധാനമാകുകയും. ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയുംചെയ്തു (എഫേസോസ് 2, 14-16). ക്രിസ്തുവിന്‍റെ സദ്വാര്‍ത്ത സ്വീകരിക്കുന്നവര്‍ തങ്ങളിലെ അതിക്രമങ്ങള്‍ അംഗീകരിക്കുകയും, ദൈവികകാരുണ്യത്താല്‍ സൗഖ്യപ്പെട്ട്, അനുരഞ്ജനത്തിന്‍റെ ഉപകരണങ്ങളായി മാറുകയുംചെയ്യുന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പറയുന്നത്, “സമാധാനം ആശംസിക്കുന്നവരുടെ ഹൃദയത്തില്‍ ആദ്യം സമാധാനമുണ്ടെന്ന് ഉറപ്പുവരുത്തണം.”                

അഹിംസയെക്കുറിച്ചു ക്രിസ്തു പ്രബോധിപ്പിക്കുന്നത് അവിടുത്തെ ശിഷ്യന്മാര്‍ ആശ്ലേഷിക്കേണ്ടതാണ്. എന്‍റെ മുന്‍ഗാമി പാപ്പാ ബനഡിക്ട് 16-Ɔമന്‍ പറയുന്നത്, “അഹിംസയുടെ പ്രബോധനം യഥാര്‍ത്ഥവും ജീവിക്കേണ്ടതുമാണ്. കാരണം, ഇന്ന് ലോകത്ത് അത്രത്തോളം അതിക്രമങ്ങളും അനീതിയും നിലനില്ക്കുന്നുണ്ട്. എന്നാല്‍ ‘അധികമായ’ അല്ലെങ്കില്‍ ‘അതിരുകളില്ലാത്ത’ സ്നേഹംകൊണ്ടും നന്മകൊണ്ടും മാത്രമേ അക്രമത്തെ മറികടക്കാനാകൂ!”   അധികമായതും, അതിരുകളില്ലാത്തതുമെന്ന് ഇവിടെ പറയുന്ന സ്നേഹം ദൈവികമാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അഹിംസ വെറും പെരുമാറ്റച്ചട്ടമോ തന്ത്രമോ അല്ല. അത് അസ്തിത്വത്തിന്‍റെ ഭാഗമാണ്. ദൈവസ്നേഹത്തെക്കുറിച്ചും ദൈവികശക്തിയെക്കുറിച്ചും ബോധ്യമുള്ളൊരാള്‍ക്ക് തിന്മയെ സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും വഴിയില്‍ നേരിടുന്നതില്‍ ഭീതിയുണ്ടാവില്ല. ശത്രുസ്നേഹം ‘മൗലികമായ ക്രൈസ്തവ വിപ്ലവത്തിന്‍റെ കാതലാണ്. സുവിശേഷം കല്പിക്കുന്ന ശത്രുസ്നേഹം (ലൂക്ക 6, 27) അഹിംസയുടെ മഹാപ്രമാണംതന്നെയാണ് (Magna Carta). അത് തിന്മയ്ക്ക് കീഴ്പ്പെടാതെ, തിന്മയ്ക്കു പകരം നന്മചെയ്യുന്നു (റോമ. 12, 17-21), അങ്ങനെ അനീതിയുടെ ചങ്ങല തകര്‍ക്കപ്പെടുന്നു. 

4. ഹിംസയെക്കാള്‍ ശക്തം

അഹിംസാമാര്‍ഗ്ഗം നീചമായ കീഴടങ്ങലല്ല അത് അലസതയോ നിസംഗതയോ അല്ല. അക്രമത്തെ വെല്ലുന്ന ശക്തിയാണ് അഹിംസ! നോബല്‍ സമ്മാന സ്വീകരണവേദിയില്‍ 1997-ല്‍ മദര്‍‍ തെരേസ അഹിംസയുടെ കര്‍മ്മബദ്ധമായ ചിന്തകളാണ് പങ്കുവച്ചത്. “കുടുംബങ്ങളിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ വിനാശകരമാകുന്ന തോക്കോ ബോംബോ നമുക്ക് ആവശ്യമില്ല. കുടുംബത്തില്‍ നാം ഒത്തുചേരുകയും, പരസ്പരം ക്ഷമിക്കുകയും സ്നേഹിക്കുകയുമാണ് വേണ്ടത്. അങ്ങനെ തിന്മയെ നമുക്ക് കീഴടക്കാം. ലോകത്തുള്ള തിന്മയെ കീഴടക്കാന്‍ അഹിംസയുടെ വഴികള്‍ക്ക് കരുത്തുണ്ട്.”  “ആയുധങ്ങളുടെ ശക്തി വഞ്ചനാത്മകമാണ്. ആയുധവിപണനം നടത്തി ചിലര്‍ ലാഭംകൊയ്യുമ്പോള്‍ സജീവമായ അഹിംസാ രാഷ്ട്രീയ ശൈലിയിലൂടെ പടിപടിയായി ആദ്യം ഒരാള്‍ക്കും, പിന്നെ മറ്റുള്ളവര്‍ക്കുമായി ജീവന്‍ സമര്‍പ്പിക്കുവാനും മുറിപ്പെട്ട ലോകത്തെ സുഖപ്പെടുത്തുവാനും ശ്രമിക്കുന്ന എളിയുമുള്ള നന്മയുടെയും സമാധാനത്തിന്‍റെയും പ്രയോക്താക്കള്‍ ലോകത്തു ധാരാളമുണ്ട്.”  മദര്‍ തെരേസ ഇക്കാലഘട്ടത്തിന് കാരുണ്യത്തിന്‍റെ പ്രതിബിംബമാണ്!

2016-ലെ സെപ്തംബറില്‍, അമ്മയെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയതില്‍ അതിയായി സന്തോഷിക്കുന്നു. ഏവര്‍ക്കും, വിശിഷ്യാ പാവങ്ങള്‍ക്കായുള്ള അമ്മയുടെ ലഭ്യത പ്രശംസാര്‍ഹമാണ്. പിറവിയെടുക്കാത്തതും, പരിത്യക്തവും അനാഥമാക്കപ്പെട്ടതുമായ മനുഷ്യജീവനോടുള്ള ആദരവും അതിന്‍റെ സംരക്ഷണവും ആര്‍ദ്രമാണ്. വഴിയോരങ്ങളില്‍ മരിക്കാന്‍ കിടക്കുന്നവരില്‍പ്പോലും ദൈവികമായ അന്തസ്സു കണ്ട്, ആ അമ്മ കുമ്പിട്ട് അവരെ പരിചരിക്കുമായിരുന്നു. ലോകത്ത് ഇന്നുള്ള ആവിഷ്കൃതമായ ദാരിദ്ര്യത്തിന്‍റെ രൂക്ഷത മനസ്സിലാക്കിക്കൊടുക്കാന്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ അധികാരികളുടെ മുന്നില്‍ അവര്‍ ശബ്ദമുയര്‍ത്തി. മനുഷ്യയാതനകളില്‍ പങ്കുചേരാനും, മുറിപ്പെട്ടവരെ തൊട്ടു സുഖപ്പെടുത്താനും, അവരുടെ തകര്‍ന്ന ജീവിതങ്ങള്‍ക്ക് സൗഖ്യംപകരാനും ആയിരങ്ങളും പതിനായിരങ്ങളും മദറിനെ അനുഗമിക്കുകയും, ആ പ്രേഷിതദൗത്യത്തോടു പ്രതികരിക്കുകയുംചെയ്തു.  അഹിംസയുടെ നിര്‍ണ്ണായകവും നിരന്തരവുമായ രീതികള്‍ക്ക് ശ്രദ്ധേയമായ ഫലപ്രാപ്തി നേടിയിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കായി മഹാത്മഗാന്ധിയും ഖാന്‍ അബ്ദുള്‍ ഗഫാര്‍ ഖാനും, വര്‍ണ്ണവിവേചനത്തിനെതിരെ മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയറും നടത്തിയ അഹിംസാസിദ്ധാന്തത്തില്‍ അടിയുറച്ച രാഷ്ട്രീയ നയങ്ങളും ത്യാഗപൂര്‍ണ്ണമായ നീക്കങ്ങളും മറക്കാനാവില്ല. അഹിംസയുടെ പ്രയോക്താക്കളായ സ്ത്രീകള്‍ ചരിത്രത്തിലുണ്ട്.  അക്രമരാഹിത്യത്തിന്‍റെ വഴി സ്വീകരിച്ച ലെയ്മാ ജീബോവെയും കൂട്ടുകാരികളും സമാധാനദൂതരാണ്. അവരുടെ പ്രാര്‍ത്ഥനാപൂര്‍ണ്ണവും അഹിംസാ മാര്‍ഗ്ഗേണയുമുള്ള പ്രതിഷേധമാണ് ഉന്നതതല സമാധാന സംഭാഷണത്തിന് വഴിതുറന്നതും, ലൈബീരിയയിലെ രണ്ടാമത്തെ ആഭ്യന്തരകലാപം ഇല്ലാതാക്കിയതും.                

യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ പതനം കണ്ട സംഭവബഹുലമായ പതിറ്റാണ്ട് നമുക്ക് മറക്കാനാകുമോ? നിരന്തരമായ പ്രാര്‍ത്ഥനയും ധീരമായ പ്രവര്‍ത്തനങ്ങളുംവഴി അവിടങ്ങളിലെയും മറ്റുരാജ്യങ്ങളിലെയും ക്രൈസ്തവസമൂഹങ്ങള്‍ അതിന് വഴിയൊരുക്കിയിട്ടുണ്ട്. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പ്രബോധനങ്ങളും പ്രേഷിതപ്രവര്‍ത്തനങ്ങളും പ്രത്യേകമാംവിധം അതിനെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ സമാധാനപൂര്‍ണ്ണമായ പ്രതിഷേധങ്ങളിലൂടെ, ‘സത്യത്തിന്‍റെയും നീതിയുടെയും ആയുധങ്ങള്‍’ ഉപോയോഗിച്ചുകൊണ്ട് രാഷ്ട്രങ്ങളും സമൂഹങ്ങളും മഹത്തായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചിട്ടുള്ളത് 1989-ലെ ചരിത്രസംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് തന്‍റെ മുന്‍ഗാമി ‘നൂറാംവര്‍ഷം’ Centesimus Annus, എന്ന ചാക്രിക ലേഖനത്തില്‍ ധ്യാനിക്കുന്നുണ്ട്.

“അഹിംസയോട് പ്രതിബദ്ധതയുള്ളവരാണ് സത്യത്തിന് സാക്ഷ്യംവഹിക്കുവാന്‍ കാലാകാലങ്ങളില്‍, അധികാര ശക്തികള്‍ക്ക് കീഴ്പ്പെടാതെ തന്നെ വിജയികളായിട്ടുള്ളത്.” പാപ്പാ തുടര്‍ന്നു പ്രസ്താവിക്കുന്നു, “അഭ്യന്തര പ്രശ്നങ്ങളില്‍ വര്‍ഗ്ഗസമരം ഇല്ലാതെയും, അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ യുദ്ധമില്ലാതെയും, നീതിക്കുവേണ്ടി ഹിംസയില്ലാതെയും പോരാടുവാന്‍ ജനങ്ങള്‍ പഠിക്കേണ്ടതാണ്.”               

അഹിസാത്മക മാര്‍ഗ്ഗങ്ങളിലൂടെ വിവിധ രാജ്യങ്ങളിലെ സമാധാനത്തിന്‍റെ ശാശ്വതമായ സംസ്ഥാപനത്തിനായി സഭ എപ്പോഴും ഇടപെട്ടിട്ടുണ്ട്.

ഏറ്റവും ഹിംസാത്മകമായും അക്രമത്തിന്‍റെയും രീതികളില്‍ പ്രവര്‍ത്തിക്കുന്നവരെപ്പോലും ഉള്‍പ്പെടുത്തിക്കൊണ്ട് സുസ്ഥിരവും നീതിയുക്തവുമായ സമാധാനം സ്ഥാപിക്കുന്നതിനു അത്തരം ശ്രമങ്ങള്‍ സഹായകമായിട്ടുമുണ്ട്. അനീതിയുടെയും അക്രമത്തിന്‍റെയും ഇരകളാകുന്നവര്‍ക്കു വേണ്ടിയുള്ള ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് കത്തോലിക്കാ സഭ മാത്രമല്ല, മറ്റു പല മതസമൂഹങ്ങളുമുണ്ട്. ഇതിന് വഴി തെളിക്കുന്നത് ‘അടിസ്ഥാന ഘടകങ്ങളായ കാരുണ്യവും അഹിംസയുമാണ്’.   “ഭീകരവാദം ഒരു മതത്തിന്‍റെയും ഭാഗമല്ല!” ഞാന്‍ ഉറപ്പിച്ചു പറയുകയാണ്.  കാരണം ദൈവനാമത്തെ ഹിംസ തമസ്ക്കരിക്കുന്നു”. ആവര്‍ത്തിച്ചു പറയാന്‍ നാം മടിക്കരുത്. “അക്രമത്തെ സാധൂകരിക്കാന്‍ നാം ഒരിക്കലും ദൈവനാമം ഉപയോഗിക്കരുത്. സമാധാനം! അതേ, സമാധാനം മാത്രമാണ് വിശുദ്ധമായത്!! യുദ്ധമല്ല!”  

5. അഹിംസാരാഷ്ട്രീയത്തിന്‍റെ  ഗാര്‍ഹികവേരുകള്‍

മനുഷ്യഹൃദയങ്ങളില്‍നിന്നാണ് അക്രമം ഉടലെടുക്കുന്നതെങ്കില്‍ കുടുംബങ്ങളിലാണ് അഹിംസയുടെ അടിസ്ഥാനപാഠങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടത്. ദാമ്പത്യത്തെയും കുടുംബത്തെയും കുറിച്ച് രണ്ടുവര്‍ഷക്കാലം നീണ്ട സഭയുടെ പഠനത്തിനുശേഷം 2016 മാര്‍ച്ചു മാസത്തില്‍ പ്രസിദ്ധപ്പെടുത്തിയ അപ്പസ്തോലിക പ്രബോധനമാണ് Amoris Laetitia,  ‘സ്നേഹത്തിന്‍റെ ആനന്ദം’. അതില്‍  പരാമര്‍ശിക്കുന്ന സ്നേഹത്തില്‍ വിരിയുന്ന ആനന്ദമാണ് ഈ ചിന്തയ്ക്ക് ആധാരം.  ദമ്പതികളും മാതാപിതാക്കളും മക്കളും, സഹോദരങ്ങളും തമ്മില്‍ ആശയവിനിമയം ചെയ്യുവാന്‍ പഠിക്കുന്ന ഇടമാണ് കുടുംബം. ശക്തി ഉപയോഗിച്ചല്ല, മറിച്ച് മറ്റൊരാളുടെ നന്മയെ ചൊല്ലി, കലഹങ്ങളെയും സംഘര്‍ഷങ്ങളെയും പരസ്പര ബഹുമാനത്തോടെയും ഉദാരമനസ്കതയോടെയും സംവാദത്തിലൂടെ പരിഹരിക്കുവാന്‍ കഴിയുന്ന ‘കഠിനപരീക്ഷണങ്ങളുടെ തീച്ചൂള’യാണ് കുടുംബം. കുടുംബങ്ങളില്‍നിന്നാണ് ‘സ്നേഹത്തിന്‍റെ ആനന്ദം ‘ആദ്യം സമൂഹത്തിലേയ്ക്കും, പിന്നെ ലോകമെമ്പാടേയ്ക്കും തുളുമ്പി ഒഴുകേണ്ടത്. 

 വ്യക്തികള്‍ക്കിടയിലും ജനതകള്‍ക്കിടയിലും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ധാര്‍മ്മികത സൃഷ്ടിക്കാന്‍ ഭീതിയുടെയും അക്രമത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും യുക്തിക്ക് സാധിക്കുകയില്ല. മറിച്ച് ഉത്തരവാദിത്വത്തിന്‍റെയും പരസ്പരാദരവിന്‍റെയും ആത്മാര്‍ത്ഥമായ സംവാദത്തിന്‍റെയും പാതയില്‍ അത് സാധിക്കും.  ഈ ധാര്‍മ്മികതയെ പിന്‍തുണയ്ക്കുന്നതിന് ആണവ യുദ്ധഭീഷണിയും ക്രൂരമായ പരസ്പര നാശവും അപര്യാപ്തമാണ്. അതുകൊണ്ടാണ് നിരായുധീകരണത്തിനും, ആണവായുധങ്ങളുടെ നിരോധനത്തിനും ഇല്ലാതാക്കലിനുമായി നിരന്തരമായി അഭ്യര്‍ത്ഥിക്കുന്നത്. ഇതേ ആര്‍ജ്ജവത്തോടെ തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഗാര്‍ഹിക തലത്തില്‍ നടക്കുന്ന അതിക്രമങ്ങളെയും അപലപിക്കുന്നു.

നമ്മിലേയ്ക്കു ആഴമായി ഇറങ്ങിച്ചെല്ലാനും, ദൈവത്തിന്‍റെ കരുണ സ്വീകരിക്കാനും നവംബറില്‍ അവസാനിച്ച കാരുണ്യത്തിന്‍റെ ജൂബിലി പ്രചോദനം നല്കിയിട്ടുണ്ട്. നിസ്സംഗതയും അനീതിയും അതിക്രമങ്ങളും അനുഭവിക്കുന്ന വൈവിധ്യവും വ്യത്യസ്തതയുമുള്ള വ്യക്തികളെയും സമഹൂങ്ങളെയും ഈ ജൂബിലിനാളി‍ല്‍ നാം എത്രത്തോളം കണ്ടതാണ്. അവര്‍ നമ്മുടെ ‘കുടുംബ’ത്തിന്‍റെ ഭാഗമാണ്! അവര്‍ നമ്മുടെ സഹോദരിയും സഹോദരനുമാണ്. അഹിംസയുടെ രാഷ്ട്രീയ ശൈലി നമ്മുടെ കുടുംബങ്ങളില്‍നിന്ന് ആരംഭിച്ച്, മാനവകുടുംബത്തിലേയ്ക്ക് മുഴുവനായി വ്യാപിക്കണം.  “സമാധാനത്തിന്‍റേയും സൗഹൃദത്തിന്‍റെയും വിത്തുവിതയ്ക്കുന്ന ഒരു ചെറിയ പ്രവൃത്തിയുടെ - ചെറുപുഞ്ചിരിയുടെയോ, കരുണയുള്ളൊരു വാക്കിന്‍റെയോ നഷ്ടം നമ്മില്‍നിന്നും ഉണ്ടാകാതിരിക്കുവാനുള്ള സ്നേഹത്തിന്‍റെ ചെറുവഴി” കണ്ടെത്താനാണ് ലിസ്സ്യൂവിലെ കൊച്ചുത്രേസ്യാ പുണ്യവതി നമ്മെ ക്ഷണിക്കുന്നത്! സമഗ്രതയുളള പരിസ്ഥിതിയെന്നു പറയുന്നത് സ്വാര്‍ത്ഥതയുടെയും ചൂഷണത്തിന്‍റെയും അക്രമത്തിന്‍റെയും യുക്തിയെ അതിലംഘിക്കുന്ന ലളിതമായ ദൈനംദിന നടപടികളാണ്.

6. എന്‍റെ ക്ഷണം

ധാര്‍മ്മിക നിയമങ്ങളിലൂടെ സമാധാനം ആര്‍ജ്ജിക്കുവാനുള്ള സഭയുടെ നിരന്തര പരിശ്രമത്തെ സമ്പന്നവും സമ്പൂര്‍ണ്ണവുമാക്കുന്ന ഏറെ സ്വാഭാവികവും അനിവാര്യവുമായ ഉപാധിയാണ് സജീവമായ അഹിംസയിലൂടെ സമാധാനം വളര്‍ത്തുകയെന്നത്. എല്ലാത്തലത്തിലുമുള്ള നിയമനിര്‍മ്മാണങ്ങളിലൂടെ ഇതര ക്രൈസ്തവസമൂഹങ്ങളും അന്താരാഷ്ട്ര സംഘടനകളും നല്കുന്ന സമര്‍ത്ഥമായ സംഭാവനകളില്‍ ഭാഗഭാക്കുകളായിക്കൊണ്ടാണ് സഭ ഇത് നിര്‍വഹിക്കുന്നത്. ഗിരിപ്രഭാഷണത്തിലൂടെയാണ് സമാധാന സ്ഥാപനത്തിനുള്ള മാര്‍ഗ്ഗരേഖ യേശു നല്കുന്നത്.  അനുഗ്രഹീതനും നന്മസമ്പൂര്‍ണ്ണനും വിശ്വാസയോഗ്യനുമായ ഒരു വ്യക്തിയുടെ ചിത്രമാണ് സുവിശേഷത്തിലെ‍ അഷ്ടഭാഗ്യങ്ങളിലൂടെ ക്രിസ്തു മുന്നോട്ടുവയ്ക്കുന്നത്. ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര്‍ ഭാഗ്യവാന്മാര്‍, അവര്‍ ഭൂമി കൈവശമാക്കും, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കു സംതൃപ്തി ലഭിക്കും  (മത്തായി 5, 3-10).              

മതനേതൃത്വങ്ങള്‍ക്കും അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കള്‍ക്കും വ്യാവസായിക-മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ക്കും, തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ യഥാക്രമം നിര്‍വ്വഹിക്കുന്നതിന് അഷ്ടഭാഗ്യങ്ങള്‍ ശരിയായ കര്‍മ്മപദ്ധതിയാണ്. ജനതകളെയും സമൂഹങ്ങളെയും സ്ഥാപനങ്ങളെയും സമാധാന സ്ഥാപകരാക്കുകയെന്നത് വെല്ലുവിളിയാണ്. ഏതുവിധേനയും കാരുണ്യം പ്രകടമാക്കിക്കൊണ്ട് ജനങ്ങളെ അവഗണിക്കാതെയും, പരിസ്ഥിതി വിനാശം വരുത്താതെയുമാണ് ജീവിതം നേട്ടവും വിജയവുമാക്കേണ്ടത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍, സംഘര്‍ഷങ്ങളെ നേരിടുന്നതിലും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും നവരൂപമായി അതിനെ കണ്ണിചേര്‍ക്കുന്നതിനും ഇച്ഛാശക്തി ആവശ്യമാണ്. ഇപ്രകാരം പ്രവര്‍ത്തിക്കുന്നതിനും ഇക്കാലഘട്ടത്തിന്‍റെ ചരിത്രനിര്‍മ്മിതിക്കും കൂട്ടായ്മയുടെവഴി നാം തിരഞ്ഞെടുക്കുകയും സമൂഹത്തില്‍ സൗഹൃദം വളര്‍ത്തേണ്ടിയുമിരിക്കുന്നു.

സംഘര്‍ഷത്തെക്കാള്‍ യഥാര്‍ത്ഥത്തില്‍ ഫലദായകവും ശക്തിമത്തും ഐക്യമാണെന്നു കാണിച്ചുകൊടുക്കുവാന്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരേണ്ടതും സജീവവുമായ അഹിംസയ്ക്ക് കഴിവുണ്ട്. വിഭിന്നതകള്‍ തീര്‍ച്ചയായും സംഘര്‍ഷത്തിന് ഇടവരുത്തും. പക്ഷെ നാം അതിനെ ക്രിയാത്മകമായും അഹിംസാത്മകമായും അഭിമുഖീകരിക്കണം. അങ്ങനെ, ഇരുഭാഗത്തുമുള്ള പ്രയോജനകരവും പ്രസക്തവുമായ കാര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ, സംഘര്‍ഷങ്ങളെയും എതിര്‍പ്പുകളെയും വൈവവിധ്യമെങ്കിലും ജീവദായകമായ കൂട്ടായ്മയായി മാറ്റിയെടുക്കാം. 

ക്രിയാത്മകവും സജീവവുമായ അഹിംസയിലൂടെ സമാധാനം സൃഷ്ടിക്കുവാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സഭയുടെ സഹായം വാഗ്ദാനംചെയ്യുന്നു. 2017-ലെ ജനുവരി 1-Ɔ൦ തിയതി മുതല്‍ സമഗ്ര മാനവവികസനത്തിനുള്ള സഭയുടെ വകുപ്പ് (Dycastery for Integral Huamn Development) പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ‘അമൂല്യ നന്മകളായ’ നീതി, സമാധാനം എന്നിവയ്ക്കുവേണ്ടിയും, സൃഷ്ടിയുടെ പരിരക്ഷണത്തിനും, കുടിയേറ്റക്കാരുടെ ശുശ്രൂഷയ്ക്കും, അടിയന്തിരമായി സഹായം ആവശ്യമുള്ള ജനസഞ്ചയങ്ങളെ പിന്‍തുണയ്ക്കാനും, രോഗികളെയും, പ്രകൃതി ക്ഷോഭങ്ങളില്‍പ്പെട്ടവരെയും, എല്ലാത്തരത്തിലുമുള്ള അടിമത്വങ്ങള്‍ക്കും, പീഡനങ്ങള്‍ക്കും വിധേയരാകുന്നവരെയും തുണയ്ക്കുന്നതിനുള്ള സഭയുടെ പരിശ്രമത്തെ ഈ വകുപ്പ് പൂര്‍വ്വോപരി കാര്യക്ഷമമായി പിന്‍തുണയ്ക്കും. എത്ര നിസ്സാരമെങ്കിലും, ഹിംസയില്ലാത്തൊരു ലോകം സൃഷ്ടിക്കാനുള്ള സഭയുടെ എല്ലാചുവടുവയ്പ്പുകളും നീതിയുടെയും സമാധാനത്തിന്‍റെയും പാതയിലായിരിക്കും.

7. ഉപസംഹാരം

പതിവനുസരിച്ച്, അമലോത്ഭവ നാഥയുടെ മഹോത്സവനാളായ ഡിസംബര്‍ 8-Ɔ൦ തിയതി  ഈ സന്ദേശത്തില്‍ ഒപ്പുവയ്ക്കുന്നു. മറിയമാണ് സമാധാനരാജ്ഞി! അവിടുത്തെ പുത്രന്‍റെ ജനനത്തില്‍ മാലാഖമാര്‍ ദൈവത്തിനു മഹത്വവും ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ആശംസിച്ചു (ലൂക്കാ 2, 14). അമ്മയുടെ സഹായം നമുക്കു തേടാം.                 

എല്ലാവരും സമാധാനം ആഗ്രഹിക്കുന്നുണ്ട്. ചെറിയ ചെറിയ കാര്യങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഒത്തിരിപേര്‍ സമാധാനത്തിനായി പരിശ്രമിക്കുന്നുണ്ട്. പലവിധ സഹനങ്ങളും അതിനായി അവര്‍ നേരിടുന്നുണ്ട്. എങ്കിലും സമാധാനദൂതന്മാരായി ജീവിക്കാന്‍തന്നെ അവര്‍ ക്ഷമാപൂര്‍വ്വം പരിശ്രമിക്കുന്നു. ഹൃദയത്തില്‍നിന്നും അക്രമങ്ങളെയും, ഹിംസയെയും ബഹിഷ്ക്കരിക്കുവാന്‍ ഈ പുതുവത്സരത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വവും ആത്മാര്‍ത്ഥവുമായി പരിശ്രമിക്കാം. ‘മനസാ വാചാ കര്‍മ്മണാ’ ഹിംസ ഉപേക്ഷിക്കാം! അഹിംസാത്മകമായ സമൂഹസൃഷ്ടിക്കായി നമ്മുടെ പൊതുഭവനമായ ഭൂമിക്കുവേണ്ടി പ്രാര്‍ത്ഥിക്കാം, പരിശ്രമിക്കാം! ദൈവത്തിലേയ്ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം തിരിയുകയാണെങ്കില്‍ ഒന്നും അസാദ്ധ്യമല്ല. നമുക്ക് ഓരോരുത്തര്‍ക്കും സമാധാനത്തിന്‍റെ പ്രയോക്താക്കളാകാന്‍ സാധിക്കും!

2016 ഡിസംബര്‍ 8

വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ്

 

The message is translated by Job Nellikkal








All the contents on this site are copyrighted ©.