2016-12-31 12:27:00

“സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗം”


റോമന്‍ കൂരിയായയില്‍ പുതിയൊരു കാര്യാലയമായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന “സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗം” പുതുവത്സരദിനത്തില്‍, അതായത് 2017 ജനുവരി ഒന്നിന് നിലവില്‍ വരും.

നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, കോര്‍ ഊനും പൊന്തിഫിക്കല്‍ സമിതി, കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ 2016 ആഗസ്റ്റ് 17ന് ആണ് “ഹുമാനാം പ്രോഗ്രെസിയോനെം” – “മാനവ പുരോഗതി” എന്ന “മോത്തു പ്രോപ്രിയൊ” അഥവാ, സ്വയാധികാരപ്രബോധനം വഴി ഈ പുതിയ വിഭാഗം സ്ഥാപിച്ചത്.

ആകയാല്‍ 2016 ഡിസമ്പര്‍ 31 ന് ഈ പൊന്തിഫിക്കല്‍ സമിതികളുടെ നൈയമികാസ്തിത്വം അവസാനിച്ചു.

ജനുവരി ഒന്നിന് തത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച “സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗ”ത്തിന്‍റെ ചുമതല കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണിനാണ്.

പാപ്പായുടെ തീരുമാനമനുസരിച്ച് ശനിയാഴ്ചയോടെ (31/12/16) പ്രവര്‍ത്തനം അവസാനിച്ച പൊന്തിഫിക്കല്‍സമിതികളില്‍ ഒന്നായ നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം.








All the contents on this site are copyrighted ©.