2016-12-31 12:48:00

പ്രാര്‍ത്ഥനായജ്ഞം: വൈദികന്‍ ടോം ഉഴുന്നാലിലിന്‍റെ മോചനത്തിന്


യെമനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളി സലേഷ്യന്‍ വൈദികന്‍ ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി പുതുവത്സരദിനത്തില്‍ കേരളകത്തോലിക്കര്‍ പ്രാര്‍ത്ഥനായജ്ഞങ്ങള്‍ നടത്തും.

കേരളത്തിലെ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തിലാണ് ഈ പ്രാര്‍ത്ഥനായജ്ഞം.

കത്തോലിക്കാ കോണ്‍ഗ്രസ്സിന്‍റെ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച (01/01/17) എറണാകുളത്ത് സെന്‍റ് മേരീസ് കത്തീദ്രല്‍ ബസിലിക്കയില്‍ നടക്കുന്ന പ്രാര്‍ത്ഥനായജ്ഞം സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ സമഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നയിക്കും എന്ന് ദീപിക ദിനപ്പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കാണുന്നു.

2016 മാര്‍ച്ച് നാലിനാണ് യെമനിലെ ഏദനില്‍ നിന്ന് ഐ എസ് ഭീകരര്‍ പാലാ രാമപുരം സ്വദേശിയായ വൈദികന്‍ ടോമിനെ തട്ടിക്കൊണ്ടു പോയത്.

തെക്കന്‍ യെമനിലെ ഏദനില്‍ വിശുദ്ധ മദര്‍ തെരേസയുടെ സന്ന്യാസിനി സമൂഹം, ഉപവിയുടെ പ്രേഷിതകള്‍ (മിഷണറീസ് ഓഫ് ചാരിറ്റി) നടത്തുന്ന വൃദ്ധ സദനത്തില്‍ ആദ്ധ്യാത്മിക ശുശ്രൂഷയ്ക്കെത്തിയ ഫാദര്‍ ടോമിനെ ആയുധധാരികള്‍ 16 പേരെ കൊലപ്പെടുത്തിയതിനു ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു.

തന്നെ മോചിപ്പിക്കുന്നതിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യണമെന്ന് ക്ഷീണിതനായ ഫാദര്‍ ടോം അഭര്‍ത്ഥിക്കുന്ന കരളലിയിക്കുന്ന വീഡിയൊ ദൃശ്യം ഏതാനും ദിവസം മുമ്പ് പുറത്തുവന്നിരുന്നു.

 








All the contents on this site are copyrighted ©.