2016-12-30 12:38:00

സിറിയയില്‍ വീഴുന്ന ബോംബും ചിന്തപ്പെടുന്ന രക്തവും


സിറിയയില്‍ വീഴുന്ന ഓരോ ബോംബും അവിടെ ചിന്തപ്പെടുന്ന നിരപരാധികളുടെ ഓരോ തുള്ളി രക്തവും അന്നാടിന്‍റെ മതസാമൂഹ്യപരങ്ങളായ നാനോപലഖചിത ചിത്രത്തെ, മൊസൈക് ചിത്രത്തെ, ആസൂത്രിതമായും പടിപടിയായും തകര്‍ക്കലാണെന്ന് അന്നാട്ടിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ കര്‍ദ്ദിനാള്‍ മാരിയൊ ത്സെനാറി.

പരിശുദ്ധസിംഹസാനത്തിന്‍റെ ദിനപ്പത്രമായ ലൊസ്സെര്‍വത്തോരെ റൊമാനൊയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.

സിറിയയിലെ ക്രൈസതവര്‍ സേതുബന്ധമെന്ന പോലെ സാര്‍വ്വത്രികതയുടെ ദൃശ്യമായ അടയാളണമെന്നും സംഭാഷണത്തിന്‍റെയും പരസ്പരബന്ധത്തിന്‍റെയും ഒരു ബിന്ദുവാണെന്നും വിശേഷിപ്പിച്ച കര്‍ദ്ദിനാള്‍ ത്സെനാറി ഈ ഘടകത്തിന്‍റെ   അഭാവത്തില്‍ സിറിയയുടെ മതസാമൂഹ്യപരജീവിത ചിത്രത്തിന് കേടുപാടുകള്‍ സംഭവിക്കുന്നുവെന്ന് പറഞ്ഞു.

അന്നാട്ടില്‍ നിന്ന് ക്രൈസ്തവര്‍ മാത്രമല്ല മറ്റുള്ളവരും പലായനം ചെയ്യുന്നത് അവസാനിക്കണമെങ്കില്‍ സംഘര്‍ഷങ്ങള്‍ക്ക് അറുതിയുണ്ടാകണമെന്നും രാഷ്ട്രീയ ധാരണയും മാനവികസഹായവും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് നിശ്ചയദാര്‍ഢ്യം അനിവാര്യമാണെന്ന വസ്തുത എടുത്തുകാട്ടിയ കര്‍ദ്ദിനാള്‍ ത്സെനാറി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശക്തികള്‍ക്ക് അതില്ലെന്ന് കുറ്റപ്പെടുത്തി.

സിറിയയില്‍ സമാധാനം സംസ്ഥാപിക്കുന്ന പ്രക്രിയയില്‍ മതനേതാക്കള്‍ക്ക്   നിര്‍ണ്ണായക പങ്കുവഹിക്കാനാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

 








All the contents on this site are copyrighted ©.