2016-12-30 09:21:00

കുടിയേറ്റക്കാര്‍ക്കൊപ്പം ‘നേര്‍ക്കാഴ്ചയുടെ വാരം’ ആചരിക്കും


അമേരിക്കയിലെ കത്തോലിക്കര്‍ കുടിയേറ്റക്കാരോട് നേര്‍ക്കാഴ്ചയുടെ സംസ്ക്കാരം (Culture of Encounter) വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന അറിയിച്ചു.

2017 ജനുവരി 8 പ്രത്യക്ഷീകരണത്തിരുനാള്‍ മുതല്‍, 14-Ɔ൦ തിയതി ശനിയാഴ്ച ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍വരെയുള്ള ഒരാഴ്ചയാണ് നേര്‍ക്കാഴ്ചയുടെയും കൂട്ടായ്മയുടെയും വാരമായി അമേരിക്കയിലെ കത്തോലിക്കര്‍ ആചരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍, വിശിഷ്യാ രാജ്യത്തെത്തുന്ന കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായവരോട് നേര്‍ക്കാഴ്ചയുടെയും സഹാനുഭാവത്തിന്‍റെയും സമീപനരീതി വളര്‍ത്താന്‍ പരിശ്രമിക്കണമെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും ലൂയിവീലയുടെ (Archdiocese of Louisville) മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്സ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

ജീവിതപരിസരങ്ങളുടെ യഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നുകൊണ്ട് കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, കുട്ടികള്‍, മനുഷ്യക്കടത്തിന് ഇരകളായവര്‍ എന്നിവരെ നേരില്‍ കാണുവാനും വ്യക്തികളും സമൂഹങ്ങളും സംഘടകളും കാരുണ്യപ്രവര്‍ത്തികളിലൂടെ അവരെ സഹായിക്കുകയും അവരെ ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒരു സംസ്കൃതി (A Culture of Encounter) അമേരിക്കന്‍ സമൂഹത്തില്‍ വളര്‍ത്താനുള്ള ശ്രമമാണിതെന്ന് ആര്‍ച്ചുബിഷപ്പ് കൂട്സ് ഡിസംബര്‍

29-ന് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

നമ്മുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അപ്പുറം അപരന്‍റെ ആവശ്യവും ആഗ്രഹവും കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയാണ് ഈ ദിനങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്നത്. പരിത്യക്തരും വ്രണിതാക്കളുമായ വിദൂരസ്ഥരായ ജനങ്ങളെ നേരില്‍ കണ്ടു കാര്യങ്ങള്‍ ആരായാനും സഹായിക്കാനും പരിശ്രമിക്കുന്നൊരു പദ്ധതിയാണിത്.  എളിയവരിലും ക്ലേശിക്കുന്നവരിലും ക്രിസ്തുവിനെ കണ്ടെത്തുന്ന സുവിശേഷത്തിലെ മൗലികവീക്ഷണമാണ് നേര്‍ക്കാഴ്ചയുടെ വാരാചരണത്തിനു പിന്നിലെ ആത്മീയ ബലതന്ത്രമെന്ന് ആര്‍ച്ചുബിഷപ്പ് കൂട്സ് വിശദീകരിച്ചു.

കുടിയേറ്റക്കാരെ കുറ്റക്കാരും, ശല്യക്കാരും, ഉപദ്രവകാരികളുമായി സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ് ഈ സുവിശേഷ നയമെന്ന് ആര്‍ച്ചുബിഷപ്പ് കൂട്സ് വ്യക്തമാക്കി.

നേര്‍ക്കാഴ്ചയുടെ ഈ ദേശീയ വാരാഘോഷം കുടിയേറ്റക്കാരെ ദൈവമക്കളായി ആശ്ലേഷിക്കാനുള്ള പ്രചോദനമേകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 








All the contents on this site are copyrighted ©.