2016-12-29 16:07:00

സഭാദര്‍ശനം പരിപാടി: അമോറിസ് ലെത്തീസ്യ - 22


സ്നേഹത്തിന്‍റെ സന്തോഷം എന്ന രേഖയുടെ പഠനപരമ്പരയുടെ അവസാനഭാഗത്ത് ഒന്‍പത് അധ്യായങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഈ രേഖയുടെ സാരസംഗ്രഹത്തിലൂടെ കടന്ന് അതിന്‍റെ അവസാനത്തില്‍ ഫ്രാന്‍സീസ് പാപ്പാ നല്കിയിരിക്കുന്ന പ്രാര്‍ഥനയില്‍ പങ്കുചേരുകയാണ് നാം ചെയ്യുക.

ഈ വര്‍ഷം, അതായത് 2016-ല്‍ മാര്‍ച്ച് 19-ന് ഫ്രാന്‍സീസ് പാപ്പാ എഴുതി പൂര്‍ത്തിയാക്കി ഒപ്പുവച്ച് ഏപ്രില്‍ എട്ടാംതീയതി പ്രസിദ്ധീകരിച്ച അപ്പസ്തോലികാഹ്വാനമാണ് അമോറിസ് ലെ ത്തീസ്യ (Amoris Laetitia).  വത്തിക്കാന്‍ വെബ്സൈറ്റില്‍ മാര്‍ച്ച് പത്തൊമ്പതാംതീയതി മുതല്‍ ആറു ഭാഷകളില്‍ ഇതു ലഭ്യമായിരുന്നു.  അപ്പസ്തോലികാഹ്വാനങ്ങള്‍ സാധാരണയായി മെത്രാ ന്മാരുടെ സിനഡിനുശേഷമാണ് പുറപ്പെടുവിക്കുക.  അങ്ങനെയുള്ളവ സിനഡനന്തര അപ്പസ്തോലികാഹ്വാനം (Post Synodal Apostolic Exhortation) എന്ന ഉപശീര്‍ഷകത്തോടുകൂടിയായിരിക്കും പ്രസിദ്ധീകരിക്കപ്പെടുക.  കുടുംബത്തെക്കുറിച്ചു 2014-ലും 2015-ലും സംഘടിപ്പിച്ച മെത്രാന്മാരുടെ സിനഡിനുശേഷം പുറപ്പെടുവിച്ച രേഖയാണ് അമോറിസ് ലെത്തീസ്യ. സിനഡു പിതാക്കന്മാരുടെ ചര്‍ച്ചാഫലങ്ങളോടൊപ്പം, ലോകമാസകലമുള്ള എല്ലാ രൂപതകളിലെയും ചര്‍ച്ചാഫലങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

കുടുംബം അത് ഗാര്‍ഹികസഭയാണ് എന്ന് തിരുസ്സഭ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ് (തിരുസ്സഭ 11; കുടുംബങ്ങള്‍ക്കൊരെഴുത്ത് 3 etc.).  ഗാര്‍ഹികസഭ തിരുസ്സഭയുടെ അടിസ്ഥാനഘടകമാണ്.  കുടുംബങ്ങളില്ലെങ്കില്‍ ധാര്‍മികജീവിതമോ, സാമൂഹ്യ, സാമുദായിക രാഷ്ട്രീയജീവിതമോ സുകരമാവില്ല എന്ന് അധികമാലോചിക്കാതെ തന്നെ നമുക്കു മനസ്സിലാക്കാവുന്നതേ ഉള്ളു. വിവാഹകുടുംബ ജീവിതങ്ങളുടെ കെട്ടുറപ്പ് മാനവസമുദായത്തിന്‍റെ നിലനില്‍പ്പിന്, സംതൃപ്തജീ വിതത്തിന് അവശ്യമാണ് എന്നതില്‍ തര്‍ക്കമില്ല. ദൈവികപദ്ധതിയില്‍ കുടുംബത്തിനുള്ള സ്ഥാനം ദൈവവചനത്തില്‍ നിന്നു വ്യക്തവും സഭാപ്രബോധനങ്ങളില്‍ നിരന്തരമായി പ്രഘോഷിക്കപ്പെടുന്നതുമാണ്. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് പാപ്പാ, ‘’കുടുംബങ്ങള്‍ അനുഭവിക്കുന്ന സ്നേഹത്തിന്‍റെ സന്തോഷം സഭയുടെയും സന്തോഷമാണ്’’ എന്ന വാക്കുകളാല്‍ ഈ രേഖ ആരംഭിച്ചിരിക്കുന്നത്.

കുടുംബത്തിനടിസ്ഥാനമിടുന്ന വിവാഹത്തെ സംബന്ധിച്ച് ആമുഖത്തില്‍ത്തന്നെ, പത്താമത്തെ ഖ ണ്ഡികയില്‍ പാപ്പാ പറയുന്നത് ഒരിക്കല്‍ക്കൂടി നമ്മുടെ ശ്രദ്ധയ്ക്കു വിഷയീഭവിപ്പിക്കാം.  ദൈവ ത്തിന്‍റെ ഛായയില്‍ സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു എന്നത് പുരുഷനും സ്ത്രീയുമായ ദമ്പതികളെ പരാമര്‍ശിക്കുന്നുവെന്നത് വ്യക്തമാണ്. ദൈവത്തിന്‍റെ അതിശായിത്വം സൂക്ഷി ക്കപ്പെടുമ്പോഴും ദമ്പതികളുടെ ഫലപൂര്‍ണതയിലൂടെ അവര്‍ സൃഷ്ടാവുകൂടിയായ ദൈവത്തിന്‍റെ ഒരു പ്രതിച്ഛായയാണ്, അതായത്, സ്നേഹിക്കുകയും ജീവനെ ജനിപ്പിക്കുകയുംചെയ്യുന്ന ദമ്പതികള്‍ യഥാര്‍ഥത്തില്‍ സ്രഷ്ടാവും രക്ഷകനുമായ ദൈവത്തെ വെളിപ്പെടുത്താന്‍ കഴിവുള്ള സജീവമായ ഐക്കണ്‍ ആണ്.

ആദ്യാധ്യായത്തില്‍ത്തന്നെ ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ വിവാഹവും കുടുംബവും ദൈവി കപദ്ധതിയാണ് എന്ന് പാപ്പാ ഉറപ്പിച്ചുപറയുന്നത് കാണാം. വിവാഹജീവിതം കുടുംബജീവിതമാകുന്നത് മക്കളുടെ ജനനത്തോടെയാണ്.  സഹനത്തിന്‍റെയും രക്തം ചൊരിയലിന്‍റെയുമായ ഒരു പാതതന്നെയാണ് കുടുംബജീവിതമെന്ന സത്യം അംഗീകരിച്ചുകൊണ്ട് അത് ദൈവികപാത തന്നെയാണ് എന്നു ഫ്രാന്‍സീസ് പാപ്പാ വിവാഹിതരെയും കുടുംബജീവിതങ്ങളെയും ഓര്‍മിപ്പിക്കുന്നു.

കുടുംബങ്ങളുടെ അനുഭവങ്ങളും അവ നേരിടുന്ന വെല്ലുവിളികളും ഇന്നത്തെ കാലഘട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ വിവരിക്കുന്നതാണ് രണ്ടാം അധ്യായം. ഒരു കുടുംബം തുടങ്ങാന്‍ യുവജനങ്ങളെ നിര്‍ബന്ധിക്കാത്ത ഒരു സംസ്ക്കാരത്തിലാണ് നാം ജീവിക്കുന്നതെന്നു പരിതപിക്കുന്ന പാപ്പാ കുടുംബം സ്നേഹത്തില്‍ ഒരുമിക്കുന്നതിനാവശ്യമായ ലളിതവും എന്നാല്‍ പ്രായോഗി കവുമായ ഒരുപാടു ഉപദേശങ്ങളിലൂടെ ഈ അധ്യായത്തെ അര്‍ഥപൂര്‍ണമാക്കുന്നുണ്ട്.

മൂന്നാമധ്യായത്തില്‍ കുടുംബത്തിന്‍റെ വിളിയെക്കുറിച്ചാണ് സംസാരിക്കുക.  കുടുംബങ്ങള്‍ക്കും ഒരു ദൗത്യമുണ്ട്.  തിരുസ്സഭ അതിന്‍റെ സ്വഭാവത്താലെതന്നെ പ്രേഷിതയാണെന്ന് രണ്ടാം വത്തി ക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (പ്രേഷിതപ്രവര്‍ത്തനം 2).  അങ്ങനെയെങ്കില്‍  ഗാര്‍ഹികസഭയെന്നു വിളിക്കപ്പെടുന്ന ക്രിസ്തീയ കുടുംബങ്ങളും പ്രേഷിതകുടുംബങ്ങളായിരിക്കണം. ദൈവികപദ്ധതിക്കനുസരിച്ചു ജീവിച്ചു കൊണ്ടാണ് ആ വിളി ജീവിക്കേണ്ടത്.  അവിടെ ജീവന്‍ പകരുകയും ദൈവം നല്കുന്ന സന്താന ങ്ങളെ ദൈവനിയമങ്ങള്‍ക്കനുസരിച്ചു വളര്‍ത്തിക്കൊണ്ടുമായിരിക്കണം ദൈവം ദമ്പതികളെ ഭര മേല്‍പ്പിച്ചിരിക്കുന്ന ദൗത്യം നിര്‍വഹിക്കുന്നത്.  കൂടാതെ സുവിശേഷത്തിലേക്ക് യേശു ചൈതന്യത്തിലേക്ക് മറ്റുള്ളവരെ ആനയിച്ചുകൊണ്ടും കുടുംബങ്ങള്‍ പ്രേഷിതകുടുംബങ്ങളാകണം.  കുടും ബത്തില്‍നിന്ന് പ്രത്യേകമായി പ്രേഷിതരുണ്ടാകുന്നതിനു പ്രോത്സാഹിപ്പിക്കുക, പ്രേഷിതര്‍ക്കുവേ ണ്ടി പ്രാര്‍ഥിക്കുക, പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങള്‍ക്കുള്ളവയില്‍ നിന്നു ദാനം ചെയ്യുക, കുടുംബപരമായി പ്രേഷിതപ്രവര്‍ത്തനത്തോട് ആഭിമുഖ്യം ഉണ്ടായിരിക്കുക ഇതൊക്കെ കുടുംബത്തിന്‍റെ പ്രേഷിതദൈവവിളി തന്നെയാണ്. 

കുടുംബാംഗങ്ങളുടെ സ്നേഹം തന്നെ മറ്റുള്ളവര്‍ക്കു മാതൃകയാകുന്ന രീതിയിലായിരിക്കണം എന്നത് പരമപ്രധാനമാണ്.  അതുകൊണ്ട് യേശുവിലേക്കു നോക്കി വേണം കുടുംബം ജീവിക്കേ ണ്ടത്. കുടുംബജീവിതത്തെക്കുറിച്ചുള്ള സഭയുടെ പ്രമാണരേഖകള്‍ ഇവിടെ വിവരിക്കുന്നുണ്ട്.  വിവാഹം ഒരു കൂദാശയാണെന്നും കൂദാശാപരമായ കുടുംബജീവിതത്തിന്‍റെ ആവശ്യകത എന്താണെന്നും വ്യക്തമാക്കുന്ന ഈ ഭാഗം ദൈവവചനവിത്തുകളെ വളരാനനുവദിക്കാത്ത അപൂര്‍ണ സാഹചര്യങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള അജപാലനപദ്ധതിയെക്കുറിച്ചും പാപ്പായുടെ നിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം. 

നാലാമത്തെ അധ്യായമാണ് ഈ രേഖയുടെ കേന്ദ്രസ്ഥാനത്തുവരിക എന്നു നാം കണ്ടതാണ്.  കാരണം വിവാഹത്തിലെ സ്നേഹത്തെക്കുറിച്ചാണത്. വേദഗ്രന്ഥം മുഴുവനെയും ഒരു വാക്കി ലൊതുക്കിയാല്‍, ദൈവത്തിനു മറ്റൊരു പേരുകൊടുത്താല്‍ എന്തായിരിക്കുമോ നാമെല്ലാവരെയും എന്നേയ്ക്കും നിലനിറുത്തുന്നതെന്തായിരിക്കുമോ, എന്നേയ്ക്കും നിലനില്‍ക്കുന്നതെന്തായിരിക്കുമോ ആ സ്നേഹമാണ് വിവാഹത്തിലുമുള്ളത്.  ആ സ്നേഹത്തെക്കുറിച്ച് പൗലോസ്ശ്ലീഹായുടെ കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തിലെ പതിമൂന്നാമധ്യായം വിശദീകരിച്ചുകൊണ്ട്  വൈവാഹിക സ്നേഹം എന്തായിരിക്കണമെന്നു പാപ്പാ ദമ്പതികളോട് അനുശാസിക്കുന്നു. ലൈംഗികതീവ്രതയുള്ള  ദാമ്പത്യസ്നേഹം ക്ഷമിക്കുന്നതും ഉപകാരം ചെയ്യുന്നതും അസൂയപ്പെടാത്ത തും ആത്മപ്രശംസ ചെയ്യാത്തുമാണ്.  അത് അനുചിതമായി പെരുമാറാതെ ഔദാര്യത്തോടുകൂടി വിദ്വേഷം പുലര്‍ത്താതെ കോപിക്കാതെ പങ്കാളിയോടൊത്തു സന്തോഷിക്കുന്നതും സഹിക്കുന്നതുമാണ്.  അങ്ങനെ തന്നെയാണല്ലോ - മരണം വരെയും സന്തോഷത്തിലും സന്താപത്തിലും രോഗത്തിലും സഹനങ്ങളിലും പിരിയാതെ ജീവിച്ചുകൊള്ളാമെന്നുള്ള - വിവാഹവാഗ്ദാനത്തിലൂടെ ദമ്പതികള്‍ പ്രതിജ്ഞാബദ്ധരാകുന്നതും

അഞ്ചാം അധ്യായത്തില്‍ ഫലപൂര്‍ണമാക്കപ്പെട്ട ദാമ്പത്യസ്നേഹത്തെക്കുറിച്ചു പറയുന്നു.  ദാമ്പത്യസ്നേഹം എപ്പോഴും പുതുജീവനിലേക്കു തുറവിയുള്ളതാണ്. മാതാപിതാക്കളുടെ ജീവനെ പുതുതാക്കുന്നതും ദീര്‍ഘിപ്പിക്കുന്നതും മക്കളാണ്. എന്നുപറഞ്ഞാല്‍ അവരുടെ സ്നേഹം ജീവന്‍ പ്രാപിക്കുന്നത്, അഥവാ ഫലപൂര്‍ണമാക്കപ്പെടുന്നത് സന്താനങ്ങളിലൂടെയാണ്.  നമ്മിലൂടെ നമ്മുടെ മാതാപിതാക്കള്‍ ജീവിക്കുന്നുണ്ട്.  അവരുടെ ജീവന്‍റെ ഭാഗമായി നാം ഇന്നും ജീവിക്കുന്നെങ്കില്‍ അവരുടെയും നമ്മുടെയും ജീവിതദൈര്‍ഘ്യം നമ്മുടെ മക്കളിലൂടെയാണെന്നതു വാസ്തവമാണ്.  മാതാപിതാക്കളെ ബഹുമാനിക്കണം എന്ന ദൈവകല്പനയില്‍ ദീര്‍ഘകാലം ഭൂമിയില്‍ ജീവിക്കേണ്ടതിന് എന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ടു ദൈവം (പുറ 20:12). കൂടുതല്‍ വിശാ ലമായ കുടുംബത്തിലെ ജീവിതത്തെക്കുറിച്ചും പുത്രന്മാരും പുത്രിമാരും സഹോദരീസഹോദരങ്ങ ളായിരിക്കലും എങ്ങനെ എന്നതിനെക്കുറിച്ചും വാര്‍ധക്യജീവിതത്തെക്കുറിച്ചും വലിയൊരു ഹൃദയം നമുക്കുണ്ടായിരിക്കേണ്ടതിനെക്കുറിച്ചും ഫലപൂര്‍ണമാക്കപ്പെട്ട സ്നേഹം എന്ന അഞ്ചാം അധ്യായത്തില്‍ പാപ്പാ പ്രതിപാദിക്കുന്നു.

കുടുംബം സുവിശേഷപ്രഘോഷണവേദിയായിരിക്കണം അതിന്‍റെ എല്ലാ അര്‍ഥത്തിലും.  സുവി ഷം പ്രഘോഷിക്കത്തക്കവിധം കുടുംബം ആയിത്തീരേണ്ടതിന് കുടുംബത്തിനു സുവിശേഷമായിരിക്കണം അജപാലനപ്രവര്‍ത്തനങ്ങള്‍ എന്നു പ്രത്യേകം ഊന്നിപ്പറയുന്നു ആറാമധ്യായം.  അതിന് വിവാഹ വാഗ്ദാനം നടത്തിയ ദമ്പതികളെ വിവാഹത്തിന് ഒരുക്കേണ്ടതുണ്ട്.  വിവാഹാ ഘോഷത്തിനു തയ്യാറെടുക്കുമ്പോള്‍ പ്രഥമവും പ്രധാനവുമായത് എന്തെന്ന് അറിയേണ്ടതുണ്ട്. വിവാഹ ആഘോഷത്തിന്‍റെ ലാളിത്യവും പ്രത്യേകം പാപ്പാ ഇവിടെ പരാമര്‍ശിക്കുന്നു.

അതുപോലെ തന്നെ ആദ്യവര്‍ഷങ്ങളില്‍ അവരോടൊത്തു സഹഗമിക്കേണ്ടതിനും തുടര്‍ന്നുള്ള ജീവിതത്തിലെ വിഷമസന്ധികളിലും ആകുലതകളിലും പ്രകാശം വീശുന്നതിനും തക്കവിധത്തില്‍ അജപാലനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കഴിയേണ്ടതിന് അജഗണങ്ങള്‍ക്കും അജപാലകര്‍ക്കും നിര്‍ദ്ദേശോപദേശങ്ങള്‍ നല്കുകയാണ് പാപ്പാ ഈ അധ്യായത്തില്‍. അവിടെ സൗഖ്യമാക്കപ്പെടേണ്ട പഴയ മുറിവുകള്‍ ഉണ്ടായേക്കാം. തകര്‍ന്ന ദാമ്പത്യങ്ങളോടൊത്ത് സഹഗമിക്കേണ്ടതുണ്ട്.  സങ്കീ ര്‍ണസാഹചര്യങ്ങള്‍ വിവേചിക്കപ്പെടേണ്ടതുണ്ട്.  മരണമെന്ന യാഥാര്‍ഥ്യത്തിലൂടെ ദാമ്പത്യം കടന്നുപോകുമ്പോഴും സഹഗമനം ആവശ്യമാണ്. ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളെ തിരിച്ചറിയുക, സ്നേഹപൂര്‍വം സഹഗമനം നടത്തുക എന്നിവ അജപാലകരുടെ മാത്രമല്ല, ഇടവക സമൂഹത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്വമായി പാപ്പാ എടുത്തുകാണിക്കുന്നു.

ആറാമധ്യായത്തില്‍ പരാമര്‍ശിക്കുന്ന ചില കാര്യങ്ങള്‍ പ്രാധാന്യത്തോടെ വീണ്ടും നമ്മുടെ മുമ്പില്‍ വയ്ക്കുകയാണ് പാപ്പാ. കുടുംബം ഫലപൂര്‍ണമാക്കപ്പെടുന്നത് കുട്ടികളിലൂടെയാണെന്ന് ആറാമധ്യായത്തില്‍ ഊന്നിപ്പറയുന്ന ഫ്രാന്‍സീസ് പാപ്പാ, അവരുടെ വളര്‍ത്തലിനെക്കുറിച്ചുള്ള ഉപദേശങ്ങള്‍ മാതാപിതാക്കള്‍ക്കു നല്കുന്നതിനാണ് ഏഴാമധ്യായം ഉപയോഗപ്പെടുത്തുന്നത്.  എവിടെയാണ് ഇക്കാലഘട്ടത്തില്‍ നമ്മുടെ കുട്ടികള്‍? എന്ന ചോദ്യവുമായി തുടങ്ങുന്ന ഈ അധ്യായം കുട്ടികളുടെ ധാര്‍മികരൂപീകരണത്തെക്കുറിച്ചും യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ തെറ്റു തിരുത്തുന്നതിനുള്ള രീതികളെക്കുറിച്ചും പൈതൃകമായ ഉപദേശമാണിവിടെ നല്കുന്നത്. കാരണം കുടുംബജീവിതം വിദ്യാഭ്യാസപരമായ പശ്ചാത്തലമാണ്. എല്ലാത്തരത്തിലുമുള്ള വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാനവും പശ്ചാത്തലവും ലഭിക്കേണ്ടതവിടെയാണ്. വിശ്വാസ, ധാര്‍മികജീവിതത്തിനടിസ്ഥാനമിടേണ്ട കുടുംബത്തില്‍ നിന്നുതന്നെ ലൈംഗികവിദ്യാഭ്യാസം ലഭിക്കുക എന്നതും സുപ്രധാനമായി കാര്യകാരണസഹിതം പാപ്പാ വിവരിക്കുന്നു.

ദാമ്പത്യകുടുംബജീവിതങ്ങളിലെ സങ്കീര്‍ണസാഹചര്യങ്ങളെ തിരിച്ചറിയണമെന്നു ആറാമധ്യായത്തില്‍ സൂചിപ്പിച്ചത് എട്ടാമധ്യായത്തില്‍ വിശദീകരിക്കുന്നു.  ദാമ്പത്യപരാജയങ്ങളുടെ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ആ ദമ്പതികളെ എങ്ങനെ വീണ്ടെടുക്കാമെന്ന് പ്രാര്‍ഥനാപൂര്‍വം പരിചിന്തനം ചെയ്യുന്ന ഏറെ കാരുണ്യമുള്ള ഒരു പിതാവിനെയാണ് എട്ടാമധ്യായത്തിലെ ഉപ ദേശങ്ങളില്‍ നാം കാണുക.  അവിടെ അജപാലനശുശ്രൂഷയ്ക്കു ചില പടികളെ നിര്‍ദ്ദേശിക്കുന്നു.  ക്രമരഹിതമായ സാഹചര്യങ്ങളെ തിരിച്ചറിയുക എന്നും, ഈ തിരിച്ചറിയലില്‍ അവരുടെ ക്രമരഹിതമായ പ്രവൃത്തികളെ മയപ്പെടുത്തുന്ന ഘടകങ്ങളുണ്ടോ എന്നു നോക്കുക എന്നും നിയ മങ്ങളുടെ പാലനത്തില്‍ എങ്ങനെ കാരുണ്യത്തെ ഉള്‍ച്ചേര്‍ക്കാമെന്നു കാണുക എന്നും അതിന്‍റെ യുക്തിയെ തിരിച്ചറിയുക എന്നുമെല്ലാം ഇവിടെ വ്യക്തതയോടെ പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വിവാഹജീവിതത്തെയും കുടുംബജീവിതത്തെയും കുറിച്ച് പാപ്പാ ഇപ്രകാരം പഠിപ്പിക്കുന്നത് അത് ദൈവികപദ്ധതി ആയതുകൊണ്ടുതന്നെയാണ്.  ദൈവത്തോടേറ്റവും അടുത്തു ജീവിക്കേണ്ട ജീവിതമാണ് വിവാഹ, കുടുംബജീവിതങ്ങള്‍.  ദൈവത്തിന്‍റെ സൃഷ്ടിയില്‍ തന്നെ വിവാഹ, കുടും ബജീവിതങ്ങളുടെ പദ്ധതി വ്യക്തമാണ്. അതുകൊണ്ട് വിവാഹ, കുടുംബജീവിതങ്ങള്‍ ആധ്യാത്മിക ജീവിതം തന്നെയാണ് എന്നുറപ്പിച്ചു പറയുന്നതിനും ഈ ആധ്യാത്മികത എപ്രകാരമാണ് എന്നുപ ദേശിക്കുന്നതിനുമാണ് പാപ്പാ അവസാന അധ്യായത്തില്‍ ഉദ്യമിക്കുന്നത്.  അത് പ്രകൃത്യതീത സംസര്‍ഗത്തിന്‍റെ ഒരു ആധ്യാത്മികതയാണ്.  യേശുവിന്‍റെ പെസഹാനുഭവങ്ങളിലൂടെ, നവജനനത്തിലൂടെയും സഹനത്തിലൂടെയും മരണത്തിലൂടെയുമാണ് ഉത്ഥാനജീവിതത്തിന്‍റെ പ്രകാശത്തിലേക്കു കടക്കുക എന്നു ദമ്പതികള്‍ തിരിച്ചറിയുകയും യേശുവിനോടൊത്ത് ഈ അനുഭവങ്ങള്‍ പങ്കിടുകയുംവേണം. അതു പ്രാര്‍ഥനാപൂര്‍വമായിരിക്കുക എന്നതു പ്രധാനമാണ്. അവിടെ പരവര്‍ജനീയതയുടെ, ശുശ്രൂഷയുടെ, ആശ്വസിപ്പിക്കലിന്‍റെ, പ്രചോദനത്തിന്‍റെ ആധ്യാത്മികത പുഷ്ക്കലമായിരിക്കും.

എന്താണ് ഫ്രാന്‍സീസ് പാപ്പാ സ്നേഹത്തിന്‍റെ സന്തോഷം എന്ന ഈ വിവാഹ, കുടുംബജീവിതത്തെക്കുറിച്ചുള്ള രേഖയിലൂടെ ലക്ഷ്യം വയ്ക്കുന്നത്?  ഇത് തത്വങ്ങളോ വിശ്വാസപ്രമാണങ്ങളോ മാത്രം അവതരിപ്പിക്കുന്ന ഒരു രേഖയല്ല എന്നത് ആദ്യവായനയിലൂടെത്തന്നെ ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. ഈ അപ്പസ്തോലികാഹ്വാനത്തിലൂടെ പാപ്പാ പ്രതീക്ഷിക്കുന്നത് വിശ്വാസികള്‍ കുടുംബത്തെക്കുറിച്ചുള്ള ദൈവപദ്ധതികള്‍ വിശദീകരിക്കുന്ന സഭാപ്രബോധനങ്ങളെക്കുറിച്ച് കൂടുതല്‍ ആഴമായി പഠിക്കുകയും പരിചിന്തനം നടത്തുകയും അതനുവര്‍ത്തിച്ചുകൊണ്ട് സ്നേഹത്തിന്‍റെ സന്തോഷം അനുഭവിക്കുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നുമല്ല. 

സഭയുടെ ആധികാരിക പ്രബോധനങ്ങളോട് ഒട്ടിച്ചേര്‍ന്നുനിന്നുകൊണ്ടുതന്നെ, വിവാഹ, കുടുംബ ജീവിതപ്രശ്നങ്ങളോട് കാലികമായി പ്രത്യുത്തരിക്കുന്നതിനായിരുന്നു പാപ്പായുടെ ശ്രമം.  അതു കൊണ്ടുതന്നെ ലോകം മുഴുവനെയും സിനഡുപിതാക്കന്മാരോടൊപ്പം ശ്രദ്ധിക്കുന്നതിനു പാപ്പാ ഏറെ ശ്രമം ചെയ്തിട്ടുണ്ട്. വിവാഹകുടുംബജീവിതത്തില്‍ സഭാ നിയമങ്ങളില്‍നിന്നും മാറിപ്പോയിട്ടുള്ളവരുടെമേല്‍ കൂടുതല്‍ കരുണ ചൊരിയണമെന്നും ദുര്‍ബലരോടൊത്ത് സഹഗമിക്കുകയും അവരുടെ ദുര്‍ബലസാഹചര്യങ്ങളെ വിവേചിക്കുകയും സഭയോടു ചേര്‍ത്തുനിര്‍ത്താന്‍ കഴിയു ന്നതും പരിശ്രമിക്കുകയും ചെയ്യണമെന്ന നിര്‍ദ്ദേശം സഭാനിയമങ്ങളെ അവഗണിക്കുന്നതിനല്ല, ദൈവത്തിന്‍റെ കരുണയെ പ്രസ്പഷ്ടമാക്കുന്നതിനുള്ള ശ്രമമാണ് എന്നാണ് മനസ്സിലാക്കേണ്ടത്.  കാരണം നഷ്ടപ്പെട്ട മനുഷ്യമക്കള്‍ക്കുവേണ്ടി അവതരിച്ച് പീഡകള്‍ സഹിച്ചു മരിച്ചുത്ഥാനം ചെയ്ത സത്യദൈവവും സത്യമനുഷ്യനുമായ യേശുക്രിസ്തുവാണ് സഭയുടെ അധിനാഥന്‍. ദൈവത്തിന്‍റെ കരുണയുടെ മുഖമാണവിടുന്ന്. ആ യേശുവിനെ പിഞ്ചെല്ലുക എന്നതിനെക്കാള്‍ വലിയ നിയമമില്ല എന്ന ഓര്‍മിപ്പിക്കല്‍ കൂടിയാണ് ഈ രേഖ. അതുതന്നെയാണ് ഈ രേഖ ഉയര്‍ത്തുന്ന വെല്ലുവിളിയും.

തിരുക്കുടുംബത്തോടുള്ള ഒരു പ്രാര്‍ഥനയാണ് ഈ രേഖയുടെ അവസാനത്തില്‍ പാപ്പാ കൊടു ത്തിരിക്കുന്നതും. തിരുക്കുടുംബം  യഥാര്‍ഥസ്നേഹത്തിന്‍റെ തിളക്കത്തെക്കുറിച്ചു ധ്യാനിക്കുന്ന കുടുംബമാണ്.  ആ കുടുംബമാണ് ക്രൈസ്തവകുടുംബത്തിന്‍റെ മാതൃക. തിരുക്കുടുംബത്തെ പ്രത്യേകമായി അനുസ്മരിക്കുന്ന ഈ പിറവിക്കാലത്ത് ഈ പ്രാര്‍ഥന തിരുസ്സഭയുടെ തലവനായ ഫ്രാന്‍സീസ് പാപ്പായോടൊത്ത്, എല്ലാ വിശ്വാസികളോടുമൊത്ത് നമുക്കേറ്റു ചൊല്ലാം.

തിരുക്കുടുംബത്തോടുള്ള പ്രാര്‍ഥന

യേശുവേ, മറിയമേ, യൗസേപ്പേ, 

യഥാര്‍ഥസ്നേഹത്തിന്‍റെ തിളക്കത്തെക്കുറിച്ച് നിങ്ങളില്‍ ഞങ്ങള്‍ ധ്യാനിക്കുന്നു.

ആത്മവിശ്വാസത്തോടെ ഞങ്ങള്‍ നിങ്ങളിലേക്കു തിരിയുന്നു.

നസ്രസിലെ തിരുക്കുടുംബമേ,

ഞങ്ങളുടെ കുടുംബങ്ങളും കൂട്ടായ്മയുടെയും പ്രാര്‍ഥനയുടെയും സ്ഥാനങ്ങളാകാനും

സുവിശേഷത്തിന്‍റെ യഥാര്‍ഥ വിദ്യാലയങ്ങളാകാനും ചെറിയ ഗൃഹസഭകളാകാനും അനുഗ്രഹം നല്‍കണമേ.

നസ്രസിലെ തിരുക്കുടുംബമേ, 

കുടുംബങ്ങള്‍ വീണ്ടും ഒരിക്കലും അക്രമവും പരിത്യക്താവസ്ഥയും വിഭജനവും അനുഭവിക്കാനിടയാകാതിരിക്കട്ടെ.

ദ്രോഹിക്കപ്പെട്ടവരും ഉതപ്പു നല്കപ്പെട്ടവരും പെട്ടെന്ന് ആശ്വാസവും സൗഖ്യവും കണ്ടെത്തട്ടെ.

നസ്രസിലെ തിരുക്കുടുംബമേ,

കുടുംബത്തിന്‍റെ പവിത്രതയും അലംഘ്യതയും ദൈവത്തിന്‍റെ പദ്ധതിയിലുള്ള അതിന്‍റെ സൗന്ദര്യവും

ഞങ്ങളെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കണമേ. 

യേശുവേ, മറിയമേ, യൗസേപ്പേ, കരുണാപൂര്‍വം ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കണമേ.  ആമേന്‍.

 








All the contents on this site are copyrighted ©.