2016-12-29 17:43:00

വത്തിക്കാനിലെ പുതുവത്സര പരിപാടികള്‍


ഡിസംബര്‍ 31-Ɔ൦ തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് പുതുവത്സര നാളിനും ദൈവവമാതൃത്ത്വത്തിരുനാളിനും ഒരുക്കമായുള്ള സാഘോഷമായ സായാഹ്നപ്രാര്‍ത്ഥന (Vespers) പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തപ്പെടും. സായാഹ്നപ്രാര്‍ത്ഥനമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് വചനപ്രഭാഷണം നടത്തും.

തുടര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന, കഴിഞ്ഞൊരു വര്‍ഷത്തെ അനുഗ്രഹങ്ങള്‍ക്ക് ദൈവത്തിന്  നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള പരമ്പരാഗത സ്തോത്രഗീതാലാപനത്തെ (Te Deum) തുടര്‍ന്ന് അപ്പസ്തോലിക ആശീര്‍വ്വാദത്തോടെ സായാഹ്നപ്രാര്‍ത്ഥന  സമാപിക്കും.

സായാഹ്നപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍, ബസിലിക്കയ്ക്ക് പുറത്ത് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഒരുക്കിയിരിക്കുന്ന വലിയ ക്രിബ്

പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കും. തത്സമയത്ത് അവിടെയുള്ള തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും പാപ്പാ അഭിവാദ്യംചെയ്യും.

ഈ വര്‍ഷത്തെ ക്രിബ് മാള്‍ട്ടയിലെ വിശ്വസികള്‍ പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചതാണ്. ക്രിബിനോടു ചേര്‍ന്നുള്ള 100 അടി ഉയരമുള്ള ക്രിസ്തുമസ് മരം, വടക്കെ ഇറ്റലിയിലെ ട്രെന്‍റ് പ്രവിശ്യയിലെ ലൊഗ്രായി മലയോരത്തെ ഗ്രാമവാസികളുടെ സമ്മാനമാണ്. മരത്തിലെ ക്രിസ്തുമസ് അലങ്കാരങ്ങള്‍ വത്തിക്കാന്‍റെ ജേസു ബംബീനോ’  (Gesu Bambino Paediatric Hospital) ആശുപത്രിയിലെ ക്യാന്‍സര്‍ വിഭാഗത്തിലെ കുട്ടികള്‍ ഒരുക്കിയതാണ്. ചിത്രപ്പണിചെയ്തിട്ടുള്ള പൊള്ളയായ കളിമണ്‍പന്തുകളാണവ (Hollow painted balls of porcelain).

2017 ജനുവരി ഒന്ന്, ഞായറാഴ്ച പുതുവത്സരനാളില്‍ പ്രാദേശിക സമയം രാവിലെ 10-മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദൈവമാതൃത്വത്തിരുനാളിന്‍റെ സമൂഹബലി അര്‍പ്പിക്കപ്പെടും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഘോഷണം നടത്തും.

അന്ന് ആഗോളസഭ 50-Ɔമത് വിശ്വശാന്തിദിനമായി ആചരിക്കുകയാണ്.

അഹിംസയാണ് സമാധാനത്തിന്‍റെ രാഷ്ട്രീയ ശൈലി,” എന്ന് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന ശാന്തിസന്ദേശം അന്നാളില്‍ ലോകമെങ്ങും പ്രഘോഷിക്കപ്പെടും.








All the contents on this site are copyrighted ©.