2016-12-29 08:21:00

ലാളിത്യമാര്‍ന്ന ജീവിതരീതി സമാധാനത്തിനു വഴിയൊരുക്കും


ലാളിത്യത്തിന്‍റെ ജീവിതശൈലിയും പങ്കുവയ്ക്കലും സമാധാനത്തിന് വഴിതെളിക്കുമെന്ന്, കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ ഉദ്ബോധിപ്പിച്ചു.

2016 ഡിസംബര്‍ 28-മുതല്‍,  2017 ജനുവരി ഒന്നുവരെ, ബാള്‍ട്ടിക്ക് രാജ്യമായ ലാത്വിയയുടെ തലസ്ഥാന നഗരമായ റീഗോയില്‍ സമ്മേളിച്ചിരിക്കുന്ന “തെയ്സേ” യുവജന പ്രാര്‍ത്ഥനാസമൂഹത്തിന്‍റെ (Taize International Gathering) സംഗമത്തിന് അയച്ച സന്ദേശത്തിലാണ് പങ്കുവയ്ക്കലിനെയും ജീവിതലാളിത്യത്തെയും കുറിച്ച് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പരാമര്‍ശിച്ചത്.

ലോകം ഇന്ന് അടിയന്തിരമായി ആഗ്രഹിക്കുന്ന സമാധാനത്തിന് പരസ്പരധാരണയുടെയും പങ്കുവയ്ക്കലിന്‍റെയും ലാളിത്യമാര്‍ന്ന ജീവിതരീതി അനിവാര്യമാണ്. ലാളിത്യമാര്‍ന്ന ജീവിതം പരിസ്ഥിതിയോടും ചുറ്റുമുള്ള സഹോദരങ്ങളോടുമുള്ള സമീപനത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നു. അപരനോടുള്ള ബന്ധത്തില്‍ സഹാനുഭാവവും സഹകരണവും വളരുമ്പോള്‍ നമ്മുടെ ജീവിത ചുറ്റുപാടുകള്‍ മെച്ചെപ്പെടുകയും സമാധാനപൂര്‍ണ്ണമാകുകയും ചെയ്യുമെന്ന് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ സന്ദേശത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സൃഷ്ടിയും മാനവികതയും തമ്മിലുള്ള പാരസ്പരികത ധ്യാനിക്കുവാനും പങ്കുവച്ച് ജീവിക്കുവാനും സാധിച്ചാല്‍ പ്രത്യാശയോടെ സമാധാനത്തിന്‍റെ ചക്രവാളം ലോകത്ത് തുറക്കാനാകുമെന്ന് കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് പ്രസ്താവിച്ചു.

“പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധത്മാവിലൂടെ ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളില്‍ ചൊരിയപ്പെട്ടിരിക്കുന്നു” (റോമ. 5, 5). പൗലോസ് അപ്പസ്തോലിന്‍റെ വാക്കുകള്‍ പാത്രിയര്‍ക്ക് ബര്‍ത്തലോമ്യോ ഉദ്ധരിച്ചുകൊണ്ടാണ് തെയ്സെ സമൂഹത്തിനുള്ള സന്ദേശം അദ്ദേഹം ഉപസംഹരിച്ചത്.

“ഭൂമിയിലെ വിശ്വാസ തീര്‍ത്ഥാടനം...” എന്ന ശീര്‍ഷകത്തിലാണ് തെയ്സെ യുവജനങ്ങള്‍ ലാത്വിയയിലെ റീഗോയില്‍ പ്രാര്‍ത്ഥിക്കാന്‍ സംഗമിച്ചിരിക്കുന്നത്. വിവിധ ക്രൈസ്തവ സഭകളില്‍നിന്നായി രാജ്യാന്തരതലത്തില്‍ 50,000-ല്‍ അധികം യുവജനങ്ങളാണ് ബാള്‍ട്ടിക് നഗരത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്.








All the contents on this site are copyrighted ©.