2016-12-27 18:11:00

അമ്മയുടെ പ്രാര്‍ത്ഥനയും കുടുംബത്തെ ആശ്ചര്യപ്പെടുത്തിയ അനുഗ്രഹവും


         മാംസം ധരിച്ച ദൈവപുതനായ ക്രിസ്തു  കുട്ടികളുടെ ജീവിതങ്ങള്‍

         നിര്‍മ്മലമായി  കാത്തുപാലിക്കുകയും,

         കൃപയിലും പ്രശാന്തതയിലും                                 

         അവരെ വളര്‍ത്തുകയും ചെയ്യട്ടെ!

ഡിസംബര്‍ 24. ശനി, ക്രിസ്തുമസ് രാത്രി! വത്തിക്കാനിലെ പാതിരാകുര്‍ബാനയ്ക്ക് ഈ വര്‍ഷം മലയാളത്തില്‍ ചൊല്ലിയ പ്രാര്‍ത്ഥന ശ്രദ്ധേയമായി. റോമില്‍ പാര്‍ക്കുന്ന പാലയില്‍ അഗസ്റ്റിന്‍റെ ഭാര്യ ജോളി ചൊല്ലിയ വിശ്വാസികളുടെ പ്രാര്‍ത്ഥന ലോകത്തെ കുട്ടികള്‍ക്കുവേണ്ടിയായിരുന്നു. ചൈനീസ്, ഇംഗ്ലിഷ് അറബി, മലയാളം, റഷ്യന്‍ എന്നീ ഭാഷകളില്‍ ചൊല്ലിയ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ സഭയുടെ ആഗോളസ്വഭാവം പ്രകടമാക്കി., സഭയ്ക്കു കുട്ടികളോടുള്ള ആര്‍ദ്രമായ അജപാലനസ്നേഹത്തിന്‍റെ പ്രതീകവുമായി!

പാപ്പായുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് ‘റിഹേഴ്സല്‍’ നിര്‍ബന്ധമാണ്. വായന പരിശീലനവും നടത്തിപ്പുക്രമവും മനസ്സിലാക്കാന്‍ സമ്മേളിച്ചത് ഡിസംബര്‍ 24-‍Ɔ൦ തിയതി ശനിയാഴ്ച രാവിലെയായിരുന്നു. കൂട്ടിന് ഏഴു വയസ്സുകാരന്‍ മകന്‍ ഗബ്രിയേലിനെയും കൊണ്ടാണു ജോളി ആഗസ്റ്റിന്‍ എത്തിയത്. ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് പുല്‍ക്കൂട്ടിലെ ഉണ്ണിക്ക് പൂക്കള്‍ അര്‍പ്പിക്കാനുള്ള പത്തു കുട്ടികളുടെ കൂട്ടത്തിലേയ്ക്ക് ഏഷ്യന്‍ പ്രതിനിധിയായി ഗാബി ക്ഷണിക്കപ്പെട്ടത് ആകസ്മികമായിരുന്നു. രണ്ടാം ക്ലാസ്സുകാരനും ചെറിയ ഫുഡ്ബോള്‍താരവുമായ ഗാബിയുടെ സന്തോഷം വലുതായിരുന്നു! കുട്ടികള്‍ക്ക് പാപ്പാ ഉമ്മ നല്‍കുന്നത് ടിവിയില്‍ കണ്ടിട്ടുണ്ട്. അതുപോലെ തനിക്കും പാപ്പാ ഉമ്മ നല്കുമല്ലോ എന്നായിരുന്നു അവന്‍റെ ആവേശം!

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍  ശനിയാഴ്ച പ്രാദേശിക സമയം രാത്രി 9.30-നായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ക്രിസ്തുമസ് ജാഗരദിവ്യപൂജ അര്‍പ്പിക്കപ്പെട്ടത്. ദിവ്യബലിയുടെ അന്ത്യത്തില്‍ അള്‍ത്താരവേദിയില്‍നിന്നും ദിവ്യഉണ്ണിയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ പുല്‍ക്കൂട്ടിലേയ്ക്കുള്ള പ്രദക്ഷിണമായിരുന്നു. പൂക്കളുമായി കുട്ടികള്‍ പാപ്പായ്ക്കു തൊട്ടുമുന്നില്‍ നടന്നു നീങ്ങി. ഉണ്ണിയെ പുല്‍ത്തൊട്ടിയില്‍ കിടത്തിയശേഷം ആദ്യം പാപ്പാ ധൂപാര്‍ച്ചന നടത്തി. തുടര്‍ന്ന് കുട്ടികള്‍ ഓരോരുത്തരായി ഉണ്ണിയ്ക്ക് പുഷ്പാര്‍ച്ചന നടത്തി. പുല്‍ത്തൊട്ടിയിലേയ്ക്കു നോക്കി പാപ്പാ ഫ്രാന്‍സിസ് പിന്നെയും ധ്യാനനിമഗ്നനായി നിന്നു! ഒപ്പം കുട്ടികളും ബസിലിക്ക തിങ്ങിനിന്ന ജനാവലിയും..!

തനിക്കും കൂട്ടുകാര്‍ക്കും ഉമ്മ കിട്ടുമെന്ന് ഗബ്രിയേല്‍ പ്രതീക്ഷിച്ചിട്ടുണ്ടാകാം...! അപ്പോഴേയ്ക്കും സെക്രട്ടറി വന്ന് പാപ്പായ്ക്കൊപ്പം കുട്ടുകളുടെ ഫോട്ടോ എടുക്കാനുള്ള ക്രമീകരണം നടത്തി. ഞൊടിയിടയില്‍ ഫോട്ടോ കഴിഞ്ഞു. ഉമ്മ കിട്ടില്ലെന്ന് ഉറപ്പായ ഗബ്രിയേലിന്‍റെ മനസ്സില്‍ ഒരു ക്രിസ്തുമസ്സ് കുസൃതി ഓടിവന്നു. ഒരു സമ്മാനം പാപ്പായ്ക്കു കൊടുത്താലോ..!? മടിച്ചില്ല! ക്രിസ്തുമസ് സമ്മാനമായി തന്‍റെ അച്ഛന്‍ നല്കിയ മഞ്ഞനിറത്തിലുള്ള വെല്‍വെറ്റിന്‍റെ പുതിയ ‘കുട്ടി മണിപ്പേഴ്സും,’ തന്‍റെ ഇഷ്ടപലഹാരം “പത്താത്തെ,” - പൊട്ടറ്റോ ചിപ്സ്- വാങ്ങാന്‍ അതില്‍ സൂക്ഷിച്ചിരുന്ന ചില്ലറ പൈസയും - ഒരു ‘യൂറോ,’ ഏകദേശം എഴുപതുരൂപയും പുഞ്ചിരിയോടും, ചെറുചമ്മലോടുംകൂടി പാപ്പായ്ക്കു വച്ചുനീട്ടി. പറഞ്ഞു, “പാപ്പാ ഫ്രാന്‍ചേസ്ക്കോ.. Questo è il mio regalo per Tuo Compleanno! ഇതെന്‍റെ സമ്മാനം, പാപ്പായുടെ 80-Ɔ൦ പിറന്നാളിന്...! ഞാന്‍ എന്നും ഉറങ്ങുംമുന്‍പ് പാപ്പായ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്...!”

പുഞ്ചിരിയോടും, അല്പം ആശ്ചര്യത്തോടുംകൂടെ പാപ്പാ മണിപേഴ്സു വാങ്ങി. ഗാബിയുടെ കവിളില്‍ മെല്ലെ ഒന്നുതലോടിക്കൊണ്ട് പറഞ്ഞു. Oh! Bravo, grazie!  “ഓ..! ബ്രാവോ, ഗ്രാത്സിയേ...!! മിടുക്കന്‍... നന്ദി!”. പിന്നെ കുട്ടികള്‍ പാപ്പായ്ക്കൊപ്പം ബസിലിക്കയുടെ അണിയറയിലേയ്ക്കു പോയി. പുഷ്പാര്‍ച്ചനയ്ക്കെത്തിയ വിവിധ രാജ്യക്കാരായ 10 കുട്ടികള്‍ക്കും പാപ്പാ നന്ദിപറഞ്ഞ് അവരെ യാത്രയാക്കി.

ആളുകളുടെ ഇടയിലൂടെ ഗാബി ഓടി. അവന്‍റെ അച്ഛന്‍റെയും അമ്മയുടെയും ചേച്ചിയുടെയും പക്കലേയ്ക്ക്...! കിതപ്പോടെ പറഞ്ഞു, “ഉമ്മ കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ പാപ്പായ്ക്കൊരു സമ്മാനംകൊടുത്തു. എന്‍റെ പുതിയ ‘പേഴ്സ്’ പാപ്പായ്ക്കു കൊടുത്തു. പാപ്പാ അത് വാങ്ങി! എന്‍റെ കവിളില്‍ തട്ടി! ബ്രാവോ... ഗ്രാത്സിയേ...! എന്നു പറഞ്ഞു”. അവന്‍റെ ചേച്ചി മിക്കി പറഞ്ഞു. “പോടാ, നീ കള്ളം പറയുകയാണ്!?” ഗാബിക്ക് വിഷമമായി. അവന്‍ പറഞ്ഞു, “നോക്കിക്കോ, ഫോട്ടോ നോക്കിക്കോ...!”

യൂറോപ്പിലെ കോച്ചുന്ന  തണുപ്പില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ക്രിസ്തുമസ് രാത്രിപൂജയിലുള്ള സജീവപങ്കാളിത്തത്തിന്‍റെ സംതൃപ്തിയോടെ അവര്‍ വീട്ടിലേയ്ക്കു മടങ്ങി. അഗസ്റ്റിന്‍ ജോളി ദിമ്പതികള്‍ക്കും, മിക്കി ഗാബി മക്കള്‍ക്കും അത് ആത്മീയാനുഭൂതിയുടെ സ്വപ്നരാത്രിയായി. വിശുദ്ധ പത്രോസിന്‍റെ മഹാദേവാലയവും, അതില്‍ ബര്‍ണ്ണീനി വെങ്കലത്തില്‍ വാര്‍ത്തെടുത്ത ചരിത്രപുരാതനമായ വിശുദ്ധവേദിയും, കുടുംബങ്ങളെയും കുട്ടികളെയും സ്നേഹിക്കുന്ന പാപ്പാ ഫ്രാന്‍സിസ് എന്ന ചരിത്രപുരുഷനും, വിസ്തൃതമായ പുല്‍ക്കൂടും, മിന്നുന്ന താരങ്ങളും കരോള്‍ ഗീതങ്ങളും എല്ലാമെല്ലാം അവരുടെ ഓര്‍മ്മയില്‍ തെളിഞ്ഞുനിന്നു. സംതൃപ്തിയോടെ അവര്‍ റോമിലെ ‘ചെര്‍വേത്തി’യിലുള്ള ഫ്ലാറ്റിലെത്തി. ക്രിസ്തുമസ് കേക്കു മുറിച്ചു. “ഉണ്ണിപിറന്നല്ലോ... വിണ്ണുതുറന്നല്ലോ...!” ആ രാവില്‍ ചെറുകുടുംബം പാടി സന്തോഷിച്ചു, ദൈവത്തിന് നന്ദിയര്‍പ്പിച്ചു. പിന്നെ വിശേഷംപറഞ്ഞു കിടന്ന് ഉറങ്ങിയത് അറിഞ്ഞില്ല.

ക്രിസ്തുമസ്നാള്‍ കടന്നുപോയി. ഡിസംബര്‍ 26-Ɔ൦ തിയതി തിങ്കളാഴ്ച! വിശുദ്ധ സ്റ്റീഫന്‍റെ തിരുനാള്‍. റോമില്‍ അവധിയാണ്. രാവിലെ യൂ-ട്യൂബില്‍ വത്തിക്കാനിലെ ക്രിസ്തുമസ് പരിപാടി അവര്‍ വീണ്ടും കണ്ടു. ബസിലിക്കയിലെ മലയാളംപ്രാര്‍ത്ഥനയും, കുട്ടികള്‍ ഉണ്ണിക്കു ചാര്‍ത്തിയ പൂക്കളും, പാപ്പായ്ക്ക് ഗാബിനല്കിയ സമ്മാനവും അവര്‍ ആവര്‍ത്തിച്ചു കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഫോണടിച്ചു.

മകള്‍ മിക്കിയാണ് എടുത്തത്. “Auguri…! Buon Natale..!!  ആശംസകള്‍! ഇത്, പാപ്പാ  ഫ്രാന്‍ചേസ്ക്കോയാണ്. ഗബ്രിയേലുണ്ടോ അവിടെ?!”  മിക്കി ഒന്നു ഞെട്ടി!! എങ്കിലും കാര്യം മനസ്സിലായി. ഗാബി സമ്മാനിച്ച മണിപേഴ്സില്‍ ഉണ്ടായിരുന്ന  സ്കൂള്‍ ‘ഐഡി’യില്‍നിന്നും നമ്പറെടുത്ത് വത്തിക്കാനില്‍നിന്നും പാപ്പാ വിളിക്കുകയാണ്. ഓടിവന്ന് ഗാബി ഫോണില്‍ സംസാരിച്ചു. സന്തോഷത്തോടെ മറുപടിയും പറഞ്ഞു. “സീ പാപ്പാ.! വളരെ നന്ദി!”. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും. കുടുംബത്തിനായി താനും പ്രാര്‍ത്ഥിക്കാമെന്നും പറഞ്ഞ പാപ്പാ, പുതുവത്സരാശംസയും നേര്‍ന്നെന്ന് കുടുംബനാഥ, ജോളി പറഞ്ഞു. വീട്ടുകാര്യങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചും അഗസ്റ്റിന്‍ കുറച്ചധികം പാപ്പായോടു സംസാരിച്ചു.  അനുദിന ജീവിതക്ലേശങ്ങളില്‍ മുന്നേറുമ്പോള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സ്നേഹമുള്ള ആത്മീയനേതൃത്വവും, കാലികമായ പ്രബോധനങ്ങളും പ്രാര്‍ത്ഥനയുമെല്ലാം ജീവിതപ്രയാണത്തില്‍ പ്രത്യാശയും പിന്‍ബലവുമാണ്. ഇത് കുടുംബനാഥന്‍ അഗസ്റ്റിന്‍റെ വാക്കുകളാണ്! 








All the contents on this site are copyrighted ©.