2016-12-26 11:05:00

അപരനെ കരുണയോടെ കൈപിടിച്ചുയര്‍ത്തേണ്ട നല്ലനാളുകള്‍


ക്രിസ്തുമസ് കാരുണ്യത്തിന്‍റെ മഹോത്സവമാണ്! വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ ഉദ്ബോധിപ്പിച്ചു.

മാരിയോ പിക്കി എന്ന വൈദികന്‍ തുടക്കമിട്ട റോമിലെ ‘ലഹരിവിമുക്ത കേന്ദ്ര’ത്തിലെ അന്തേവാസികള്‍ക്കൊപ്പം ഡിസംബര്‍ 22-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ ക്രിസ്തുമസ്സ് ആഘോഷിച്ചു. മദ്യത്തിന്‍റെയും മഹക്കുമരുന്നിന്‍റെയും പിടിയില്‍പ്പെട്ട യുവജനങ്ങളെ മോചിക്കാന്‍ 1960-ലാണ് ഡോണ്‍ മാരിയോ പിക്കി പ്രസ്ഥാനത്തിന് തുടക്കമിട്ടത് (Centro Italiano di Soldarieta in Rome – CeIS).

രക്ഷകന്‍റെ അമ്മയാകാന്‍ വിളിക്കപ്പെട്ടവളാണെന്ന് മറിയം അറിഞ്ഞിട്ടും തനിക്കു കിട്ടിയ ദൈവത്തിന്‍റെ കാരുണ്യം ബന്ധുവായ ഏലീശ്വയുമായി പങ്കുവയ്ക്കാന്‍ എളിമയില്‍ ഇറങ്ങിപ്പുറപ്പെട്ട നസ്രത്തിലെ കന്യകയുടെ കാരുണ്യപ്രവൃത്തി കര്‍ദ്ദിനാള്‍ പരോളിന്‍ സുവിശേഷത്തില്‍നിന്നും ചൂട്ടിക്കാട്ടി (ലൂക്കാ 1, 57-66). ജീവിതത്തില്‍ വെളിച്ചവും വിജയും നേടിയ മറിയം  ജീവിതചുറ്റുപാടുകളില്‍ മറ്റുള്ളവരുടെ ‘മാക്സിമം ലൈക്സ്’ (Maximum likes) കിട്ടാനോ, പ്രീതി നേടാനോ കാത്തുനിന്നില്ല. മറിച്ച് ആവശ്യത്തിലായിരുന്ന ചാര്‍ച്ചക്കാരിലെ സഹായിക്കാന്‍ എളിമയില്‍ ഇറങ്ങിപ്പുറപ്പെട്ടു.

ദൈവം മനുഷ്യകുലത്തോടു കാട്ടിയ മഹാകാരുണ്യത്തിന്‍റെ മഹോത്സവമാണല്ലോ ക്രിസ്തുമസ്സ്! മനുഷ്യരെ സ്നേഹത്തിന്‍റെ പാതയിലൂടെ രക്ഷയിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കാന്‍ നമ്മില്‍ ഒരുവനായി ക്രിസ്തു ജനിച്ചതിന്‍റെയും ജീവിച്ചതിന്‍റെയും പുനര്‍ജീവിക്കലാകണം ക്രിസ്തുമസ്സെന്ന് കാര്‍ദ്ദിനാള്‍ പരോളി‍ന് ഉദ്ബോധിപ്പിച്ചു. ദൈവകൃപയുടെ ശക്തിയാണ് ആദ്യ ക്രിസ്തുമസ്സില്‍ പ്രകടമായ ദൈവികകാരുണ്യം! ദൈവം മനുഷ്യനായിത്തീര്‍ന്ന മഹോത്സവം!

അകലെയും ചാരത്തുമുള്ള ബലഹീനര്‍ക്കും നിരാലംബര്‍ക്കും ദൈവികകാരുണ്യം ലഭ്യമാക്കുന്നതാണ് ക്രിസ്തുമസിന്‍റെ അരൂപി. വീഴ്ചകളിലും ബലഹീനതകളിലും നാം ദൈവികകാരുണ്യത്തില്‍ ആശ്രയിച്ച് ഉണരുന്നതും ഉയരുന്നതും ക്രിസ്തുമസ്നാളിന്‍റെ ആനന്ദമാണ്. നന്മയുടെയും സമാധാനത്തിന്‍റെയും ലോകം വളര്‍ത്താന്‍ കാരുണ്യത്തോടെ കൂട്ടായ്മയുടെ ശ്രൃംഖല സൃഷ്ടിക്കുന്നതും, സ്നേഹത്തില്‍ കൈകോര്‍ക്കുന്നതും ക്രിസ്തുമസ്തന്നെ! കുടുംബങ്ങളും സമൂഹങ്ങളും കാരുണ്യത്തോടെ കൈകോര്‍ത്താല്‍ പതിയിരിക്കുന്ന ദുശ്ശീലങ്ങളുടെ തിന്മയില്‍നിന്നു നമ്മുടെ സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്താം. ഒരാള്‍ ക്ലേശിക്കുന്നെന്ന് അറിഞ്ഞിട്ടും അവഗണിക്കുന്നത് ക്രിസ്തീയതയ്ക്ക് ഇണങ്ങാത്ത നിസ്സംഗതയാണ്.

ദിവ്യബലിക്കുശേഷം കര്‍ദ്ദിനാള്‍ പരോളിന്‍ പുതുതായി അവിടെ നിര്‍മ്മിച്ച ‘സാറയുടെ ഭവനം’ (Casa di Sara) ആശീര്‍വ്വദിച്ചു. കുടിയേറ്റത്തിന്‍റെയും വിപ്രവാസത്തിന്‍റെയും പശ്ചാത്തലത്തില്‍ മനുഷ്യക്കടത്തിനും അതിക്രമങ്ങള്‍ക്കും വിധേയരായ സ്ത്രീകള്‍ക്കുള്ള ചെറുഭവനമാണ്. സാറാ ഡി പിയെത്രാന്തോണിയോ എന്ന റോമാക്കാരി യുവതിയുടെ സ്മരണാര്‍ത്ഥമാണ് ആ മന്ദിരം തീര്‍ത്തത്.  2015-Ɔമാണ്ടില്‍ റോമാ നഗരപ്രാന്തത്തില്‍ കാമുകന്‍റെ കൈയ്കളില്‍ കൊല്ലപ്പെട്ട യുവതിയാണ് സാറാ.

സ്നേഹത്തില്‍ കൈകോര്‍ത്തുകൊണ്ട് നമുക്കീ ക്രിസ്തുമസ്നാളുകള്‍ കാരുണ്യത്തിന്‍റെ സമയമാക്കാം. ജീവിതങ്ങളെ ക്ഷമയിലൂടെ രൂപാന്തരപ്പെടുത്തി നവീകരിക്കുന്ന യഥാര്‍ത്ഥമായ സ്നേഹപ്രവൃത്തിയാണ് കാരുണ്യം (cf @pontifex twitter 201216). മദ്യവും മയക്കുമരുന്നും അതുപോലുള്ള  സാമൂഹിക തിന്മകളും തരുന്ന മിഥ്യയായ സന്തോഷത്തില്‍ വീണുപോകുന്നവര്‍ നിരവധിയാണ്. യഥാര്‍ത്ഥമായ സന്തോഷവും ജീവിതവും വ്യത്യസ്തമാണ്. അതു നാം കണ്ടെത്തണം. ഹൃദയങ്ങള്‍ തുറക്കാനും, നിര്‍ദ്ദോഷികളുടെ കരച്ചില്‍ കേട്ട്, അന്തസ്സോടും സ്നേഹത്തോടും കരുണയോടുംകൂടെ നന്മയിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും സമൂഹത്തിലേയ്ക്കും തിരിയാനുള്ള സമയമാണിത് -  ക്രിസ്തുമസ്നാളുകള്‍! നമ്മുടെ ബലഹീനതകളില്‍നിന്നും ആകുലതകളില്‍നിന്നും ഉയര്‍ന്ന്, ജീവിതപരിവര്‍ത്തനം നല്കുന്ന നവമായ സന്തോഷവും നവോന്മേഷവും അനുഭവിക്കുന്ന ദൈവികകാരുണ്യത്തിന്‍റെ സമയമാവട്ടെ ഈ ക്രിസ്തുമസ്നാളുകള്‍!    കര്‍ദ്ദിനാള്‍ പരോളില്‍ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.