2016-12-24 15:49:00

“ദൈവബന്ധത്തില്‍നിന്ന് ലഭിക്കുന്ന സ്വസ്ഥതയാണ് ക്രിസ്തുമസിന്‍റെ പൊരുള്‍…!”


ക്രിസ്തുമസ് ദൈവസ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും രക്ഷയുടെയും പ്രത്യാശയുടെയും സന്ദേശം നല്‍കുന്നു. യോഹന്നാന്‍റെ സുവിശേഷത്തില്‍ വായിക്കുന്നതുപോലെ  (3, 16) ദൈവം തന്‍റെ ഏകജാതനെ നല്കുവാന്‍ തക്കവണ്ണം ഈ ലോകത്തെ അത്രയധികമായി സ്നേഹിച്ചു. ക്രിസ്തുമസ് ദൈവസ്നേഹത്തിന്‍റെ അവതാരമാണ്. ദൈവം ഈ ലോകത്തെയും അതിലുള്ള എല്ലാ വസ്തുക്കളെയും തനിക്ക് പ്രിയപ്പെട്ട മകനെയും നല്കി സ്നേഹിക്കുവാന്‍ ഇടയായ സന്ദേശമാണ് ക്രിസ്തുമസ്സിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. കര്‍ത്താവ് ഈ ലോകത്തില്‍ വന്നിട്ട് നല്കിയ രക്ഷാകരസന്ദേശം സ്നേഹത്തിന്‍റെ സ്ന്ദേശമാണ്. ദൈവം മനുഷ്യനെ അഗാധമായി സ്നേഹിക്കുന്നുവെന്നും ദൈവത്തിന്‍റെ മക്കള്‍ എന്നുള്ള രീതിയില്‍ നമ്മള്‍ പരസ്പരം സ്നേഹിച്ചു ജീവിക്കണമെന്നും കര്‍ത്താവു പഠിപ്പിച്ചത് സുവിശേഷത്തില്‍ നാം വായിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആ വലിയ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും കരുണയുള്ള ഓര്‍മ്മയാണ് ക്രിസ്തുമസ്സില്‍ നാം ആഘോഷിക്കുന്നത്.

1. സ്നേഹം പ്രാവര്‍ത്തികമാക്കാന്‍ വലിയ വിശ്വസ്തതയും ത്യാഗവും നാം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. പിതാവായ ദൈവം തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകനെ നല്കി സ്നേഹിക്കാവാന്‍ ഇടയായത്, ദൈവം മനുഷ്യകുലത്തോട് കാണിക്കുന്ന വലിയ വിശ്വസ്തതയുടെ അടയാളമാണ്. സ്വര്‍ഗത്തില്‍നിന്ന് തന്‍റെ ഏകജാതനെ ലോകത്തിലേയ്ക്ക് അയച്ചത് അവിടുന്ന് മനുഷ്യരോട് കാണിച്ച ത്യാഗത്തിന്‍റെ അടയാളം തന്നെ. അപ്പോള്‍ ക്രിസ്തുമസ് ദൈവസ്നേഹത്തിന്‍റെ ദൂതാണ്. ദൈവസ്നേഹത്തിന്‍റെ ദൂതാണ് ക്രിസ്തുമസ് നല്‍കുന്നതെന്നു പറയുമ്പോള്‍, നമുക്ക് ദൈവത്തോട് കൂടുതല്‍ വിശ്വസ്തതയോടെ ജീവിക്കുവാന്‍, ദൈവികകാര്യങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ത്യാഗത്തോടെ സമര്‍പ്പിക്കുവാനുള്ള ഉത്തരവാദിത്വവും ക്രിസ്തുമസ് അനുസ്മരിപ്പിക്കുന്നുണ്ട്. 

2. രണ്ടാമതായി, ക്രിസ്തുമസ് സന്തോഷത്തിന്‍റെ ഉത്സവമാണ്. ലൂക്കായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത് (2, 10), ഭയപ്പെടേണ്ട ഇതാ, സര്‍വ്വലോകത്തിനുംവേണ്ടിയുള്ല രക്ഷകന്‍ ബതലഹേമില്‍ ജനിച്ചിരിക്കുന്നു എന്ന സന്ദേശം നമുക്കു ലഭിക്കുന്നു. യേശു ക്രിസ്തുവിന്‍റെ ജനനം ഈ ലോകത്ത് വലിയ കൂട്ടായ്മയും സന്തോഷവും തരുവാന്‍ ഇടയായി എന്നാണ് ഓര്‍മ്മിപ്പിക്കുന്നത്. ഈ ലോകത്ത് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സന്തോഷവും സംതൃപ്തിയും. സന്തോഷവും അനുഭവിക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ചിലര്‍ മദ്യത്തിനും മയക്കുമരുന്നിനും, അതുപോലെ അനുവദനീയമല്ലാത്ത മറ്റനേകം കാര്യങ്ങളിലും ഇടപ്പെട്ട് സന്തോഷം അനുഭവിക്കാമെന്ന് കരുതുന്നവര്‍, ഈ ലോകത്തിന്‍റെ ആ‍‌ടംബരങ്ങളിലും ഭൗതിക വസ്തുക്കളിലും ലയിച്ച് സന്തോഷം നേടാം എന്നു വ്യാമോഹിക്കുന്നരുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സന്തോഷം ദൈവം നമ്മോടുകൂടി ആയിരിക്കുന്ന അവസരത്തിലാണ്. ഓരോ ദിവസവും ദൈവം നമുക്ക് നല്കുന്നതായ സന്തോഷം ഭയപ്പെടേണ്ട് എന്നാണ്. 365 ദിവസങ്ങളിലും, 365 പ്രാവശ്യവും രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്നതാണ്. രാവിലെ എഴുന്നേറ്റ് ദൈവത്തെ സ്തുതിക്കുന്ന അവസരത്തില്‍ ദൈവം നല്കുന്നതായ സന്ദേശം ഭയപ്പെടേണ്ട! ഞാന്‍ നിന്നോടുകൂടെയുണ്ട്! നമ്മുടെ ബുദ്ധിമുട്ടും കഷ്ടപ്പാടും എടുത്തു നീക്കാന്‍ ‍ഞാന്‍ നിന്നോടൊപ്പം ഉണ്ട്. ഈ സന്ദേശം നമുക്ക് എന്നും ലഭിക്കുന്നുണ്ട്. ഭയപ്പാട് കൂടാതെ എല്ലാ അവസരത്തിലും സന്തോഷിക്കാന്‍ പറയുന്ന ദൈവമക്കള്‍ക്കുള്ള വലിയ വാഗ്ദാനംതന്നെയാണ് ക്രിസ്തുമസ് നമുക്ക് നല്കുന്നത്.

3.  ഈ ലോകത്ത് സന്തോഷിക്കാന്‍ അവസരം ഉള്ളവരും ഇല്ലാത്തവരുമായുള്ള അനേകം സഹോദരങ്ങളുണ്ട്. ഒരു ശിശുവിന്‍റെ ജനനത്തിലാണ്, ആ സദ്വാര്‍ത്തയിലാണ് സന്തോഷിക്കുവാന്‍ വേദപുസ്തകവും പറഞ്ഞിരിക്കുന്നത്. ഈ ലോകത്ത് എല്ലാദിവസവും അനേകം ശിശുക്കള്‍ പിറന്നു വീഴു്ന്നുണ്ട്. എന്നാല്‍ ഒരു ശിശുവിന്‍റെ ജനനത്തില്‍ നാമെല്ലാവരും സന്തോഷിക്ക​ണം എന്ന് വേദപുസ്തകം പറയുമ്പോള്‍, ഇത്രയും ശിശുക്കളുടെ ജനനത്തില്‍ എന്തുകൊണ്ട് നമുക്ക് സന്തോഷിക്കുവാന്‍ സാധിക്കുന്നില്ല എന്ന് നാം ഓര്‍ക്കേണ്ടതാണ്. ഈ ശിശുവിനം എല്ലാ സന്തോഷത്തിന്‍റെയും ദൈവികസ്നേഹത്തിന്‍റെയും അടയാളമായിട്ടു സ്വാഗതംചെയ്യാന്‍ പലര്‍ക്കും സാദ്ധ്യമാകാതെ പോകുന്നുണ്ട്. ഇനിയും  പിറന്നുവീഴുന്ന ശിശുക്കള്‍ക്ക് സന്തോഷിക്കുവാന്‍ സാദ്ധ്യമല്ലാത്ത സാഹചര്യങ്ങള്‍ സമൂഹത്തിലും കുടുംബത്തിലുമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതുപോലെ അനേകം തരത്തില്‍ വേദന അനുഭവിക്കുന്നതായ ശിശുക്കള്‍, പരിരക്ഷ ലഭിക്കാത്ത കുഞ്ഞുങ്ങള്‍, പാര്‍പ്പിടവും വസ്ത്രമില്ലാതെ വിഷമിക്കുന്നവര്‍, ഇവര്‍ക്കെന്നും സന്തോഷിക്കാന്‍ സാധിക്കുന്നില്ല. കരുണയുടെ വര്‍ഷത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് നാം ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഈ ലോകത്തിലുള്ള സമ്പത്ത് എല്ലാവര്‍ക്കും സന്തോഷിക്കുവാന്‍ തക്കവണ്ണമുള്ള ഒരു പുതിയ ആകാശത്തിന്‍റെയും പുതിയ ഭൂമിയുടെയും സന്ദേശം കര്‍ത്താവ് നമുക്ക് നല്‍കുന്നുണ്ട്. സന്തോഷിക്കുവാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് സന്തോഷിക്കുവാന്‍ പറ്റുന്ന ഒരു പുതിയ ലോകവും ഒരു പുതിയ സാമൂഹിക സാമ്പത്തിക സാഹചര്യവും ഉണ്ടാകുവാനായിട്ട് യേശുവിന്‍റെ ജനനത്തിരുനാള്‍ നമ്മെ ഓരോരുത്തരെയും സഹായിക്കണം.  ഈ വലിയ സന്ദേശം നമുക്കിവിടെ ഇന്നേദിവസം ഉള്‍ക്കൊള്ളാം. ഈ സന്ദേശമാണ് ഇന്നു നമുക്കായി നല്‍കപ്പെടുന്നത്.

4. നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ എന്നുള്ള സന്ദേശമാണ് ക്രിസ്തുമസിന്‍റെ മറ്റൊരു ഭാവമായി മാറുന്നത്. ലൂക്കായുടെ സുവിശേഷം 2, 4 അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി! ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം. സമാധാനവും പ്രത്യാശയും ലഭിക്കുന്നത് ദൈവത്തെ ഓര്‍ത്ത് മഹത്വപ്പെടുത്തുന്ന സാഹചര്യത്തിലാണ്, അല്ലെങ്കില്‍ അത്തരത്തിലുള്ള ജനങ്ങള്‍ക്കാണ്. അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന് പറയുമ്പോള്‍ ദൈവത്തില്‍ വിശ്വസിക്കുന്ന സകലരും ശാന്തിയുടെയും പ്രത്യാശയുടെയും ദൂതരായി ജീവിക്കണം എന്നുള്ളതാണ്. കര്‍ത്താവായ യേശുക്രിസ്തു ലോകത്തിനു കൊടുത്ത മറ്റൊരു സന്ദേശം നാമെല്ലാവരും പ്രത്യാശയുള്ളവര്‍ സമാധാനവും സൗഹാര്‍ദ്ദതയും ഉള്ളവരായി കൂട്ടായ്മയുള്ളവരായി ജീവിക്കണം എന്നുള്ളതാണ്. ഈ ലോകത്ത് അനേകം മതങ്ങള്‍ ഉണ്ട് വ്യത്യാസപ്പെട്ട പ്രത്യയശാസ്ത്രങ്ങളും ചിന്താരീതികളും ഉണ്ട്. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ മതത്തിന്‍റെയും പ്രത്യാശശാസ്ത്രങ്ങളുടെയും ചിന്താധാരകളുടെയും പരിധികളെ അതിലംഘിക്കുന്ന വിശാലഹൃദയമുള്ളവരും, സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ശാന്തിയുടെയും വക്താക്കളും ആയിത്തീരേണ്ടതാണ്.

5. സഭയെ ഇന്നു നയിക്കുന്ന പാപ്പാ ഫ്രാന്‍സിസ് ഒരു വലിയ സമാധാനത്തിന്‍റെ ദൂതനായി ലോകം അംഗീകരിക്കുന്നതിന്‍റെ പ്രധാനപ്പെട്ട കാരണം വിശാലഹൃദയത്തോടുകൂടി ലോകത്തുള്ള എല്ലാ മനുഷ്യരെയും അദ്ദേഹം ഒരുപോലെ സ്വീകരിക്കുവാനും സ്വാഗതംചെയ്യുവാനും അവരെ ആദരിക്കുവാനും ബഹുമാനിക്കുവാനുമുള്ള ഒരു വലിയ ദൈവകൃപ കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ്. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ദൈവമക്കള്‍ എന്ന നിലയില്‍ നമ്മുടെ ചുറ്റുമുള്ള എല്ലാമനുഷ്യരോടും ജാതിയുടെയും മതത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും അതിരുകള്‍ മാറ്റിവച്ചിട്ട് ദൈവത്തിന്‍റെ മക്കള്‍ എന്ന നിലയില്‍ സ്വാഗതം ചെയ്യുവാനും അവിടെല്ലാം സമാധാനവും സന്തോഷവും ശാന്തിയും എത്തിച്ചുകൊടുക്കുവാനുമുള്ള വലിയ ഉത്തരവാദിത്വം ക്രിസ്തുമസ് നല്‍കുന്നു.  ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാകുന്ന ഒരു പുതിയ ലോകം നമ്മള്‍ സൃഷ്ടിക്കുമ്പോള്‍ അത് ഈ ലോകത്ത് മാത്രം നിറഞ്ഞുനില്ക്കുന്നതായ അനുഭവമായിട്ട് മാറുന്നില്ല. നമുക്കറിയാം, സമാധാനം അല്ലെങ്കില്‍ ‘ശാലോം’ ദൈവബന്ധത്തില്‍നിന്ന് നമുക്ക് ലഭിക്കുന്നതായ ഹൃദയത്തിന്‍റെ സ്വസ്ഥതതയാണ്, സൗഖ്യമാണെന്ന്. അപ്പോള്‍ ദൈവവുമായി നാം ബന്ധപ്പെടുമ്പോള്‍ ഈ വലിയ സമാധാനവും ശാന്തിയും നമ്മെ സ്വര്‍ഗ്ഗത്തോളം എത്തിക്കുന്ന പ്രത്യാശയിലേയ്ക്ക് നയിക്കണം.

6. ഈ ലോകത്തില്‍ ദൈവം ജീവന്‍ നല്‍കിയിരിക്കുന്നു. അത് താല്ക്കാലികമാണ്. മനുഷ്യരെ സംബന്ധിച്ച് ഈ ലോകത്തില്‍ മാത്രം വളര്‍ന്ന് വികസിച്ച് അവസാനിക്കുന്ന ലോകമല്ല. യേശു ക്രിസ്തു ലോകത്തിനു നല്കിയ ഏറ്റവും വലിയ സന്ദേശം പ്രത്യാശയാണ്. നമുക്ക് എല്ലാവര്‍ക്കും പ്രത്യാശനിര്‍ഭരമായ ഒരു ജീവിതം സ്വര്‍ഗ്ഗത്തില്‍ ദൈവത്തോടൊപ്പമുണ്ടെന്ന സന്ദേശവും യേശുക്രിസ്തു അവിടുത്തെ ജനനംവഴിയാണ് നമുക്ക് നല്കിയത്. അപ്പോള്‍ ഈ ക്രിസ്തുമസ് സ്വര്‍ഗ്ഗീയ രക്ഷയിലേയ്ക്കും, ജീവിതത്തിന്‍റെ പൂര്‍ണ്ണതയിലേയ്ക്കും നയിക്കുന്ന അനുഭവംകൂടി ആയിത്തീരേണ്ടതായിട്ടുണ്ട്. അങ്ങനെ ഈ വര്‍ഷം ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ അത് വലിയ സ്നേഹത്തിന്‍റെയും വിശ്വസ്തതയുടെയും ത്യാഗത്തിന്‍റെയും സന്തോഷത്തിന്‍റെയും, അര്‍ഹതയില്ലാത്ത അനേകം ആള്‍ക്കാര്‍ക്ക് സന്തോഷിക്കുവാന്‍ അവസരം സൃഷ്ടിക്കുന്നതിന്‍റെയും, സമാധാനവും ശാന്തിയും ഈ ലോകത്ത് എല്ലാവരും അനുഭവിക്കുന്നതിന്‍റെയും, ഒരു സമാധാനത്തിന്‍റെയും ശാന്തിയുടെയും ദൂതന്മാരായി നാം ഓരോരുത്തരും പ്രവര്‍ത്തിക്കുന്നതിന്‍റെയും, എല്ലാ മനുഷിക വിഭാഗങ്ങളും പങ്കുവച്ച് കൊടുക്കുന്നതിന്‍റെയും മാതൃകകള്‍ ആയിത്തീരേണ്ടതായിട്ടുണ്ട്.

ഈ ലോകത്ത് ഇത്രമാത്രം അനുഗ്രഹീതമായ സംവിധാനം നാം സൃഷ്ടിക്കുമ്പോഴും ഈ ലോകത്ത് ശാശ്വതമായി ജീവിക്കുന്നവരല്ല, ഈ ലോകത്തുനിന്ന് ദൈവസന്നിധിയിലേയ്ക്കുള്ള രക്ഷയുടെ യാത്രയിലാണ് നാം എന്നുള്ള തിരിച്ചറിവ് ആവശ്യമാണ്. കര്‍ത്താവായ യേശുക്രിസ്തു ഈ ലോകത്തില്‍ വന്ന് – ജനിച്ചു, വളര്‍ന്ന്, സ്നേഹത്തിന്‍റെ ദൂതു നല്കി, മരിച്ച് ഉത്ഥാനംചെയ്ത്, സ്വര്‍ഗ്ഗത്തിലേയ്ക്ക് കയറിപ്പോയ ആ നല്ലജീവിതത്തെ ഒരിക്കല്‍ക്കൂടി അനുസ്മരിക്കുവാനും സന്തോഷിക്കുവാനും ക്രിസ്തുമസ് ഇടയാക്കട്ടെ!

വത്തിക്കാന്‍ റേഡിയോയുടെ ശ്രോതാക്കള്‍ക്കേവര്‍ക്കും ക്രിസ്തുമസ്സിന്‍റെ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! 

 








All the contents on this site are copyrighted ©.