2016-12-22 18:26:00

‘റോമന്‍ കൂരിയ’യിലെ അംഗങ്ങള്‍ക്ക് നവീകരണത്തിന്‍റെ സന്ദേശം


സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പാപ്പായുടെ നേരിട്ടുള്ള സഹകാരികളായ കര്‍ദ്ദിനാളന്മാര്‍, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, വൈദികര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ‘റോമന്‍ കൂരിയ എന്ന് ലത്തീന്‍ ഭാഷയില്‍ അറിയപ്പെടുന്നത്. ഡിസംബര്‍ 22-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെയാണ് റോമന്‍ കൂരിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്. സന്ദേശത്തിന്‍റെ പ്രസക്തഭാഗമങ്ങള്‍ മാത്രം ചുവടെ ചേര്‍ക്കുന്നു:

1. ഇപ്പോള്‍ ആഗോളസഭയില്‍ നടന്നുകൊണ്ടിരിക്കുന്ന നവീകരണപദ്ധതി  പ്രമേയമാക്കിയാണ് ഇത്തവണ  സഹപ്രവര്‍ത്തകര്‍ക്ക് പാപ്പാ ക്രിസ്തുമസ്സ് സന്ദേശം നല്കിയത്. കാലത്തിനൊത്ത മാറ്റങ്ങള്‍ക്ക് ഇണങ്ങിച്ചേരാന്‍വേണ്ടി സഭ തന്നില്‍ത്തന്നെ വരുത്തുന്ന പരിവര്‍ത്തനങ്ങളാണ് സഭാ നവീകരണം. പാപ്പാ ആമുഖമായി പ്രസ്താവിച്ചു. ശുശ്രൂഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ ജനങ്ങള്‍ക്ക് ഇണങ്ങുന്ന കാര്യങ്ങളിലേയ്ക്ക് സഭയെ ഉയര്‍ത്തുന്നതും ക്രമപ്പെടുത്തുന്നതുമാണ് നവീകരണം. അതിനായി കൂരിയിലെ എല്ലാ ശുശ്രൂഷകരും പത്രോസിന്‍റെ പിന്‍ഗാമിയോട് സഹികരിച്ചു പ്രവര്‍ത്തിക്കേണ്ടത് നവീകരണത്തിന്‍റെ ആവശ്യമാണ്. കാരണം ആഗോളസഭയുടെ നന്മയും സേവനവുമാണ് (bonum et in servitium) അത് ലക്ഷ്യംവയ്ക്കുന്നത്. സഭാഭരണത്തെ മാറ്റമില്ലാത്ത മൂരാച്ചി സംവിധാനമാക്കാനാവില്ല. കാരണം മാറ്റവും നവീകരണവും വികസനവുമെല്ലാം ജീവന്‍റെ അടയാളമാണ്.

2. തീര്‍ത്ഥാടകയായ സഭ മുന്നേറുകയാണ്. ജീവിക്കുന്ന സഭ, അതിനാല്‍ നവീകരണത്തോടു തുറവും വിധേയത്വവും എന്നും പ്രകടമാക്കേണ്ടതാണ്. നവീകരണത്തിന് സന്നദ്ധയാകുന്നിടത്തോളം കാലം  സഭ ജീവിക്കുമെന്നും, സജീവയായിരിക്കുമെന്നും റോമന്‍ കൂരിയിലെ ഉദ്ദ്യോഗസ്ഥരെ പാപ്പാ ഉദ്ബോധിപ്പിച്ചു. നവീകരണം അതില്‍ത്തന്നെ അവസാനിക്കുന്നില്ല, അത് വളര്‍ച്ചയുടെയും മാറ്റത്തിന്‍റെയും മാനസാന്തരത്തിന്‍റെയും പ്രകൃയയാണ്. മാറ്റങ്ങള്‍ സഭാപ്രവര്‍ത്തകരിലും, സഭയുടെ ശുശ്രൂഷകരായ സ്ത്രീകളിലും പുരുഷന്മാരിലും യാഥാര്‍ത്ഥ്യമാകണമെന്ന് പാപ്പാ എടുത്തുപറഞ്ഞു.

വ്യക്തികളുടെ മനഃസ്ഥിതിയില്‍ മാറ്റമില്ലെങ്കില്‍, എല്ലാ നവീകരണശ്രമങ്ങളും, പ്രായോഗികമാക്കാന്‍ ശ്രമിക്കുന്ന മാറ്റങ്ങളും വൃഥാവിലാകും! വ്യക്തികളുടെ പുണ്യപൂര്‍ണ്ണതയ്ക്ക് വിഖാതമാകുന്നത് ആത്മീയരോഗങ്ങളാണ്. അവിയെക്കുറിച്ച് 2015-ലെ‍ ക്രിസ്തുമസ് കൂട്ടായ്മയില്‍ പങ്കുവച്ചിട്ടുള്ളതാണ്. അതിനാല്‍ റോമന്‍ കൂരിയയുടെ നവീകരണം വ്യക്തികളുടെ മാനസാന്തരത്തിന്‍റെയും പ്രകൃയയാണ്.

3. നവീകരണ പദ്ധതികളോടുള്ള പ്രതികരണങ്ങള്‍ അനിവാര്യമാണ്. പാപ്പാ പ്രസ്താവിച്ചു. പ്രതികരണം ജീവന്‍റെയും തുറവിന്‍റെയും അടയാളമാണ്. എന്നാല്‍ പരിപൂര്‍ണ്ണ നിശബ്ദതയും, പ്രതികരണമില്ലാത്ത നിര്‍ജ്ജീവാവസ്ഥയും അപകടകരമാണെന്നും പാപ്പാ പറഞ്ഞു.  ഏറെ വിവേചനവും, സുവിശേഷബോധ്യവും വിവേകവും, തുറവും, പതറാത്ത ധീരതയും, നിരന്തരമായ പരിശ്രമവും ഉറച്ചതീരുമാനവും ആവശ്യപ്പെടുന്നതാണ് നവീകരണം. ഒപ്പം, ധാരാളം പ്രാര്‍ത്ഥനയും, എളിമയും, ദീര്‍ഘവീക്ഷണവും, നിശിതമായ നടപടിക്രമങ്ങളും വേണ്ടതാണ് മാറ്റങ്ങള്‍. ആദിമ സഭയെ നയിച്ച ദൈവാരൂപിയില്‍ ആശ്രയിച്ചു മുന്നേറാം!

4. തുടര്‍ന്ന് നവീകരണത്തെ തുണയ്ക്കുന്ന 12 അടിസ്ഥാനക്രമങ്ങള്‍ പാപ്പാ വിവരിച്ചു:

വ്യക്തിഗത ഉത്തരവാദിത്ത്വവും മാനസാന്തരവും, അജപാലന പ്രതിബദ്ധതയും, ക്രിസ്തു കേന്ദ്രീകൃതമായ പ്രേഷിതാരൂപി, വ്യക്തമായ ഭരണസംവിധാനം അല്ലെങ്കില്‍ പ്രവര്‍ത്തന സംവിധാനം, മെച്ചപ്പെടാനുള്ള പദ്ധതികളും സംവിധാനങ്ങളും, ആധുനികവത്ക്കരണം, മിതത്വം, ഐക്യദാര്‍ഢ്യം, കൂട്ടായ്മ, ആഗോളസ്വഭാവം, വൈദഗ്ദ്ധ്യം, വിവേചനം എന്നിവയാണവ. ഇക്കാര്യങ്ങള്‍ സന്ദേശത്തില്‍ പാപ്പാ ഒന്നൊന്നായി വിവരിച്ചു.

5. സഭാ നവീകരണം സംബന്ധിച്ച് ഇന്നുവരെയ്ക്കും ചെയ്തിട്ടുള്ള കാര്യങ്ങളും പാപ്പാ ഹ്രസ്വമായി, എന്നാല്‍ എണ്ണിയെണ്ണി വിശദീകരിച്ചു: 2013 ഏപ്രിലില്‍ തുടങ്ങിയ നവീകരണ പദ്ധതികള്‍ 2016 ഒക്ടോബര്‍വരെയുള്ളത് വ്യക്തമാക്കാന്‍ പാപ്പാ സമയമെടുത്ത് ഒന്നൊന്നായി വിവരിച്ചു.

(ഉദാഹരണത്തിന്... 2016 ജൂണ്‍ 27-ന് വത്തിക്കാന്‍റെ ആശയവിനിമയ സംവിധനങ്ങള്‍ക്കായി സെക്രട്ടേറിയേറ്റ് രൂപീകരിച്ചു (Secretariate for Communications). നവമായ മാധ്യമ സംവിധാനങ്ങള്‍ ഉപയോഗിച്ച് സഭയുടെ പ്രേഷിതദൗത്യം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമമാണിത്. സഭയുടെ എല്ലാമാധ്യമ വിഭാഗങ്ങളും (10) അതുവഴി ഒരു കുടക്കീഴിലാക്കി. അതോടൊപ്പം അവയെ പുനരാവിഷ്ക്കരിക്കാനുള്ള കമ്മിഷന്‍റെ പഠനങ്ങള്‍ പരിശോധിച്ച് പ്രാവര്‍ത്തികമാക്കി. 2016 സെപ്തംബര്‍ 6-ന് പുതിയ സെക്രട്ടേറിയേറ്റിനുള്ള നിയമാവലി രൂപപ്പെടുത്തി അംഗീകരിച്ചു. ഒക്ടോബര്‍ മുതല്‍ അവ നടപ്പില്‍വരുത്താന്‍ തുടങ്ങി. ഇതുപോലെ എല്ലാ പ്രവര്‍ത്തനങ്ങളും പാപ്പാ ഒന്നൊന്നായി വിവരിച്ചു)  

6. ഏവര്‍ക്കും ക്രിസ്തുമസിന്‍റെയും നവവത്സരത്തിന്‍റെയും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് റോമന്‍ കൂരിയയുടെ കൂട്ടായ്മയ്ക്ക് സഭാനവീകരണത്തെ സംബന്ധിച്ച പ്രഭാഷണം പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്. 

Photo : Wide shot of the Clementine Hall where the Roman Curia gathered. Pope Francis addressed the Curia at the traditional Christmas gathering on 22nd December 2016.








All the contents on this site are copyrighted ©.