2016-12-21 17:07:00

പാപ്പാ ഫ്രാന്‍സിന്‍റെ ‘മിന്നല്‍ സന്ദര്‍ശനം’ ജൂബിലകാര്യങ്ങളുടെ ഓഫിസിലേയ്ക്ക്


പാപ്പാ ഫ്രാന്‍സിന്‍റെ മിന്നല്‍ സന്ദര്‍ശനം – ഇക്കുറി കാരുണ്യത്തിന്‍റെ ജൂബിലിയുടെ പരിപാടികള്‍ ക്രമീകരിക്കുകയും അവയ്ക്കെല്ലാം മേല്‍നോട്ടം വഹിക്കുകയുംചെയ്ത നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ  (Pontifical Council for New Evangelization) ഓഫിസിലേയ്ക്കായിരുന്നു. കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലയ്ക്കുപോലും ഒരറിവും നാല്കാതെയാണ് ഒരു കറുത്ത തുകല്‍ ബാഗുമായി എല്ലാവരെയും തെല്ലൊന്ന് അമ്പരപ്പിച്ചുകൊണ്ട് പാപ്പാ ഓഫീസിലേയ്ക്ക് കയറിച്ചെന്നത്.

ഡിസംബര്‍ 20-Ɔ൦ തിയതി ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ പതിനൊന്നു മണിയോടെ ചെറിയ ഫോര്‍ഡ് കാറില്‍ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും ഡ്രൈവറെയും കൂട്ടി, പേപ്പല്‍ വസതിയില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെ വത്തിക്കാന്‍റെ മുന്നിലുള്ള ‘വിയാ ദേലാ കൊണ്‍ചീലിയാസിയോനെ’ 4-Ɔ൦ നമ്പര്‍ ഓഫിസില്‍ ( 4, Via della Reconciliazione) പാപ്പാ ഫ്രാന്‍സിസ് എത്തിയിരിക്കുന്നു.

എല്ലാവരെയും ആശ്ചര്യപ്പെടുത്തിയൊരു വരവ്! ചൊവ്വാഴ്ചത്തെ പതിവുള്ള പ്രവൃത്തിദിനവും സമയവുമായതിനാല്‍ ആര്‍ച്ചുബിഷപ്പ് ഫിസികേലയും മറ്റ് ഉദ്യോഗസ്ഥന്മാരും ജോലിക്കാരുമെല്ലാവരുംതന്നെ അവിടെ ഉണ്ടായിരുന്നു. ആശ്ചര്യത്തോടും സന്തോഷത്തോടുംകൂടെ അവര്‍ പാപ്പായെ സ്വീകരിച്ച് ഓഫിസില്‍ ഇരുത്തി.

ഓഫിസിലെ കസേരയില്‍ അനൗപചാരികമായി ഇരുന്നുകൊണ്ട്, ആഗോളസഭയിലെ വലിയ സംഭവം - കാരുണ്യത്തിന്‍റെ ജൂബിലി കാര്യക്ഷമമായും അര്‍ത്ഥവത്തായും സംഘടിപ്പിച്ചതിന് കൗണ്‍സിലിന്‍റെ ഉദ്യോഗസ്ഥര്‍ക്കും, ജോലിക്കാര്‍ക്കും, സഹകാരികള്‍ക്കുമെല്ലാം പാപ്പാ നന്ദിയര്‍പ്പിച്ചു. ഏറെ സാഹോദര്യത്തോടും വിനയഭാവത്തോടുംകൂടിയുള്ള പാപ്പായുടെ സന്ദര്‍ശനവും നന്ദിയുടെ വാക്കുകളും ഹൃദയസ്പര്‍ശിയായിരുന്നെന്ന് ആര്‍ച്ചുബിഷപ്പ് ഫിസികേലാ പ്രസ്താവനയിലൂടെ അറിയിച്ചു.

15 മിനിറ്റു മാത്രം നീണ്ട മിന്നല്‍ സന്ദര്‍ശനം അവസാനിപ്പിച്ച് പെട്ടന്നാണ് പാപ്പാ യാത്രപറഞ്ഞ് ഇറങ്ങിയത്. ആര്‍ച്ചുബിഷപ്പ് ഫിസികേല വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.  2016 നവംബര്‍ 28-ന് വത്തിക്കാനിലെ കൂടിക്കാഴ്ചയില്‍ പാപ്പാ ഔപചാരികമായി നന്ദിപറഞ്ഞതു കൂടാതെയാണ് അവിചാരിതമായ ഈ സന്ദര്‍ശനം!

ചിത്രം : ആര്‍ച്ചുബിഷപ്പ് റൈനോ ഫിസികേല, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റും, ജൂബിലി പരിപാടികളുടെ സംഘാടകനും.

 

 








All the contents on this site are copyrighted ©.