2016-12-20 11:35:00

മാതൃകയാക്കാവുന്ന സ്നേഹസമൂഹം ഇറ്റലിയിലെ ‘നൊമാഡെല്‍ഫിയ’ കൂട്ടായ്മ


ചിത്രം > നൊമാഡെല്‍ഫിയയുടെ പ്രതിനിധിസംഘം പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍...

ഇന്നും ജീവിക്കുന്ന സാഹോദര്യത്തിന്‍റെ ‘നൊമാഡെല്‍ഫിയ’ സമൂഹം!

ഡിസംബര്‍ 17-Ɔ൦ തിയതി ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസിന്‍റെ 80-Ɔ൦ പിറന്നാളില്‍ ‘നൊമാഡെല്‍ഫിയ’ സമൂഹത്തിലെ കുട്ടികളും കുടുംബങ്ങളും അടക്കമുള്ള പ്രതിനിധിസംഘം വത്തിക്കാനില്‍വന്ന് പാപ്പാ ഫ്രാന്‍സിസിന് ആശംസകള്‍ അര്‍പ്പിച്ചു. സഭയോടും സഭാതലവനായ പാപ്പായോടുമുള്ള സ്നേഹാദരവുകള്‍ അവര്‍ പ്രകടമാക്കി!

1948-ല്‍ വടക്കെ ഇറ്റലിയില്‍ സീനോ സള്‍ത്തീനി എന്ന വൈദികന്‍ തുടങ്ങിയ പ്രസ്ഥാനമാണിത്. ഗ്രീക്കു ഭാഷയില്‍ ‘നൊമാഡെല്‍ഫിയ’ (Nomadelfia) എന്ന വാക്കിനര്‍ത്ഥം ‘സാഹോദര്യത്തിന്‍റെ നിയമം’ എന്നാണ്. സാഹോദര്യം ജീവിതനിയമമാക്കിയ ഒരു ചെറുസമൂഹമാണ് വടക്കെ ഇറ്റലിയിലെ മൊദേനാ പ്രവിശ്യയിലെ ‘നൊമാഡെല്‍ഫിയ’ എന്നു ചുരുക്കി പറയാം. സുവിശേഷ സ്നേഹം ജീവിതനിയമമാക്കി സാധാരണക്കാരായ കുടുംബങ്ങളുടെ ഒരു സമൂഹം വളര്‍ന്നതിന്‍റെ കഥയാണിത്.

രണ്ടാം ലോകമഹായുദ്ധം വരുത്തിയ ദുരിതങ്ങളും ജര്‍മ്മന്‍ അധിനിവേശത്തിന്‍റെ ക്ലേശങ്ങളും ഇറ്റലിയുടെ നഗരപ്രാന്തങ്ങളില്‍ കൊടുംദാരിദ്ര്യവും അനാഥത്വവുമായി അനുഭവപ്പെട്ട കാലം! ജയില്‍ മോചിതനും അനാഥനുമായ 17 വയസ്സുകാരന്‍ യുവാവിനെ വഴിയില്‍ കണ്ട ഫാദര്‍ സീനോയുടെ മനുഷ്യത്വം സാഹോദര്യമായി ചിറകുവച്ചു. അദ്ദേഹം അവനെ പുത്രനെപ്പോലെ സ്വീകരിച്ചു. അത് ‘നൊമാഡെല്‍ഫിയ’യുടെ തുടക്കമായിരുന്നു. 1931-Ɔമാണ്ടില്‍...! അന്നു ഫാദര്‍ സീനോ കാണിച്ച കാരുണ്യപ്രവൃത്തി പിന്നെയും വളര്‍ന്നു വലുതായി. അങ്ങനെ പാവങ്ങളും അനാഥരുമായ കുട്ടികളെയും യുവജനങ്ങളെയും ഫാദര്‍ സ്വീനോ കൈക്കൊണ്ടപ്പോള്‍ അതു മെല്ലെ ഒരു സമൂഹമായി വളര്‍ന്നു. അനാഥാരായ കുഞ്ഞുങ്ങളെ നോക്കാന്‍ അഗതികളായ യുവതീയുവാക്കള്‍ മുന്നോട്ടുവന്നത് ഫാദര്‍ സീനോയുടെ സാഹോദര്യത്തിന്‍റെ കൂട്ടായ്മയിലെ പങ്കുചേരലായി. അങ്ങനെ ‘നൊമാഡെല്‍ഫിയ’ എന്ന സാഹോദ്യത്തിന്‍റെ സമൂഹം പിറവിയെടുത്തു. അനാഥരായ യുവതികള്‍ ആരുംപോരുമില്ലാത്ത പൈതങ്ങള്‍ക്ക് അച്ഛനും അമ്മയുമായി.

1952-ല്‍ ഈ സമൂഹം 400-ല്‍ അധികംപേരുള്ളൊരു സമൂഹമായി വളര്‍ന്നതു കണ്ടപ്പോള്‍ രാഷ്ട്രീയതലത്തിലും സഭാതലത്തിലും ആശങ്കകള്‍ ഉയര്‍ന്നു. പ്രാദേശിക സഭ ഇടപെട്ടു. സ്ത്രീകളും ഇതര പ്രായക്കാരും ഉള്‍പ്പെടുന്ന അനാഥര്‍ക്കൊപ്പമുള്ള ഫാദര്‍ സീനോയുടെ ജീവിതം വൈദികജീവിതത്തിനു ഭൂഷണമല്ലെന്നും, ‘നൊമാഡെല്‍ഫിയ’ വിട്ടുപോരണമെന്നുമായിരുന്നു രൂപതാമെത്രാന്‍റെ തീരുമാനം. അദ്ദേഹം വടക്കെ ഇറ്റലിയിലെ ഗ്രൊസ്സേത്തോ (Grosseto) രൂപതാംഗമായിരുന്നു. സഭയുടെ വിലക്ക് ഫാദര്‍ സീനോ അനുസരിച്ചു. എന്നാല്‍ സീനോയുടെ അല്‍മായരായ സഹകാരികള്‍ സമൂഹത്തിലെ അനാഥരെ കൈവിട്ടില്ല. അവര്‍ ക്ലേശത്തോടെയെങ്കിലും സാഹോദര്യത്തിലും കൂട്ടായ്മയിലും മുന്നോട്ടുതന്നെ നീങ്ങി.

കൈവെടിയപ്പെട്ട അനാഥരെ ഓര്‍ത്ത് അങ്ങ് അകലെ ഫാദര്‍ സീനോ വേദനിച്ചു. ഒരു വര്‍ഷമായപ്പോള്‍ ഫാദര്‍ ജീനോ തന്‍റെ വിളി തിരിച്ചറിഞ്ഞു. തന്‍റെ പൗരോഹിത്യം പിന്‍വിലിക്കുകയാണെങ്കിലും, പാവങ്ങളെ ശുശ്രൂഷിച്ചു ജീവിക്കാനുള്ള അനുമതിക്കായി അദ്ദേഹം പിയൂസ് 12-Ɔമന്‍ പാപ്പായെ സമീപിച്ചു. സീനോയുടെ പൗരോഹിത്യ ശുശ്രൂഷകള്‍ വിലക്കപ്പെട്ടു. ‘നൊമാഡെല്‍ഫിയ’ സമൂഹത്തിലേയ്ക്ക് സീനോ സല്‍ത്തീനി തിരിച്ചുപോയി (Secularization pro gratia). അത് 1953-ലായിരുന്നു. നിലവിലുണ്ടായിരുന്ന സമൂഹത്തെ സീനോ പിന്നെയും ഊര്‍ജ്ജിതപ്പെടുത്തി. അവരുടെ വിദ്യാഭ്യാസം, ജീവിതക്രമം എന്നിവ ചിട്ടപ്പെടുത്തി. കുടുംബങ്ങളെ അദ്ദേഹം സമൂഹത്തിന്‍റെ ഭാഗമായി പുനരധിവസിപ്പിച്ചു. കുടുംബങ്ങളുടെ സമൂഹങ്ങള്‍ (Groups of families) രൂപപ്പെടുത്തി. നിയമങ്ങളും ജീവിതക്രമവുമുള്ള ഒരു പൗരസംഘടയായി 1961-ല്‍ സര്‍ക്കാരും സമൂഹവും സഭയും ‘നൊമാഡെല്‍ഫിയ’യെ അംഗീകരിച്ചു.

നവമായ ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ചു മനസ്സിലാക്കിയ വിശുദ്ധനായ ജോണ്‍ 23-Ɔമന്‍ പാപ്പാ, സീനോയ്ക്ക് 1962-ല്‍ പൗരോഹിത്യം വീണ്ടുനല്കി. ജനുവരി 22-ന് അദ്ദേഹം ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ട് ‘രണ്ടാമത്തെ ആദ്യകുര്‍ബ്ബാന’ അര്‍പ്പിച്ചു. ഫാദര്‍ സീനോ ‘നൊമാഡെല്‍ഫിയ’ സമൂഹത്തിന്‍റെ അജപാലകനായി!   അടിത്തറ ബലപ്പെട്ടപ്പോള്‍ ​‘നൊമാഡെല്‍ഫിയ’ സമൂഹത്തിലുള്ളവരുടെ  വിദ്യാഭ്യാസ  സൗകര്യങ്ങള്‍ക്കായി സ്വന്തമായ വിദ്യാലയം തുറന്നു. ഉല്ലാസം, കളികള്‍, സംഗീതം, നൃത്തം, എന്നിയ്ക്കുള്ള പരിശീലനക്രമങ്ങള്‍ ഏര്‍പ്പെടുത്തി. 1980-ലെ വേനല്‍ അവധിക്കാലത്ത് ‘നൊമാഡെല്‍ഫിയ’ സമൂഹം വത്തിക്കാന്‍റെ വേനല്‍ വസതി, ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ വന്ന് വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി ലഭിച്ചു. നേര്‍ക്കാഴ്ചയില്‍ സമൂഹത്തിന്‍റെ ഉല്ലാസപരിപാടികളും പാപ്പായുടെ ബഹുമാനാര്‍ത്ഥം അവതരിപ്പിക്കപ്പെട്ടു.  “ദൈവമക്കള്‍ക്കൊത്ത ഈ ജീവിതക്രമവും നൊമാഡെല്‍ഫിയയുടെ കൂട്ടായ്മയും സാഹോദര്യവും പങ്കുവയ്ക്കലും വരും തലമുറയ്ക്ക് മാതൃകയും പ്രചോദനവുമാണ്,” പാപ്പാ പ്രസ്താവിച്ചു.

1980-ലെ ആഗസ്റ്റ് 12-നായിരുന്നു ഈ കൂടിക്കാഴ്ച. 1981 ജനുവരി 15-ന് മനുഷ്യസ്നേഹിയും സാഹോദര്യത്തിന്‍റെ പ്രേഷിതനുമായ ഫാദര്‍ സീനോ സള്‍ത്തീനി 80-Ɔമത്തെ വയസ്സില്‍ അന്തരിച്ചു. ഫാദര്‍ സീനോ പകര്‍ന്നുനല്കിയ സാഹോദര്യത്തിന്‍റെ നിയമം നൊമാഡെല്‍ഫിയയെ ഇന്നും കൂട്ടായ്മയുടെ ചൈതന്യത്തില്‍ നിലനിറുത്തുന്നു!

1980-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുമായി ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഓര്‍മ്മയുമായിട്ടാണ് വീണ്ടും 2016 ഡിസംബര്‍ 17-Ɔ൦ തിയതി പാപ്പാ ഫ്രാന്‍സിസിന്‍റെ ജന്മനാളില്‍ സാഹോദര്യത്തിന്‍റെ സന്ദേശവുമായി ‘നൊമാഡെല്‍ഫിയ’ സമൂഹം വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്!

*ഫാദര്‍ സീനോയുടെ ജീവിതവിശുദ്ധ മനസ്സിലാക്കിയ അദ്ദേഹത്തിന്‍റെ രൂപതയായ ഗ്രൊസ്സേത്തോ (Grosseto) 2009-ല്‍ നാമകരണനടപടികള്‍ക്കുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.








All the contents on this site are copyrighted ©.