2016-12-17 13:53:00

ചവിട്ടിമെതിക്കപ്പെടുന്ന മതസ്വാതന്ത്ര്യം


മനുഷ്യാവകാശങ്ങളുടെ “ഹൃദയ”മായ മതസ്വാതന്ത്ര്യം ചവിട്ടിമെതിക്കപ്പെടുകയും മനുഷ്യാവകാശലംഘനങ്ങള്‍ക്ക് മതം ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നതിനെതിരെ വത്തിക്കാന്‍റെ വിദേശബന്ധകാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ അന്‍റോയിന്‍ കമില്ലേരി ശബ്ദമുയര്‍ത്തുന്നു.

യൂറോപ്പിന്‍റെ സുരക്ഷിതത്വത്തിനും സഹകരണത്തിനും വേണ്ടിയുള്ള സംഘടന,ഒ എസ് സി ഇ യുടെ ആഭിമുഖ്യത്തില്‍ ക്രിസ്തീയ വിരുദ്ധതയെയും അസഹിഷ്ണുതയെയും അധികരിച്ച്  ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയില്‍ വ്യാഴാഴ്ച (15/12/16) സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിലാണ് അദ്ദേഹം മനുഷ്യന്‍റെ    മൗലികാവകാശങ്ങളുടെ അടിസ്ഥാനമായ മതസ്വാതന്ത്ര്യം ഇറാക്ക് സിറിയ തുടങ്ങിയ നാടുകളില്‍ നിഷഠൂരം ധ്വംസിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിച്ചത്.

വിദ്വേഷത്തിന്‍റെതായ ഈ കുറ്റകൃത്യങ്ങള്‍ക്ക് യൂറോപ്പിലും നിരവധി ക്രിസ്തീയ സമൂഹങ്ങള്‍ ഇരകളാകുന്നുണ്ടെന്നു മോണ്‍സിഞ്ഞോര്‍ കമില്ലേരി പറഞ്ഞു.

വ്യക്തിക്കും അതുപോലെതന്നെ സൂഹത്തിനും നന്മയേകുന്നതിന് മതത്തിനുള്ള കഴിവ് നിസ്സീമമാണെന്നു് ആവര്‍ത്തിച്ചു പ്രഖ്യാപിക്കേണ്ടത് ഈ അസഹിഷ്ണുതയ്ക്കും വിവേചനത്തിനും അറുതിവരുത്തുന്നതിനുള്ള പോരാട്ടത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.