2016-12-16 13:32:00

ക്രിസ്തീയവിരുദ്ധതയ്ക്കെതിരായ പോരാട്ടത്തിന് വിദ്യഭ്യാസം


സാംസ്കാരിക സമാഗമ ശിക്ഷണം മതപാരമ്പര്യങ്ങളോടുള്ള ആദരവ് എന്നിവ യുറോപ്പില്‍ ക്രിസ്തീയ വിരുദ്ധതയ്ക്കെതിരെ പോരാടുന്നതിന് സത്താപരമെന്ന് മോണ്‍സിഞ്ഞോര്‍ യാനുഷ് ഉര്‍ബന്‍ചിക്ക്.

യൂറോപ്പിന്‍റെ സുരക്ഷിതത്വത്തിനും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയില്‍,ഒ എസ് സി ഇ യില്‍ (OSCE) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തീയ വിരുദ്ധതയെയും അസഹിഷ്ണുതയെയും അധികരിച്ച്  ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയില്‍ വ്യാഴാഴ്ച (15/12/16) സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തെ അന്ന് സംബോധന ചെയ്യുകയായിരുന്നു.

സാസ്കാരിക രൂപീകരണത്തിനും, സംഭാഷണവും പരസ്പരധാരണയും പരിപോഷിപ്പിക്കുന്നതിനും മതങ്ങളേകുന്ന സംഭാവനകള്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ ചിലയിടങ്ങളില്‍ മതങ്ങള്‍ക്കും മതാനുയായികള്‍ക്കും നേരെ ശത്രുതയും അസഹിഷ്ണുതയും വിവേചനവും പ്രകടമാകുന്നുണ്ടെന്ന് മോണ്‍സിഞ്ഞോര്‍ ഉര്‍ബന്‍ചിക്ക് പറഞ്ഞു.

ഇവയ്ക്കെതിരായ പോരാട്ടത്തില്‍ പ്രഥമസ്ഥാനം ഇവയുടെ മൂലകാരണങ്ങള്‍ നീക്കുന്നതായ വിദ്യഭ്യാസത്തിനാണെന്നും രണ്ടാമതായി വരുന്നത് രചനാത്മക സംഭാഷണമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ജനങ്ങളെ ഒന്നിപ്പിക്കുന്ന പാലങ്ങള്‍ തീര്‍ക്കുന്നതിനെക്കാള്‍ ഭിന്നിപ്പിക്കുന്ന മതിലുകള്‍ കെട്ടിഉയര്‍ത്താനുള്ള വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന പ്രലോഭനത്തിനെതിരെ മോണ്‍സിഞ്ഞോര്‍ ഉര്‍ബന്‍ചിക്ക് ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് വിരല്‍ ചൂണ്ടി.

അന്തസ്സോടെ ജീവിക്കാനാവശ്യമായ ഏററം ചുരുങ്ങിയ ആദ്ധ്യാത്മിക ഭൗതിക കാര്യങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പുവരുത്താനുള്ള കടമ സര്‍ക്കാരുകള്‍ക്കും  നേതൃത്വസ്ഥാനത്തിരിക്കുന്നവര്‍ക്കുമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.