2016-12-14 13:07:00

പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ സന്ദേശം


വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയില്‍  ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ചയും (14/12/16) പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. ഈ കൂടിക്കാഴ്ചയില്‍ വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. ഇവരില്‍ മലയാളികളുമുണ്ടായിരുന്നു. ശാലയില്‍ പ്രവേശിച്ച പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചിലര്‍ പാപ്പായ്ക്ക് ചെറുസമ്മാനങ്ങളേകി. 1936 ഡിസമ്പര്‍ 17 ജനിച്ച ഫ്രാന്‍സീസ് പാപ്പായുടെ എണ്‍പതാം പിറന്നാള്‍ ഈ വരുന്ന ശനിയാഴ്ചയാകയാല്‍ 80 ന്‍റെ രൂപത്തിലുള്ള മെഴുകുതിരികള്‍  തെളിയിച്ച ചോക്കളേറ്റ് പിറന്നാള്‍ കേക്ക് അവിടെ സന്നിഹിതരായിരുന്നവരില്‍ ഒരു യുവതി പാപ്പായുടെ നേര്‍ക്കു നീട്ടുകയും പാപ്പാ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ആ തിരികള്‍ ഊതിക്കെടുത്തുകയും ചെയ്തു. തദ്ദനന്തരം മാര്‍പ്പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ന് ത്രിത്വൈക സ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

“ സദ്വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സിയോനോടു നിന്‍റെ ദൈവം ഭരിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നവന്‍റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്!.... ജറുസലേമിലെ വിജനതകളേ, ആര്‍ത്തു പാടുവിന്‍! കര്‍ത്താവ് തന്‍റെ ജനത്തെ ആശ്വസിപ്പിക്കുന്നു; ജറുസലേമിനെ മോചിപ്പിച്ചിരിക്കുന്നു. തന്‍റെ പരിശുദ്ധ കരം എല്ലാ ജനതകളുടെയും മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഭൂമിയുടെ എല്ലാ അതിര്‍ത്തികളും നമ്മുടെ ദെവത്തില്‍നിന്നുള്ള രക്ഷ കാണും”.  ഏശയ്യ പ്രവാചകന്‍റെ പുസ്തകം, 52, 7ഉം 9ഉം 10ഉം വാക്യങ്ങള്‍

ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ സന്ദേശം നല്കി. കഴിഞ്ഞ ബുധനാഴ്ച (07/12/14) ക്രിസ്തീയ പ്രത്യാശയെക്കുറിച്ചാരംഭിച്ച പ്രബോധനപരമ്പരയുടെ തുടര്‍ച്ചയായിരുന്നു പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണം.  

പാപ്പായുടെ സന്ദേശം ഇപ്രകാരം സംഗ്രഹിക്കാം:                                                

നമ്മള്‍ തിരുപ്പിറവിയോടടുത്തുകൊണ്ടിരിക്കയാണ്. രക്ഷയുടെ ആഗമനത്തിന്‍റെ സദ്വാര്‍ത്ത സ്വീകരിച്ചുകൊണ്ട് പ്രത്യാശയ്ക്ക് നമ്മെത്തന്നെ തുറന്നുകൊടുക്കുന്നതിന് ഏശയ്യാ പ്രവാചകന്‍ ഒരിക്കല്‍കൂടി നമ്മെ സഹായിക്കുന്നു.

ഉണര്‍ന്നെഴുന്നേല്‍ക്കാനും പൊടിയില്‍ നിന്ന് തട്ടിക്കുടഞ്ഞ് എഴുന്നേല്ക്കുകയും ചങ്ങലകള്‍ പൊട്ടിക്കുകയും മനോഹരമായ വസ്ത്രങ്ങള്‍ അണിയുകയും ചെയ്യാനും ജറുസലേമിനെ ക്ഷണിച്ചുകൊണ്ടാണ് ഏശയ്യാ പ്രവാചകന്‍ അമ്പത്തിരണ്ടാം അദ്ധ്യായം ആരംഭിക്കുന്നത്.  എന്തെന്നാല്‍ കര്‍ത്താവ് വന്നത് സ്വന്തം ജനത്തെ മോചിപ്പിക്കാനാണ്. പ്രവാചകന്‍ കൂട്ടിച്ചേര്‍ക്കുന്നു:കര്‍ത്താവ് അരുളിചെയ്യുന്നു “എന്‍റെ ജനം എന്‍റെ നാമം അറിയും. ഞാന്‍ തന്നെയാണ് സംസാരിക്കുന്നതെന്ന് ആ ദിവസം അവര്‍ അറിയും. ഇതാ ഞാന്‍”. (ഏശയ്യ,52,6)

ദൈവത്തിന്‍റെ രക്ഷാകരഹിതം മുഴുവനെയും നമ്മുടെ അടുത്തായിരിക്കാനുള്ള അവിടത്തെ ഇഷ്ടത്തെയും പൂര്‍ണ്ണമായും സംഗ്രഹിക്കുന്ന ,ദൈവം അരുളിചെയ്ത, ഈ “ഇതാ ഞാന്‍” എന്നതിനോട് പ്രത്യുത്തരിക്കുന്നതാണ് പ്രവാചകന്‍റെ ക്ഷണമനുസരിച്ചുള്ള ജറുസലേമിന്‍റെ ആനന്ദഗീതം. അത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചരിത്രപരമായ ഒരു നിമിഷമാണ്. അത് ബാബിലോണ്‍ പ്രവാസത്തിന്‍റെ അവസാനമാണ്, ദൈവത്തെ വിശ്വാസത്തില്‍ വീണ്ടും കണ്ടെത്താന്‍, സ്വയം കണ്ടെത്താന്‍, ഇസ്രായേലിനുള്ള ഒരു അവസരമാണ്.

ജറുസലേമിലെ വിജനതകളേ ആര്‍ത്തു പാടുവിന്‍ എന്തെന്നാല്‍ കര്‍ത്താവ് തന്‍റെ ജനത്തെ സമാശ്വസിപ്പിച്ചിരിക്കുന്നു. ദൈവം സ്വന്തം ജനത്തെ ഉപേക്ഷിക്കുന്നില്ല, തിന്മയാല്‍ പരാജിതരാകാന്‍ അനുവദിക്കുന്നില്ല, കാരണം അവിടന്ന് വിശ്വസ്തനാണ്, അവിടത്തെ കൃപ പാപത്തെക്കാള്‍ ശക്തമാണ്. ഇതു നമ്മള്‍ പഠിക്കണം. കാരണം നമ്മള്‍ ദുര്‍വാശിയുള്ളവരാണ്. അതുകൊണ്ട് നാം പഠിക്കുന്നില്ല. ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ. ദൈവമോ പാപമോ, ആരാണ് വലുത്? ആര്‍ക്കാണ് അന്തിമവിജയം?, എറ്റം ഘോരമായ, ഏറ്റം ലജ്ജാകരമായ പാപത്തെ, പാപങ്ങളില്‍ ഏറ്റം നികൃഷ്ടമായ പാപത്തെ ജയിക്കാന്‍ ദൈവത്തിനാകുമോ? ഏത് ആയുധം ഉപയോഗിച്ചാണ് ദൈവം ഇതിനെ ജയിക്കുക? നിങ്ങളില്‍ ദൈവശാസ്ത്രജ്ഞാന്മാര്‍ ഉണ്ടോ എന്നു നോക്കട്ടെ. സ്നേഹമാണ് ദൈവത്തിന്‍റെ ആയുധം എന്ന് ജനസഞ്ചയം പ്രത്യുത്തരിച്ചപ്പോള്‍ പാപ്പാ അവരെ അഭിനന്ദിച്ചുകൊണ്ട് ഇപ്രകാരം തുടര്‍ന്നു:

ദൈവം പാപത്തെ ജയിക്കുന്നു എന്നതിനര്‍ത്ഥം അവിടന്ന് ഭരിക്കുന്നു എന്നാണ്. നരകുലത്തിന്മേല്‍ കുനിയുന്ന, കാരുണ്യമേകാനും ദൈവത്തിന്‍റെതായ മനുഷ്യന്‍റെ    ഛായയെ വികൃതമാക്കുന്നവയില്‍ നിന്നൊക്കെ അവനെ മോചിപ്പിക്കാനും സ്വയം താഴ്ത്തുന്ന കര്‍ത്താവിലുള്ള വിശ്വാസമാണ് ഈ വാക്കുകള്‍. തിരുപ്പിറവിയില്‍ നാം ആഘോഷിക്കുന്ന പൊറുക്കലിന്‍റെയും സമാധാനത്തിന്‍റെയുമായ രാജ്യമാണ്, യേശു സ്ഥാപിച്ച ഈ രാജ്യമാണ് ദൈവത്തിന്‍റെ ഇത്ര വലിയ സ്നേഹത്തിന്‍റെ പൂര്‍ത്തീകരണം. പെസഹായിലാണ് ഈ രാജ്യം നിയതമായി സാക്ഷാത്ക്കരിക്കപ്പെടുന്നത്. സമാധാനത്തിന്‍റെതായ ആന്തരികാനന്ദമാണ് തിരുപ്പിറവിയുടെ ഏറ്റവും സൗഷ്ഠവമാര്‍ന്ന സന്തോഷം. കര്‍ത്താവ് എന്‍റെ പാപങ്ങള്‍ മായിച്ചുകളയുന്നു, അവിടന്ന് എന്നോടു പൊറുത്തു, അവിടന്ന് എന്നോടു കരുണകാണിച്ചു, കര്‍ത്താവ് എന്നെ രക്ഷിക്കാന്‍ വന്നിരിക്കുന്നു. ഇതാണ് തിരുപ്പിറവിയുടെ ആനന്ദം.

പ്രിയ സഹോദരീസഹോദരന്മാരേ, ഇതാണ് നമ്മുടെ പ്രത്യാശയുടെ കാരണം. സകലവും അവസാനിച്ചു എന്ന തോന്നലുണ്ടാകുമ്പോള്‍, നിഷോധാത്മകമായ നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ വിശ്വാസം ശ്വാസംമുട്ടുമ്പോള്‍, ഒന്നിനും അര്‍ത്ഥമില്ല എന്ന് പറയാനുള്ള പ്രലോഭനം ഉണ്ടാകുമ്പോള്‍ ഇതാ, വേഗതയാര്‍ന്ന പാദങ്ങള്‍ കൊണ്ടുവരുന്ന സദ്വാര്‍ത്ത: നൂതനമായതെന്തൊ സാക്ഷാത്ക്കരിക്കാന്‍, സമാധാനത്തിന്‍റെ  രാജ്യം സ്ഥാപിക്കാന്‍ ദൈവം വരുന്നു. “ദൈവം തന്‍റെ കരം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു, അവിടന്ന് സ്വാതന്ത്ര്യവും സാന്ത്വനവും പ്രദാനംചെയ്യാന്‍ ആഗതനാകുന്നു. തിന്മ എന്നന്നേയ്ക്കും ജയിക്കില്ല, വേദനയ്ക്ക് ഒരന്ത്യമുണ്ട്. നിരാശയെ ജയിച്ചിരിക്കുന്നു, എന്തെന്നാല്‍ ദൈവം നമ്മു‌ടെ മദ്ധ്യേയുണ്ട്.

ജറുസലേമിനെപ്പോലെ തന്നെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ നമ്മളും ആഹ്വാനംചെയ്യപ്പെടുന്നു. നമുക്കു ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന സദ്വാര്‍ത്ത അടിയന്തരസ്വഭവമുള്ളതാണ്. സന്ദേശവാഹകരായി നാമും മലമുകളില്‍ ഓടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ലോകത്തിന് ഇനി കാത്തിരിക്കാനാകില്ല, നരകുലം നീതിയ്ക്കും സത്യത്തിനും സമാധാനത്തിനുമായി ദാഹിക്കുന്നു.

നാം ഹൃദയം തുറക്കേണ്ടിയിരിക്കുന്നു. തിരുപ്പിറവി ഹൃദയം തുറക്കുന്നതിനുള്ള ദിനമാണ്. ബത്ലഹേമിലെ ആ ഏറ്റം ചെറിയ ശിശുവിലേക്ക്, അവിടെയുള്ള മഹാ വിസ്മയത്തിലേക്ക്, ഹൃദയം തുറന്നിടണം.  ഈ ആഗമനകാലത്തില്‍ പ്രത്യാശയോടെ നാം ഒരുങ്ങുന്നത് തിരുപ്പിറവിയുടെ ആ വിസ്മയത്തിലേക്കാണ്. ശിശുവായ ഒരു ദൈവം, നിര്‍ദ്ധനനായ ഒരു ദൈവം, ബലഹീനനായ ഒരു ദൈവം, നമ്മെപ്പോലെ ആയിത്തീരുന്നതിനും നമ്മുടെ ചാരെ ആയിരിക്കുന്നതിനും തന്‍റെ മഹത്വം വെടിഞ്ഞ ഒരു ദൈവം ആണ് ഈ വിസ്മയം. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധന ചെയ്യുകയും ചെയ്തു. തനിക്ക് മുന്‍കൂട്ടി ജന്മദിനാശംസകള്‍ നേര്‍ന്നവര്‍ക്ക്   നന്ദി പറഞ്ഞ പാപ്പാ, ഇങ്ങനെ മുന്‍കൂട്ടി പിറന്നാളാംശംസകളേകുന്നത് ദുശ്ശകുനമായും അങ്ങനെ ചെയ്യുന്നയാള്‍ ദുശ്ശകുനിയായും തന്‍റെ ജന്മാനാടായ അര്‍ജന്തീനയില്‍ കണക്കാകുന്നുവെന്ന്  സരസമായി മൊഴിഞ്ഞു.

പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത ഫാന്‍സീസ് പാപ്പാ തീക്ഷ്ണമതിയായ ഇടയനും യോഗിയുമായിരുന്ന വേദപാരംഗതനായ കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍റെ തിരുന്നാള്‍ ഈ ബുധനാഴ്ച ആചരിക്കപ്പെട്ടത് അനുസ്മരിച്ചു.പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ   അപ്പസ്തോലികാശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.