2016-12-10 11:55:00

സ്നാപകനും ക്രിസ്തുവും : സംശയത്തെ നന്മയോടെ പ്രതികരിക്കാം


ആഗമനകാലം മൂന്നാം വാരം - വിശുദ്ധ മത്തായി  11, 2-11.

പുതിയ നിയമ പണ്ഡിതനും കാരുണികന്‍ മാസികയുടെ പത്രാധിപരുമായ റവറെന്‍റ് ഡോക്ടര്‍ ജേക്കബ് നാലുപറ എം.സി.ബി.എസ്സി-ന്‍റെ വചനവിചിന്തനകള്‍

ഇന്നത്തെ സുവിശേഷത്തില്‍ സ്നാപകയോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ ക്രിസ്തുവിന്‍റെ പക്കലേയ്ക്ക് അയയ്ക്കുന്നതാണ് സന്ദര്‍ഭം. സ്നാപകന്‍ ഈ അവസരത്തില്‍ അറസ്റ്റിലായി ജയിലിലാണ്. അങ്ങനെ ജയിലിലായിരിക്കെയാണ് സ്വന്തം ശിഷ്യന്മാരെ യേശുവിന്‍റെ പക്കലേയ്ക്ക് അയച്ചിട്ട്, ചോദിക്കുന്നത്, വരാനിരിക്കുന്നവന്‍ അങ്ങാണോ, അങ്ങുതന്നെയോ, അതോ ഞങ്ങള്‍ മറ്റുള്ളവരെ കാത്തിരിക്കണമോ? അതോ, ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?

നീ തന്നെയാണോ യഥാര്‍ത്ഥത്തില്‍ വരുവാനിരിക്കുന്നവന്‍.? നീ തന്നെയാണോ യഥാര്‍ത്ഥത്തില്‍ ക്രിസ്തു? ഇതാണ് സ്നാപകയോഹന്നാന്‍ ശിഷ്യന്മാരെ അയച്ചിട്ട് ഈശോയോടു ചോദിക്കുന്നത്. അതിന്‍റെ അര്‍ത്ഥം, ഈ ചോദിക്കുന്ന സ്നാപകന്‍ ആരാണ്? സ്നാപകനും ഈശോയും തമ്മിലുള്ള ബന്ധം എന്താണ്? ഇവര്‍ തമ്മിലുള്ള കര്‍മ്മത്തിന്‍റെ വ്യക്തിപരമായ അടിസ്ഥാനത്തിലേ  ഈ ചോദ്യത്തിന്‍റെ രൂക്ഷത നമുക്ക് മനസ്സിലാകുള്ളൂ. ചോദിക്കുന്നത് ആരാണ്?

ഇത് മനസ്സിലാക്കണമെങ്കില്‍ നാം സുവിശേഷത്തിലേയ്ക്ക് തന്നെ പോകണം. വിശുദ്ധ മത്തായിയുടെ സുവിശേഷം 3-Ɔ൦ അദ്ധ്യായത്തില്‍ 11-Ɔമത്തെ വചനം – സ്നാപകന്‍ യേശുവിനെ ജനത്തിന്‍റെ മുന്‍പില്‍ അവതരിപ്പിക്കുന്നതാണ് രംഗം. അദ്ദേഹം പറയുന്ന മാനസാന്തരത്തിനായി  നിങ്ങളെ ഞാന്‍ ജലംകൊണ്ട് സ്നാനപ്പെടുത്തി. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തനാണ്. അവന്‍റെ ചെരിപ്പെടുക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. അദ്ദേഹം പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും. ഈശോയെക്കുറിച്ചാണ് സ്നാപകന്‍ ഈ പറയുന്നത്. അപ്പോള്‍ സ്നാപകനു നന്നായിട്ടറിയാം പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനം കൊടുക്കുന്നവനാണ് യേശുവെന്ന്! അതു നന്നായിട്ടറിയാം. ആ ഉറപ്പിന്മേല്‍ തന്നെയാണ്, അതിലും വലിയ ഉറപ്പിന്മേലാണ് സ്നാപകന്‍ സാക്ഷ്യംവഹിക്കുന്നത്. സ്നാനം കഴിഞ്ഞ ഉടന്‍, യേശു വെള്ളത്തില്‍നിന്നും കയറി. ഉടന്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു!! ദൈവാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ തന്‍റെ മേല്‍ ഇറങ്ങിവരുന്നത് അയാള്‍ കണ്ടു. അപ്പോള്‍ വരുന്ന സ്വരമെന്താണ്? ഇവന്‍ എന്‍റെ പ്രിയ പുത്രന്‍! ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു!! ഈ സ്വരം സ്വര്‍ഗ്ഗത്തില്‍നിന്നും കേട്ടു. അങ്ങനെ ക്രിസ്തുവിനെ ചൂണ്ടിക്കാട്ടുന്നവന്‍... ഇവിടെ പ്രധാനപ്പെട്ട വ്യക്തി സ്നാപക യോഹന്നാന്‍ തന്നെയാണ്. വിശുദ്ധ മത്തായി അങ്ങിനെയാണ് അത് അവതരിപ്പിക്കുന്നത്. സ്നാപകന്‍ സാക്ഷിയായി നില്ക്കുന്നു, ക്രിസ്തു ദൈവപുത്രനാണ് എന്നതിനുള്ള സാക്ഷി! ദൈവിക സ്വരം  കേള്‍ക്കുന്നതും, കേട്ടതും അയാള്‍തന്നെ! അങ്ങനെ ക്രിസ്തുവിനെ കൈപിടിച്ച് ഉയര്‍ത്തി അവിടുത്തെ പരസ്യജീവിതത്തിലേയ്ക്കു വിടുകയും, തന്നെക്കാള്‍ ശക്തനാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിനാല്‍ സ്നാനം കൊടുക്കുകയും ചെയ്യുന്നു. അഗ്നിയാല്‍ ശുദ്ധീകരിക്കുന്നവനുമാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു. മാത്രമല്ല, ദൈവിക വെളിപാടില്‍ ക്രിസ്തു ദൈപുത്രനാണെന്ന് യോഹന്നാന്‍ സ്വയം കേള്‍ക്കുകയും ചെയ്യുന്നു.

കുറെക്കാലം കഴിഞ്ഞപ്പം, യേശുവിന്‍റെ വാക്കും പ്രവൃത്തികളും... അതായത്, അവിടുത്തെ ശുശ്രൂഷയുടെ കുറെക്കാലു കഴിഞ്ഞപ്പോഴാണ് യോഹന്നാന്‍ സംശയിക്കുന്നത്. വരാനിരിക്കുന്നവന്‍ ഇതുതന്നെയാണോ? ഇത്രയും കാര്യങ്ങള്‍ വ്യക്തമായിട്ട് അറിയാവുന്നവന്‍, ക്രിസ്തുവിനെ പരസ്യജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്തിയവന്‍.. ! യേശുവിന്‍റെ ജനമദ്ധ്യത്തിലെ ജീവിതം, പ്രവര്‍ത്തനം തുടങ്ങാനായിട്ട് വഴിയൊരുക്കിയവന്‍... അവിടുത്തെ മുന്നോട്ട് ഇറക്കിവിട്ടവന്‍...! യേശു ദൈവപുത്രനാണെന്ന സ്വരം ഉന്നതങ്ങളില്‍നിന്ന് കേട്ടവന്‍... അവന്‍തന്നെയാണ് ഈശോയെ ഇപ്പോള്‍ സംശയിക്കുന്നത്. വരാനിരിക്കുന്നവന്‍ അങ്ങുതന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? ഇത് നൊമ്പരം ഉളവാക്കുന്ന സംശയമാണ്. വലിയ നൊമ്പരം ഹൃദവേദന ഉളവാക്കുന്ന സംശയമാണ്. ഇതാണ് ശരിക്കു പറഞ്ഞാല്‍ ഏറ്റവും വലിയ വേദന. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍, പ്രിയപ്പെട്ടവള്‍... എന്നെ വളര്‍ത്താനും എനിക്കായി വഴിയൊരുക്കാനും കാരണമായി നിന്നവന്‍ എന്‍റെ ഹൃദയത്തോടും ജീവിതത്തോടും ഏറ്റവും അടുത്തു നില്ക്കുന്നവന്‍ എന്നെ സംശയിക്കുമ്പോഴാണ് ഏറ്റവും വിലയ വേദന. അതായിരുന്നു യേശുവിന് അനുഭവപ്പെട്ടത്. കാരണം സ്നാപകനോളം തന്‍റെ ജീവിതത്തില്‍, തന്‍റെ ശുശ്രൂഷയ്ക്ക് അടുത്തുനിന്ന മറ്റൊരാളില്ല! അത് പ്രവര്‍ത്തനംകൊണ്ട്, കര്‍മ്മംകൊണ്ട്, ശുശ്രൂഷകൊണ്ട്, മാത്രമല്ല, ബന്ധംകൊണ്ടോ...? അതേ, ബന്ധംകൊണ്ട് ഇവര്‍ സഹോദരങ്ങളാണ്...! അങ്ങനെയുള്ള സ്നാപകനാണ് ഇപ്പോള്‍ സംശയത്തോടെ യേശുവിനോടു ചോദിക്കാന്‍ ധൈര്യപ്പെടുന്നത്. വരാനിരിക്കുന്നവന്‍ അങ്ങുതന്നെയാണോ?   ഹൃദയം പിളര്‍ന്നുപോകാവുന്ന നൊമ്പരത്തിന്‍റെ അവസരമാണിത്. നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മെ സംശയിക്കുമ്പോള്‍, ഏറ്റവും സ്നേഹിക്കുന്നവര്‍ നമ്മെ സംശയിക്കുമ്പോള്‍.. ഏറ്റവും പ്രിയപ്പെട്ടവര്‍ നമ്മെ സംശയത്തോടെ നോക്കുമ്പോഴാണ് ഏറ്റവും വലിയ വേദന.  ഇങ്ങനെ ജീവിക്കേണ്ടി വരുമ്പോള്‍... ജീവിതത്തില്‍ ഏറ്റവും വലിയ വേദനവരുമ്പോള്‍ എന്തു ചെയ്യണം? അതാണ് ഈശോ നമുക്കിന്ന് കാണിച്ചുതരുന്നത്. നിന്‍റെ പ്രിയപ്പെട്ടവര്‍ നിന്നെ സംശയിക്കുമ്പോള്‍, ആ നൊമ്പരത്തില്‍ നീ  ആയിരിക്കുമ്പോള്‍ എന്തു ചെയ്യണം? 

ഒരു സംഭവം പങ്കുവയ്ക്കട്ടെ! ഒരു കുടുംബം, ദമ്പതികള്‍.... അവര്‍ ജീവിതത്തിന്‍റെ രണ്ടാം ഘട്ടിലേയ്ക്ക് കടക്കുമ്പോഴാണ്, അല്ല മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുന്നു. മക്കളും മക്കളുടെ മക്കളുമായി ജീവിക്കുകയാണ്. ഒരാള്‍ ഡോക്ടര്‍ - ഭാര്യ, ഭര്‍ത്താവ് കോളെജ് പ്രഫസര്‍..! ഭര്‍ത്താവു ‘റിട്ടയര്‍’ചെയ്തു. ഭാര്യ ഇപ്പോഴും ജീവിക്കുന്നു. അവര്‍ക്ക് മക്കളും മക്കളുടെ മക്കളുമായെന്നു മാത്രമല്ല, അവരുടെ ചെറുപ്പകാലത്ത്, അതായത് ഏകദേശം 10, 35 വര്‍ഷങ്ങള്‍ക്കു പിറകില്‍... സ്നേഹിച്ചു കല്യാണം കഴിച്ചവരാണ്. വീട്ടുകാരെല്ലാവരും എതിര്‍ത്തപ്പോഴും പരസ്പര സ്നേഹത്തോടെ കല്ല്യാണം കഴിച്ചവരാണ്. പഠിക്കുന്ന കാലത്ത് പ്രേമിക്കുകയും, ആ പ്രേമത്തില്‍ ഉറച്ചുനില്ക്കുകയും. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് അവര്‍ പരസ്പരം വിവാഹം കഴിക്കുകയുംചെയ്തു. സന്തോഷകരമായ കുടുംബജീവിതം. എന്തിന് അവസാനകാലംവരെയ്ക്കും ഏറെ സന്തോഷകരമായിരുന്നു. ഇപ്പോഴും വളരെ സന്തോഷം തന്നെ. രണ്ടു സ്ഥലത്തായിരുന്നു ജോലിസംബന്ധമായിട്ട് അവര്‍ താമസിച്ചിരുന്നതെങ്കിലും, എല്ലാ ദിവസവും ജോലിക്കു പോകുന്നതിനു മുന്‍പ് ഭാര്യ വിളിക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വിളിക്കും... പിന്നെ ജോലിക്കു പോകുമ്പോഴും വിളിക്കും. പിന്നെ ഇടവേളയ്ക്കു വരുമ്പോള്‍ വിളിക്കും. ഉച്ചയ്ക്കും വൈകുന്നേരവും, കിടക്കുന്നതിനു മുന്‍പുമെല്ലാം വിളിക്കും. അങ്ങനെ ഒരു ദിവസത്തില്‍ പലവട്ടം ഫോണിലൂടെ സംസാരിക്കുന്നവര്‍.... പരസ്പരം അത്രത്തോളം അടുത്ത് അറിയാവുന്ന, അടുത്തുരിക്കുന്ന കുടുംബമാണ്.

ഈയിടെ ഭാര്യയെ കണ്ടുമുട്ടി. അപ്പോള്‍ അവര്‍ പറഞ്ഞൊരു സങ്കടമുണ്ട്. അവരുടെ ഈ സ്നേഹജീവിതത്തിന്‍റെ പല ഘട്ടങ്ങളും കണ്ടയാളാണ് ഈ വൈദികന്‍ എന്ന രീതിയിലാണ് എന്നോട് ഇക്കാര്യം പങ്കുവച്ചത്. പറയുന്നത്, എന്‍റെ അച്ചാ, എന്നാ പറയാനാണ്. കഴിഞ്ഞ ആഴ്ച ഞാന്‍ ഫോണ്‍ വിളിച്ചുകൊണ്ടിരുന്നപ്പം, ഇവടെ ജോലിസ്ഥലത്ത് അല്പം ചെറിയ പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ എത്ര പറഞ്ഞിട്ടും അങ്ങേര്‍ക്ക് മനസ്സിലാകുന്നില്ല. മനസ്സിലാകുന്നില്ല. എന്നിട്ടോ, സഹികെട്ടിട്ട്, അവസാനം ഞാന്‍ ഫോണ്‍ കട്ടുചെയ്തു. ഇത്രയും കാലം ഒരുമിച്ചു ജീവിച്ചിട്ടും ഇയാള്‍ക്കെന്നെ മനസ്സിലാകുന്നില്ലല്ലോ. ആ സങ്കടംകൊണ്ട്, ഞാന്‍ പെട്ടിയില്‍നിന്നും ഫയലെടുത്ത് എല്ലാം കീറി കത്തിച്ചുകള‍ഞ്ഞു. ഏതു ഫയല്? കൊളെജില്‍ പഠിക്കുന്ന കാലത്ത്, പ്രേമത്തിന്‍റെ നല്ലകാലത്ത്. പരസ്പരം എഴുതിയ പ്രേമലേഖനങ്ങള്‍ കൂട്ടിവച്ച ഫൈല്‍ സൂക്ഷിച്ചത് ഭാര്യയായിരുന്നു. അതു മുഴുവന്‍ കത്തിച്ചുകള‍ഞ്ഞു.

പ്രിയപ്പെട്ടവര്‍ സംശയിക്കുമ്പോഴാണ്. സ്നേഹിക്കുന്നവര്‍ സംസാരിക്കുമ്പോഴാണ്, ഏറ്റവും വലിയ നൊമ്പരം, ഏറ്റവും വലിയ വേദനയുണ്ടാകുന്നത്. അങ്ങനെ ഏറ്റവും വലിയ വേദനയും ഹൃദയനൊമ്പരവും ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം? അതാണ് ഈശോ തന്‍റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതരുന്നത്. വരാനിരിക്കുന്നവന്‍ അങ്ങു തന്നെയോ, എന്ന ചോദ്യത്തിന് ഉത്തരമായിട്ട് ഈശോ പറഞ്ഞുതരുന്നത് ഇതാണ്. നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും പോയി യോഹന്നാനെ അറിയിക്കുക. കേള്‍ക്കുന്നത് യേശു പ്രഘോഷിക്കുന്ന വചനം, കാണുന്നത് അവിടുത്തെ പ്രവൃത്തികള്‍. എന്നിട്ട് വിശദീകരിക്കുന്നുണ്ട്. എന്താണ് കാണുന്നതും കേള്‍ക്കുന്നതും? അന്ധര്‍ക്ക് കാഴ്ച ലഭിക്കുന്നു. മുടന്തന്മാര്‍ നടക്കുന്നു. കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു. ബധിരര്‍ കേള്‍ക്കുന്നു. മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ഇതെല്ലാം കാഴ്ചയുടെ വിഷയമാണ്. അവസാനം ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. രണ്ടും പരസ്പര പൂരകങ്ങളാണ്. ജീവിതത്തിന്‍റെ പ്രതിസന്ധികളിലും ആവശ്യങ്ങളിലും നില്ക്കുന്നവര്‍ക്കൊക്കെ സഹായംചെയ്തുകൊടുക്കുന്നു. അതാണ് ഇവര്‍ കാണുന്നത്. ദരിദ്രരോട് സുവിശേഷം, എളിയവര്‍ക്ക് നല്ല വാര്‍ത്ത, കിട്ടുന്നവരൊക്കെ ചെറിയവരാണ്, എളിയവരാണ്, പാവങ്ങളാണ് – അന്ധരും, ചെകിടരും, രോഗികളുമൊക്കെ ചെറിയവരാണ്. അവര്‍ക്ക് ആവശ്യമുള്ളത് കിട്ടുന്നു. അത് അവിടുന്ന് കൊടുത്തുകൊണ്ടിരിക്കുന്നു. ഇത് പോയി പറയുകയാണ്. ജീവിതത്തില്‍ നമ്മള്‍, ഇഷ്ടപ്പെട്ടവര്‍ ചെയ്യേണ്ടത്.

നമ്മെ വളര്‍ത്തിയവര്‍ നമ്മെ സംശയിക്കുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? പ്രതികരിക്കേണ്ടത്, ജീവിതത്തിന്‍റെ നന്മകള്‍കൊണ്ടാണ്. നീ ചെയ്തുകൊണ്ടിരിക്കുന്ന നന്മകള്‍, അത് ചുറ്റുമുള്ള സേവനം, പ്രവൃത്തനം ആവശ്യമുള്ളവര്‍ക്ക് നല്കുന്ന ഉപകാരങ്ങള്‍... അവ ചെയ്തുകൊണ്ടിരിക്കുക. അങ്ങനെ കൊടുത്തുകൊണ്ടിരിക്കുമ്പോഴോ...? നമുക്ക് നന്മ തിരിച്ചറിയാനാകും. ഇതുപോയി പറയുക. ഇതു റിപ്പോര്‍ട്ട് ചെയ്യുക. അപ്പോള്‍ തിരിച്ചരിയും നിന്‍റെ നന്മ. അതിനുശേഷം ഈശോ ഉടനെ ഒരു കാര്യംകൂടി പറയുന്നുണ്ട്. താന്‍ ആരാണെന്നുള്ളതിന് ഉത്തരം. തന്‍റെ വാക്കും പ്രവൃത്തിയുമാണ് താന്‍ ആരെന്നു തെളിയിക്കുന്നത്. അതു പറഞ്ഞിട്ട്, ഉടനെതന്നെ അവിടുന്നു പറയുന്നു. നിങ്ങള്‍ എന്തിനാ, മരുഭൂമിയിലേയ്ക്കു പോയത്? സാക്ഷ്യം യോഹന്നാനെ കുറിച്ചാണ്. സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ സ്നാപക യോഹന്നാനെക്കാള്‍ വലിയവനില്ല. അതാണ് ഈശോ അവരോടു പറയുന്നത്. അതായത്, തന്നെ സംശയിക്കുന്നവന്‍, താന്‍ വരാനിരിക്കുന്നവനാണോ, എന്ന് ആളെ വിട്ടു ചോദിപ്പിക്കുന്ന സ്നാപകയോഹന്നാനെക്കുറിച്ച്, ആ ചോദ്യം ചോദിക്കുന്നവരോടും, ശ്രോതാക്കളോടും ഈശോ പറയുന്നത്,  സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെപ്പോലെ വലിയവനില്ലെന്ന്.

 തന്നെ സംശയിക്കുന്നവന്‍റെ ഏറ്റവും വലിയ മഹത്വം എടുത്തുപറഞ്ഞു പിടിപ്പിക്കുകയാണ്. ഏറ്റവും വിലയ നന്മയാണത്. പ്രവാചകരില്‍ വലിയവന്‍..! ജീവിതത്തന്‍റെ ഹൃദയം പിളര്‍ക്കുന്ന നൊമ്പരത്തില്‍ നില്ക്കുമ്പോള്‍ ഇതാണ്. ഇങ്ങനെയാണ് ഈശോ പ്രതികരിച്ചു കാണിക്കുന്നത്. അങ്ങാണോ വരാനിരിക്കുന്നവന്‍? ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി സാക്ഷ്യമാണ്. എന്‍റെ ‘ജീവിതമാണ് സന്ദേശ’മെന്ന് മഹാത്മാഗാന്ധി പറഞ്ഞതുപോലെ. എന്‍റെ പ്രവൃത്തിയും വാക്കുമാണ് സന്ദേശം! അതു തുടരുന്നു, അതു പറയുന്നു. മാത്രമല്ല, സംശയിക്കുന്നവന്‍റെ നന്മ എണ്ണിയെണ്ണിപ്പറയുന്നു. നിന്‍റെ വേദനിപ്പിക്കുന്നവന്‍റെ നന്മ പറയുക,  അതു പ്രഘോഷിക്കുക. അതിലൂടെ വെളിവാകുന്നത് അവന്‍റെ നന്മയല്ല, നിന്‍റെ നന്മയാണ്. ഇതാണ് ഈശോ നമുക്കു തരുന്ന പാഠം.    

നമുക്കു പ്രാര്‍ത്ഥിക്കാം

നാഥാ, അങ്ങ് അനുഭവിച്ച ഹൃദയനൊമ്പരം ജീവിതത്തിന്‍റെ പല സന്ദര്‍ഭങ്ങളില്‍ ഞാനും അനുഭവിക്കുന്നുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ടവരും, എന്നെ വളര്‍ത്തിയവരും, ഞാന്‍ വളര്‍ത്തിയവരും എന്നെ സംശയിക്കുകയും, കുറ്റപ്പെടുത്തുകയും, എനിക്കെതിരെ വിരല്‍ചൂണ്ടുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഹൃദയവേദന...! നാഥാ, അത്തരം മുഹൂര്‍ത്തങ്ങളില്‍ ഉണ്ടാകുന്ന ഹൃദയവേദനകളില്‍ എനിക്ക് അങ്ങ് കൂട്ടായിനില്ക്കണമേ! അങ്ങയെപ്പോലെ പ്രതികരിക്കാനും.. അങ്ങ് പ്രതരികരിച്ചതുപോലെ ജീവിക്കാനും... അതായത്, നന്മചെയ്യാന്‍... ചെയ്യുന്ന നന്മ തുടര്‍ന്നുകൊണ്ടിരിക്കാന്‍....! മാത്രമല്ല, എന്നെ സംശയിക്കുകയും, വെറുക്കുകയും ചെയ്യുന്ന വ്യക്തിയുടെ നന്മകള്‍ പറയാന്‍, ആ നന്മകള്‍ ഏറ്റുപറയുന്നത്, ഏറ്റവും നന്നായി പറയാനുള്ള അങ്ങേ മഹനമനസ്ക്കത, അങ്ങേ ഹൃദയവിശാലത, ദൈവികമായ കാഴ്ചപ്പാട് എനിക്കു തരേണമേ! അതില്‍ എന്നെ അങ്ങേ വളര്‍ത്തണമേ!  ആമേന്‍.








All the contents on this site are copyrighted ©.