2016-12-08 17:35:00

ദൈവഹിതത്തിനു നല്കുന്ന സമ്മതം ജീവിതത്തില്‍ രക്ഷയുടെ വഴിതുറക്കും


ഡിസംബര്‍ 8-‍Ɔ൦ തിയതി വ്യാഴാഴ്ച അമലോത്ഭവത്തിരുനാളില്‍ പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാല പ്രാര്‍ത്ഥനചൊല്ലി. അമലോത്ഭവത്തിന്‍റെ സന്ദേശംനല്കി.

മനുഷ്യന്‍ വഴിതെറ്റിപ്പോകുമ്പോഴും ദൈവം അവനെ വിളിക്കുന്നു, അന്വേഷിക്കുന്നു. തെറ്റുചെയ്തിട്ട് ആദം ഒളിച്ചിരുന്നപ്പോള്‍ ദൈവം വിളിച്ചു. ആദം, ആദം... നീ എവിടെ?”  വിളിച്ച ദൈവം, നമ്മെ അന്വേഷിക്കുന്നു, തേടിയെത്തുന്നു (ഉല്പത്തി 3, 10-12).  ദൈവം മനുഷ്യനെ തേടിയിറങ്ങിയതാണ് മനുഷ്യാവതാരം. ദൈവപുത്രനായ ക്രിസ്തുവിന്‍റെ ഭൂമിയിലെ രക്ഷാകരയാത്ര ആരംഭിക്കുന്നത് മറിയത്തിനു ലഭിച്ച മംഗലവാര്‍ത്തയോടെയാണ്.

ഭൂമിയില്‍ മനുഷ്യര്‍ക്കായി രക്ഷയുടെ വഴികള്‍ തുറക്കപ്പെട്ടത്  നസ്രത്തിലെ എളിയ കന്യകയും കൃപനിറഞ്ഞവളുമായ മറിയം ദൈവഹിതത്തിനു സമ്പൂര്‍ണ്ണ  സമ്മതം നല്കിയപ്പോഴാണ്.

(ലൂക്ക 1, 26-38). ക്രിസ്തുവിന്‍റെ ഭൗമികയാത്ര തുടങ്ങിയത് മറിയത്തിലാണ്. ഏതു മനുഷ്യവ്യക്തിയെയും പോലെ ആദ്യമാസങ്ങള്‍ അമ്മയുടെ ഉദരത്തില്‍ ചെലവഴിച്ചുകൊണ്ടാണ് ക്രിസ്തു ഭൗമികജീവിതം ആരംഭിക്കുന്നത്. ദൈവപുത്രന്‍ അങ്ങനെ വിനയാന്വിതനായി മനുഷ്യരുടെ എളിയ ജീവിതം പിന്‍ചെല്ലുന്നു. പാപമൊഴികെ എല്ലാറ്റിനും അവിടുന്ന് മനുഷ്യര്‍ക്ക് സമനായി ജീവിക്കുന്നു.

രക്ഷകന്‍റെ അമ്മയാകാന്‍ മറിയത്തെ തിരഞ്ഞെടുത്തതിന് കാരണം, അവള്‍ കൃപനിറഞ്ഞവളായിരുന്നു. അവള്‍ പാപരഹിതയും അമലോത്ഭവയുമായിരുന്നു (ലൂക്ക 1, 28). കൃപ നിറഞ്ഞവളാകയാല്‍ അവളുടെ ജീവിതത്തില്‍ പാപത്തിന് ഇടവും സ്ഥാനവുമില്ലായിരുന്നു. പാപക്കറ തീണ്ടാത്തവളും, തിന്മയുടെ നിഴല്‍ പതിക്കാത്തവളുമായിരുന്നു മറിയം. സര്‍വ്വോപരി ദൈവഹിതത്തിന് നസ്രത്തിലെ മറിയം സമ്പൂര്‍ണ്ണമായി കീഴ്പ്പെട്ടുവെന്നതാണ് ഈ സവിശേഷ തിരഞ്ഞെടുപ്പിനുള്ള അവളരുടെ യോഗ്യത. ഇതാ, കര്‍ത്താവിന്‍റെ ദാസി! (ലൂക്കാ 1, 38).

നോക്കട്ടെ, പരിശ്രമിക്കാം, അല്ലെങ്കില്‍ പിന്നീട് പറയാം. ഇങ്ങനെ നാം സാധാരണ പറയുന്ന ന്യായീകരണങ്ങളൊ മടിയോ മാറ്റിവയ്ക്കലോ ഇല്ലാതെ, കലവറയില്ലാതെയും വ്യസ്ഥകളില്ലാതെയും മറിയം ദൈവത്തിന്‍റെ വിളിയോട് പ്രത്യുത്തരിക്കുകയും, വിധേയത്വം പ്രകടമാക്കുകയും ചെയ്യുന്നു. മറിത്തിന്‍റെ ഈ സമ്മതമാണ് ദൈവം ലോകത്ത് ആഗതനാകാനുള്ള, മനുഷ്യാവതാരത്തിനുള്ള വഴി തുറന്നത്. ഒരു സ്ത്രീയുടെ വിനയാന്വിതമായ സമ്മതം ചരിത്രത്തില്‍ രക്ഷയുടെ വാതില്‍ തുറക്കുന്നു. ആദിപാപത്തിന്‍റെയും മനുഷ്യന്‍ ദൈവത്തോടു കാണിച്ച നിഷേധത്തിന്‍റെയും മുറിവുണക്കിയത് മറിയത്തിന്‍റെ സമ്മതമാണ്. അത് പാപത്തിന്‍റെ സ്വാര്‍ത്ഥതയെ ഇല്ലാതാക്കുന്നു.

മനുഷ്യരായ നാം ഇന്നും ദൈവിഹിതം മനസ്സിലാകാത്തപോലെയും, അറി‍ഞ്ഞിട്ടും അറിയാത്തപോലെയും ജീവിക്കുന്നു, അല്ലെങ്കില്‍ അതിനെ തള്ളിക്കളയുന്നു. രക്ഷയുടെയും മാനസാന്തരത്തിന്‍റെയും, നവജീവിന്‍റെയും വാതിലുകള്‍ നാം തന്നെ കൊട്ടിയടയ്ക്കുകയും തള്ളിക്കളയുകയുമാണ് ചെയ്യുന്നത്. നാളെ, നാളെ...! രക്ഷയുടെ സാദ്ധ്യതകള്‍ നീട്ടിവയ്ക്കുന്നു, അല്ലെങ്കില്‍ തട്ടിമാറ്റുന്നു. ദൈവത്തിനായി ഹൃദയം തുറക്കുന്നവര്‍, അവിടുത്തെ കൃപകളാല്‍ നിറയുന്നു. അവര്‍ നന്മയ്ക്കും രക്ഷയ്ക്കുമുള്ള സാദ്ധ്യതകളോടാണ് തുറവുകാട്ടുന്നത്, മറിയത്തെപ്പോലെ ദൈവകൃപ നമ്മുടെയും ജീവിതങ്ങളെ നവീകരിക്കുന്നുണ്ട്. അതു നമുക്കായി പുതിയ ചരിത്രം ലോകത്ത് ചുരുളഴിയിക്കുന്നുണ്ട്. അത് നമ്മുടെ രക്ഷയുടെ കഥയും ചരിത്രവുമാണ്...! ഒപ്പം നമ്മുടെ കൂടെയുള്ളവരുടെയും....!!

ആഗമനകാലത്തെ ദിനങ്ങള്‍ ദൈവത്തിലേയ്ക്ക് അടുക്കാനുള്ള സമയമാണ്. അവിടുന്നില്‍ വിശ്വസിക്കാനും, പ്രത്യാശ അര്‍പ്പിക്കാനും, ദൈവഹിതത്തോടു സമ്മതം മൂളാനുമുള്ള പുണ്യദിനങ്ങളാകട്ടെ ഇത്! മറിയത്തെപ്പോലെ ഉദാരമായും വിശ്വാസപൂര്‍വ്വകമായും നമുക്ക് ദൈവത്തിന്‍റെ വ്യക്തിഗത വിളിയോട് പ്രത്യുത്തരിക്കാം.

ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലിയശേഷം അവര്‍ക്ക്  ആശീര്‍വ്വദം നല്കിക്കൊണ്ടാ ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്.

 








All the contents on this site are copyrighted ©.