2016-12-07 19:25:00

ജീവിതത്തില്‍ പ്രത്യാശ പകരാന്‍ കലകള്‍ക്ക് കരുത്തുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്


ഡിസംബര്‍ 6-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ സംഗമിച്ച പൊന്തിഫിക്കല്‍ അക്കാഡമികളുടെ സംയുക്ത സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനാണ് പാപ്പായ്ക്കുവേണ്ടി സമ്മേളനത്തില്‍ സന്ദേശം വായിച്ചത്.

പ്രത്യാശ അറ്റുപോകുകയും, മനുഷ്യര്‍ ജീവിതത്തില്‍ ഏറെ ക്ലേശിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കലാസൃഷ്ടികളുടെ മനോഹാരിത – അവ ഏതു തരത്തിലുള്ളതായിരുന്നാലും അതിന്‍റെ യഥാര്‍ത്ഥഭാവത്തിലും അര്‍ത്ഥത്തിലും ജീവിതത്തിന് സന്തോഷവും പ്രത്യാശയും പകരാന്‍ കരുത്തുള്ളതാണ്. ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍നിന്നും അത് നമ്മെ പറിച്ചുമാറ്റുന്നില്ല. മറിച്ച് അവയെ പ്രകാശപൂര്‍ണ്ണവും കൂടുതല്‍ അര്‍ത്ഥവത്തുമാക്കുകയാണ്.  പ്രാകൃതമെന്നും പുരോഗതിയില്ലാത്തതെന്നും പൊതുവെ നാം ചിന്തിക്കുന്ന നഗരപ്രാന്തങ്ങളെ അവയുടെ പാരിസ്ഥിതിക തകര്‍ച്ചകളില്‍നിന്നു സമുദ്ധരിക്കാനും, മനോഹാരിതയും മനുഷ്യാന്തസ്സും, മനുഷ്യത്വവും നല്കി അവരെ കൈപിടിച്ച് ഉയര്‍ത്താനും കലാലോകം പരിശ്രമിക്കണമെന്ന് സുകുമാരകലകളുടെ പ്രയോക്താക്കളെയും സംവിധായകരെയും സൃഷ്ടാക്കളെയും പാപ്പാ  ഉദ്ബോധിപ്പിച്ചു. അതിരുകളെയും ചേരികളെയും,  വിദൂരങ്ങളെയും വിദൂരത്തുള്ളവരെയും പ്രോത്സാഹിപ്പിക്കാനും, വികസിപ്പിക്കാനും പ്രസാദപൂര്‍ണ്ണമാക്കാനും കലകള്‍ക്കും കലാകാരുന്മാര്‍ക്കും സാധിക്കുമെന്ന് സന്ദേശത്തില്‍ പാപ്പാ അടിവരയിട്ടു പ്രസ്താവിക്കുന്നു.  

പുതിയ ഇടവക ദേവാലയങ്ങള്‍, പ്രത്യേകിച്ച് വികസനത്തിന്‍റെയും വളര്‍ച്ചയുടെയും അതിരുകളാകുന്ന ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലുമുള്ളവയെ മനോഹാരിതയുടെയും, പ്രശാന്തമായ പ്രാര്‍ത്ഥനാന്തരീക്ഷത്തിന്‍റെയും, സമാധാനത്തിന്‍റെയും മരുപ്പച്ചകള്‍പോലെ വളര്‍ത്തിയെടുക്കേണ്ടതാണ്. അവിടങ്ങള്‍ ദൈവികസാന്നിദ്ധ്യത്തിന്‍റെയും സാമീപ്യത്തിന്‍റെയും കേന്ദ്രങ്ങളാക്കാന്‍ കലാകാരന്മാരും അതിന്‍റെ പ്രയോക്താക്കളും ശ്രദ്ധിക്കേണ്ടതാണ്. അകലങ്ങളിലും അതിരുകളിലുമുള്ള ജനങ്ങളെ നാം മാനിക്കുന്നു എന്നു പറയുന്നുണ്ടെങ്കില്‍,  വിശിഷ്യാ പാവങ്ങളെ, അവരുടെ പരിസ്ഥിതിയെയും ജീവിതപരിസരങ്ങളെയും സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും, അവയെ ദൈവിക മനോഹാരിതയുടെ പ്രതിഫലനങ്ങളാല്‍ നിറയ്ക്കുവാനും നാം കടപ്പെട്ടിരിക്കുന്നു.

കലുഷിതമാകുന്ന ലോകത്ത് സൗന്ദര്യത്തിന്‍റെയും മനോഹാരിതയുടെ സൂക്ഷിപ്പുകാരും പ്രയോക്താക്കളുമായ കലാകാരന്‍മാരും സാഹിത്യകാരന്മാരും സാംസ്ക്കാരിക നേതാക്കളും, മാനവികതയ്ക്ക് പ്രത്യാശയുടെ സാക്ഷികളും സന്ദേശവാഹകരുമാകാന്‍ സാധിക്കട്ടെ! ഇങ്ങനെ ആശംസിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്. 

സാംസക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റും, പൊന്തിഫിക്കല്‍ അക്കാഡിമികളുടെ ഏകോപകനുമായ  (President of the Pontifical Council for Culture and the Coordination Council of the Pontifical Academies) ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയ സംയുക്ത സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു.   സുകുമാര കലകള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ പുതിയ പ്രസിഡന്‍റായി പാപ്പാ നിയോഗിച്ച, പ്രഫസര്‍ പിയോ ബാള്‍ഡി സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. ഇറ്റലിയുടെ സാംസ്ക്കാരിക കാര്യാലയത്തിന്‍റെ മുന്‍മന്ത്രിയും, ആധുനിക കലകള്‍ക്കുള്ള ദേശീയ മ്യൂസിയത്തിന്‍റെ പ്രസിഡന്‍റുമായിരുന്നു പ്രഫസര്‍ പിയോ ബാള്‍ഡി. ഡിസംബര്‍ 6-Ɔ൦ തിയതി ചൊവ്വാഴ്ചയാണ് കലാസാംസ്ക്കാരിക മേഖലയിലെ പാപ്പായുടെ ഈ നിയമനം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.   

Photo 27 Nov. 2016 :  Artitist Saimir Strate of Albania working on the mosaic of Mother Teresa in the National Museum in Kosovo. The work of art done with metal staples is an appeal to the European leaders not to raise boarders to the refugees who flee war and violence. 








All the contents on this site are copyrighted ©.