2016-12-04 15:45:00

‘പ്രബോധനങ്ങളുടെ പ്രകാശം’ ദൈവാരൂപി : ആഗമനകാലം ആദ്യവാര ധ്യാനം


ആഗമനകാലത്ത് ദൈവാരൂപിയെക്കുറിച്ചാണ് ‘പേപ്പല്‍ വസതി’ ധ്യാനിച്ചത്.

“ദൈവാരൂപി പ്രത്യാശയുടെ സ്രോതസ്സ്! കൃപയുടെ നീര്‍ച്ചാലില്‍നിന്നും നമുക്ക് പാനംചെയ്യാം!”  ഇതായിരുന്നു ധാന്യവിഷയം. പേപ്പല്‍ വസതിയുടെ പ്രബോധകനും കപ്പൂചിന്‍ വൈദികനുമായ റനിയേരോ കന്തലമേസയാണ് ധ്യാനം നയിച്ചത്. വത്തിക്കാന്‍റെ വിവിധ ഭരണവിഭാഗങ്ങളുടെ തലവന്മാര്‍ക്കും, റോമന്‍ കൂരിയയുടെ ഭാഗമായ കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍, മെത്രാപ്പോലീത്തമാര്‍, സന്ന്യാസസഭകളുടെ തലവന്മാര്‍ എന്നിവര്‍ക്കായി നടത്തപ്പെട്ട ക്രിസ്തുമസ്സിന് ഒരുക്കമായുള്ള ആദ്യ ധ്യാനം വെള്ളിയാഴ്ച, ഡിസംബര്‍ 2-Ɔ൦ തിയതി രാവിലെയായിരുന്നു. പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തു.

‘രക്ഷകന്‍റെ അമ്മ’ (Redemptoris Mater)  എന്ന പേരില്‍ വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലുള്ള കപ്പേളയിലാണ് ധ്യാനം നടത്തപ്പെട്ടത്. പാപ്പാ ഫ്രാന്‍സിസ് മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിരുന്നു.

ഫാദര്‍ കന്തലമേസ പങ്കുവച്ച ധ്യാനചിന്തയുടെ പ്രസക്തഭാഗങ്ങള്‍:

രണ്ടാം വത്തിക്കാന്‍ സൂനഹദേസിനുശേഷം 50 വര്‍ഷങ്ങള്‍ പിന്നിട്ടു. അതിന്‍റെ നവമായ ചിന്തകള്‍ നാം സ്വീകരിച്ചു. ഇനി അവ സമന്വയിപ്പിക്കേണ്ട കാലമാണ്. ആധുനിക സഭാജീവിതത്തിന്‍റെ മുഖമുദ്രയും ജീവശക്തിയും ദൈവാത്മാവാണ്. ദൈവാരൂപിയുടെ സാന്നിദ്ധ്യം സഭയില്‍ പ്രകടമാകുന്നത് ഇന്ന് വലിയൊരു പ്രതിഭാസം തന്നെയാണ്. 2017-Ɔമാണ്ടില്‍ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങള്‍ അവയുടെ 50-Ɔ൦ വാര്‍ഷം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. സജീവമായ പ്രസ്ഥാനങ്ങളില്‍ പരിശുദ്ധാത്മ സാന്നിദ്ധ്യവും ഫലപ്രാപ്തിയും ഇന്ന് വളരെ പ്രകടമായിട്ടുണ്ട്. വിവിധ പ്രസ്ഥാനങ്ങളിലൂടെ സഭാജീവിതത്തില്‍ ഇന്ന് ദൈവാത്മാവ് വ്യാപകമായ സാന്നിദ്ധ്യവുമാണ്. സഭയുടെ ‘പ്രബോധനങ്ങളുടെ പ്രകാശം’  (The Light of Dogmas) പരിശുദ്ധാത്മാവാണ്.

വിശ്വാസം സൈദ്ധാന്തികം എന്നതിനെക്കാള്‍ ചരിത്രപരമാണ്. സഭയുടെ ആരംഭം ദൈവത്തിനുള്ള വിശ്വാസത്തോടൊപ്പം ദൈവാരൂപിയുടെ സാന്നിദ്ധ്യത്തിലാണ്. പെന്തക്കോസ്ത അനുഭവമാണ് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി തിരിച്ചറിയാന്‍ അപ്പസ്തോലന്മാരെ സഹായിച്ചത്. പിതാവായ ദൈവത്തില്‍നിന്നും, സ്രഷ്ടാവിലൂടെയും, പുത്രനായ ദൈവത്തിലും, അവസാനം പരിശുദ്ധാത്മാവിലും എത്തിച്ചേരുന്നതാണ് സഭയുടെ വിശ്വാസപ്രമാണം. ചരിത്രപരമായി നോക്കുമ്പോള്‍ വിശ്വാസപ്രഘോഷണം ‘തലകീഴായ ക്രമ’ത്തിലാണ് കിടക്കുന്നത് (Reverse path). “സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണ്ണതയിലേയ്ക്കു നയിക്കും”   (യോഹ. 16, 13). ഇത് ക്രിസ്തുവിന്‍റെ വാഗ്ദാനമാണ്.

സൃഷ്ടിയുടെ തലത്തില്‍ എല്ലാം പിതാവില്‍നിന്ന് ആരംഭിക്കുമ്പോള്‍, രക്ഷയുടെ തലത്തില്‍ എല്ലാറ്റിന്‍റെയും ആദി കാരകന്‍ പരിശുദ്ധാത്മാവാണ്. അവിടുന്ന് ജീവന്‍റെ ദാതാവാണ് (Holy Spirit, the Giver of Life). പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനും, പിതാവിനോടും പുത്രനോടുമൊപ്പം ആരാധിക്കപ്പെടുന്നവനും സ്തുതിക്കപ്പെടുന്നവനും. പ്രവാചനകന്മാര്‍വഴി സംസാരിച്ചവനുമായ പരിശുദ്ധാത്മാവ്! അവസാന നാളുകളില്‍, കാലത്തികവില്‍ തന്‍റെ തിരുക്കുമാരനിലൂടെയും ദൈവം സംസാരിച്ചു (ഹെബ്ര. 1, 1). ക്രിസ്തുവിലൂടെയും അരൂപി ലോകത്തോടു സംസാരിച്ചു. “കര്‍ത്താവിന്‍റെ അരൂപി എന്നിലുണ്ട്...!” ക്രിസ്തുവിന്‍റെ വാക്കുകളാണല്ലോ! (ലൂക്കാ 4, 18). പെന്താക്കോസ്താ ദിനത്തിലെ പ്രാ‍ര്‍ത്ഥനയും പ്രഭണിതവും, മനുഷ്യഹൃദയങ്ങളുമായി ദൈവാത്മാവിനെ ബന്ധിപ്പിക്കുന്നു. ഹൃദയങ്ങളുടെ പ്രകാശം, ആത്മാവിന്‍റെ മധുരം, സമാശ്വാസകന്‍, മലിനമായവ കഴുകി വെടിപ്പാക്കുന്നവന്‍, മുറിവുണക്കുന്ന ലേപിയും, കഠിനമായതിനെ മയപ്പെടുത്തുന്നവനും, തണുത്തുറഞ്ഞതിനെ ഊഷ്മളപ്പെടുത്തുന്നവനുമാണ്...!    (തുടരും... ).

ആഗമനകാലത്തെ ബാക്കി വെള്ളിയാഴ്ചകളില്‍ - ഡിസംബര്‍ 9, 16, 23 ദിവസങ്ങളിലും രാവിലെയാണ് പേപ്പല്‍ വസതിയുടെ ധ്യാനം.  








All the contents on this site are copyrighted ©.