2016-12-02 11:25:00

സാംസ്ക്കാരിക പൈതൃകകേന്ദ്രങ്ങള്‍ സംരക്ഷിക്കപ്പെടണം : പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന


അഭ്യന്തരകലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കുംമദ്ധ്യേ സാസാക്കാരിക പൈതൃക കേന്ദ്രങ്ങളും സ്മാരകങ്ങളും – ദേവാലയങ്ങളും പുരാതനമായ ചരിത്രസ്മാരകങ്ങളും അന്ന്യാധീനപ്പെട്ടു പോകുന്നുണ്ട്.  അവ സംരക്ഷിക്കപ്പെടേണ്ടത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്. പാപ്പാ ഫ്രാന്‍സിസ് തന്‍റെ അഭ്യര്‍ത്ഥനയില്‍ സമര്‍ത്ഥിച്ചു.

നവംബര്‍ 30-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍നടന്ന പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് ലോകത്തെ സാംസ്ക്കാരിക പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണയ്ക്കുള്ള അഭ്യര്‍ത്ഥന പാപ്പാ നടത്തിയത്. ഐക്യരാഷ്ട്ര സംഘടയുടെ സാംസ്ക്കാരിക വിഭാഗം, യുനേസ്ക്കോയുടെ സഹകരണത്തോടെ ഫ്രാന്‍സ്, യുണൈറ്റഡ് അറബ് എമിറൈറ്റ്സ് (UAE)  എന്നീ രാജ്യങ്ങളുടെ ആഭിമുഖ്യത്തില്‍ അബു ദാബിയില്‍ (Abu Dhabi)  ഡിസംബര്‍ 2, 3 വെള്ളി ശനി ദിവസങ്ങളില്‍ സംഗമിക്കുന്ന ‘കലാപഭൂമിയിലെ സാംസ്ക്കാരിക പൈതൃകങ്ങളെ സംബന്ധിച്ച’ രാജ്യാന്തര സംഗമത്തെ ശ്ലാഘിച്ചുകൊണ്ടാണ് പാപ്പാ അഭ്യര്‍ത്ഥന നടത്തിയത്.

മാനവികതയുടെ സാംസ്ക്കാരിക പൈതൃകശേഖരമെന്ന് ഐക്യരാഷ്ട്ര സംഘടയുടെ സാംസ്ക്കാരിക വിഭാഗം ( UNESCO ) കണക്കെടുത്തിട്ടുള്ള ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള 1052 അതിപുരാതനമായ ചരിത്രസ്മാരക സ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും യുദ്ധവും അഭ്യന്തരകലാപങ്ങളും മൂലം 55 എണ്ണം ഇന്ന് നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്.

ഡിസംബര്‍ 2-Ɔ൦ തിയതി വെള്ളിയാഴ്ച രാവിലെ അബുദാബിയിലെ എമിറേറ്റ് പാലസിലാണ് യുദ്ധഭൂമിയിലെയും കലാപരംഗങ്ങളിലെയും സാംസ്ക്കാരിക പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം സംബന്ധിച്ച രണ്ടുദിവസത്തെ രാജ്യാന്തര സംഗമം നടന്നത്. അബു ദാബിയുടെ രാജാവ്, ഷെയിക്ക് ഹമദാം ബിന്‍ മഹമ്മെദ് ബിന്‍ റഷീദ് അല്‍ മൗകാം, ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ്, ഫ്രാന്‍സ്വാ ഒളാന്തെ തുടങ്ങി 40 രാഷ്ട്രങ്ങളുടെ പ്രതിനിധികളും, യുനെസ്ക്കോയുടെ ഡയറക്ടര്‍ ജനറല്‍, ഇറീനാ ബൊകാവയും, മറ്റ് യൂഎന്‍ ഭാരവാഹികളും, ലോകത്തെ വന്‍മ്യൂസിയങ്ങളുടെയും സാംസ്ക്കാരിക കേന്ദ്രങ്ങളുടെയും വക്താക്കളും സമ്മേളനത്തില്‍ സന്നിഹിതരാണ്. ഭൂമുഖത്തെ സാംസ്ക്കാരിക പൈതൃക സ്മാരകങ്ങളും കേന്ദ്രങ്ങളും സംരക്ഷിക്കപ്പെടാന്‍ സഹായകമാകുന്ന വളരെ കൃത്യമായ രൂപരേഖകള്‍ സൃഷ്ടിക്കാന്‍ സംഗമം പരിശ്രമിക്കുകയാണെന്ന് യുനെസ്ക്കോയുടെ റിപോര്‍ട് അറിയിച്ചു.

കലാപങ്ങളിലെ സാംസ്ക്കാരിക പൈതൃകകേന്ദ്രങ്ങളെക്കുറിച്ചു പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ആദ്യത്തെ ലോക സംഗമാണ് അബുദാബിയില്‍ സമ്മേളിച്ചത്. ഡിസംബര്‍ 3 ശനിയാഴ്ച വൈകുന്നേരംവരെ സംഗമം നീണ്ടുനിന്നു. 








All the contents on this site are copyrighted ©.