2016-12-02 13:31:00

മതനേതാക്കള്‍ ആദരവിന്‍റെയും സഹിഷ്ണുതയുടെയും മാതൃകയാകുക


ക്രൈസ്തവരും യഹൂദരും മാനവകുടുംബം മുഴുവന്‍റെയും സമാധാനത്തിനായി പരിശ്രമിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പരിശുദ്ധസിംഹസാനത്തിന്‍റെയും ഇസ്രായേലിലെ യഹൂദ നേതൃത്വത്തിന്‍റെയും പ്രതിനിധികളടങ്ങിയ ഉഭയകക്ഷി സമിതി.

നവമ്പര്‍ 28 മുതല്‍ 30 വരെ റോമില്‍ ചേര്‍ന്ന ഈ സമിതിയുടെ പതിനാലാം സമ്മേളനത്തിന്‍റെ സമാപന പ്രസ്താവനയിലാണ് ഇതുകാണുന്നത്.

“മതത്തിന്‍റെ പേരിലുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാന പരിപോഷണം” എന്നതായിരുന്നു സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

സമാധാനം ഊട്ടിവളര്‍ത്താനും പരസ്പരം ആദരിക്കാനും പുതിയ തലമുറകളെ അഭ്യസിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ സമ്മേളനം ഊന്നിപ്പറഞ്ഞു.

ഓരോ മതത്തിന്‍റെയും പുണ്യസ്ഥലങ്ങളോടുള്ള സാര്‍വ്വത്രികാദരവിന്‍റെ തത്ത്വം എടുത്തുകാട്ടിയ ഈ സമ്മേളനം എല്ലാ ദേശങ്ങളും വിശ്വാസ പാരമ്പര്യങ്ങളും ചരിത്രമതപരങ്ങളായ ബന്ധങ്ങളെ ആദരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.‌

ഇന്നിന്‍റെ വെല്ലുവിളികള്‍ക്കും മാനവദുരന്തങ്ങള്‍ക്കും മുന്നില്‍ എല്ലാ മതനേതാക്കളും ആദരവിന്‍റെയും സഹിഷ്ണുതയുടെയും മാതൃകയേകണ്ടതിന്‍റെ  പ്രാധാന്യവും ഈ സമ്മേളനം എടുത്തുകാട്ടി.








All the contents on this site are copyrighted ©.