2016-12-02 13:25:00

നാമകരണനടപട‌ികള്‍ക്കായുള്ള സംഘത്തിന്‍റെ പുതിയ പ്രഖ്യാപനങ്ങള്‍


വിശുദ്ധരുടെ നാമകരണനടപട‌ികള്‍ക്കായുള്ള സംഘം പുതിയ പതിനൊന്നു പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു.

ഈ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊയ്ക്ക് വ്യാഴാഴ്ച (00/12/16) വത്തിക്കാനില്‍ അനുവദിച്ച ദര്‍ശനവേളയില്‍ ഫ്രാന്‍സീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ച് പുറപ്പെടുവിച്ച ഈ പ്രഖ്യാപനങ്ങളില്‍ ആദ്യത്തേത് ഇറ്റലി സ്വദേശിയും വിശുദ്ധ യൗസേപ്പിന്‍റെ നാമത്തിലുള്ള സന്യാസസമൂഹത്തിലെ അംഗവുമായ വൈദികന്‍, ധന്യനായ ജൊവാന്നി സ്ക്യാവൊയുടെ മദ്ധ്യസ്ഥതയില്‍  നടന്ന ഒരത്ഭുതം അംഗീകരിക്കുന്നതാണ്. വടക്കുകിഴക്കെ ഇറ്റലിയിലെ സാന്ത് ഉര്‍ബാനൊയില്‍ 1903 ജൂലൈ 8 ന് ജനിച്ച അദ്ദേഹം 1967 ജനുവരി 27 ന് മരണമടഞ്ഞു.

രക്തസാക്ഷിത്വം അംഗീകരിക്കുന്ന 3 പ്രഖ്യാപനങ്ങളാണ് തുടര്‍ന്നു വരുന്നത്. സ്പെയിനിലെ മതപീഢനകാലത്ത് 1936-37 വര്‍ഷങ്ങളി‍ല്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട വിന്‍ചെന്‍സൊ ക്വെരാല്‍ത് ല്യോറെത് എന്ന പ്രേഷിതസന്ന്യാസ വൈദികന്‍റെയും ഈ സമൂത്തിലെ തന്നെ അംഗങ്ങളായ 6ഉം രൂപതയ്ക്കുവേണ്ടിയുള്ള 5 ഉം വൈദികരും 2 സന്ന്യസിനികളും 7 അല്‍മായരും ഉള്‍പ്പടെ അദ്ദേഹത്തിന്‍റെ ഇരുപത് സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വം അംഗീകരിക്കുന്നതാണ് ഈ മൂന്നെണ്ണത്തില്‍ ആദ്യത്തേത്.

1873 ജൂണ്‍ 22ന് ജനിച്ച ലിത്വാനിയ സ്വദേശി ആര്‍ച്ച്ബിഷപ്പ് തെയൊഫിലൊ മത്തുലിയോനിസിന്‍റെ രക്തസാക്ഷിത്വത്തെ സംബന്ധിച്ചതാണ് തുടര്‍ന്നുള്ള പ്രഖ്യാപനം. 1962 ആഗസ്റ്റ് 20 നാണ് ദൈവദാസന്‍ മത്തുലിയോനിസ് വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടത്.

മദ്ധ്യഅമേരിക്കന്‍ രാജ്യമായ ഗോട്ടിമാലയില്‍ പ്രേഷിതനായിരുന്ന അമേരിക്കക്കാരനായ രൂപതാവൈദികന്‍ സ്റ്റാന്‍ലി ഫ്രാന്‍സിസ്കൊ റോതെറിന്‍റെ  നിണസാക്ഷിത്വം അംഗീകരിക്കുന്നതാണ് രക്തസാക്ഷിത്വസംബന്ധിയായ മൂന്നാമത്തെ പ്രഖ്യാപനം.

1935 മാര്‍ച്ച 27 ന് ജനിച്ച അദ്ദേഹം 1981 ജൂലൈ 28 ന് ഗോട്ടിമാലിയില്‍ വച്ച് വധിക്കപ്പെട്ടു.

അവസാനത്തെ 7 പ്രഖ്യാനങ്ങള്‍, ഫ്രാന്‍സീസ്ക്കന്‍, കപ്പൂച്ചിന്‍ സമൂഹാംഗമായ കര്‍ദ്ദിനാള്‍ ഗുല്യേല്‍മൊ മസായിയ, മൈനര്‍ കുരിശിന്‍റെ പുത്രികളുടെ സന്ന്യാസിനനിസമൂഹത്തിന്‍റെ സ്ഥാപകനായ രൂപതാവൈദികന്‍ നുണ്‍ത്സിയൊ റൂസ്സൊ, രൂപതാവൈദികനായ ജുസേപ്പെ ബവു ബുര്‍ഹുവെത്, രൂപതാവൈദികന്‍ തന്നെയായ മാരിയൊ ചീചെറി എന്നീ ദൈവദാസരുടെയും, സഹാനഭൂതിയുടെ നാഥയുടെ പുത്രികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക മരിയ ജുസേപ്പ ഔബോര്‍ത്ത്, തിരുഹൃദയത്തിന്‍റെ പ്രേഷിതമഹിളകള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക ലൂസെ റൊഡ്രീഗസ് കാസനോവ യി ഗര്‍സീയ സാന്‍ മിഗേല്‍, യേശുക്രിസ്തുവിന്‍റെ  അമൂല്യരക്തത്തിന്‍റെ  ആരാധികകളായ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക അമൂല്യരക്തത്തിന്‍റെ കത്തെറീന ഔറേലിയ, സന്ന്യാസിനി ലെയോണിയ മരിയ നസ്തവൂ എന്നീ ദൈവദാസികളുടെയും വീരോചിത പുണ്യങ്ങള്‍ അംഗീകരിക്കുന്നു. 

 

 








All the contents on this site are copyrighted ©.