2016-11-26 13:30:00

സാമ്പത്തിക ഇടപാടുകളില്‍ സൗജന്യദാനമാകലിന്‍റെ യുക്തിയും


 സാമ്പത്തികലോകത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ക്കുമുന്നില്‍ കാഴ്ചക്കാരുടെ മനോഭാവം പുലര്‍ത്താതെ സാമ്പത്തിക ഘടനാമാറ്റത്തിന്‍റെ വിത്തു വിതയ്ക്കുന്നവരാകണം സമര്‍പ്പിതരെന്ന് സമര്‍പ്പിതജീവിതത്തിനും അപ്പസ്തോലികജീവിത സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള സംഘത്തിന്‍റെ കാര്യദര്‍ശി   ആര്‍ച്ചുബിഷപ്പ് ഹൊസേ റൊഡ്രീഗസ് കര്‍ബായൊ.

സമ്പദ്ഘടനയേയും പണമിടപാടുകളെയും അധികരിച്ച് റോമിലെ അന്തോണിയാനും പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ ഈ സംഘത്തിന്‍റെ  ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച(25/11/16) ആരംഭിച്ച ത്രിദിന അന്താരാഷ്ട്ര ചര്‍ച്ചായോഗത്തെ അന്ന് സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സുവിശേഷത്തോടും സമര്‍പ്പിതജീവിത സമൂഹങ്ങളുടെ തനതായ സിദ്ധികളോടുമുള്ള വിശ്വസ്തതയായിരിക്കണം സമര്‍പ്പിതജീവിതസമൂഹങ്ങളുടെ പണമിടപാടുകളില്‍ അനിവാര്യ മാനദണ്ഡമെന്ന് ആര്‍ച്ചുബിഷപ്പ് കര്‍ബായൊ ഓര്‍മ്മിപ്പിച്ചു.

വിനാശകരമായ ഒരു സമ്പദ് വ്യവസ്ഥയെ, സമ്പത്ത് ഏതാനും കുറച്ചുപേരുടെ കരങ്ങളില്‍ ഒതുക്കുന്നതും അങ്ങനെ, ജനങ്ങളെ പുറന്തള്ളുകയും സ്വാഭാവികമായും അസ്തിത്വപരമായ വിളുമ്പുകള്‍ തീര്‍ക്കുകയും ചെയ്യുന്ന ഒരു പ്രവണതയുള്ളതായ സമ്പദ്ഘടനയെ “ തള്ളിക്കളഞ്ഞുകൊണ്ട് സാഹോദര്യത്തിനും കൂട്ടായ്മയ്ക്കും ജന്മമേകുന്നതായ, നമ്മെ യജമാനന്മാരല്ല, പ്രത്യുത, അതിഥികളും ആതിഥ്യ മനോഭാവമുള്ളവരും ആക്കിത്തീര്‍ക്കുന്നതായ ഒരു സാമ്പത്തികവ്യവസ്ഥയുടെ വക്താക്കളാകാന്‍ അദ്ദേഹം ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് സമര്‍പ്പിതരെ ആഹ്വാനം ചെയ്തു.

ശതാബ്ദങ്ങളില്‍ ചില പ്രതിസന്ധികളു‌ടെ ഘട്ടങ്ങളില്‍ സമര്‍പ്പിതര്‍  സമൂഹത്തിനുമൊത്തത്തില്‍ ഗുണകരമായിഭവിക്കത്തക്ക നൂതനങ്ങളും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമായ നടപടികള്‍ സാമ്പത്തികമേഖലയില്‍ സ്വീകരിച്ചി‌ട്ടുള്ളത് അനുസ്മരിച്ച അദ്ദേഹം മദ്ധ്യയുഗത്തിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ ഫ്രാന്‍സിസ്ക്കന്‍ സമൂഹം “കരുണക്കുന്ന്” എന്നര്‍ത്ഥം വരുന്ന ചെറുകിട വായ്പാ പദ്ധതി ആരംഭിച്ചത് ഉദാഹരണമായി ചൂണ്ടിക്കാട്ടി.

സമര്‍പ്പിതജീവിതസമൂഹങ്ങളുടെ സാമ്പത്തികവ്യവഹാരങ്ങള്‍ സൗജന്യദാനമാകലിന്‍റെ  യുക്തിയില്‍ നിന്ന് വേറിട്ടു നില്ക്കരുതെന്നും ആര്‍ച്ചുബിഷപ്പ് കര്‍ബായൊ ഓര്‍മ്മിപ്പിക്കുന്നു.      








All the contents on this site are copyrighted ©.