2016-11-26 14:16:00

ജീവിതത്തിന്‍റെ സാധാരണതകളില്‍ ആഗതനാകുന്ന ദൈവം


പുതിയ നിയമ പണ്ഡിതനും കാരുണികന്‍ മാസികയുടെ പത്രാധിപരുമായ റവറെന്‍റ് ഡോക്ടര്‍ ജേക്കബ് നാലുപറ എം.സി.ബി.എസ്സി-ന്‍റെ വചനവിചിന്തനകള്‍

വിശുദ്ധ മത്തായി  24, 37-44.

ഇന്നത്തെ സുവിശേഷത്തില്‍ ഈശോ ശിഷ്യന്മാരെ ഉപദേശിക്കുന്നത് തന്‍റെ രണ്ടാമത്തെ വരവിനായി, കര്‍ത്താവിന്‍റെ ആഗമനത്തിനായി ഒരുങ്ങിയിരിക്കാനാണ്. ഈ ഒരു ഉപദേശം എന്നും ക്രിസ്തു ശിഷ്യര്‍ക്കുള്ള ആഹ്വാനമാണ്. അതുകൊണ്ടുതന്നെ എങ്ങനെയാണ് ക്രിസ്തുവിന്‍റെ വരവിനായി, അതും വിധിയാളനായ ക്രിസ്തുവിന്‍റെ വരവിനായി ഒരുങ്ങിയിരിക്കേണ്ടത്. ഇത് ഈശോ പറയുന്നത് ശ്രദ്ധിക്കേണ്ട ഒരു വചനമുണ്ട്. അതായത് നോഹയുടെ കാലത്തെക്കുറിച്ചാണ് ഈശോ സംസാരിക്കുന്നത്. ഈശോ പറയുന്നു, നോഹയുടെ കാലത്തെപ്പോലെയായിരിക്കും മനുഷ്യപുത്രന്‍റെ ആഗമനകാലത്തും സംഭവിക്കുക. അതായത് ജലപ്രളയത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ തിന്നും കുടുച്ചും, വിവാഹംചെയ്തും, വിവാഹം കഴിപ്പിച്ചും അവര്‍ കഴിഞ്ഞുപോന്നു. അതായത് ഈ തീറ്റയും കുടിയും, വിവാഹംചെയ്യലും വിവിഹം ചെയ്യിക്കലും ... ഇതെല്ലാം ജീവിതത്തിന്‍റെ സാധാരണതകളാണ്, superficialities of life..  അത് ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ സാധാരണ സംഭവിക്കുന്ന അല്ലെങ്കില്‍ അനുദിനം സംഭവിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് ഈ സാധാരണതകളില്‍ മുഴുകി ജീവിക്കുമ്പോള്‍ എന്താണ് ഈശോ പറയുന്നത്, അന്ന് നോഹിന്‍റെ കാലത്ത് ഇതാണ് സംഭവിച്ചത്, അവര്‍ ഈ സാധാരണതകളില്‍ മുഴുകി ജീവിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ജലപ്രളയം വരുന്നതുവരെ അവര്‍ അറിഞ്ഞില്ല.

ഇത് ഉദാഹരിക്കുന്നത് മനുഷ്യപുത്രന്‍റെ വരവിനെക്കുറിച്ചാണ്. ജീവിതത്തിന്‍റെ അനുദിന സാധാരണതകളില്‍ മുഴുകി ജീവിക്കുമ്പോള്‍, അതിന്‍റെ ഉപരിപ്ലവതകളില്‍ മാത്രം മുഴുകി ജീവിക്കുമ്പോള്‍ സംഭവിക്കാവനുന്നത്, നമ്മിലേയ്ക്കു വരുന്ന ദൈവസാന്നിദ്ധ്യം തിരിച്ചറിയാന്‍ പറ്റാതെ പോകും. അതുതന്നെയാണ് ഈശോ പറയുന്നത്. ഈ സാധാരണകളില്‍നിന്നും താഴേയ്ക്ക്, ആഴങ്ങലിലേയ്ക്ക് ഇറങ്ങാനുള്ള ഒരു വിളിയാണ് ക്രിസ്തു ഇന്നു നമുക്കു നല്കുന്നത്. ഇതാണ് മനുഷ്യപുത്രന്‍റെ വരവ് തിരിച്ചറിയാനുള്ളവഴി. ജീവിത്തിന്‍റെ സാധാരണതകള്‍ അനുദിന ജീവിതത്തിലെ സംഭവങ്ങള്‍, അതിന്‍റെ ഉള്ളില്‍ തന്നെയാണ്, അതിലൂടെതന്നെയാണ് ദൈവഹിതം പുറത്തേയ്ക്കു വരുന്നത്, ദൈവം അഗതനാകുന്നത് – ദൈവിക സാന്നിദ്ധ്യം അനുഭവവേദ്യമാകുന്നത്.

ഉദാഹരണത്തിന്, പാപ്പാ ഫ്രാന്‍സിസിനോട് അദ്ദേഹം വത്തിക്കാനില്‍ സ്ഥാരോപിതനായതിനുശേഷം നടത്തിയ ആദ്യത്തെ അഭിമുഖത്തില്‍, ആദ്യം ചോദ്യം, ആരാണ് താന്‍ എന്നായിരുന്നു. താന്‍ പാപിയായ മനുഷ്യനാണ് എന്നായിരുന്നു മറുപടി. ദൈവം കാരുണ്യപൂര്‍വ്വം തൃക്കണ്‍പാര്‍ത്ത, അവിടുത്തെ കാരുണ്യത്തിന് അര്‍ഹനാകക്കിയ, യോഗ്യനാക്കിയ മനുഷ്യനാണ്. എന്നായിരുന്നു. എന്നിട്ട് ഉദാഹരണം പറയുന്നത്, 17-Ɔ൦ വയസ്സിലെ സംഭവമാണ്. അന്ന് സ്ക്കൂള്‍ അവധിയായിരുന്നു. പഠിക്കുന്ന കാലം! മറ്റു വിദ്യാര്‍ത്ഥികളുമായിട്ട് സ്ക്കൂളില്‍നിന്നും ഒരു പിക്നിക്ക്! പിക്നിക്കിനു പോകാന്‍ റെയില്‍വെ സ്റ്റേഷനിലേയ്ക്ക് പോകുന്നത്, ഇടവകപ്പള്ളിയുടെ വാതില്ക്കല്‍ക്കൂടിയായിരുന്നു. അവിടെ എത്തിയപ്പോള്‍, പെട്ടന്ന് പളളിക്കകത്തേയ്ക്കു കയറണമെന്നു തോന്നി. കയറിയപ്പോഴോ.. ഇതുവരെ ഇടവകയില്‍ കണ്ടിട്ടില്ലാത്തൊരു വൈദികന്‍ പള്ളിക്കകത്ത്! അപ്പോള്‍ തനിക്കൊന്നു കുമ്പാസാരിക്കണമെന്നു തോന്നി. മുട്ടുകുത്തി വൈദികന്‍റെ പക്കല്‍ കുമ്പസാരിച്ചു. കുമ്പസാരിച്ചപ്പോള്‍ തമ്പുരാന്‍റെ കാരുണ്യം അളവില്ലാതെ തന്നിലേയ്ക്കു വന്നു നിറയുന്നതുപോലെ തോന്നി. പിന്നെ പുറത്തേയ്ക്ക് ഇറങ്ങി. തീരുമാനിച്ചു. പിക്നിക്കിന് പോകുന്നില്ല! അന്നാണ് വൈദികന്‍ ആകണമെന്നുള്ള ആഗ്രഹം മനസ്സില്‍ ആദ്യമായി ഉദിച്ചത്. ഒരു സന്ന്യാസിയാകന്‍ തീരുമാനിച്ചു. ‍

അനുദിന ജീവിതത്തിന്‍റെ സാധാരണ സംഭവങ്ങളില്‍ തന്നെയാണ് ദൈവഹിതം വന്നുനിറയുന്നത്. പക്ഷെ, ശ്രദ്ധിക്കേണ്ട കാര്യം നാം ഈ സാധാരണ ജീവിതത്തിന്‍റെ സാധാരണതകളില്‍ ഒതുങ്ങിപ്പോകുമ്പോള്‍ അതില്‍ ഇഴുകി ജീവിക്കുമ്പോള്‍, അതിന്‍റെ പിറകിലേയ്ക്കു കടക്കാനോ, അതിന്‍റെ ഉള്ളിലുള്ള ദൈവഹിതവും ദൈവിക സാന്നിദ്ധ്യവും തിരിച്ചറിയാനും പലപ്പോഴും പറ്റാതെ പോകുന്നു. ഇതാണ് അടുത്തു വചനത്തില്‍ ഈശോ പറയുന്നത്. രണ്ടുപേര്‍ വയലിലായിരിക്കുമ്പോള്‍ ഒരാള്‍ എടുക്കപ്പെടും, മറ്റെയാള്‍ അവശേഷിക്കും. രണ്ടു സ്ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരുവള്‍ എടുക്കപ്പെടും മറ്റെയാള്‍ അവശേഷിക്കും. രണ്ടുപേരും ചെയ്യുന്നത് ഒന്നുതന്നെ – വയലില്‍, തിരികല്ലില്‍...! പക്ഷെ, ഒരാള്‍ ജീവിതത്തിന്‍റെ ഉപരിപ്ലവതയില്‍ ഒതുങ്ങിപ്പോകുന്നു. മറ്റെയാളോ, അതിന്‍റെ ഉള്ളിലേയ്ക്കു കടക്കുന്നു, അതിന്‍റെ ഉള്ളിലും പിറകിലുമുള്ള ദൈവഹിതം, ദൈവികസാന്നിദ്ധ്യം തിരിച്ചറിയാന്‍ പറ്റുന്നു. ആ ആളാണ് എടുക്കപ്പെടുന്നത്. ഇതാണ് ഈശോ ആവശ്യപ്പെടുന്നത്, നീ ജീവിക്കുക, നിനക്ക് അനുവദിച്ചു തിന്നിരിക്കുന്ന ജീവിതത്തിന്‍റെ സാധാരണ ചുറ്റുപാടുകളില്‍ ജീവിക്കുക.

  ചുറ്റുപാടുകളെ മറക്കാതിരിക്കുക. അതില്‍ മുഴുകിപ്പോകാതിരിക്കുക. അതിലൂടെ കടന്നുവരുന്ന ദൈവിക സാന്നിദ്ധ്യത്തെ തിരിച്ചറിയാന്‍ പറ്റുക. അങ്ങനെ തിരിച്ചറിവുള്ളവനാണ് മനുഷ്യപുത്രന്‍റെ വരവിനായി സ്വയം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനുവേണ്ടത് മനസ്സിന്‍റെ ശ്രദ്ധയാണ്. ഹൃദയത്തിന്‍റെ ശാന്തതയാണ്. മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും മൗനമാണ്. അതാണ് 42, 44 വചനങ്ങളില്‍ ഈശോ പറയുന്നത്. നിങ്ങളുടെ കര്‍ത്താവ് ഏത് ദിവസം വരുമെന്ന് അറിയാത്തുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍! വചനം 44-ല്‍ പറയുന്നത് നിങ്ങള്‍ തയ്യാറായിരിക്കുവിന്‍, അര്‍ത്ഥം... Be Attentive!  ശ്രദ്ധയോടെ ഇരിക്കുവിന്‍.. ജീവിതത്തിന്‍റെ സാധാരണ കാര്യങ്ങള്‍ ചെയ്തു പോകുമ്പോഴും മനസ്സിന്‍റെ ശ്രദ്ധയും, ഹൃദയത്തിന്‍റെ നിശ്ശബ്ദതയും, ഉള്ളിലേയ്ക്കു തിരിയുന്ന അന്തര്‍മുഖം – ഉണ്ടെങ്കിലാണ് ദൈവഹിതം തിരിച്ചറിയാന്‍ പറ്റുന്നത്. നിങ്ങളിലേയ്ക്കു വരുന്ന തമ്പുരാന്‍റെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ പറ്റുന്നത്. മനുഷ്യപുത്രന്‍റെ വരവിനായി ഒരുങ്ങിയിരിക്കാന്‍ പറ്റുന്നത്.

ഒരു ഉദാഹരണത്തിന്...  മദര്‍ തെരേസ! ജീവിച്ചപ്പോഴും, മരിച്ചശേഷവും,  ഇപ്പോള്‍ സഭ ഔദ്യോഗികമായി വിശുദ്ധയായി പ്രഖ്യാപിച്ചപ്പോഴും മദര്‍ തന്‍റെ ജീവിതത്തില്‍ ഈ ശ്രദ്ധ മനസ്സിലാക്കിയിരുന്നു. ലൊരേറ്റോ മഠത്തില്‍നിന്നും ഇറങ്ങിപ്പോന്നത് എന്തുകൊണ്ടാണ്. സാധാരണതകളില്‍  ‍മുഴുകി  ജീവിക്കുന്ന ഒരു കന്യാസ്ത്രി. മഠത്തിന്‍റെ നിയമങ്ങളും ചട്ടങ്ങളും, പ്രാര്‍ത്ഥനകളും ശുശ്രൂഷകളും ചെയ്തു ജീവിക്കുന്നു. സ്ക്കൂളില്‍ പഠിപ്പിച്ചിരുന്നു. സാധാരണതകളില്‍ ജീവിക്കുമ്പോള്‍ ഉള്ളില്‍ ഒരു ശ്രദ്ധയുണ്ടായിരുന്നു  – ദൈവം എന്നോട് എന്താണ് ആവശ്യപ്പെടുന്നത്.  അതിന് ചെവികൊടുത്തുകൊണ്ടാണ് മദര്‍ അവിടുന്ന് ഇറങ്ങിപ്പോരുന്നത്. ദൈവഹിതം കണ്ടെത്തുന്നത്. സാധാരണതകളില്‍ മുഴുകി ജീവിക്കുന്ന അവസ്ഥ ആര്‍ക്കും പറ്റാവുന്നതാണ്. സാധാരണ കുടുംബജീവിതത്തിന്‍റെ  വ്യഗ്രതകളില്‍ പെട്ടുപോകുമ്പോള്‍... ! പോരാ, പൗരോഹിത്യത്തിന്‍റെയും സന്ന്യാസ ജീവിതത്തിന്‍റെയും സാധാരണതകളില്‍, അതിന്‍റെ ചിട്ടവട്ടങ്ങള്‍ അതിന്‍റെ കൂദാശകള്‍ പ്രാര്‍ത്ഥനകള്‍ എന്നിങ്ങനെ മുഴുകി ജീവിക്കുമ്പോള്‍ ...  ജീവിതം ഒരു superficiality ആയി മാറും. അതില്‍ ഒതുതങ്ങിപ്പോകുന്നത്  അപകടകരമാണ്.  കാരണം  നിന്നിലേയ്ക്ക് കടന്നു വരുന്ന മനുഷ്യപുത്രനെ തിരിച്ചറിയാന്‍ പറ്റാതെ പോകും. നിന്നോടും സംസാരിക്കുന്ന കര്‍ത്താവിന്‍റെ സ്വരം തിരിച്ചറിയാന്‍ പറ്റാതെ പോകും. അതിനു  പറ്റണമെങ്കില്‍, ഇതൊക്കെ ചെയ്ത് കൊണ്ടിരിക്കുമ്പോഴും  be attentive… !  ജാഗരൂകരായിലിരിക്കുവിന്‍...!  ഹൃദയത്തിന്‍റെ  മൗനം, നിശ്ശബ്ദത, മനസ്സിന്‍റെ ശാന്തത... ഇതോടെ.. നിന്നിലേയ്ക്കു വരുന്ന ദൈവഹിതം തിരിച്ചരിയാന്‍ ശ്രദ്ധയോടെ ഇരിക്കുവിന്‍? ഇങ്ങനെ ശ്രദ്ധയോടെ ജീവിച്ച് സാധാരണ ജീവിതം ജീവിച്ച്, എനിക്കും നിനക്കും വിധിക്കപ്പെട്ടിട്ടുള്ള സാധാരണ ജീവിതം  ജീവിച്ച്, അതോടൊപ്പം, ആ ജീവിതത്തിന്‍റെ സാധാരണതകളില്‍ കൂടി കടന്നു വരുന്ന തമ്പുരാനും, അവിടുത്തെ സാന്നിദ്ധ്യവും അവിടുത്തെ സ്വരവും മനസ്സില്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടു ജീവിക്കുമ്പോള്‍, എന്താ, സംഭവിക്കുന്നത്. ഓരോരുത്തര്‍ക്കും തിരിച്ചറിയാന്‍ പറ്റും, ജീവിതത്തില്‍ തമ്പുരാന്‍ എന്നെ എന്തിനാണ് ഇങ്ങോട്ടു വിട്ടിരിക്കുന്നത്. ഞാന്‍ ഇവിടെ പൂര്‍ത്തിയാക്കേണ്ട ദൗത്യം എന്താണ്?

മറ്റൊരാള്‍ക്കും ചെയ്യാന്‍ പറ്റാതെ എനിക്കു മാത്രം ചെയ്യാവുന്ന ഒരു കര്‍മ്മത്തിനും ശുശ്രൂഷയ്ക്കുമായിട്ടാണ് ദൈവം എന്നെ അയച്ചിരിക്കുന്നത്.  

ഞാന്‍ ഇവിടെ ചെയ്യേണ്ട ദൗത്യം എന്താണ്? ഈ ദൈത്യം ചെറുതോ വലുതോ ആവട്ടെ, തിരിച്ചറിയുക. എനിക്കുവേണ്ടി നിശ്ചയിച്ചുവച്ചിരിക്കുന്ന  ദൗത്യം ഞാന്‍  കണ്ടെത്തുകയും, ചെയ്യുകയും ചെയ്യുമ്പോഴാണ് എന്‍റെ ജീവിതദൗത്യം പൂര്‍ത്തീയാകുന്നത്. ഈ ഒരുങ്ങിയിരിക്കുന്നതിനെക്കുറിച്ച് പറഞ്ഞു കഴിയുമ്പോള്‍,  ഈശോ  അതിനു  തൊട്ടടുത്ത വചനത്തില്‍ പറയുന്നത് എന്താണ്? തന്‍റെ ഭവനത്തിലന്‍റെ വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥാനായി  യജമാനന്‍ നിശ്ചയിച്ചവന്‍ ആരാണ്? യജമാനന്‍ വരുമ്പോള്‍ വിശ്വസ്തനായി കാണപ്പെടുന്ന ഭൃത്യന്‍!  ഓരോരുത്തനും ഓരോ ദൗത്യമുണ്ട്. വീട്ടിലെ വേലക്കാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കുക ദൗത്യമാണ്. എന്‍റെ ജീവിതത്തിന്‍റെ ദൗത്യം. എന്‍റെ ജീവിത സാഹചര്യങ്ങളില്‍ ജീവിച്ചു പോകുമ്പോള്‍ തമ്പുരാന്‍ എന്നോട് ആവശ്യപ്പെടുന്നത്, തിരിച്ചറിയുക. തിരിച്ചറിഞ്ഞ് ആ ശുശ്രൂഷയില്‍ വിശ്വസ്തനായിരിക്കുക. വേലക്കാര്‍ക്ക് കൃത്യസമയത്ത് ഭക്ഷംകൊടുക്കാന്‍ ഏല്പിച്ചവന്‍ അതുചെയ്തുകൊണ്ടിരിക്കുക! തമ്പുരാന്‍ എന്നോട് ആവശ്യപ്പെടുന്ന ജോലിയില്‍ വിശ്വസ്തനായിരിക്കുക. Be faithful to your call! തമ്പുരാന്‍ എന്നെ ഇങ്ങോട്ടു വിട്ടിരിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യത്തിനാണ്. അത് വിശ്വസ്തതയോടെ ചെയ്തുകൊണ്ടിരിക്കുക!

നവംബര്‍ മാസത്തിലെ  കാരുണികന്‍ മാസികയുടെ കവര്‍ചിത്രം സത്താറിലെ  mentally challenged,  അല്ലെങ്കില്‍ differently abled  മന്ദബുദ്ധികളായിട്ടുള്ള കുട്ടികള്‍ക്കുവേണ്ടി,  10,  25 വര്‍ഷമായിട്ട് ഒരു പ്രസ്ഥാനം നടത്തുകയും, അത് പിന്നെ രണ്ടു പ്രസ്ഥാനവും പല പ്രസ്ഥാനവുമാക്കി വളര്‍ത്തിക്കൊണ്ടുവരികയും ഇന്ന് 100 കണക്കിന് അനാഥരായ ഭിന്നശേഷിയുള്ള കുട്ടികളെ സ്വന്തം മക്കളായി  വളര്‍ത്തുകയും ചെയ്യുന്ന തോമസ് തടത്തില്‍ എന്ന അച്ചന്‍റെ കഥയായിരുന്നു.  അച്ചന്‍റെയും കുട്ടികളുടെയും ചിത്രം, ഒത്തിരി പ്രതികരണം ലഭിച്ചു. അതില്‍ പറയാത്തൊരു കാര്യമുണ്ട്! അച്ചന്‍ പൂന സെമിനാരിയില്‍ പഠിക്കുമ്പോള്‍ മഞ്ഞപ്പിത്തംവന്ന് മരിക്കാന്‍ പോയ ആളാണ്. അത്ഭുതകരമായിട്ട് രക്ഷപ്പെട്ടു പോന്നതാണ്. അങ്ങനെ രക്ഷപ്പെട്ടു പോന്ന മനുഷ്യന്‍ അന്നത്തെ രോഗത്തിന്‍റെയും പ്രായത്തിന്‍റെയും.. ഇപ്പോള്‍.. 57 വയസ്സായിക്കാണും.  പ്രായത്തിന്‍റേതായ ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ടു തന്നെ സഹോദരന്മാര്‍ വിളിക്കും, വീട്ടുകാര്‍ വിളിച്ചു പറയും... ഇത്രയും ജോലിയൊക്കെ ചെയ്തു ഇനി നാട്ടില്‍ വന്ന് അല്പം വിശ്രമിച്ചുകൂടെ?! പലപ്പോഴും ചേട്ടന്മാര്‍ വിളിച്ചു പറയുകയാണ്. അദ്ദേഹം പറയുന്നത്, ഞാന്‍ ഈ മക്കളുടെകൂടെ ജീവിച്ച്, ജീവിച്ച്, പ്രായംചെന്ന്.. മരിച്ച് ഇവിടത്തന്നെ അങ്ങ് അടക്കപ്പെടണം.

സ്വന്തം ശുശ്രൂഷ, ദൈവം തന്നെ ഏല്‍പിച്ചിരിക്കുന്ന ശുശ്രൂഷ, എന്തിന് ദൈവം എന്നെ ഈ ഭൂമിയിലേയ്ക്ക് അയച്ചു എന്നു തിരിച്ചറിയുന്നവന്‍റെ ഒരു വാക്കും വിശ്വാസവുമാണിത്. യജമാന്‍ ഏല്പിച്ചിരിക്കുന്നതാണെങ്കില്‍, ഭൃത്യര്‍ക്ക് കൃത്യസമയത്ത് ഭക്ഷണംകൊടുത്തുകൊണ്ടിരിക്കണം. സ്വന്തം ദൗത്യം തിരിച്ചറിഞ്ഞവന്‍!  ജീവിതദൗത്യം തിരിച്ചറിഞ്ഞവന്‍ അതില്‍ വിശ്വസ്തതയോടെ ജീവിക്കുന്നു.  Be faithful to your call! ഇതാണ് ഈശോ ആവശ്യപ്പെടുന്നത്. മനുഷ്യപുത്രന്‍റെ വരവിനായി ഒരുങ്ങാന്‍ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നത്  ഇങ്ങനെയാണ്.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയേ, അങ്ങേ വരവിനായും, അവസാനം മരണത്തിനുശേഷം അന്ത്യവിധിക്കായും  അവിടുത്തെ മുന്നില്‍ നില്ക്കുവാന്‍  എന്നെ ഒരുക്കേണമേ!  അങ്ങ് എന്നോട് എന്താണ് ആവശ്യപ്പെടുന്നതെന്ന് തിരിച്ചറിയാനുള്ള കൃപതരേണമേ! അനുദിന ജീവിതത്തിന്‍റെ സാധാരണ സംഭവങ്ങളില്‍ മുഴുകിപ്പോകാതെ, അതില്‍ മാത്രം എന്‍റെ ജീവിതം കുടുക്കിയിടാതെ, അതിലൂടെ കടന്നുവരുന്ന അങ്ങയെ  തിരിച്ചരിയാന്‍.. മാത്രമല്ല, അതിലൂടെ സംസാരിക്കുന്ന അങ്ങേ സ്വരം കേള്‍ക്കാന്‍.. അതിലൂടെ കടന്നുവരുന്ന അങ്ങയെ കാണാനുള്ള മനസ്സും ഹൃദയവും കാഴ്ചയും ശ്രവണവും അങ്ങെനിക്കു തരേണമേ!  അങ്ങനെ എന്‍റെ ജീവിതസാഹചര്യങ്ങളില്‍ എന്നോട് ആവശ്യപ്പെടുന്ന ദൗത്യം തിരിച്ചറിയാന്‍... ആ ദൗത്യത്തില്‍ മനസ്സുരുകി മനസ്സര്‍പ്പിച്ച്  ജീവിക്കാനും, എന്നും  അതിനോടു  വിശ്വസ്തമായി ജീവിക്കാനുമുള്ള  കൃപതരേണമേ! അതിലൂടെ ഞാന്‍ നിന്‍റെ വരവിനായി ഒരുങ്ങട്ടെ!   ആമേന്‍.  








All the contents on this site are copyrighted ©.