2016-11-21 14:33:00

വത്തിക്കാനിലെ വാഴിക്കലിനു കര്‍ദ്ദിനാള്‍ കുറായി എത്തിയില്ല


ഒറ്റപ്പെട്ട ആഫ്രിക്കന്‍ ചെറുരാജ്യത്തിനായി പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാളിനെ വാഴിച്ചു – കര്‍ദ്ദിനാള്‍ സെബാസ്റ്റ്യന്‍ കോതോ കുറായി!

ആഫ്രിക്കയുടെ തെക്കന്‍ തീരരാജ്യമായ ലെസോത്തൊയിലെ മൊഹേലെ ഹേക് രൂപതയുടെ മുന്‍മെത്രാനാണ് സെബാസ്റ്റ്യന്‍ കോതോ കുറായി. പാപ്പാ ഫ്രാന്‍സിസ് ഇക്കുറി തിരഞ്ഞെടുത്ത നവകര്‍ദ്ദിനാളന്മാര്‍ 17 പേരില്‍ അദ്ദേഹവും ഉള്‍പ്പെടുന്നു. ലെസോത്തൊയുടെ പ്രഥമ കര്‍ദ്ദിനാളാണ് ബിഷപ്പ് കോതോ കൊറായി. ആഫ്രിക്കയുടെ തെക്കേ അറ്റത്ത് രാജഭരണത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന മലയിടുക്കുകളിലെ ചെറുരാജ്യമാണിത്. അവിടത്തെ കൊവാലിങ് സ്വദേശിയാണ് 87 വയസ്സുകാരന്‍ കര്‍ദ്ദിനാള്‍ കൊതോ കുറായി. അമലോത്ഭവനാഥയുടെ സന്ന്യാസ സഭാംഗമാണ് (Oblates of Mary Immaculate).

മെത്രാന്‍സ്ഥാനം ഒഴിഞ്ഞശേഷവും രൂപതയുടെ അജപാലന മേഖലയില്‍ സജീവമാണ്. കഠിനാദ്ധ്വാനിയും ഏറെ ത്യാഗിയുമായ ബിഷപ്പ് കുറായിയുടെ സമര്‍പ്പണത്തിനുള്ള അംഗീകാരമായിരിക്കാം തേടിയെത്തിയ ഈ കര്‍ദ്ദിനാള്‍ പദവിയെന്നത്, അദ്ദേഹത്തെ അടുത്ത് അറിയുന്നവരുടെ അഭിപ്രായമാണ്.

നവംബര്‍ 19-‍Ɔ൦ തിയതി ശനിയാഴ്ച, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ സംഘത്തില്‍ ആഗോളസഭയിലെ കര്‍ദ്ദിനാളന്മാരെ പാപ്പാ ഫ്രാന്‍സിസ് വാഴിച്ചപ്പോള്‍ ലെസോത്തോയുടെ നിയുക്ത കര്‍ദ്ദിനാള്‍ കൊറായ് എത്തിയിരുന്നില്ല.   അദ്ദേഹം വത്തിക്കാനിലേയ്ക്ക് യാത്രചെയ്യാതിരുന്നതിനും, ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനുമുള്ള കാരണങ്ങള്‍ ഔദ്യോഗികമായി പാപ്പാ ഫ്രാന്‍സിസിനെ അറിയിച്ചിട്ടുള്ളതാണെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

 കര്‍ദ്ദിനാള്‍ കുറായിയുടെ സ്ഥാനികതൊപ്പിയും, മോതിരവും വത്തിക്കാന്‍ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കും. റോമിലെ ‘സാന്‍ ലിയനാര്‍ദോ ഇ‌ടവകപ്പള്ളി അദ്ദേഹത്തിന്‍റെ സ്ഥാനികദേവാലയമായി പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിക്കുകയുമുണ്ടായി. അങ്ങനെ ബിഷപ്പ് കോതോ കുറായിയുടെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹം കര്‍ദ്ദിനാള്‍ പദവിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

1978-മുതല്‍ മൊഹാലെ  ഹെക് രൂപതയുടെ മെത്രാനായിരുന്ന  ബിഷപ്പ് കുറായി വിരമിച്ചത്  2014-Ɔമാണ്ടിലാണ്. നീണ്ട 36 വര്‍ഷക്കാലത്തെ രൂപതാഭരണത്തിനുശേഷം വിശ്രമജീവിതം കഴിക്കാമായിരുന്ന അദ്ദേഹം വിശുദ്ധ പാട്രിക്കിന്‍റെ നാമത്തിലുള്ള താന്‍ തുടങ്ങിവച്ചതും, പാതിയെത്തി നിലക്കുന്നതുമായ ദേവാലയ നിര്‍മ്മിതിയും, പിന്നെ ഒരു അനാഥാലയത്തിന്‍റെ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചു. ലെസോത്തോയിലെ മാത്രമല്ല, ആഫ്രിക്കന്‍ നാടുകളിലെ അഭ്യന്തരകലാപങ്ങളിലും ഭീകരാക്രമണങ്ങളിലും അനാഥരാക്കപ്പെട്ട് ലൊസോത്തോയിലെ മലംപ്രദേശത്തേയ്ക്ക് കുടിയേറുന്ന നിരാലംബരായ കുട്ടികള്‍ക്കായി അദ്ദേഹം അനാഥാലയം തുറന്നു.  ഇരുന്നൂറിലധികം വിവിധ പ്രായക്കാരായ അനാഥക്കുട്ടികളെ പോറ്റുന്ന തിരക്കിലാണ് ബിഷപ്പ് കുറായി ഇപ്പോള്‍. അദ്ദേഹത്തെ വ്യക്തിപരമായി അറിയുന്ന വത്തിക്കാന്‍ റേഡിയോയുടെ ആഫ്രിക്ക ഇംഗ്ലിഷ് വിഭാഗത്തിന്‍റെ തലവന്‍, ഫാദര്‍ പോള്‍ സോമസുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കര്‍ദ്ദിനാള്‍പട്ടം വാങ്ങാന്‍ റോമിലേയ്ക്കുള്ള യാത്രയ്ക്കും മറ്റും ചിലവാക്കേണ്ട പണം, പിന്നെ കര്‍ദ്ദിനാളിന് ആവശ്യമായ പുതിയ കുപ്പായവും കോട്ടും ഒക്കെ വാങ്ങുന്നതിനുള്ള ചെലവ്,  പദവിയെ ചുറ്റിപ്പറ്റിയുള്ള  ആഘോഷങ്ങള്‍ എന്നിവ തന്‍റെ പാവങ്ങളായ കുട്ടികള്‍ക്ക് ഉള്ളതല്ലേ എന്ന വിചാരമാണ്,  അദ്ദേഹം  റോമായാത്ര  ഒഴിവാക്കുന്നതിനു പിന്നിലെന്ന് ആഫ്രിക്കക്കാരനായ ഫാദര്‍ സോമസൂ പങ്കുവച്ചു.  ആഴമായ വിശ്വാസത്തോടൊപ്പം, മൗലികചിന്താഗതിയും, മാനുഷിക മൂല്യങ്ങളും മുറുകെ പിടിക്കുന്ന ബിഷപ്പ് കൊറായി വാഴിക്കലിനു വരാതിരുന്നതില്‍ ആഫ്രിക്കാര്‍ക്ക്, വിശിഷ്യ അദ്ദേഹത്തെ അറിയുന്നവര്‍ക്ക് പരാതിയില്ലത്രെ!  പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ ചടങ്ങുകള്‍ നടത്തിയ ദിനത്തില്‍ - നവംബര്‍ 19-ന്  അദ്ദേഹം തന്‍റെ പാവങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിച്ച് ദൈവത്തിനു നന്ദിപറഞ്ഞെന്ന് ഫാദര്‍ സോമസൂ അറിയിച്ചു.

കര്‍ദ്ദിനാള്‍ സെബാസ്റ്റ്യന്‍ കോതോ കുറായിക്ക് പ്രാര്‍ത്ഥനാശംസകളും അഭിനന്ദനങ്ങളും!








All the contents on this site are copyrighted ©.