2016-11-20 09:55:00

മുറിപ്പെട്ട മനുഷ്യരുടെ മദ്ധ്യേയായിരിക്കാനും ദേവക്കരുണയുടെ സാക്ഷിയാകാനും


19 നവംബര്‍, ശനി.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സാധാരണ പൊതുസമ്മേളനത്തില്‍ (Consistory)  സഭയിലെ 17 നിയുക്ത കര്‍ദ്ദിനാളന്മാരെ പാപ്പാ ഫ്രാന്‍സിസ് വാഴിച്ചു.

പ്രാദേശിക സമയം രാവിലെ 11 മണിക്കായിരുന്നു കര്‍മ്മങ്ങള്‍. പുതിയ കര്‍ദ്ദിനാളന്മാര്‍ 14 രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ബാംഗ്ലാദേശ്, മലേഷ്യാ എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെ കൂടാതെ, ആഫ്രിന്‍ക്കയില്‍ ചെറുരാജ്യമായ ലൊസോത്തോ, മദ്ധ്യാഫ്രിക്ക, മൗരീഷ്യസ്, ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം, അല്‍ബേനിയ, അമേരിക്ക, ബ്രസീല്‍, വെനസ്വേല, മെക്സിക്കോ, പാപുവാ ന്യൂ ഗ്വീനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് നവകര്‍ദ്ദിനാളന്മാര്‍. സഭയുടെ സാര്‍വ്വത്രികത പ്രതിഫലിപ്പിക്കുമാറ് അതിരുകള്‍ തേടിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ തിരഞ്ഞെടുപ്പ് ഈ രാജ്യങ്ങള്‍ വ്യക്തമാക്കുന്നു.

ആമുഖ പ്രാര്‍ത്ഥനയെ തുടര്‍ന്ന് വചനപാരായണമായിരുന്നു. ലൂക്കായുടെ സുവിശേഷത്തിലെ ശത്രുസ്നേഹത്തിന്‍റെ പാഠം പ്രഘോഷിക്കപ്പെട്ടു (ലൂക്കാ 6, 27-36). കര്‍ദ്ദിനാളന്മാരോടും, ബസിലിക്ക നിറഞ്ഞിരുന്ന വിവിധ രാജ്യാക്കാരായ വിശ്വാസികളോടും, ലോകത്തോടുമായി പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു.

  1. പാപ്പാ ഫ്രാന്‍സിസിന്‍റെ വചനചിന്തകള്‍:

മലയിലെ പ്രസംഗം കഴിഞ്ഞ്, താഴെ ഗലീലിയായുടെ സമതലത്തേയ്ക്കും തീരത്തേയ്ക്കും ശിഷ്യന്മാര്‍ക്കൊപ്പം ഇറങ്ങിവന്ന ക്രിസ്തു നല്കിയ പ്രബോധനത്തെ താഴ്വാരത്തെ പ്രസംഗമെന്നു വിളിക്കാം (Sermon on the plains).  മലയുടെ ഉയരങ്ങള്‍ കാണാനാകുന്നത് മുകളിലേയ്ക്കു നോക്കുമ്പോഴാണ്. ദൈവികമായ വിളിയാണ് ഉയരങ്ങളിലേയ്ക്കു നമ്മെ ക്ഷണിക്കുന്നത്. “പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കാനുള്ള” വിളി!  (ലൂക്കാ 6, 36). ഉന്നതങ്ങളിലെ വിളിയാണിത്. ശിഷ്യത്വത്തിന്‍റെ വളരെ പ്രായോഗികവും പ്രകടവുമായ നാലു ഗുണങ്ങള്‍ തുടര്‍ന്ന് പാപ്പാ വിവരിച്ചു:  സ്നേഹിക്കുക, നന്മ ചെയ്യുക, അനുഗ്രഹിക്കുക, പിന്നെ പ്രാര്‍ത്ഥിക്കുക! നാലു കാര്യങ്ങളും കാരുണ്യം ജീവിക്കാനുള്ള തന്ത്രവും തത്വവുമാണ് (Mystagogy of Mercy).  ഇഷ്ടമുള്ളവരുടെകൂടെ ആയിരിക്കാന്‍ എളുപ്പമാണ്. ക്രിസ്തു കലര്‍പ്പില്ലാതെ ഉദ്ബോധിപ്പിക്കുന്നു - ശത്രുക്കളെ സ്നേഹിക്കുക. വെറുക്കുന്നവര്‍ക്ക് നന്മചെയ്യുക. ശപിക്കുന്നവരെ അനുഗ്രഹിക്കുക. അവഹേളിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക (ലൂക്കാ 6, 27-28).  ഇത് സാധാരണഗതിയില്‍ നമ്മുടെ മാനുഷികസ്വഭാവത്തിന് ഇണങ്ങിയ കാര്യമല്ല. ശത്രുക്കളെ നാം വെറുക്കുകയും ശപിക്കുകയും ചെയ്യും. എന്നിട്ട് നമ്മെത്തന്നെ നല്ലതും നന്മയുമായി ചിത്രീകരിക്കും. ശത്രുക്കളെ തിന്മയെന്നും ‘പൈശാചിക’മെന്നു വിധിക്കും. എന്നാല്‍ ഓര്‍ക്കുക, നാം അനുഗ്രഹിക്കുകയും, സഹായിക്കുകയും, സ്നേഹിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടവരാണ് നമ്മുടെ ശത്രുക്കള്‍, അല്ലെങ്കില്‍ ശത്രുക്കളായി നാം ഗണിക്കുന്നവര്‍! സുവിശേഷത്തിന്‍റെ സത്ത ഇതിലാണ് ഒളിഞ്ഞിരിക്കുന്നത്. ക്രൈസ്തവ ജീവിതത്തിലെ സന്തോഷത്തിന്‍റെ സ്രോതസ്സും ഈ ശത്രുസ്നേഹമാണ്.

സ്നേഹിക്കപ്പെടേണ്ടവനെയും അനുഗ്രഹിക്കേണ്ടപ്പെടേണ്ടവളെയുമാണ് പലപ്പോഴും നാം ശത്രുക്കളാക്കിയിരിക്കുന്നത്. ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ശത്രുക്കളില്ല! അവിടുത്തേയ്ക്ക് നാം എല്ലാവരും മക്കളാണ്. നാം ദൈവമക്കാളാണ്! ആരെയും കൈവെടിയാത്ത പിതൃസ്നേഹമാണ് അവിടുത്തേത്. മനുഷ്യരാണ് തരംതിരിക്കുന്നതും, ഭിത്തിക്കെട്ടി അകറ്റുന്നതും, ശത്രുതയുണ്ടാക്കുന്നതും. ദൈവം നമുക്ക് അസ്തിത്വം നല്കി വിളിച്ചത് സ്നേഹിക്കാനും, അന്വോന്യം സ്നേഹത്തോടെ ജീവിക്കാനുമാണ്. അപരനെ വിധിക്കുകയും ഭിന്നിപ്പിക്കുകയും, എതിര്‍ക്കുകയും ചെയ്യുന്ന നമ്മുടെ കഠിനമായ മനസ്സ് ദൈവത്തിന്‍റെ കലവറയില്ലാത്ത സ്നേഹത്തിനു മുന്നില്‍ ഉരുകി അലിയേണ്ടതാണ്.

ദൈവത്തെ പരിത്യജിക്കുന്നവര്‍ക്കും അവിടുന്നില്‍നിന്ന് അകന്നിരിക്കുന്നവര്‍ക്കും, ആത്മവിശ്വാസവും ഓജസ്സും നല്കുന്നതാണ് അതിരില്ലാത്ത ദിവ്യസ്നേഹം. പ്രതിസന്ധികള്‍ക്ക് പരിഹാരം     ധ്രൂവീകരണവും, ബദ്ധശത്രുതയും ഒഴിവാക്കലുമാണെന്നു (Polarization & animosity) ചിന്തിക്കുന്ന മനോഭാവം ഇന്ന് നാം അറിയാതെ വളര്‍ന്നുവരുന്നുണ്ട്. ഉദാഹരണത്തിന് കുടിയേറ്റക്കാരും, അഭയാര്‍ത്ഥികളും, അന്യനാട്ടില്‍നിന്നു തൊഴില്‍ തേടിയും ഉപജീവനത്തിനു വക തേടിയുമെത്തുന്നവര്‍ എത്രപെട്ടന്നാണ് നമുക്ക് ഭീഷണിയും, പിന്നെ അതിവേഗം ശത്രുക്കളുമായി മാറുന്നത്. ശത്രുതയ്ക്കു കാരണം, അവര്‍ വേറെ ഭാഷ സംസാരിക്കുന്നു! അവരുടെ തൊലിനിറത്തിന് വ്യത്യാസമുണ്ട്. പിന്നെ ഭിന്നമായ സംസ്ക്കാരം, വേറിട്ട സാമൂഹികരീതി എന്നിങ്ങനെ പലതാണ്! വിയോജിപ്പിന്‍റെ ചിന്താഗതി വളര്‍ന്ന്, അത് പെരുമാറ്റത്തില്‍ പ്രകടമാക്കപ്പെടുന്നു.  അതില്‍നിന്ന് ശത്രുതയും, ഭീഷണിയും, പിന്നെ അതിക്രമവും ഉടലെടുക്കുന്നു. സമൂഹത്തെ അത് കീറിമുറിക്കുന്നു. ധ്രൂവീകരണത്തിന്‍റെയും ഒഴിവാക്കലിന്‍റെയും തൊട്ടുതീണ്ടലിന്‍റെയുമെല്ലാം രോഗാണുക്കള്‍ സഭയിലുമുണ്ട്. നാം വിവിധ രാജ്യക്കാരും, ഭാഷക്കാരും പാരമ്പര്യക്കാരും വര്‍ണ്ണഭാവ വ്യത്യാസക്കാരും റീത്തുകാരുമാകയാല്‍ തുറവുള്ള ഹൃദയവും മനസ്സും ആവശ്യമാണ്. വ്യത്യാസങ്ങളും വൈവിധ്യങ്ങളും സമ്പന്നതയും നന്മയായി കാണണം. ഇവയൊന്നും ശത്രുതയ്ക്ക് കാരണമാകരുത്.

ക്രിസ്തുവിനോടൊപ്പം നമുക്ക് മലയിറങ്ങാം. താഴെ ജനമദ്ധ്യത്തില്‍ - ജീവിതത്തിന്‍റെയും ചരിത്രത്തിന്‍റെയും നാല്ക്കവലകളില്‍ അവിടുത്തെ സുവിശേഷം പ്രഘോഷിക്കാം, സുവിശേഷ സന്തോഷത്തിന്‍റെ സാക്ഷികളാകാം. ജനമദ്ധ്യത്തിലേയ്ക്ക് ക്രിസ്തു നമ്മെ ഇന്നു മാടിവിളിക്കുന്നു. അവര്‍ക്ക് പ്രത്യാശ പകരാന്‍...! ദൈവിക സ്നേഹത്തിനും കരുണയ്ക്കും സാക്ഷ്യമേകാന്‍...! അനുരഞ്ജനത്തിന്‍റെ അടയാളമാകാന്‍! അന്തസ്സും അവകാശവും നഷ്ടപ്പെട്ടവരിലേയ്ക്കും, അവ ഹനിക്കപ്പെട്ടവരിലേയ്ക്കും സമാശ്വാസമായി നമുക്ക് ഇറങ്ങിച്ചെല്ലാം!!

മനുഷ്യന്‍റെ സ്വര്‍ഗ്ഗീയയാത്ര ആരംഭിക്കേണ്ടത് താഴെ ഭൂമിയില്‍, ജനമദ്ധ്യത്തില്‍നിന്നാണ്. സഹോദരങ്ങളുടെ മുറിപ്പെട്ട ജീവിതങ്ങളും ക്ലേശങ്ങളും പങ്കവച്ചുകൊണ്ടും, അവര്‍ക്കായി ജീവിച്ചുകൊണ്ടുമാണ് നാം മുന്നേറേണ്ടത്. മലമുകളി‍ല്‍ കിട്ടിയ സ്നേഹത്തിന്‍റെ മേന്മ ജനമദ്ധ്യത്തില്‍ ക്ഷമയോടെ ജീവിക്കാനും,  അനുരഞ്ജനത്തിനു വഴിതുറക്കാനും ദൈവം എവര്‍ക്കും ശക്തിയേകട്ടെ!   പിതാവിന്‍റെ കരുണയുള്ള സ്നേഹം നമ്മുടെ ഹൃദയങ്ങളെ നയിക്കട്ടെ! “ഇനിയും ധാരാളം  നമ്മുടെ സഹോദരങ്ങള്‍ ജീവിക്കാന്‍ വകയില്ലാതെയും, ക്രിസ്തുവിന്‍റെ വെളിച്ചവും സമാശ്വാസവും ലഭിക്കാതെയും, വിശ്വാസസമൂഹത്തിന്‍റെ തുണയില്ലാതെയും, ജീവിതത്തില്‍ ലക്ഷ്യബോധമില്ലാതെയും ജീവിക്കുന്നു എന്നത് നമ്മുടെ മനസ്സാക്ഷിയെ എന്നും അലട്ടേണ്ട വസ്തുതയാണ്!”  ഇത് നമുക്കുണ്ടാകേണ്ട തിരിച്ചറിവാണ്.

  1. വാഴിക്കലും സ്ഥാനികദേവാലയം നല്കലും

കര്‍ദ്ദിനാളന്മാരുടെ വാഴ്ചയുടെ ആദ്യഭാഗം – വിശ്വസപ്രതിജ്ഞയായിരുന്നു. വിശ്വാസപ്രമാണം ഏറ്റുചൊല്ലി ത്രിയേക ദൈവത്തിലും ക്രിസ്തുവിന്‍റെ സഭയിലുമുള്ള വിശ്വാസം അവര്‍ ആദ്യം ഏറ്റുപറഞ്ഞു. തുടര്‍ന്ന് സഭാതലവാനായ പാപ്പായോടുള്ള വിശ്വതതയും, സഭാദൗത്യത്തിലുള്ള പങ്കാളിത്തവും ഓരോരുത്തരും പാപ്പായുടെ മുന്നില്‍ വ്യക്തിപരമായി പ്രസ്താവിച്ചു. അതിനെ തുടര്‍ന്നാണ് അവരെ സ്ഥാനിക തൊപ്പി, മോതിരം എന്നിവ പാപ്പാ അണിയിച്ചു. പിന്നെ  സ്ഥാനികദേവാലയം നല്കുന്ന തിട്ടുരവും നല്കി. പാപ്പാ അദ്ധ്യക്ഷനായുള്ള റോമാരൂപതയിലെ ദേവാലയങ്ങളാണ് കര്‍ദ്ദിനാളന്മാര്‍ക്ക് ഓരോരുത്തര്‍ക്കും സ്ഥാനികദേവാലയമായി (Titular Church) നല്കുന്നത്. സഭയോടും വ്യക്തിപരമായി പാപ്പായോടുമുള്ള ബന്ധത്തിന്‍റെ പ്രതീകമാണത്.

തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ്  ഓരോരുത്തര്‍ക്കും  സമാദാനചുംബനം  നല്കി അവരെ ആശംസിച്ചു. കര്‍ദ്ദിനാളന്മാര്‍ ലോകത്ത് രാജാവായ ക്രിസ്തുവിന്‍റെ കുമാരന്മാരാണ് എന്നു പ്രസ്താവിക്കുന്നതോടെയാണ് വാഴിക്കല്‍ അവസിനിക്കുന്നത്.

കര്‍തൃപ്രാര്‍ത്ഥന എല്ലാവരും ചേര്‍ന്ന് ആലപിച്ചു. പാപ്പാ ഫ്രാന്‍സിസ് തിരഞ്ഞെടുത്ത അഗോളസഭയിലെ കര്‍ദ്ദിനാളന്മാരുടെ വാഴിക്കല്‍ ശുശ്രൂഷ സമാപിച്ചത്  അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ്.

Photo : Archbishop Patric D’Rozario of Dhaka, Bangladesh newly elevated Cardinal by Pope Francis.








All the contents on this site are copyrighted ©.