2016-11-19 12:43:00

"സമതലം": "ഉന്നതിയി"ലേക്കുള്ള യാത്രയുടെ ആരംഭബിന്ദു


സ്നേഹിക്കുക, നന്മചെയ്യുക, അനുഗ്രഹിക്കുക, പ്രാര്‍ത്ഥിക്കുക എന്നീ ചതുര്‍ക്രിയകള്‍ കാരുണ്യം സമൂര്‍ത്തമാക്കല്‍ പ്രക്രിയയുടെ നാലു ഘട്ടങ്ങളാണെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (19/11/16) രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ വിവിധരാജ്യക്കാരായ 17 പിതാക്കന്മാരെ കര്‍ദ്ദിനാള്‍സ്ഥാനത്തേക്കുയര്‍ത്തുന്നതിന് ചേര്‍ന്ന സാധാരണ പൊതു കണ്‍സിസ്റ്ററിയില്‍ സുവിശേഷ പ്രഭാഷണം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പ.

ഒരു മലയില്‍ രാത്രിമുഴുവന്‍ പ്രാര്‍ത്ഥിച്ച യേശു തദ്ദനന്തരം 12 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അവരെ സമതലത്തിലേക്കാനയിച്ചിതിനു ശേഷം നടത്തുന്ന പ്രസംഗത്തിലെ, ലൂക്കായുടെ സുവിശേഷം 6-ↄ൦ അദ്ധ്യായത്തില്‍ 27 മുതല്‍ 36 വരെയുള്ള വാക്യങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന നന്മയെ തിന്മകൊണ്ടു ജയിക്കുക എന്ന ആശയമായിരുന്നു പാപ്പാ പങ്കു വച്ചത്.

ശിഷ്യന്മാരെ തിരഞ്ഞെടുത്തതിനു ശേഷം അവരെ മലയില്‍ നിറുത്താതെ സമതലത്തിലേക്ക് പീഢിതരായിരുന്ന ജനങ്ങളുടെ ഇടയിലേക്ക്, അവരുടെ അനുദിനജീവിതത്തിലേക്ക് ഇറക്കിക്കൊണ്ട‌ുവരുക വഴി യേശു ശിഷ്യരെയും നമ്മെയും കാട്ടിത്തരുന്നത് യഥാര്‍ത്ഥ ഉന്നതിപ്രാപിക്കുന്നത് സമതലത്തിലാണ് എന്നാണെന്ന് പാപ്പാ പറഞ്ഞു.

ഒരു നോട്ടത്തില്‍, പിതാവിനെപ്പോലെ കാരുണ്യമുള്ളവരായിരിക്കാനുള്ള വിളിയിയില്‍ ആണ് ഈ ഉന്നതി സ്ഥിതിചെയ്യുന്നതെന്നും സമതലം  നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

സ്നേഹിക്കുക, നന്മചെയ്യുക, അനുഗ്രഹിക്കുക, പ്രാര്‍ത്ഥിക്കുക എന്നീ ചതുര്‍ക്രിയകള്‍ നമ്മുടെ സുഹൃത്തുക്കളോ നമ്മുടെ അടുപ്പക്കാരോ, നമ്മുടെ അഭിരുചികളും പെരുമാറ്റരീതികളുമുള്ളതിനാല്‍ നാം ഇഷ്ടപ്പെടുന്നവരൊ ആയവരുടെ കാര്യത്തില്‍ എളുപ്പമാണെന്നും എന്നാല്‍ ഇക്കാര്യങ്ങള്‍ ആരുടെ കാര്യത്തിലാണ് നാം ചെയ്യേണ്ടത് എന്ന് യേശു വ്യക്തമാക്കുമ്പോഴാണ്  പ്രശ്നം ഉദിക്കുന്നതെന്നും പാപ്പാ വിശദീകരിച്ചു.

ശത്രുക്കളെ സ്നേഹിക്കുക,, ദ്വേഷിക്കുന്നവര്‍ക്ക് നന്മചെയ്യുക, ശപിക്കുന്നവരെ അനുഗ്രഹിക്കുക, അധിക്ഷേപിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന് യേശു പറയുന്നതും പാപ്പാ അനുസ്മരിച്ചു.

സമതലത്തില്‍ മുറിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും, ദാനമായിനല്കപ്പെടുകയും ചെയ്യുന്ന അനുദിനാനുഭവത്തില്‍ ആണ് ഉയരത്തിലേക്കുള്ള യാത്രയുടെ തുടക്കമെന്ന് പാപ്പാ നവകര്‍ദ്ദിനാളന്മാരെ പ്രത്യേകം സംബോധനചെയ്തുകൊണ്ടു പറഞ്ഞു.

ജീവിതസമതലത്തില്‍ പൊറുക്കാനും അനുരഞ്ജനപ്പെടാനും കഴിവുറ്റവരാക്കി നമ്മെത്തന്നെ മാറ്റാന്‍ ദൈവജനവുമൊത്തു പരിശ്രമിക്കുകയായിരിക്കണം നമ്മുടെ ലക്ഷ്യവും അഭിലാഷവും എന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ധ്രുവീകരണം, പുറന്തള്ളല്‍ എന്നിവ സംഘര്‍ഷങ്ങള്‍ക്കുള്ള ഏക പരിഹാരമാര്‍ഗ്ഗമായി കാണുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നതെന്നു പറഞ്ഞ പാപ്പാ ധ്രുവീകരണത്തിന്‍റെയും ശത്രുതയുടെയും അണുക്കള്‍ നമ്മുടെ ചിന്താരീതികളെ ബാധിക്കാതിരിക്കുന്നതിരിക്കുന്നതിന് കരുതലുള്ളവരായിരിക്കാന്‍ ആഹ്വാനം ചെയ്തു.

      








All the contents on this site are copyrighted ©.