2016-11-16 17:52:00

ക്യാര ലൂബികിന്‍റെ സമാധാനയജ്‍ഞം നിലയ്ക്കരുത് - പാപ്പാ ഫ്രാന്‍സിസ്


നവംബര്‍ 15-ന്   ചൊവ്വാഴ്ച പാരിസിലെ  യുനെസ്ക്കോ (UNESCO) ആസ്ഥാനത്ത് ചേര്‍ന്ന ഫോകൊലാരെ പ്രസ്ഥാനത്തിന്‍റെ (Focoloare Movement) സംഗമത്തിന് അയച്ച സന്ദേശത്തിലാണ്, അതിന്‍റെ സ്ഥാപകയായ ക്യാര ലൂബികിന്‍റെ സമാധനശ്രമങ്ങള്‍ നിലയ്ക്കരുതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്.

മതങ്ങള്‍ തമ്മിലും മനുഷ്യര്‍ പരസ്പരവും സമാധാനത്തില്‍ വസിക്കുന്നതിനു ഫോകൊലാരെ പ്രസ്ഥാനത്തിന്‍റെ സ്ഥാപക ക്യാരാ ലൂബിക് ആവിഷ്ക്കരിച്ച നവമായ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് 1996-ല്‍ ‘യുനെസ്ക്കോ പുരസ്ക്കാരം’ നല്കപ്പെട്ടതിന്‍റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രവര്‍ത്തകര്‍ പാരീസില്‍ സംഗമിച്ചത്.  

വിവിധ മതങ്ങള്‍ക്കിടയിലും ജനസമൂഹങ്ങള്‍ക്കിടയിലും സമാധാനവും സൗഹൃദവും അനുരജ്ഞനവും വളര്‍ത്തുന്നതിന് ക്യാരാ ലൂബിക്കിന്‍റെ ഫോകൊലാരെ പ്രസ്ഥാനം യുനേസ്ക്കോയോടു ചേര്‍ന്ന് ഇന്നും ലോകത്ത് തുടരുന്ന പരിശ്രമങ്ങളെ സന്ദേശത്തില്‍ പാപ്പാ ശ്ലാഘിച്ചു. പരസ്പരമുള്ള ആദരവ്, അപരന്‍റെ ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള മനസ്സ്, സംവാദത്തിനുള്ള സന്നദ്ധത, പങ്കുവയ്ക്കാനുള്ള തയ്യാറെടുപ്പ് എന്നിവ ക്യാരാ ലൂബിക്കിന്‍റെ ഫോകൊലാറെ പ്രസ്ഥാനം ഉള്‍ക്കൊള്ളുന്ന തനിമയാര്‍ന്ന സിദ്ധിയും പ്രവര്‍ത്തന ശൈലിയിലുമാണ്. ലോകത്ത് ഇനിയും സമാധാനത്തിനുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പണത്തോടെ നിര്‍വ്വഹിച്ചുകൊണ്ട്, മാനവികതയെ സമാധാനമുള്ള വലിയൊരു തറവാടായി വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ആഗോളസമൂഹത്തിന്‍റെ മനസാക്ഷിയില്‍ സമാധാനം പുനര്‍സ്ഥാപിക്കപ്പെടേണ്ടത് ഇന്നിന്‍റെ അനിവാര്യതയാണ്. സമാധാനപൂര്‍ണ്ണമായ ജീവിതവും സമഗ്രപുരോഗതിയും ലോകത്ത് യാഥാര്‍ത്ഥ്യമാകാന്‍, ഗവേഷണപഠനങ്ങളിലൂടെയും, സമര്‍ത്ഥമായ സംവാദത്തിന്‍റെ പരിശ്രമങ്ങളിലൂടെയും ലോകത്ത് സമാധാനം വളര്‍ത്താന്‍ പ്രസ്ഥാനത്തിനു സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. സമാധാനത്തിന്‍റെ പാതയില്‍ പതറാതെ പ്രവര്‍ത്തിക്കാന്‍ ഫോകൊലാറെയ്ക്ക് സാധിക്കട്ടെ! സമാധാനശ്രമങ്ങള്‍ക്കും വിദ്യാഭ്യാസ പദ്ധതികള്‍ക്കും പ്രാര്‍ത്ഥന ആശംസകള്‍ നേര്‍ന്ന പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് സന്ദേശം ഉപസംഹരിച്ചത്.

1920-ല്‍ വടക്കെ ഇറ്റലിയിലെ ട്രെന്‍റില്‍ ജനിച്ച സില്‍വിയ ലൂബിക് ലോകമഹായുദ്ധത്തിന്‍റെ കെടുതികള്‍ കണ്ട്, സമാധാനത്തിന്‍റെ പ്രയോക്ത്രിയായത് ധീരമായ ചുവടുവയ്പ്പായിരുന്നു. ദാരിദ്ര്യത്തിന്‍റെ കുടുംബചുറ്റുപാടുകളോടു മല്ലടിച്ചു വളര്‍ന്നവര്‍ കഠിദ്ധ്വാനംകൊണ്ട് ഒരു അദ്ധ്യാപികയായി. തനിക്കു ലഭിച്ച സാമൂഹിക നീതിക്കും സമാധാനത്തിനുമുള്ള വ്യക്തിഗത ആത്മീയദര്‍ശനം യാഥാര്‍ത്ഥ്യമാക്കാന്‍ അസ്സീസിയിലേയ്ക്കാണ് ലൂബിക് തിരിഞ്ഞത്. അസ്സീസിയിലെ പുണ്യാത്മാക്കളായ ഫ്രാന്‍സിസിന്‍റെയും ക്ലാരയുടെയും പ്രേരണ ഉള്‍ക്കൊണ്ട് സില്‍വിയ ലൂബി, ക്യാര ലൂബിയായി മാറുകയും, സമൂഹത്തിന് സമാധാനത്തിന്‍റെ വിദ്യാഭ്യാസവും പ്രചോദനവും നല്‍കുന്നതിന് ഫൊകൊലാറെ ജനകീയ പ്രസ്ഥാനം (Focolare Movement)  ജാതിയുടെയും മതത്തിന്‍റെയും അതിരുകള്‍ക്ക് അതീതമായി തുടങ്ങുകയുംചെയ്തു (1943).  ക്യാര ലൂബിക്ക് തുടങ്ങിവച്ചതും ആഗോള പ്രചാരം സിദ്ധിച്ചതുമായ ഫൊകൊലാറെ പ്രസ്ഥാനത്തിലൂടെ സമാധാന ദീപിക ഇന്നും മനുഷ്യമനസ്സുകളില്‍ തെളിഞ്ഞു പ്രശോഭിക്കുന്നു.  2008-ല്‍ അന്തരിച്ച സമാധാനദൂതയായ ക്യാര ലൂബിയുടെ നാമകരണ നടപടികള്‍ക്ക് 2013-ല്‍ സഭയില്‍ തുടക്കം കുറിച്ചു.

സംവാദത്തിന്‍റെ ആത്മീയ സംസകൃതി  (Sprituality of  a Culture of Dialogue),  സമാധാനത്തിന്‍റെ നൂതന നഗരം (New City of Peace) എന്നിവ ക്യാര ലൂബിയുടെ ശ്രദ്ധേയമായ രചനകളാണ്.








All the contents on this site are copyrighted ©.