2016-11-16 19:01:00

കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്തേണ്ടത് കാലികമായ വെല്ലുവിളി : പാപ്പാ ഫ്രാന്‍സിസ്


നവംബര്‍ 14-മുതല്‍ ബാള്‍ടിമൂറില്‍ സംഗമിച്ച അമേരിക്കയിലെ ദേശീയ മെത്രാന്‍ സമതിക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് (Video Message) കൂട്ടായ്മയെക്കുറിച്ച് പാപ്പാ ആഹ്വാനംചെയ്തത്. നവംബര്‍ 15-ാം തിയതി ചൊവ്വാഴ്ചാണ് വത്തിക്കാനില്‍നിന്നും സന്ദേശം അയച്ചത്.  അമേരിക്കയിലെ കുടിയേറ്റക്കാരായ സ്പാനിഷ് കത്തോലിക്കരുടെ  (Hispanic Community) 5-ാമത് അജപാലന ദേശീയ  സംഗമം, Encuentro’ ആസന്നമാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൂട്ടായ്മയുടെ സന്ദേശം പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി നല്കിയത്. 2017 ജനുവരി മുതല്‍ സെപ്തംബര്‍വരെ നീളുന്നതാണ് സ്പാനിഷ് കത്തോലിക്കരുടെ കൂട്ടായ്മ  Encuentro’! അമേരിക്കയിലെ എല്ലാ രൂപതകളിലുമുള്ള സ്പാനിഷ് കത്തോലിക്കര്‍ ഇത് ആചരിക്കും.

വ്യക്തികളുടെയും സമൂഹങ്ങളുടെയും സാംസ്ക്കാരിക സമ്പന്നതയില്‍ ജീവിക്കുവാനും അത് പങ്കുവയ്ക്കുവാനും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയാണ് ഇന്ന് ലോകത്ത് ആവശ്യം. വ്യക്തിഗത സമൂഹങ്ങളുടെ പാരമ്പര്യങ്ങളും അനുഭവങ്ങളും മാനിച്ചുകൊണ്ടുള്ള സാമൂഹിക നിര്‍മ്മിതിയിലൂടെ അകല്‍ച്ചയുടെ ഭിത്തികള്‍ ഭേദിച്ച് കൂട്ടായ്മയുടെ പാലങ്ങള്‍ പണിയാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് (നവംബര്‍ 16-വരെ സംഗമിക്കുന്ന) മെത്രാന്മാരുടെ സമ്മേളനത്തെ പാപ്പാ അനുസ്മരിപ്പിച്ചു.

കൂട്ടായ്മയില്‍ വളര്‍ന്ന് ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും, അവിടുത്തെ സുവിശേഷസന്ദേശവും പങ്കുവയ്ക്കാം. ക്രിസ്തുസ്നേഹത്തിന്‍റെ സാക്ഷ്യമേകന്ന പ്രേഷിതസമൂഹമായി വളരാന്‍ അമേരിക്കയിലെ ക്രൈസ്തവസമൂഹത്തിനു സാധിക്കും. അമേരിക്ക കുടിയേറ്റത്തിന്‍റെ ഭൂഖണ്ഡമാണ്. അവിടത്തെ സഭ എക്കാലത്തും കുടിയേറ്റക്കാരോട് തുറവും സഹാനുഭാവവും കാട്ടിയിട്ടുമുണ്ട്. അതുപോലെ മാനവികതയ്ക്ക് കാലികവും പ്രസക്തവുമായ പ്രാവചക സാക്ഷ്യമേകാന്‍ ക്രൈസ്തവര്‍ക്ക് കടപ്പാടുണ്ട്. ഇന്നിന്‍റെ സാമൂഹിക സാംസ്ക്കാരിക മതാത്മക ചേരിതിരിവും മൗലിക ചിന്താഗതികളും, സമൂഹത്തെയും രാഷ്ട്രങ്ങളെയും ധ്രൂവീകരിക്കുന്ന കാലഘട്ടമാണിത്. ക്രൈസ്തവര്‍ സുവിശേഷ സന്തോഷത്തിന്‍റെ സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണ്. അതിനാല്‍ സുവിശേഷവത്ക്കരണത്തിന്‍റെ നവവും കാലികവുമായ പദ്ധതികള്‍ മെത്രാന്‍ സംഘം അജഗണത്തിനായി ഒരുക്കണമെന്ന് മെത്രാന്മാരോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.

സ്പാനിഷ് സമൂഹത്തിന്‍റെ കൂട്ടായ്മയ്ക്ക്, അല്ലെങ്കില്‍ Encuentro’ എന്ന് സ്പാനിഷ് ഭാഷയില്‍ പറയുന്ന ഒത്തുചേരലിന് ദേശീയസഭ നേതൃത്വംനല്കുന്നതിലുള്ള സന്തോഷം പാപ്പാ സന്ദേശത്തില്‍ പ്രകടമാക്കി. നവമായ ആര്‍ജ്ജവത്തോടെ ഇനിയും ക്രിസ്തുവിന്‍റെ സുവിശേഷസാക്ഷികളും, അവിടുത്തെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രയോക്താക്കളുമായി ജീവിക്കാന്‍ അമേരിക്കയിലെ കത്തോലിക്കാ സമൂഹത്തിന് സാധിക്കട്ടെ! പാപ്പാ ആശംസിച്ചു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് വീഡിയോ സന്ദേശം പാപ്പാ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.