2016-11-12 18:00:00

വിനാശങ്ങള്‍ ദൈവിക സാമീപ്യത്തിന്‍റെ അവസരങ്ങള്‍


പുതിയനിയമ പണ്ഡിതനും കാരുണികന്‍ മാസികയുടെ പത്രാധിപരുമായ റവറെന്‍റ് ഡോക്ടര്‍ ജേക്കബ് നാലുപറ എം.സി.ബി.എസ്സി-ന്‍റെ വചനവിചിന്തനം :

ജീവിതത്തില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കാത്തവര്‍ ആരുമുണ്ടാകില്ല. ജീവിതത്തില്‍ പ്രശ്നങ്ങള്‍, സങ്കടങ്ങള്‍ ജീവിതത്തെ ആകമാനം മാറ്റിമറിക്കുന്നു.  കലക്കി മറിക്കുന്ന പ്രതിസന്ധികള്‍ നമ്മുടെ എല്ലാവരുടെയും ജീവിതത്തിലുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ എന്തുചെയ്യണം? ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ ഈശോ പറഞ്ഞു തരുന്നത് അതാണ്. പ്രതിസന്ധികളെയും പ്രശ്നങ്ങളെയും, രൂക്ഷമായ ജീവിതക്ലേശങ്ങളെയും അഭിമുഖീകരിക്കുമ്പോള്‍ എന്തുചെയ്യണം?

ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ കണ്ടു മുട്ടാവുന്ന ഏറ്റവും രൂക്ഷമായ പ്രശ്നങ്ങളെയാണ് ഈശോ ഇന്നത്തെ സുവിശേഷത്തില്‍ ചിത്രീകരിക്കുന്നത്. അവിടുന്നു പറയുന്നു... യുദ്ധങ്ങളും കലഹങ്ങളും ഉണ്ടാകും. ജനം ജനത്തിന് എതിരായി നീങ്ങും. വലിയ ഭൂകമ്പങ്ങളും, ക്ഷാമവും, പകര്‍ച്ച വ്യാധികളും പൊട്ടിപ്പുറപ്പെടും! അങ്ങനെ നമുക്കു ചുറ്റും വലിയ പ്രകമ്പങ്ങള്‍ ഉയരും! അതു കഴിയവേ... ഇവയ്ക്കെല്ലാം ഒടുവില്‍ അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. വ്യക്തിപരമായിട്ടും വലിയ പ്രതിസന്ധികളാണ് അനുഭവപ്പെടുന്നത്. അവര്‍ നിങ്ങളെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും ഏല്പിച്ചു കൊടുക്കും! വ്യക്തി ജീവിതത്തിലും ഇങ്ങനെ നമുക്കു ചുറ്റും ഏറ്റവും വലിയ പ്രശ്നവും പ്രതിസന്ധികളുമാണ്. പ്രതിസന്ധികളെ ഇത്ര രൂക്ഷമായിട്ടു ചിത്രീകരിക്കുന്ന, ഒരു സുവിശേഷ മുഹൂര്‍ത്തം ഇല്ല!

അങ്ങനെ ജീവിതത്തെ തകര്‍ത്തുകളയാന്‍ പോരുന്ന പ്രതിസന്ധികള്‍ വരുമ്പോള്‍ എന്തുചെയ്യണം?  ജീവിതത്തില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ എന്തുചെയ്യണം?  അതാണ് ഇന്ന് ഈശോ പറഞ്ഞുതരുന്ന മാര്‍ഗ്ഗം, പോംവഴി!   ഏറ്റവും വലിയ പ്രതിസന്ധി വരുമ്പോള്‍ ഈശോ പറയുന്നു, നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചു പോവുകയില്ല. ഇത് വലിയൊരു വിശ്വാസമാണ്. വലിയൊരു പ്രത്യാശയാണ്. വലിയ ശരണമാണ്. ജീവിതത്തില്‍ ഏറ്റവും വലിയ സഹനവും പ്രതിസന്ധികളും, അടിമുടി തകര്‍ക്കുന്ന സംഭവങ്ങളും ഉയരുമ്പോള്‍ എന്തുചെയ്യണം?  ഒരു തലമുടിയിഴപോലും തമ്പുരാന്‍ അറിയാതെ നശിക്കില്ല, നഷ്ടമാവില്ല എന്നു പറഞ്ഞാല്‍, മലയാളത്തില്‍ പറയാറുണ്ടല്ലോ! അവനൊരു രോമത്തെപ്പോലും തൊടില്ലെന്ന്! ഇത് ഏറ്റവും വലിയ വിശ്വാസമാണ്. നിന്‍റെ ഒരു രോമത്തിനുപോലും കേടുവരില്ലെന്ന വിശ്വാസം നമുക്ക് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? തമ്പുരാന്‍ ഉള്ളതുകൊണ്ടാണ്!

എന്‍റെ നാമത്തെപ്രതി, എന്നാണ് ഈശോ എപ്പോഴും പറയുന്നത്. ക്രിസ്തു,  നമ്മുടെ ദൈവം കൂടെയുള്ളതുകൊണ്ട് നിന്‍റെ ചെറുരോമത്തിനുപോലും ഒന്നും സംഭവിക്കില്ല. ഇത് വലിയ ഉറപ്പും വിശ്വാസവുമാണ്! അതിനാല്‍ ഏറ്റവും വലിയ പ്രതിസന്ധിയെന്നു പറയുന്നത്, ഏറ്റവും വലിയ വിശ്വാസം വളര്‍ത്തിയെടുക്കാനുള്ള അവസരമാണ്. ഇതാണ് ഈശോ പറഞ്ഞുതരുന്ന പാഠം.   എന്‍റെ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും പ്രശ്നങ്ങളും അവസരമാണ്. അതൊരു Chance ആണ്. ഒരു സാദ്ധ്യതയാണ് നിനക്ക്. എന്തിന്? തമ്പുരാനിലുള്ള വിശ്വാസം വളര്‍ത്തിയെടുക്കാനുള്ള അവസരമാണ് ജീവിത പ്രതിസന്ധികള്‍!

ഉദാഹരണം, പറയുകയാണെങ്കില്‍, ശക്തമായ കാറ്റില്‍ നില്ക്കുന്ന മരത്തിനായിരിക്കും ഏറ്റവും ആഴമുള്ള വേരുകള്‍ ഉണ്ടായിരിക്കുക. കാരണമോ?  ശക്തമായ കാറ്റില്‍ പിടിച്ചുനില്ക്കാന്‍ ആഴമുള്ള വേരുകള്‍ അനിവാര്യമാണ്. കാറ്റിന്‍റെ പ്രതിസന്ധിയെ അതിജീവിക്കാന്‍ മരത്തിന്‍റെ വേരുകള്‍ ആഴത്തിലേയ്ക്ക് അത് ഇറക്കിക്കൊണ്ടു പോകുന്നു. ഇതുതന്നെയാണ് നമ്മുടെ ജീവിതത്തിലും സംഭവിക്കേണ്ടത്. ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ ദൈവത്തോടു ചേര്‍ന്നു നില്ക്കുക. മാത്രമല്ല, ജീവിതത്തിന്‍റെ വേരുകള്‍ ആഴത്തിലേയക്ക് – ദൈവത്തിലേയ്ക്ക്,  ആത്മീയതയുടെ ആഴങ്ങളിലേയ്ക്ക് ഇറക്കി വിടുക. ദൈവാശ്രയത്തിലേയ്ക്ക് നമ്മുടെ വിശ്വാസത്തിന്‍റെ വേരുകളെ ഇറക്കിവിടുക!

ഒരു സംഭവം! കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് - ഏകദേശം ഒരു പതിറ്റാണ്ടിനുമുന്‍പ് തുടക്കമിട്ട്, പിന്നെ പ്രശസ്തമായി മുന്‍പന്തിയില്‍ വന്ന ഒരു ‘സൂപ്പര്‍ മാര്‍ക്കറ്റ് നെറ്റുവര്‍ക്ക്’  (Supermarket Network) ഉണ്ടായിരുന്നു. വളരെ പെട്ടെന്ന് കയറിവന്നതാണ്. അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്ക്കുമ്പോള്‍, അതായത് ശാഖകളും ഉപശാഖകളുമായി വളര്‍ച്ചയുടെ കൊടുമുടിയില്‍ നില്ക്കുമ്പോള്‍ പെട്ടെന്ന് അത് പൊട്ടി! തകര്‍ന്ന പ്രസ്ഥാനത്തിന്‍റെ എല്ലാ ഷോപ്പുകളും അടച്ചുപോയി. ‘ജെപ്തി’ചെയ്യപ്പെട്ടു പോയി. അങ്ങനെ എത്തിനില്ക്കുന്ന ആ പ്രസ്ഥാനത്തിന്‍റെ ഉടമയെ പിന്നീട് ഞാന്‍ കാണുന്നത്,  ഒരു ബൈബിള്‍ ക്ലാസ്സിന്‍റെ മുന്‍നിരയില്‍, ഒന്നാം സീറ്റില്‍ ഇരിക്കുന്നതാണ്!!   ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍, സ്വരുക്കൂട്ടിയത് എല്ലാം തകര്‍ന്നുപോയപ്പോള്‍ ആ മനുഷ്യന്‍ എന്തുചെയ്തു? തമ്പുരാനിലേയ്ക്ക് തിരിയുകയും, വിശ്വാസത്തില്‍ തന്നെത്തന്നെ ആഴപ്പെടുത്തുകയുംചെയ്യുന്നു!

ഈശോ പറഞ്ഞുതരുന്നത് അതുതന്നെയാണ്. ജീവിതത്തിലെ ഏതു പ്രതിസന്ധിയാണെങ്കിലും,  അതൊരു അവസരമാണ്. ദൈവം നമുക്കു തരുന്ന അസുലഭമായൊരു അവസരം! എന്തിന്? ദൈവത്തോട് ഒന്നുകൂടെ ചേര്‍ന്നുനില്ക്കാന്‍!! ദൈവത്തോട് ഒന്നുകൂടെ പറ്റിച്ചേര്‍ന്നു നിലക്കാനും, അടുത്തു നില്ക്കാനും. ഒന്നുകൂടെ നമ്മെ വിശ്വസം ആഴപ്പെടുത്താനുള്ള അവസരമായി അതിനെ കാണുക.

മറ്റൊരു കാര്യംകൂടെയുണ്ട്. അതായത്, നമ്മുടെ ജീവിതത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് നമുക്ക് മറ്റുള്ളവരെ ശരിയായി തിരിച്ചറിയാന്‍ പറ്റുന്നത്. അപ്പോഴാണ്, നമ്മുടെ ശത്രുവാരാണ്, മിത്രമാരാണ്, എന്ന് തിരിച്ചറിയുന്നത്. സത്യമല്ലേ!?  ഏറ്റവും വലിയ പ്രതിസന്ധിയും, ഏറ്റവും വലിയ സാമ്പത്തിക ബുദ്ധിമുട്ടും ഏറ്റവും വലിയ തകര്‍ച്ചയുമുണ്ടാകുമ്പോള്‍ കൂടെ നില്ക്കുന്നവന്‍, സഹായത്തിന് ഓടിയെത്തുന്ന സ്നേഹിതന്‍ ആരാണ്?  കൂടെ നില്ക്കാത്തവര്‍ ആരെല്ലാമാണ്? നെല്ലും പതിരും പോലെ തിരിച്ചറിയാനുള്ള അവസരമാണ് ജീവിതത്തിലെ പ്രതിസന്ധികള്‍. അങ്ങനെതന്നെ നാം അതിനെ കാണണം. അങ്ങനെ നെല്ലും പതിരും തിരിച്ചറിയുന്ന അവസരത്തില്‍, ഈശോ നമുക്ക് വ്യംഗ്യമായിട്ട് നമ്മോട് ആവശ്യപ്പെടുന്നതും നമുക്കു നല്കുന്നതും, - ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയുന്ന ജീവിത പ്രതിസന്ധികളുടെ അവസരങ്ങളില്‍ - അവിടത്തോടു ചേര്‍ന്നുനിലക്കാനുള്ള ആഹ്വാനമാണ്.

ഈശോ പറയുന്ന വചനം ഒന്നുകൂടെ ശ്രദ്ധിച്ചാല്‍, നിങ്ങളുടെ തലമുടിയിഴപോലും നശിച്ചുപോവുകയില്ല, പീഡനത്തില്‍ ഉറച്ചുനില്ക്കുന്നതിലൂടെ ജീവനെ നിങ്ങള്‍ നേടും. ഇതു വളരെ പ്രധാനപ്പെട്ടതാണ്. സഹനത്തില്‍, പീഡനത്തില്‍ എന്തുചെയ്യണം?  ഉറച്ചുനില്‍ക്കണം! എവിടെ?   ഒന്ന്, തമ്പുരാനോടുള്ള സ്നേഹത്തിലും വിശ്വാസത്തിലും, അവനോടു ചേര്‍ന്നും ഉറച്ചും നില്ക്കണം. രണ്ടാമതായി, ജീവിതത്തില്‍ നമുക്ക് സ്നേഹം തരുന്ന മനുഷ്യരിലേയ്ക്ക്, സഹോദരങ്ങളിലേയ്ക്ക് അവരുമായുള്ള ബന്ധത്തില്‍ നാം ഉറച്ചുനില്‍ക്കണം. സഹനത്തിലും വേദനയിലും ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാം. അങ്ങനെ തിരിച്ചറിയുമ്പോള്‍, നാം ചെയ്യേണ്ടത് – സ്നേഹത്തോടെ ചേര്‍ന്നുനില്ക്കണം,  ഉറച്ചുനില്‍ക്കണം. സ്നേഹത്തോടെ ചേര്‍ന്നുനില്ക്കാനും,  ആഴപ്പെട്ടു നില്ക്കാനും ദൈവം തരുന്ന അവസരമാണ് പ്രതിസന്ധികള്‍, വിനാശങ്ങള്‍! അതിനാല്‍ തമ്പുരാനോടുള്ള സ്നേഹത്തില്‍ ചേര്‍ന്നുനില്ക്കുക. ഒപ്പം, ആ സ്നേഹം നിന്‍റെ പ്രിയപ്പെട്ടവരിലൂടെ, മനുഷ്യരിലൂടെ നിന്നിലേയ്ക്കു വരുന്ന സഹോദരങ്ങളുടെ സ്നേഹത്തോടും ചേര്‍ന്നുനില്ക്കുക. അങ്ങനെ ജീവിതപ്രതിസന്ധികള്‍ സ്നേഹത്തില്‍ ഉറച്ചുനിലക്കാനുള്ള അവസരമായി മാറുന്നു.

സ്നേഹത്തില്‍ ഉറച്ചുനില്കുന്നതിലൂടെ, അതും.. തമ്പുരാനോടുള്ള സ്നേഹത്തില്‍.. പോരാ, നിന്‍റെ പ്രിയപ്പെട്ടവരോടുള്ള സ്നേഹത്തിലും ഉറച്ചുനില്ക്കുന്നതിലൂടെ സംഭവിക്കുന്നത് എന്താണ്?  ജീവന്‍ നേടും എന്നാണ് ഈശോ പറയുന്നത്, അതേ, ജീവന്‍! മരണത്തിനും അപ്പുറത്തേയ്ക്കു കടന്നുപോകുന്ന നിത്യജീവനാണ് ഉദ്ദേശിക്കുന്നത്. പ്രതിസന്ധികളിലും ജീവിതത്തിന്‍റെ വലിയ വിഷമങ്ങളിലും, ജീവിതത്തിന്‍റെ ഏറ്റവും വലിയ കെടുതികളിലും ദൈവത്തോടും, പിന്നെ നമ്മെ സ്നേഹിക്കുന്ന സഹോദരങ്ങളോടും പ്രിയപ്പെട്ടവരോടും ചേര്‍ന്നുനിലക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണ്?  നമ്മിലെ ജീവന്‍ വളരുന്നു. നമ്മുടെ ജീവന്‍ ഒന്നുകൂടെ സജീവമാകുന്നു. തമ്പുരാന്‍ നമുക്കു തന്നിരിക്കുന്ന ജീവന്‍റെയും,  ജീവിതത്തിന്‍റെയും നന്മകള്‍ ഒന്നുകൂടെ സജീവമാകുന്നു. അത് സജീവമായി വളര്‍ന്നു കയറി, മരണത്തിനും അപ്പുറത്തേയ്ക്കുള്ള ജീവനായി മാറുന്നു. അത് നിത്യജീവനായി പരിണമിക്കുന്നു! അതിനാല്‍ ഈശോ പറഞ്ഞുതരുന്നത് നാം ഏറെ ശ്രദ്ധിക്കണം!

ജീവിതത്തിലെ കെടുതികള്‍, സങ്കടങ്ങള്‍ പ്രതിസന്ധികള്‍ എന്നിവ നമ്മെ വലയ്ക്കുമ്പോള്‍, അവ ഏറ്റവും രൂക്ഷമായി അനുഭവപ്പെടുമ്പോള്‍, ജീവിതത്തില്‍ നിത്യജീവന്‍ നേടാനുള്ള അവസരമാണതെന്ന് ഓര്‍ക്കുക! നമ്മിലെ ജീവനെ വളര്‍ത്തി, നിത്യജീവന്‍ നേടിയെടുക്കാനുള്ള അവസരമാണ് നമ്മിലെ പ്രതിസന്ധികള്‍! അതിനായി നാം ചെയ്യേണ്ടത്... ഉറച്ചുനില്ക്കുക! തമ്പുരാനില്‍ ഉറച്ചുനില്‍ക്കുക!!  ദൈവസ്നേഹത്തിലേയ്ക്കും, സഹോദസ്നേഹത്തിലേയ്ക്കും ജീവിതത്തിന്‍റെ വേരുകളെ ആഴത്തില്‍ ഇറക്കുക,  ഉറപ്പിച്ചുനിര്‍ത്തുക!

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയേ, അങ്ങു തരുന്ന വലിയ പാഠം ജീവിതത്തില്‍ സ്വീകരിക്കുവാനും പ്രയോഗിക്കുവാനുമുള്ള കൃപ തരേണമേ. ജീവിത മുഹൂര്‍ത്തങ്ങളിലെ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നവനാണ് ‍ഞാന്‍. എന്നാല്‍ അവയൊക്കെ അങ്ങ് അറിഞ്ഞുകൊണ്ടു തരുന്നതാണെന്ന് തിരിച്ചറിയാനും,  അവ അങ്ങു തരുന്നതാകയാല്‍ എനിക്കു സ്നേഹം തരുന്ന സഹോദരങ്ങളോട്, എന്‍റെ പ്രിയപ്പെട്ടവരോടു ചേര്‍ന്നുനിലക്കുവാനുമുള്ള ആഹ്വാനവും അവസരവുമാണതെന്ന് അംഗീകരിക്കുവാനുമുള്ള കൃപ തരണമേ! അങ്ങനെ സ്നേഹത്തോടെ അങ്ങയോടും സഹോദരങ്ങളോടും ചേര്‍ന്നുനില്ക്കാന്‍ അനുഗ്രഹിക്കണമേ!

അങ്ങയോടുള്ള സ്നേഹവും എന്‍റെ സഹോദരങ്ങളോടുള്ള ചേര്‍ന്നുനില്ക്കലും വഴിയാണ് എന്നിലെ ജീവന്‍ സജീവമാകുന്നത്. ജീവന്‍ വളരുന്നത്. അത് വളര്‍ന്ന് വളര്‍ന്ന് നിത്യജീവനിലേയ്ക്ക് വളര്‍ന്നു കയറുന്നത് തിരിച്ചറിയാനുള്ള കൃപ എനിക്കു തരണമേ! നാഥാ, എല്ലാ പ്രതിസന്ധികളിലും എന്‍റെ ഹൃദയത്തിന്‍റെ സ്നേഹഭാവം അങ്ങു തന്നെ ആയിരിക്കണമേ,! എല്ലാ പ്രശ്നങ്ങളിലും, സ്നേഹത്തിലും വിശ്വാസത്തിലും ഉറച്ചുനില്ക്കാന്‍ എന്നെ അങ്ങ് പഠിപ്പിക്കണമേ! ആമേന്‍!!  

 

 








All the contents on this site are copyrighted ©.