2016-11-12 13:40:00

ആതുരശുശ്രൂഷാമേഖലയില്‍ പ്രകൃതിസംരക്ഷണവും പ്രധാനം


ആതുര ശുശ്രൂഷാമണ്ഡലത്തിലും പ്രകൃതി സംരക്ഷണത്തിനുള്ള പ്രാധാന്യം പാപ്പാ ഊന്നിപ്പറയുന്നു.

ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി ഈ മാസം 10 മുതല്‍ 12 വരെ (10-12/11/16)  അപൂര്‍വ്വരോഗങ്ങളെയും അവഗണിക്കപ്പെട്ട രോഗങ്ങളെയും അധികരിച്ച് വത്തിക്കാനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിനു നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ പ്രകൃതിയും രോഗങ്ങളും തമ്മിലുള്ള ബന്ധം എടുത്തു കാട്ടുന്നത്.

പല അപൂര്‍വ്വരോഗങ്ങള്‍ക്കും കാരണം ജനിതകമാണെങ്കിലും മലിനമായ അന്തരീക്ഷം ഇത്തരം രോഗങ്ങളുളവാക്കുന്ന ദോഷഫലങ്ങള്‍ വര്‍ദ്ധമാനമാക്കുന്നുവെന്ന് പാപ്പാ സന്ദേശത്തില്‍ പറയുന്നു.

ആകയാല്‍ സൃഷ്ടിയെയും നമ്മുടെ പൊതുഭവനത്തെയും ആദരിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് പരമപ്രാധാന്യമര്‍ഹിക്കുന്നുവെന്നുവെന്ന് പാപ്പാ വ്യക്തമാക്കുന്നു.

അപൂര്‍വ്വരോഗങ്ങളും അവഗണിക്കപ്പെട്ടിട്ടുള്ള രോഗങ്ങളും വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും അവയെ നേരിടുന്നതിന് ആഗോളതലത്തില്‍ അതായത്, ദേശീയഅന്തര്‍ദ്ദേശീയ തലങ്ങളില്‍ രാഷ്ട്രീയാധികാരികളുടെയും ആരോഗ്യമേഖലയിലുള്ള അധികാരികളുടെയും ഔഷധനിര്‍മ്മാണശാലകളുടെയും രോഗികളുടെയും പൗരന്മാരുടെയും സംഘടനകളുടെയും അല്മായ മത സന്നദ്ധസേവകരുടെയും എല്ലാം ഉത്തരവാദിത്വപൂര്‍ണ്ണമായ സഹകരണം ആവശ്യമാണെന്നും പാപ്പാ വിശദീകരിക്കുന്നു.

അപൂര്‍വ്വരോഗവും അവഗണിക്കപ്പെട്ട രോഗവും ബാധിച്ചിട്ടുള്ളവരെ ശുശ്രൂഷിക്കുമ്പോള്‍ മനുഷ്യവ്യക്തിക്ക് പ്രാധാന്യം കല്പിക്കേണ്ടതിന്‍റെയും ലഭ്യമായ വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കത്തക്കവിധത്തിലുള്ള ആസൂത്രണത്തിന്‍റെയും നീതിയുടെ മാനത്തിന്‍റെയും അനിവാര്യതയും പാപ്പാ എടുത്തുകാട്ടി.    








All the contents on this site are copyrighted ©.